പട്ടിക്കൊടുവിൽ സങ്കടം വന്നു! അതൊരിടത്ത് മറഞ്ഞുനിന്ന് കരഞ്ഞു. പ്രശ്നം എന്താണെന്ന് വെച്ചാൽ പോകുന്നിടത്തെല്ലാം ആളുകൾ അതിനെ ആട്ടുന്നു; എറിയുന്നു. പരസ്പരം ചീത്തവിളിക്കാൻ തന്റെ പേര് ദുരുപയോഗം ചെയ്യുന്നു. കാഴ്ചയിൽ ആട് പോലെതന്നെയാണ് - നാലുകാലും ഒത്ത വലിപ്പവും. ആടിനും ആട്ടിറച്ചിക്കും മുന്തിയ വിലയാണ് മാർക്കറ്റിൽ, പക്ഷേ പട്ടിയിറച്ചി ആർക്കും വേണ്ട. അഥവാ ആടിന് പകരം ആരെങ്കിലും പട്ടിയെ കട്ടുകശാപ്പ് ചെയ്താൽ അത് വലിയ വാർത്തയായി അവതരിപ്പിക്കപ്പെടുന്നു. "ഞാൻ പോയിട്ട് എന്റെ പട്ടിപോലും വരില്ല" എന്നൊക്കെ ആളുകൾ പരസ്പരം വ്യവഹരിക്കുമ്പോൾ പട്ടികൾ അനുഭവിക്കുന്ന പുച്ഛത്തിന്റെയും മാനഹാനിയുടെയും ആഴമെത്രയാണ്!
"ഞാനെന്ത് തെറ്റ് ചെയ്തു?" എന്നാണ് പട്ടി വളരെ ദയനീയമായി ചോദിക്കുന്നത്. "ഞാൻ പട്ടിയായി മാറിയത് എന്റെ തെറ്റല്ലല്ലോ" എന്നും പട്ടി കൂട്ടിച്ചേർക്കുന്നു. ഇനി എന്റെ പേരൊന്നു മാറ്റി 'നായ' എന്ന് നേർപ്പിച്ചു നോക്കിയാലോ? അശേഷം അതിലെ ചീത്തക്ഷമത കുറയുന്നില്ല. കുഞ്ഞാകുമ്പോൾ ഉണ്ടല്ലോ ഒരു വാത്സല്യം, അതും ഞങ്ങൾക്കില്ല. "നായേ" എന്നുള്ളതിനേക്കാൾ വലിയ അഗ്രസീവ് ചീത്തയാണ് "നായിന്റെ മോനേ.." എന്നത്. ഇതെന്തൊരു കഷ്ടമാണ്!?
വിപ്ലവത്തിന്റെ ഭാഷയിൽ ആദ്യമായി പട്ടിയാണ് സംസാരം തുടങ്ങിയതെങ്കിലും തുടർന്ന് പന്നിയും പങ്കുചേർന്നു. നികൃഷ്ട മൃഗമായി പന്നിയെ കാണുന്നു എന്നതാണ് അതിന്റെ ആവലാതി. പട്ടിയെന്ന പോലെ മനുഷ്യർ പരസ്പരം ആനന്ദിച്ച് ചീത്തവിളിക്കാൻ ഉപയോഗിക്കുന്ന പേരുതന്നെയാണ് പന്നിയുടേതും. ഉള്ളിൽ ദേഷ്യം തിളച്ചു മറിയുന്ന സമയത്ത് മുഖത്തുനോക്കി "എടാ പന്നീീീീ...." എന്ന് നീട്ടി വിളിച്ചാൽ അവർക്ക് കിട്ടുന്ന അപഹാസ്യകരമായ ആനന്ദം അതിരുകളില്ലാത്തതാണ്.
ഇത്രയും ആകുമ്പോഴേക്കും കഴുതയും കക്ഷിചേർന്നു. അലസശിരോമണി, മന്ദബുദ്ധി, പമ്പരവിഡ്ഢി എന്നിതുകളുടെ പര്യായമായാണ് ആളുകൾ കഴുതയെ കാണുന്നത്. എന്നും ചീത്തവിളിയിൽ തന്റെ പേരിനും ഒട്ടും സ്ഥാനക്കുറവില്ലെന്ന് കഴുതയും വേദനയോടെ പരിഭവിച്ചു. പഠിക്കാത്തവനെയും മണ്ടത്തരം കാണിക്കുന്നവരെയും 'എടാ കഴുതേ' എന്ന് വിളിക്കുന്നത് എത്രമാത്രം നിന്ദാർഹമാണ് എന്ന് കഴുത ചൂണ്ടിക്കാട്ടി.
അപ്പോഴേക്കും ഇഴഞ്ഞെത്തി ആയിരം പാമ്പുകൾ. വിരട്ടലിന്റെയും ആട്ടിപ്പായിക്കലിന്റെയും കല്ലേറിന്റെയും തച്ചുകൊല്ലലിന്റെയും ഭീതിദമായ വേട്ടയാടലുകളിൽ നിന്ന് കഷ്ടി രക്ഷപ്പെട്ട് പേടിച്ചാണ് അവകൾ നാളുകഴിക്കുന്നത്. കാടുകൾ വെട്ടി വെട്ടി കൊട്ടാരങ്ങൾ പണിയുന്നതോടെ എവിടെയും നിൽക്കക്കള്ളിയില്ലാതെ പെരുവഴിയിലാവുകയാണ് പാമ്പിൻപറ്റം. "ഇതെന്താ ഞങ്ങൾ പാമ്പാവാൻ പറഞ്ഞിട്ട് ആയതുപോലെയുണ്ട് ആളുകളുടെ കളി കാണുമ്പോൾ. ഞങ്ങൾ പാമ്പായി പിറന്നുകൊള്ളാം, എല്ലാ ആട്ടും തുപ്പും ഏറ്റുവാങ്ങിക്കൊള്ളാം എന്ന് ഞങ്ങൾ ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ല."
പാമ്പുകൾക്ക് പിറകെ പാഞ്ഞെത്തിയത് ഓന്ത്, അരണ, പല്ലി, മുതല, ചീങ്കണ്ണി, ഉടുമ്പ് തുടങ്ങിയ ഉരഗവർഗ്ഗങ്ങളുടെ ഒരു പട തന്നെയായിരുന്നു. പലർക്കും വർഗ്ഗപരമായി പല പരാതികളും പറയാനുണ്ടെങ്കിലും അവരുടെ മൊത്തത്തിലുള്ള പ്രശ്നം ഏറ്റവും ആദരവു നിറഞ്ഞ താന്താങ്ങളുടെ ശരീരം ചെളി നിലങ്ങളിലൂടെ വലിച്ചിഴച്ച് വേണം സഞ്ചരിക്കാൻ എന്നുള്ളതായിരുന്നു. മറ്റു മൃഗങ്ങൾ നാലുകാലുകളിൽ അന്തസ്സോടെ നിൽക്കുമ്പോൾ / മനുഷ്യൻ ഇരുകാലുകളിൽ ഉൽകൃഷ്ടമായി എഴുന്നേറ്റു നിൽക്കുമ്പോൾ തങ്ങൾ തങ്ങളുടെ ശരീരം തറകളിലൂടെ ഇഴച്ചു വലിച്ചുകൊണ്ടു പോകേണ്ട ഗതികേട് വന്നല്ലോ എന്നതാണ് പരാതിയുടെ കാതൽ.
ഉടുമ്പ്, മുതല, മലമ്പാമ്പ്, പെരുമ്പാമ്പ് തുടങ്ങിയവർ മുന്നോട്ടുവെച്ച പരിദേവനം; മനുഷ്യരും മറ്റു ജീവികളും ആഹാരം പതിയെപ്പതിയെയായി നുണഞ്ഞ് ആസ്വദിച്ച് കഴിക്കുമ്പോൾ ഞങ്ങളുടെ മുന്നിൽ പെടുന്ന ഭീമന്മാരായ ഇരകളെ രുചി പോലും അറിയാതെ അപകടകരമെന്ന് തോന്നിക്കുന്ന വിധത്തിൽ റഫ്ഫായി വിഴുങ്ങേണ്ടി വരുന്നല്ലോ എന്നുള്ളതാണ്.
ആദ്യം കരുതിയത് ഈ വിലാപങ്ങളും ആവലാതികളും പായ്യാരം പറച്ചിലുമൊക്കെ ജന്തു - ഇഴജന്തുക്കളിൽ ഒതുങ്ങി നിൽക്കും എന്നായിരുന്നു. പരാതികളുടെ നാട്ടുതീ മനുഷ്യനിലേക്ക് പടർന്നു പിടിച്ചപ്പോഴല്ലേ കഥയറിയുന്നത്. ജന്തുക്കളെപ്പോലും നാണിപ്പിക്കുന്ന വിധം അതിസൂക്ഷ്മമായ ആവലാതികളായിരുന്നു അവർക്ക് അവതരിപ്പിക്കാൻ ഉണ്ടായിരുന്നത്. ചിലർക്ക് നീളം പോരാ, വീതി പോരാ, ശക്തി പോരാ, വലിപ്പം പോരാ, വെളുപ്പു പോരാ... അന്ധർ, ബധിരർ, മൂകർ... ചിലർക്ക് ചട്ടുകാലായിപ്പോയി, ചിലർക്ക് കോങ്കണ്ണായിപ്പോയി, ചിലർക്ക് തൊത്തക്കൈ ആയിപ്പോയി, ചിലർക്ക് മുടന്ത് ആയിപ്പോയി, ചിലർക്ക് വിരൽ ഒന്നില്ല, ചിലർക്ക് വിരൽ ഒന്നധികം, ചിലർക്ക് കാലുവിള്ളൽ, ചിലർക്ക് കുഴിനഖം... ഒന്നും പറയണ്ട!
ചുരുക്കത്തിൽ എല്ലാവരെയും വലിയ ഒരു ഫാക്ടറിയിലെ ഒരേ അച്ചിൽനിന്ന് ഒരേ ആകൃതിയും ഒരേ ആകാരവുമുള്ള കുളിസോപ്പുപോലെ അടിച്ചിറക്കണം എന്നാണോ? എങ്കിൽ നിങ്ങൾ എല്ലാവരും വാ! തൊട്ടപ്പുറത്ത് കിടിലൻ ഒരു ടൂറിസ്റ്റ് ബസ് അതാ നിർത്തിവെച്ചിരിക്കുന്നു. എല്ലാവരും അതിലോട്ട് കയറിയിരിക്ക്. ആദ്യം കയറുന്ന നാല്പത്താറ് പേർക്ക് മാത്രമേ ഇരിപ്പിടമുള്ളൂ.
പ്രിയ വായനക്കാരാ:- എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പറ്റുമോ? ഉറപ്പാണ്, അവിടെ പൊരിഞ്ഞ ശണ്ഠ വരും. ഉന്തും തള്ളും ഉണ്ടാകും. ഒരു ബസ്സിൽ ഏറ്റവും കംഫർട്ട് തോന്നുക മിഡിൽ സീറ്റുകളിൽ ആയിരിക്കും. യാത്രയിൽ എപ്പോഴും നമ്മളെല്ലാം കൊതിക്കുക വിൻഡോ സീറ്റ് കിട്ടാനായിരിക്കും. ഒരു ബസ്സിൽ മിഡിൽ ആവുകയും വേണം ഒപ്പം വിൻഡോ വശം ആയിരിക്കുകയും വേണം എന്ന നിലയ്ക്ക് ഏതാനും ഇരിപ്പിടങ്ങളേ ഉണ്ടായിരിക്കൂ.
ഈ യാത്ര സാധിക്കണമെങ്കിൽ എന്തായാലും ചിലർ നന്നായി ജെർക്കിങ് (Jerking) ഉള്ള പിൻ സീറ്റുകളിൽ ഇരുന്നേ ഒക്കൂ. വേറെ ചിലർ ജെർക്കിങിൽ ഒരു കുറവുമില്ലാത്ത മുൻ സീറ്റുകളിൽ ഇരുന്നേ പറ്റൂ. ഏതാനും ചിലർക്ക് വിൻഡോ സീറ്റ് കിട്ടുമെങ്കിൽ മറ്റുള്ളവർ അടുത്ത സീറ്റുകളിൽ ഇരുന്ന് തൃപ്തിപ്പെട്ടേ മതിയാകൂ. ശാസ്ത്രവും സാങ്കേതികവിദ്യയും വികസിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല; നാല്പത്താറു സീറ്റുള്ള ഒരു ബസ്സിലെ എല്ലാ സീറ്റുകളും മിഡിൽമോസ്റ്റ് വിൻഡോ സീറ്റ് ആക്കുന്ന മായാജാലമൊന്നും ആരും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇനിയൊട്ട് കണ്ടെത്താൻ പോകുന്നുമില്ല.
അതൊരു വ്യവസ്ഥയാണ്. വ്യവസ്ഥകൾക്ക് ചില വ്യവസ്ഥകളുണ്ട്. എൺപത്തഞ്ച് പേർ ചേർന്നുള്ള ഒരു മാസക്കുറി തുടങ്ങിയാൽ ഏതെങ്കിലും ഒരാൾക്ക് ഒന്നാം നറുക്ക് കിട്ടും. എന്നാൽ മറ്റു ചിലർക്ക് 83-ഉം 84-ഉം 85-ഉം കിട്ടിയേ പറ്റൂ. അവരതുവരെ കാത്തിരുന്നേ ഒക്കൂ. 85 മാസം നീളുന്ന ഒരു മാസക്കുറി ഒറ്റ മാസം കൊണ്ട് തീർക്കുന്ന ഒരു ടെക്നോളജിയും നാസയോ ഇസ്രായേലോ ഇതുവരെ കണ്ടെത്തിയിട്ടില്ല; ഒരിക്കലും കണ്ടെത്തുകയുമില്ല.
നമ്മുടെ ചുറ്റുപാടുകളെപ്പറ്റി ആഴത്തിൽ ആലോചിച്ചാൽ എല്ലാറ്റിനു പിന്നിലും ഒരു നിയോഗമുള്ളതായി കണ്ടെത്താൻ കഴിയും. ഈ ലോകവും അതിലെ സകല ചരാചരങ്ങളും പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്റെ ഇംഗിതമനുസരിച്ചാണ് രൂപപ്പെടുന്നതും ചലിക്കുന്നതും എന്ന് മനസ്സിലാക്കിയാൽ ആവലാതികളെല്ലാം ആവിയാവും. അല്ലാതെ എല്ലാം യാദൃച്ഛികമായി ഉണ്ടായ ഒരു തനി പദാർത്ഥപരമായ അപസ്മാരമാണ് എന്നിടത്തേക്ക് നമ്മുടെ ചിന്തകൾ വരണ്ടുപോയാൽ ഒരിക്കലും നമുക്ക് സംതൃപ്തമായ ഉത്തരങ്ങൾ കിട്ടുകയില്ല. നാം നിരാശയുടെ മരുഭൂമികളിൽ ഉണങ്ങിപ്പൊടിഞ്ഞു പോകും.
എല്ലാ അമ്മമാരും എന്റെ മക്കൾ ഉന്നതസ്ഥാനത്ത് എത്തണം എന്ന് കരുതിയാണ് ഒന്നാം ക്ലാസ്സിൽ ചേർക്കുന്നത്. പക്ഷേ എല്ലാ അമ്മമാരുടെ സ്വപ്നങ്ങളും പൂവണിയുകയില്ല. എല്ലാവരും ഡോക്ടറും എൻജിനീയറും ആവുകയില്ല. (അതാണല്ലോ വലിയ കാര്യം!) ഓർത്തുനോക്കുക, നമ്മുടെയെല്ലാം ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഉള്ള എൽ.പി സ്കൂളിൽ വന്നുചേരുന്ന ഓരോ കുഞ്ഞും ഡോക്ടറായിത്തീർന്നാൽ തേങ്ങ പറിക്കാൻ, തെങ്ങുകിളക്കാൻ, മുടി മുറിക്കാൻ, കുട തുന്നാൻ, പൊറോട്ട അടിക്കാൻ, ബസ് ഓടിക്കാൻ, മീൻ പിടിക്കാൻ, ഇറച്ചി വെട്ടാൻ, വീടുപണിയാൻ, പെയിന്റ് അടിക്കാൻ, കക്കൂസ് തോണ്ടാൻ ആരുണ്ടാവും? വൈവിധ്യമാണ് ഈ ജീവിതത്തിന്റെ വ്യവസ്ഥ. പരസ്പരബന്ധിതമാണ് ആ വ്യവസ്ഥയുടെ വ്യാകരണം. അതിന് അതിന്റേതായ മാധുര്യമുണ്ട് താനും.
ഇവിടെ പ്രത്യേകമായി ഓർക്കേണ്ട ഒരു കാര്യം, അല്ലാഹു ഒരു വ്യക്തിയെ ഏത് വിധത്തിലാണോ സംവിധാനിച്ചിരിക്കുന്നത് ആ നിലയ്ക്കുള്ള പ്രവർത്തനങ്ങളും പ്രകടനങ്ങളും മാത്രമാണ് അയാളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. ഒരു സമ്പന്നനിൽ നിന്ന് ആവശ്യപ്പെടുമ്പോലുള്ള ദാനധർമ്മങ്ങൾ ദരിദ്രനിൽ നിന്ന് ചോദിക്കുകയില്ല. അയൽക്കാരൻ നെഞ്ചുവേദന വന്നു പിടഞ്ഞപ്പോൾ എന്തുകൊണ്ട് അയാളെ പരിശോധിച്ച് മരുന്ന് കൊടുത്തില്ല എന്ന് ആശാരിയോട് ചോദിക്കില്ല. പ്രപഞ്ചത്തിലെ അത്ഭുതങ്ങൾ നോക്കി എന്തുകൊണ്ട് പാഠമുൾക്കൊണ്ടില്ല എന്ന് അന്ധനോട് ചോദിക്കില്ല. നേർക്കാലൻ ഓടിയ അതേ വേഗതയിൽ എന്തുകൊണ്ട് അപകടസ്ഥലത്തേക്ക് ഓടിയെത്തിയില്ല എന്ന് ചട്ടുകാലനോട് ചോദിക്കില്ല.
ഓരോരുത്തനും എന്താണ്, എങ്ങനെയാണ്, എപ്പോഴാണ് എന്നതൊക്കെ അല്ലാഹു കൃത്യമായി സംവിധാനിച്ചു വച്ചിട്ടുണ്ട്. എന്നപോലെ ഓരോരുത്തർക്കും അനുസരിച്ച നിയമവ്യവസ്ഥയും പറഞ്ഞു തന്നിട്ടുണ്ട്. നാം നമ്മളായിരിക്കെ എന്തുമാത്രം നന്മകളാണ് ചെയ്യാൻ പറ്റുക എന്നു മാത്രമാണ് നോക്കേണ്ടത്. "ഞാൻ അവൻ ആയില്ലല്ലോ" എന്നോർത്ത് പരിതപിക്കുകയല്ല വേണ്ടത്.
കുയിലിനെപ്പോലെ കറുത്തിട്ടാണെങ്കിലും അതേപോലെ പാടാൻ എനിക്ക് ആകില്ലല്ലോ എന്ന് കാക്ക പറയണ്ട! മയിലിനേക്കാൾ മനോഹരമായി പാടുമെങ്കിലും അതേപോലെ നൃത്തമാടാൻ എനിക്ക് ആകില്ലല്ലോ എന്ന് കുയിലും പറയണ്ട!! അഴകും ചന്തവും എത്രയുണ്ടായിട്ടെന്ത്, കുയിലിനെപ്പോലെ പാടാൻ എനിക്കും ആകുന്നില്ലല്ലോ എന്ന് മയിലും പറയണ്ട!!! മയിൽ മയിലിന്റെ പണിയെടുക്കുക, കുയിൽ കുയിലിന്റേതും, കാക്ക കാക്കയുടേതും. കാക്കയെങ്ങാനും കുയിലിനെപ്പോലെ പാടാനോ മയിലിനെപ്പോലെ ആടാനോ പോയാൽ അടിച്ചു കണ്ണുപൊട്ടിച്ചു കളയും. പറഞ്ഞില്ലെന്ന് വേണ്ട!
ഇല്ലാത്തവർ ഉള്ളവരെപ്പോലെ അഭിനയിച്ച് ഉള്ളുരുകി ജീവിക്കേണ്ടതില്ല. തനിക്കും തന്റെ ആശ്രിതർക്കും ജീവിക്കാൻ വക ഇല്ലാതിരിക്കെ അന്യർക്ക് ദാനം കൊടുക്കാൻ മതം നിഷ്കർഷിക്കുന്നില്ല. ഇനി തനിക്ക് നന്നായുണ്ടെങ്കിൽ പോലും തന്റെ മക്കൾക്ക് ഇല്ലാതെ പോകുന്ന ഘട്ടം വരികയാണെങ്കിൽ അമിതദാനം പാടില്ല. വലിയ സമ്പന്നനായിരുന്നു സഅദ് ബിൻ അബീ വഖാസ്. തനിക്ക് ഒരു മകൾ മാത്രമേ ഉള്ളൂ. തന്റെ മൊത്തം സമ്പത്തിന്റെ പകുതി ഭാഗം പൊതുജനങ്ങൾക്കായി ഒസ്യത്ത് (വസ്വിയ്യത്ത്) ചെയ്തു കൊടുക്കട്ടെ എന്ന് ചോദിച്ചപ്പോൾ മുഹമ്മദ് നബിയുടെ മറുപടി "വേണ്ട, മൂന്നിലൊന്ന് മതി, അതുതന്നെ ധാരാളമാണ്" എന്നായിരുന്നു. മക്കളെ ഒന്നുമില്ലാത്തവരായി യാചിക്കാൻ വിടുന്നതിലും ഭേദം അവരെ സമ്പന്നരായി സംരക്ഷിക്കലാണ് എന്നുകൂടി ചേർത്തു. ഇതിൽ നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.
എന്നാൽ മറ്റൊരു കാര്യം കേൾക്കൂ. അഹ്വസ്വ് അൽ ജുശമി എന്ന വ്യക്തിയെ മുഹമ്മദ് നബി വഴിയിൽ കണ്ടുമുട്ടുന്നു. ആള് കണ്ടമുട്ടൻ കുപ്പായമാണ് ധരിച്ചിരിക്കുന്നത്. ചോദിച്ചു: "തനിക്ക് സമ്പത്ത് ഒന്നുമില്ലേ?" "ഉണ്ട്, എനിക്ക് ധാരാളം സമ്പത്തുണ്ട്. ആടുണ്ട്, മാടുണ്ട്, ഒട്ടകമുണ്ട്, കുതിരയുണ്ട്, ഭൃത്യരുണ്ട്." "എങ്കിൽ അല്ലാഹു നിനക്ക് നൽകിയ സമ്പന്നതയുടെ പ്രതിഫലനം നിന്നിൽ പ്രകടമാവട്ടെ." എന്നുവെച്ചാൽ പോയി കുളിച്ചു മാറ്റി നല്ല പത്രാസുള്ള വസ്ത്രം ധരിച്ച് പകിട്ടിൽ നടക്കാൻ തന്നെ.
അതെ, ഓരോരുത്തരും അവരുടെ ജീവിത നിലവാരം അനുസരിച്ച് മാത്രമേ പ്രവർത്തിക്കേണ്ടൂ. അങ്ങനെയേ പ്രവർത്തിക്കാവുള്ളൂ. ഖുർആൻ പറയുന്നുണ്ട് ഒരു ശരീരത്തോടും അതിന് താങ്ങാനാവാത്തത് അല്ലാഹു കൽപ്പിക്കുകയില്ല എന്ന്. അല്ലാഹു ഏതൊരു ലക്ഷ്യത്തിനു വേണ്ടിയാണോ ഒരു വസ്തുവിനെ സൃഷ്ടിച്ചിരിക്കുന്നത് ആയതിന് ആ വസ്തു എല്ലാ അർത്ഥത്തിലും അനുയോജ്യമായിരിക്കും എന്ന് ഹദീസിലുമുണ്ട്. വായിച്ചു വിട്ടാൽ പോരാ, റിസർച്ച് ചെയ്ത് പഠിക്കാൻ മാത്രം ഉണ്ട് ഇതിലെല്ലാം.


