ഞാൻ ചായ എഴുതി.
അവൾ ചോറ് കുടിച്ചു.
അവൻ റോഡിലൂടെ കാർ തിന്നു.
അമ്മ മീൻകറി അറുത്തു.
തൊഴിലാളികൾ കെട്ടിടം പാടി.
തീവണ്ടി അതിവേഗം ചീഞ്ഞു.
ഡ്രൈവർ സഡൻ ബ്രേക്ക് കൊന്നു.
പാലിൽ പഞ്ചസാര കെടുത്തി.
മുകളിൽ കൊടുത്ത വാക്യങ്ങൾ ഒന്നുകൂടി, പിന്നെ ഒന്നുകൂടി, എന്നിട്ടും ഒരിക്കൽ കൂടി ശ്രദ്ധാപൂർവ്വം വായിച്ചാട്ടെ. എന്തെങ്കിലും ഫീൽ ചെയ്യുന്നുണ്ടോ? എഴുതിയ ആൾക്ക് വേവ് കുറഞ്ഞെന്നോ, ഗുളിക മാറിപ്പോയെന്നോ വല്ല ഫീലിംഗും?
ഒരു കാര്യം ആദ്യമേ പറയട്ടെ; മനുഷ്യന്റെ കാഴ്ചയ്ക്കും കേൾവിക്കുമൊക്കെ പരിധിയുണ്ട്. "ഇന്നലെ ഇതേ സമയം രാവിലെ പത്തുമണിക്ക്" എന്നു പറയുമ്പോൾ ഉണ്ടാവുന്ന ബോധപരമായ വ്യക്തത ഉണ്ടാവില്ല, "പത്തു കൊല്ലം മുമ്പ് ഇതുപോലെ ഒരു ദിവസം പുലരിയിൽ" എന്നു പറയുമ്പോൾ. ഒരു നൂറു വർഷം മുമ്പ് ഇതേ മാസം ഇതേ ദിവസമാണ് അത് സംഭവിച്ചത് എന്ന് പറയുമ്പോൾ മനസ്സിന്റെ മങ്ങൽ ഏറിവന്നു.
അതങ്ങനെ പിറകോട്ട് പിറകോട്ട് പോകുന്തോറും നമ്മുടെ മനസ്സിൽ പുകയും മങ്ങലും കൂടിക്കൂടി വരും. ആയിരം മില്യൺ വർഷം മുമ്പ്, പതിനായിരം ബില്യൺ വർഷം മുമ്പ്, ലക്ഷം കോടി മില്യൺ വർഷം മുമ്പ് എന്നൊക്കെ പറയുമ്പോൾ വായ കൊണ്ടിങ്ങനെ പറയുക എന്നല്ലാതെ, അതൊന്നും കൃത്യമായി സങ്കൽപ്പിക്കാൻ നമ്മുടെ മനസ്സ് അത്രയ്ക്കങ്ങ് പാകമല്ല, വിശാലമല്ല.
മാത്രവുമല്ല, നാം എന്ത് കേൾക്കുമ്പോഴും അതിനെ നമുക്ക് അറിയാവുന്ന കാര്യവുമായി ബന്ധപ്പെടുത്താനാണ് ശ്രമിക്കുക. മനുഷ്യന് മൂർത്തമായ കാര്യങ്ങളേ എളുപ്പം ഗ്രഹിക്കാനാകൂ. അമൂർത്തവും അറിയാത്തതുമായ കാര്യങ്ങൾ സങ്കൽപ്പിക്കാൻ നിന്നാൽ മനസ്സിന് പിടച്ചിൽ വരും. അത് കൺസെപ്റ്റിന്റെ പ്രശ്നമല്ല, മറിച്ച് മനസ്സിന്റെ പരിമിതിയാണ്.
നമ്മളൊക്കെ നാളെ മറ്റന്നാൾ വയസ്സായിക്കഴിഞ്ഞാൽ മരിച്ചുപോകും. എന്നാൽ 'അനന്തമായ കാലം' എന്ന ആശയത്തെക്കുറിച്ച് ആഴത്തിൽ അരമണിക്കൂർ ആലോചിച്ചുനോക്കിയേ. ആയിരമല്ല, പതിനായിരമല്ല, പത്തുലക്ഷം കോടിയുമല്ല; പിന്നെയും പതിനായിരം കോടി ലക്ഷം കോടി കാലം കഴിഞ്ഞിട്ടും കാലത്തിന് ഒരറുതിയേ ഇല്ല. പിന്നെയും തുടരുക, തുടരുക, തുടരുകതന്നെയാണ്. വെറുതെ വായിച്ചുവിട്ടാൽ പോരാ; ഇതു പൂട്ടിവെച്ച് കണ്ണുകൾ രണ്ടും മുറുക്കെ അടച്ചുപിടിച്ചു വേണം ആലോചിക്കാൻ.
അപ്പോൾ എന്താണ് മനസ്സിലാവുന്നത്? കാലത്തിന് അങ്ങനെ അന്തമില്ല എന്നാണോ? മനുഷ്യനെപ്പോലെ ഒരു പ്രത്യേക സമയത്ത് വയസ്സായി, നരച്ച് മരിച്ചുപോകുമെന്നാണോ? അതോ യുവാവായിരിക്കെത്തന്നെ ഹൃദയാഘാതമുണ്ടായി, വയസ്സനായിരിക്കെ പക്ഷാഘാതം പിടിപെട്ട് കാലം മരിച്ചുപോയേക്കുമെന്നോ?
അതൊന്നും സംഭവിക്കുകയില്ല. കാലം കാലമായിത്തന്നെ തുടരും. അത് നമുക്ക് ഉൾക്കൊള്ളാനാകുന്നില്ല എന്നത് നമ്മുടെ കുറവാണ്. എല്ലാ ആശയങ്ങളും പൊടിച്ചു ദഹിപ്പിക്കാൻ നമ്മുടെ മസ്തിഷ്ക മെഷീൻ പാകമായിട്ടില്ല. ഫ്ലോർ മില്ലിൽ മഞ്ഞളും മുളകുമൊക്കെ പൊടിക്കാം; എന്ന് കരുതി "ഞാൻ വലിയ കേളികേട്ട പൊടിവിദഗ്ധനാണെ"ന്നും പറഞ്ഞ് ക്രഷറിലേക്ക് പോകുന്ന ലോറിയെ നിർത്തിച്ച്, കൂറ്റൻ കരിങ്കല്ലുകൾ എടുത്ത് പൊടിക്കാനിട്ടാൽ മെഷീൻ അനങ്ങില്ല, കറങ്ങില്ല - പൊടിയൽ പിന്നെയല്ലേ! ക്രഷർ പേരുകേട്ട പൊടിയനാണെന്ന് കരുതി കരിമ്പാറയുടെ വലിയൊരു മലയെടുത്തു വെച്ചുകൊടുത്താൽ മെഷീൻ അനങ്ങില്ല - അതങ്ങനെയാണ്.
ചുരുക്കത്തിൽ എന്താ ഇപ്പോൾ പറഞ്ഞു വരുന്നത്? നമ്മളൊക്കെ ഉണ്ടായതാണ്; നമ്മളൊക്കെ ഇനി ഇല്ലാതാവാൻ പോവുകയാണ്. പ്രപഞ്ചത്തിൽ എന്തൊക്കെയോ ഉണ്ട്. ഉള്ളതൊന്നും കാലാകാലം സ്ഥിരമായി ഉണ്ടാവുകയില്ല; അനാദിയിലേ ഉള്ളതുമായിരുന്നില്ല. ഓരോന്നും മാറിയും മറിഞ്ഞും വരുന്നു. ഇതെല്ലാം ആദ്യമായി ഉണ്ടാക്കിയത് ആരാണെന്നതാണ് ചോദ്യം. ഒരു കൂട്ടർ പറയുന്നു "തനിയെ ഉണ്ടായതാണ്" എന്ന്. തനിയെ അങ്ങനെ തനി ഇല്ലായ്മയിൽനിന്ന് ഉണ്ടാകുമോ എന്നിടത്ത് തന്നെ പോയിന്റ് ചെയ്ത് കുത്തി കുത്തി ചോദിക്കുമ്പോൾ അവർ വഴുതിക്കളിക്കുന്നു; കഥയിലേക്കും തിരക്കഥയിലേക്കും തെന്നുന്നു.
വിശ്വാസികൾ പറയുന്നു, "അങ്ങനെ ഒരു സംഗതിയും ഇല്ലായ്മയിൽനിന്ന് വെറുതെ അങ്ങ് ഉണ്ടാവുകയില്ല" എന്ന്. ഇനി ഉണ്ടായ ഒരു സാധനവും ബാഹ്യമായ ഒരു ശക്തിയുടെ ഇടപെടൽ ഇല്ലാതെ പരിവർത്തനപ്പെടുകയില്ല എന്നും. സഹയാത്രികയായ സഹോദരിയുടെ മാറിലെ മാല തനിയെ പോക്കറ്റടിക്കാരന്റെ കുപ്പായ കീശയിൽ എത്തുകയില്ല; അതിന്റെ പിന്നിൽ അദ്ദേഹത്തിന്റെ അതിസാമർത്ഥ്യം പ്രവർത്തിച്ചിട്ടുണ്ട്. ഒരു ഇളങ്കാറ്റെങ്കിലുമില്ലാതെ ഇല ഇളകില്ല; തീക്കനലെങ്കിലുമില്ലാതെ പുക ഉണ്ടാകില്ല. ആയതിനാൽ ഇങ്ങനെയുള്ള എല്ലാ സാധനങ്ങളെയും സൃഷ്ടിച്ചത് അല്ലാഹുവാണെന്ന് വിശ്വാസികൾ പറയുമ്പോൾ വരുന്ന മറുചോദ്യമാണ് "എങ്കിൽ ആ അല്ലാഹുവിനെ സൃഷ്ടിച്ചത് ആരാണ്" എന്നത്.
ബുദ്ധിയുടെ അരികുപൊട്ടിയ ഒരു വക്കുകൊണ്ട് മാത്രം ചിന്തിക്കുന്നതുകൊണ്ട് വരുന്ന അബദ്ധമാണിത്. എല്ലാ സൃഷ്ടിജാലങ്ങളെയും പടച്ചവനാണ് അല്ലാഹു. അപ്പോൾ ലോകത്തുള്ള എല്ലാ വസ്തുവകകളും സൃഷ്ടിയും അവൻ ആത്യന്തിക സ്രഷ്ടാവുമാണ്. അതായത് ഇവിടെ രണ്ടു ദ്വന്ദ്വങ്ങൾ മാത്രമേ ഇപ്പോൾ ഉള്ളൂ. ഒന്ന് സ്രഷ്ടാവ്, ഒന്ന് പ്രപഞ്ചം. സ്രഷ്ടാവല്ലാത്ത എല്ലാത്തിനെയും ഉൾക്കൊള്ളുന്നതാണ് പ്രപഞ്ചം. അവന് പിന്നെ വേറെ സ്രഷ്ടാവില്ല; അത് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. "ആ സ്രഷ്ടാവിനെ ആര് സൃഷ്ടിച്ചു?" എന്ന വാക്യംപോലും അസംബന്ധമാകുന്നു. സൃഷ്ടിയെയല്ലേ സൃഷ്ടിക്കാൻ പറ്റൂ; സ്രഷ്ടാവിനെ സൃഷ്ടിക്കാൻ പറ്റുമോ? ചായയല്ലേ കുടിക്കുക? "ചോറിനെ കുടിച്ചു" എന്ന പദപ്രയോഗം പോലും അനുചിതമല്ലേ? അവൻ കാർ ഓടിച്ചു എന്നല്ലേ പറയുക; "റോഡിലൂടെ കാറിനെ കൊന്നു" എന്ന് പറയുമോ? കൊല്ലുന്നതോ കൊല്ലപ്പെടുന്നതോ ആയ ഒരു സാധനമാണോ കാർ? "ട്രാക്കിലൂടെ തീവണ്ടി ഓടി" എന്നല്ലേ പറയുക; "തീവണ്ടി ചീഞ്ഞു" എന്ന് പറഞ്ഞാൽ ഇതെന്താ മത്തിയോ തീവണ്ടി? അവൾ കഥ എഴുതി, കവിത എഴുതി എന്നതൊക്കെ കേട്ടാൽ മനസ്സിലാക്കാം. അവൾ "ചായ എഴുതി" എന്നതുകൊണ്ട് എന്തായിരിക്കും മരപ്പൊട്ടൻ ഉദ്ദേശിക്കുന്നത്?


