ബഹളമയമായ ഒരാൾക്കൂട്ടം. ചെന്നുനോക്കുമ്പോൾ ഉന്തും തള്ളും; അടിയും പിടിയും. ചേരിതിരിഞ്ഞുള്ള പൊരിഞ്ഞ പോര്. ആൾക്കൂട്ടത്തെ വേർപിരിച്ച് ചോദ്യം ചെയ്തു നോക്കുമ്പോൾ ആരാണ്, എപ്പോഴാണ് അടി തുടങ്ങിയത്, എന്താണ് യഥാർത്ഥ പ്രശ്നം എന്ന് ആർക്കും അറിയില്ല. ചോദിച്ചു ചോദിച്ച് അവസാനം ഒരാളിൽ എത്തി. അയാൾ പറയുന്നു: "എന്നെ അടിച്ചതുകൊണ്ടല്ലേ ഞാൻ തിരിച്ചടിച്ചത്" എന്ന്. "നിന്നെ ആരാണ് അടിച്ചത്? എപ്പോഴാണ് അടിച്ചത്? എന്തിനാണ് അടിച്ചത്?" എന്നീ ചോദ്യങ്ങൾക്കൊന്നും ഒരു മറുപടിയുമില്ല. അവിടെ കൂടിനിന്നവർ എല്ലാവരും കട്ടായം പറയുന്നു: അവരാരും അവനെ അടിച്ചിട്ടില്ല. ഇതെന്ത് ഗുലുമാലാണ് ഹേ!
ഏതാണ്ട് ഇതേ അവസ്ഥയാണ് പ്രപഞ്ചത്തിന്റെ / സൃഷ്ടികർമ്മത്തിന്റെ ഉറവിടത്തിലേക്ക് ചെല്ലുമ്പോൾ ഉണ്ടാവുക. തുടങ്ങിയതിനുശേഷമുള്ള കാര്യങ്ങളെല്ലാം മണിമണിയായി പറയാൻ ആളുണ്ട്. പക്ഷേ, "തുടക്കം എവിടെനിന്ന്?", "തുടക്കത്തിന്റെ തുടക്കം എവിടെനിന്ന്?" എന്ന് കൃത്യമായി പിടിച്ചിരുത്തി ചോദിച്ചാൽ ഇത്തരക്കാർ പെട്ടെന്ന് ബിഗ് ബാങ്ങിന്റെ കഥയിലേക്ക് വഴുതും. ഏകദേശം 13.8 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഒരു വലിയ സ്ഫോടനം ഉണ്ടായി എന്നൊരു ഐതിഹ്യസ്ഫോടനം നടത്തും. എന്നാൽ കഥ അവിടെനിന്നും തുടങ്ങാൻ അനുവദിക്കില്ല. നിങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ അറിയുമെങ്കിൽ അതിനേക്കാൾ വലിയ മാസ് ചോദ്യങ്ങൾ ഇതാ വൺ ബൈ വൺ ആയി പിടിച്ചോ!
ഈ നിർജ്ജീവമായ ആദ്യപദാർത്ഥം എങ്ങനെയുണ്ടായി? എന്തുകൊണ്ടുണ്ടാക്കി? എന്തൊക്കെയാണ് അതിലെ ചേരുവകൾ? അതെവിടെനിന്ന് കിട്ടി? ആര് പോയി പെറുക്കിക്കൂട്ടി? അവിടങ്ങളിൽ ആ പദാർത്ഥങ്ങൾ എങ്ങനെ വന്നു? എപ്പോൾ വന്നു? എവിടെനിന്ന് വന്നു? 13.8 ബില്യൺ വർഷങ്ങൾക്കും ഒരുപാട് മുമ്പ് ആ ആദ്യപദാർത്ഥം എന്ത് ചെയ്യുകയായിരുന്നു? 40,375 കോടി ബില്യൺ വർഷങ്ങൾക്കു മുമ്പ് അത് അങ്ങനെതന്നെ ഉണ്ടായിരുന്നോ? അല്ല, തീരെ ഉണ്ടായിരുന്നില്ലേ? തീരെ ഇല്ലാത്ത ഒരു സാധനം എങ്ങനെയാണ് തനിയെ ഉണ്ടായത്?
ഇനി ആ ഉണ്ടായത് തന്നെ 13.8 ബില്യൺ വർഷംതന്നെ ആവാൻ കാരണമെന്ത്? എന്തുകൊണ്ട് 48.3 ബില്യൺ വർഷം മുമ്പ് ആയിക്കൂടായിരുന്നു? അല്ലെങ്കിൽ 6.4 ബില്യൺ വർഷങ്ങൾക്ക് ശേഷം മാത്രം ആയാൽ പോരായിരുന്നോ? കൃത്യം ഈ 13.8 ബില്യൺ എന്നതിൽ എന്ത് കിടക്കുന്നു? അന്നുതന്നെ ആവണമെന്ന് എന്തിന് തീരുമാനിച്ചു? ആരാണിത് തീരുമാനിച്ച പഞ്ചായത്ത് കമ്മിറ്റി? ആ കമ്മിറ്റി മീറ്റിങ്ങിലെ മറ്റ് അജണ്ടകൾ എന്തൊക്കെയായിരുന്നു?
ഒരു പരുക്കൻ പാറക്കണ്ടം ചൈതന്യം തുളുമ്പുന്ന ജീവമണ്ഡലമായി രൂപാന്തരപ്പെട്ട എളുപ്പക്കഥ കേൾക്കാൻ രസമുണ്ട്. ആ പാറക്കല്ലിൽനിന്നും കാലാന്തരത്തിൽ ജീവനുണ്ടായി. പാറപ്പൊട്ടിൽ നിന്നും ഇറച്ചിയും രക്തവും സ്നേഹവും കാമവും കോപവും ക്രോധവും ബുദ്ധിയും ബോധവും എല്ലാം ഉണ്ടായി? എല്ലാം തനിയെ? എല്ലാം ഒരു ലോട്ടറി ടിക്കറ്റ് അടിച്ചതുപോലെ ഭാഗ്യത്തിന് വന്നു? അതോ ഇതിന്റെയെല്ലാം പിന്നിൽ വ്യവസ്ഥാപിതമായ, യുക്തിഭദ്രമായ ആദിമമായ ഒരു ബ്ലൂപ്രിന്റ് (Blueprint) പ്രവർത്തിക്കുന്നുണ്ടോ? എല്ലാം കോടിക്കണക്കിന് വർഷത്തെ ഓട്ടോണമസ് മ്യൂട്ടേഷനുകളുടെ ഫലമാണോ, അതോ ആഴത്തിലുള്ള ഡിസൈൻ തത്വം പിന്നിൽ പ്രവർത്തിക്കുന്നുണ്ടോ? ആ പാറക്കല്ലിനുള്ളിൽ ഡി.എൻ.എയും ജീനോം കോഡുമൊക്കെ പഠിച്ച ശാസ്ത്രജ്ഞന്റെ ബീജവും ഉണ്ടായിരുന്നോ?
ജീവിവർഗ്ഗങ്ങളുടെ അതിമനോഹരമായ വൈവിധ്യം മുതൽ വിരിഞ്ഞുനിൽക്കുന്ന പുഷ്പത്തിന്റെ ആനന്ദകരമായ സൗന്ദര്യം വരെ നമ്മെ അമ്പരപ്പിക്കുന്നു. എല്ലാം യാദൃച്ഛികം, പരിണാമപരം എന്നൊക്കെ പറയാൻ സുഖമാണ്. പക്ഷേ കേവലം പരിണാമത്തിന്റെ ഒരു ഉപോൽപ്പന്നമാണോ, അതോ എല്ലാത്തിനും പിന്നിൽ എല്ലാം കലാപരമായി നെയ്തെടുത്ത ഒരു അസ്തിത്വത്തിന്റെ സാന്നിധ്യമുണ്ടോ? ഇല്ലേ?
അറിവനേഷണത്തിന്റെ പരിമിതികൾ ഭേദിച്ചുകൊണ്ട് മനുഷ്യൻ ഉത്തരങ്ങൾക്കായുള്ള നിരന്തരമായ യാത്ര തുടരുന്നു. എന്നാൽ ഏറ്റവും നൂതനമായ ദൂരദർശിനികൾ വെച്ച് പ്രപഞ്ചത്തിലേക്ക് ഉറ്റുനോക്കുമ്പോൾ നമ്മൾ ഈ പാടിപ്പറഞ്ഞുവന്ന ഉത്ഭവകഥ നിഗൂഢതയിൽ മുങ്ങിപ്പോകുന്നുണ്ടോ? പ്രപഞ്ചത്തെ ചലിപ്പിക്കുന്ന ഒരു വലിയ ഡിസൈനർ, ഒരു കോസ്മിക് ആർക്കിടെക്റ്റ് (Cosmic Architect) പിന്നിലുണ്ടോ? അതോ ജീവരഹിതമായ / ബോധബാഹ്യമായ പ്രപഞ്ചത്തിലെ ആകസ്മികങ്ങളായ സംഭവപരമ്പരയുടെ ഫലമാണോ എല്ലാം?
ഈ പരിണാമഘട്ടത്തിൽ എന്തിനാണ് ഇങ്ങനെ തട്ടിമുട്ടി ജീവനും ജീവനിൽനിന്ന് ബുദ്ധിയും ബോധവും ഉണ്ടായിത്തീർന്നത്? അതുകൊണ്ടല്ലേ ഇങ്ങനെയെല്ലാമുള്ള ചിന്തകളും ചോദ്യങ്ങളും മറുചിന്തകളും വിമർശനങ്ങളും ഒക്കെ ഉണ്ടാവുന്നത്? പ്രപഞ്ചം അതിന്റെ പരിണാമദശകളിലൂടെ കടലും കാടും മണ്ണും മലയും കുണ്ടും കുഴിയും ഒക്കെയായി മാത്രം ഒതുങ്ങിയാൽ പോരായിരുന്നോ? വല്ല പൊല്ലാപ്പും ഉണ്ടാവുമായിരുന്നോ? പോട്ടെ, പാറക്കല്ലിന്റെ പരിണാമത്തിന് ജീവാവസ്ഥയിലേക്ക് വരണമെന്ന ശാഠ്യം ഉണ്ടായിരുന്നെങ്കിൽതന്നെ പോത്തും കഴുതയും മുതലയും കണ്ടാമൃഗവും മരപ്പട്ടിയും ഈനാംപേച്ചിയുമൊക്കെയായി നിർത്തിയാൽ പോരായിരുന്നോ? ചിന്തയുടേതായ വല്ല കച്ചറയും ഉണ്ടാകുമായിരുന്നോ? എന്തിനാണ് ലക്ഷണംകെട്ട പാറക്കണ്ടം ബുദ്ധിയായി, ബോധമായി, യുക്തിയായി, ചോദ്യമായി വളർന്നത്? ആരാണ് അതിനുള്ള പെർമിഷൻ കൊടുത്തത്? ഒരു പോങ്ങച്ചോറ് പോലുള്ള ആ സാധനമല്ലേ ഇവിടെ പ്രവർത്തിച്ചത്? പോത്തുണ്ടോ ബോംബ് ഉണ്ടാക്കുന്നു? കഴുതയ്ക്കറിയോ വാളൂരി വെട്ടാൻ?
നിഷേധം എന്ന വിത്ത് കുഴിച്ചിട്ട് മുളപ്പിച്ച 'ചോദ്യം' എന്ന ആ ചെടിയുണ്ടല്ലോ, അതിനെ മാത്രം ദൈവമാക്കി ആരാധിച്ചു നടക്കരുത് എപ്പോഴും. ഉൾവെളിച്ചങ്ങളിലേക്ക് എത്താനുള്ളതായിരിക്കണം ചോദ്യങ്ങൾ! അല്ലാതെ നേരത്തെ കിളച്ചുവെച്ച ഉത്തരക്കുഴിയിലേക്ക് തള്ളിയിടാനുള്ള ചതികളാവരുത് അവ. അങ്ങനെ വന്നാൽ നിഷേധവും ധിക്കാരവും നാറുന്ന ആ മാലിന്യക്കുഴിയിൽനിന്ന് ജന്മകാലം നമുക്ക് പുറത്തുകടക്കാനാവില്ല; ഈ ജീവിതത്തിന് പിന്നിലെ അതിശ്രേഷ്ഠമായ ലക്ഷ്യസാക്ഷാത്കാരത്തിലേക്ക് ചിറകടിക്കാനും ആകില്ല.


