ഇവൻ പറയുന്നു: ഒന്നും മൂന്നരയും എട്ടേമുക്കാൽ ആണെന്ന്. എത്ര പറഞ്ഞിട്ടും ഇവന് ഏശുന്നില്ല; ഒറ്റപ്പിടുത്തമാണ് പറഞ്ഞതിൽത്തന്നെ. എന്തെങ്കിലും വഴി പറഞ്ഞുതരാൻ കഴിയുമോ അതിനെ എട്ടേമുക്കാൽ ആക്കാൻ?
ഉറ്റ സുഹൃത്താണിവൻ. പറഞ്ഞത് അംഗീകരിച്ച് കൂടെ നിന്നില്ലെങ്കിൽ പളുങ്കുപോലെ അഴകാർന്ന സൗഹൃദം ഉടയും. എന്തു ചെയ്യും? എന്നുവെച്ച് തെറ്റെന്ന് നൂറുശതമാനം ഉറപ്പുള്ള ഒരു കാര്യം ശരിയാണെന്ന് പറയാൻ ബുദ്ധിയുള്ളവർക്ക് പറ്റുമോ? ഇതിൽ മാക്സിമം നമുക്ക് ഇത്രയേ ചെയ്യാനുള്ളൂ: അങ്ങനെ വിശ്വസിക്കുന്ന ആളെ അംഗീകരിക്കുക, മാനുഷിക പരിഗണന കൊടുക്കുക, സുഹൃത്തായി കൊണ്ടുനടക്കുക, പനിച്ചാൽ പാരസെറ്റാമോൾ കൊടുക്കുക, ചർദ്ദിക്കുമ്പോൾ പുറം തടവി കൊടുക്കുക. അങ്ങനെ വാദിച്ചതിന്റെ പേരിൽ അയാളെ ആരെങ്കിലും അടിക്കാൻ വന്നാൽ അവനെ അടിച്ചോടിക്കുക. അല്ലാതെ അയാളെ സുഖിപ്പിക്കാൻ വേണ്ടി നിങ്ങൾ പറഞ്ഞതാണ് ശരിയെന്നോ, നിങ്ങൾ പറഞ്ഞതും ശരിതന്നെ എന്നോ, നിങ്ങൾ പറഞ്ഞതിനെ ഒരുവിധം ശരിയാക്കിയെടുക്കാമെന്നോ എന്നൊന്നും പറഞ്ഞുകൂടാ. കാരണം അത് ശരിയല്ല എന്നതുതന്നെ!
വസ്തുക്കൾ വസ്തുക്കളാണ്; വസ്തുതകൾ വസ്തുതകളും. മനുഷ്യന്റെ വീക്ഷണങ്ങളും വിശ്വാസങ്ങളും വ്യത്യസ്തങ്ങളാണ്, വിഭിന്നങ്ങളാണ്. അതങ്ങനെ വ്യത്യസ്തങ്ങളായിത്തീരാൻ വ്യത്യസ്തങ്ങളായ കാരണങ്ങളും സാഹചര്യങ്ങളും ഉണ്ടാകാം. ഈ വിഭിന്ന വിശ്വാസങ്ങളെ എല്ലാം ചേർത്തുപിടിച്ച് ഒന്നാക്കാൻ നമുക്ക് കഴിയാത്തതുപോലെതന്നെ, ഇതെല്ലാം ഒരുപോലെ ശരിയാണെന്ന് പറയാനും നമുക്കാകില്ല. ഒരു താല്ക്കാലിക അഡ്ജസ്റ്റ്മെന്റിനുവേണ്ടി 'എട്ടേമുക്കാലിന്' നമ്മൾ ശരിയുടെ പച്ചക്കൊടി വീശിയാൽ നാളെ മറ്റൊരാൾ വരും, അത് അറുപത്തെട്ടേ കാലാണെന്നും പറഞ്ഞുകൊണ്ട്. മറ്റന്നാൾ മറ്റൊരുത്തൻ വരും മുന്നൂറ്റിപ്പതിനെട്ടേ അരക്കാലാണെന്നും പറഞ്ഞ്. ആളുകൾക്കനുസരിച്ച് അതും ശരി, ഇതും ശരി, മറ്റേതും ശരി എന്നിങ്ങനെ നമ്മൾ പറയാൻ തുടങ്ങിയാൽ 'ശരിയായ ശരി' മരിച്ചുപോകും. പാടില്ല! ശരികൾ ജീവിക്കണം. സത്യങ്ങൾ പുലരണം.
എങ്ങനെയാണ് വീക്ഷണങ്ങളും വിശ്വാസങ്ങളും വ്യത്യസ്തങ്ങളാകുന്നത്? കാരണങ്ങൾ പലതാകാം. പക്ഷേ, വിശ്വാസ വൈജാത്യങ്ങളിലൂടെ കടന്നുപോവുക എന്നത് ഏറെ രസകരമാണ്. വസ്തുക്കൾ ഭൂമിയോട് ചേർന്നുനിൽക്കുന്നു - എന്തുകൊണ്ട്? നമുക്കറിയാം ഭൂമിയുടെ ഗ്രാവിറ്റേഷൻ ഫോഴ്സ് കൊണ്ടാണെന്ന്. അതൊരു ശാസ്ത്രീയമായ വസ്തുതയാണ്. എന്നാൽ ഒരാൾ വാദിക്കുന്നു: ഭൂമി പിടിച്ചു വലിച്ചിട്ടൊന്നുമല്ല, മറിച്ച് സൂര്യൻ താഴോട്ട് തള്ളിയകറ്റുന്നതുകൊണ്ടാണ്, അഥവാ 'Solar Degravity' കൊണ്ടാണ് വസ്തുക്കൾ താഴേക്ക് വരുന്നതെന്ന്, എന്തുചെയ്യാൻ പറ്റും അയാൾ ആ വാദത്തിൽത്തന്നെ പറ്റിപ്പിടിക്കുകയാണെങ്കിൽ?
ഗ്രാമമൂപ്പന്റെ കുടിലിലേക്ക് ഇവിടെനിന്നും എങ്ങനെ പോകും എന്നാണ് എന്റെ ചോദ്യം. ഒരാൾ പറഞ്ഞത് നേരെ തെക്കോട്ട് ഒരു കി.മീ. നടന്നാൽ മതിയെന്നാണ്. എന്നാൽ രണ്ടാമതൊരാൾ അതിൽ ഇടപെട്ടു പറയുന്നു: "അല്ല, നേരെ പടിഞ്ഞാറോട്ട് രണ്ടര കി.മീ. നടന്നാൽ മതി." അപ്പോൾ മൂന്നാമൻ അതിൽ കയറി തർക്കിക്കുന്നു: "നിങ്ങൾ നേരെ വടക്കോട്ട് മൂന്നേമുക്കാൽ കി.മി നടന്നാൽ മതി." അപ്പോൾ നാലാമതൊരാൾ വന്നു മൂന്നുപേരെയും തള്ളിമാറ്റിയിട്ട് പറയുന്നു: "വേഗം വിട്ടോ, വണ്ടി കിഴക്കോട്ടേക്ക്; കൃത്യം ഏഴേകാൽ കിലോമീറ്ററുണ്ട്." ഞാൻ അപരിചിതനാണ്; എനിക്ക് നാടറിയില്ല, കാടറിയില്ല, വഴിയറിയില്ല. എനിക്ക് മൂപ്പൻ വശം എത്തിയേ പറ്റൂ. ഞാൻ ആരെ വിശ്വസിക്കും? നാലുപേരെയും പിണക്കേണ്ടെന്നു കരുതി നാലു ഭാഗത്തേക്കും പരക്കംപായാൻ കഴിയുമോ എനിക്ക്?
ആഴത്തിൽ ആലോചിക്കാതെ ആദ്യ ധാരണകളിൽ വീണുപോകുന്നതു കൊണ്ട് ചിലർ അബദ്ധ വിശ്വാസങ്ങളിൽ പെട്ടുപോകാറുണ്ട്. യുക്തിയുണ്ട്, പക്ഷേ യുക്തമായി ഉപയോഗിക്കുന്നില്ല. ആടുകൾക്കെല്ലാം നാലുകാലുകളുണ്ട്; നായകൾക്കെല്ലാം നാലുകാലുകളുണ്ട്; ആയതിനാൽ ആടുകളെല്ലാം നായകളാകുന്നു! നിങ്ങൾ ചിരിക്കരുത്. ബുദ്ധിയുള്ളവർ എന്ന് നമ്മൾ വിചാരിക്കുന്നവർതന്നെ ലോകത്ത് എന്തെല്ലാം അബദ്ധധാരണകളാണ് മുന്നോട്ടുവെക്കുന്നത്. ഈച്ചയെ തൊട്ടുകാണിച്ചിട്ട് ഇതാണ് പൂച്ചയെന്നും, 'D' എന്നെഴുതിയിട്ട് ഇത് 'W' ആണെന്നും, ബംഗ്ലാദേശിന്റെ തലസ്ഥാനമാണ് ബാംഗ്ലൂരെന്നും, ശ്രീബുദ്ധന്റെ ഭാര്യപിതാവാണ് ഐസക് ന്യൂട്ടനെന്നുമൊക്കെ ആളുകൾ ഉറച്ചുവിശ്വസിച്ചുകൊണ്ട് നിങ്ങളോട് തർക്കത്തിന് മുതിർന്നാൽ എന്തുചെയ്യും? നിങ്ങളവരോട് എത്ര വാദപ്രതിവാദം നടത്തിയാലും അവർ അംഗീകരിക്കില്ല, പിന്മാറില്ല. അതുകരുതി അതെല്ലാം ശരിയാണെന്ന് അംഗീകരിക്കാൻ കഴിയുമോ. "എല്ലാ അഭിപ്രായങ്ങളും ശരിയാണ്" എന്ന വാദം അതിനെത്തന്നെ എതിർക്കുന്നു. എല്ലാ അഭിപ്രായങ്ങളും ശരിയാണ് എന്നത് ശരിയാണെങ്കിൽ "എല്ലാ അഭിപ്രായങ്ങളും ശരിയല്ല" എന്ന വാദവും ശരിയാകണ്ടേ? കാരണം അതും ഒരു അഭിപ്രായം തന്നെയല്ലേ. ഫലത്തിൽ അത് അതിനെത്തന്നെ എതിർക്കുന്ന (Self-refuting) പൊള്ളവാദമായി മാറിയില്ലേ? ചിന്തിക്കുന്നില്ലേ?
ഇത്രയും പറഞ്ഞതിൽനിന്ന് എന്ത് എളുപ്പത്തിൽ മനസ്സിലാക്കാമെന്ന് ചോദിച്ചാൽ - ചില നിഷ്കളങ്ക സുഹൃത്തുക്കളുണ്ട്; അവർ പറയുന്നത് എല്ലാ വിശ്വാസങ്ങളും എല്ലാ മതങ്ങളും ശരിയാണെന്നാണ് - സർവ്വമത സത്യവാദം. ആരെയും വെറുപ്പിക്കേണ്ട, ആരോടും ശത്രുത വേണ്ട എന്ന ബാഹ്യമായി വളരെ നിഷ്കളങ്ക കവചിതമായ വീക്ഷണമാണെങ്കിലും പ്രായോഗികമായി അതെങ്ങനെ ശരിയാകും എന്നാലോചിക്കണം. വിശിഷ്യാ, വിശ്വാസം എന്ന് പറയുന്നത് നമ്മുടെ ജീവിതത്തിന്റെ ആധാരശിലയാണ്. മറ്റെന്തെങ്കിലും ഫാൻസി ടൈപ്പ് കാര്യമാണെങ്കിൽ നമുക്കൊരു അലസനയം (ശരിക്കും പറഞ്ഞാൽ അതും പറ്റില്ല) ആകാമായിരുന്നു. ഇത് അങ്ങനെയല്ലല്ലോ.
നാം ഈ ഭൗതിക ലോകത്ത് ജീവിക്കുന്നത് തന്നെ നമ്മുടെ ജീവിതത്തിന്റെ ആത്യന്തിക ആധാരമായ ശക്തിയെ കണ്ടെത്താനും അവനിൽ വിശ്വസിച്ച് അവനിലേക്ക് തിരിച്ചു ചെല്ലാനുമാണല്ലോ? എന്നിരിക്കെ ഏകനായ അല്ലാഹു മാത്രമാണ് ആരാധനയ്ക്കർഹൻ എന്ന വിശ്വാസവും, എത്രയും ദൈവ സങ്കല്പങ്ങളാവാം എന്ന ഹൈന്ദവ വിശ്വാസവും, മൂന്നുപേർ ചേർന്ന ത്രിയേകത്വ ക്രൈസ്തവ വിശ്വാസവും, അതിനപ്പുറം സൃഷ്ടിജാലങ്ങളെ പൂജിക്കുന്ന ആൾദൈവങ്ങളെ ആരാധിക്കുന്ന വിശ്വാസ മീമാംസകളെല്ലാംതന്നെ ഒരുപോലെ തനിക്ക് ശരിയാണെന്ന് വാദിക്കുന്നത് ഒരുതരം കാപട്യമല്ലേ? സ്വന്തം വിശ്വാസത്തോടുപോലും ആത്മാർത്ഥതയില്ല എന്നല്ലേ ഇതിന്റെ അർത്ഥം വരിക?
മറ്റു മതവിശ്വാസികളെ അംഗീകരിക്കുക എന്നതും അവരുടെ വിശ്വാസങ്ങൾ നമ്മുടേതുപോലെ പരമശരിയെന്ന് വിശ്വസിക്കലും രണ്ടും രണ്ടാണ്. അല്ലാഹുവിന്റെ ഒരു ആട്രിബ്യൂട്ട് ആണ് 'റഹ്മാൻ' എന്നത്; സർവ്വത്ര കാരുണ്യവാൻ എന്നർത്ഥം. തന്നെ നിഷേധിക്കുന്നവരെ, തന്നെ ആരാധിക്കാൻ വേണ്ടി പടച്ച പടപ്പുകളെ ആരാധിക്കുന്നവരെ, വഴിതെറ്റിയവരെ, കള്ളന്മാരെ, കൊള്ളക്കാരെ, താന്തോന്നികളെ, തെമ്മാടികളെ... അങ്ങനെയെല്ലാവരെയും അന്നപാനീയങ്ങളും അഗ്നിവായു ജല സസ്യ മത്സ്യാദികളെല്ലാം നൽകി പോറ്റുന്നവനാണവൻ. അപ്പോൾ ഇതര മതവിശ്വാസക്കാരെ നമുക്കുൾക്കൊള്ളാം. പരസ്പരവിരുദ്ധമായ അവരുടെ എല്ലാവരുടെയും എല്ലാ വിശ്വാസവും ഒരുപോലെ ആത്യന്തിക ശരികളാണെന്ന് യുക്തിയും ബുദ്ധിയുമുള്ള ഒരാൾക്കും പറയാൻ സാധിക്കില്ലതന്നെ! നിങ്ങൾക്കു നിങ്ങളുടെ മതം; എനിക്ക് എന്റെ മതം. സർവ്വമത സത്യവാദം വേറെ; സർവ്വമത സൗഹാർദ്ദം വേറെ. സംഗതി, നമ്മൾ പല മതക്കാരാണെങ്കിലും സൗഹൃദത്തിൽ നമ്മൾ ഒറ്റക്കരളാണ്!


