വീണ്ടും വിശ്വസിക്കാനുള്ള കഴിവിലേക്ക് തന്നെ നമുക്ക് തിരിച്ചുവരാം. പഞ്ചേന്ദ്രിയങ്ങളെക്കൊണ്ടോ ബാഹ്യമായ ഉപകരണങ്ങൾ കൊണ്ടോ വെരിഫൈ ചെയ്യാൻ പറ്റാത്ത വിധത്തിൽ എങ്ങനെയാണ് ഒരാൾക്ക് ഒരു കാര്യം വിശ്വസിക്കാൻ കഴിയുക?
കഴിവുകളുമായി ബന്ധപ്പെട്ട് പറയുമ്പോൾ മനുഷ്യന് നാല് പാളികൾ ഉണ്ടെന്ന കാര്യം ഓർമ്മിച്ചിരിക്കണം. അതിൽ ഓരോന്നിലും വ്യക്തികൾക്കുള്ള കഴിവിൽ വ്യത്യാസങ്ങൾ കാണാം. ഏറ്റവും പ്രകടമായത് കായികമായ കഴിവുകളാണ്. സാധാരണ എല്ലാവർക്കുമുള്ള നിൽക്കാനും നടക്കാനും ഓടാനും ചാടാനുമൊക്കെയുള്ള കഴിവിൽ തുടങ്ങി കായിക താരങ്ങൾക്കുള്ള പ്രത്യേക കഴിവുകളടക്കം, അഭ്യാസികൾ കാണിക്കുന്ന സവിശേഷമായ മെയ്വഴക്കങ്ങൾ ഒക്കെ അതിന്റെ ഭാഗമാണ്. ശരീരത്തെ ശാസ്ത്രീയമായി, നിരന്തരമായി പരിശീലിപ്പിച്ച് മെരുക്കിയെടുത്താൽ അത്ഭുതകരമായ പല പ്രകടനങ്ങളും കാഴ്ചവെക്കാൻ പറ്റും. ഇതിനെയാണ് വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്മാർ സൈക്കോ മോട്ടോർ ഡൊമൈൻ (Psychomotor Domain) എന്ന് വിളിക്കുന്നത്.
രണ്ടാമത്തെ സ്കിൽ എന്നുള്ളത് വളരെ പ്രധാനപ്പെട്ടതാണ് - മനുഷ്യന്റെ ധൈഷണികതലം. മനുഷ്യൻ മനുഷ്യനായിത്തീരുന്നതും ചിന്താപ്രവൃത്തികളിൽ ഏർപ്പെടുന്നതും ഗവേഷണങ്ങൾ നടത്തി പുതിയവ കണ്ടുപിടിക്കുന്നതുമൊക്കെ അവന്റെ ധൈഷണികശേഷി ഉപയോഗിച്ചുകൊണ്ടാണ്. ചെറിയ കുട്ടികൾ പഠിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത് മുതൽ വലിയൊരു സയന്റിസ്റ്റ് തന്റെ പുതിയ സിദ്ധാന്തം ആവിഷ്കരിക്കുന്നത് വരെ ബൗദ്ധികതലത്തെ ജ്വലിപ്പിച്ചുകൊണ്ടാണ്. ഇതിനെയാണ് കോഗ്നിറ്റീവ് ഡൊമൈൻ (Cognitive Domain) എന്ന് പറയുന്നത്. ഇത് ഉപയോഗപ്പെടുത്തുന്നില്ലെങ്കിൽ കന്നുകാലികളും മനുഷ്യനും തമ്മിൽ കാര്യമായ വ്യത്യാസമൊന്നും പറയാനില്ല.
വേണ്ടത്ര ശ്രദ്ധ കിട്ടാത്ത മറ്റൊരു മേഖലയാണ് വൈകാരികതലം. സന്തോഷിക്കാനും ദുഃഖിക്കാനും ചിരിക്കാനും കരയാനും മാത്രമല്ല, വൈകാരിക തിരയിളക്കമുണ്ടാക്കുന്ന കഥകളും കവിതകളുമെല്ലാം ഉൽപ്പാദിപ്പിക്കാൻ മനുഷ്യനെ പ്രാപ്തനാക്കുന്നത് ഈ വൈകാരികമായ ഉദ്ദീപനമാണ്. സാധാരണഗതിയിൽ എല്ലാവരും ചിന്തിക്കുന്ന രേഖീയരീതിയിൽ നിന്ന് വ്യത്യസ്തമായി വളരെ നവീനമായ ആംഗിളിലൂടെ കാര്യങ്ങളെ കാണുവാൻ മനുഷ്യനെ പ്രാപ്തനാക്കുന്നത് ഇതാണ്. മനഃശാസ്ത്ര ഭാഷയിൽ അഫക്റ്റീവ് ഡൊമൈൻ (Affective Domain) എന്ന് വ്യവഹരിക്കപ്പെടുന്നു. പൂർണമായി. 'മനുഷ്യൻ' കഴിഞ്ഞോ? കഴിഞ്ഞു! കഷ്ടം!!
തേങ്ങ എന്ന് വെച്ചാൽ എന്താണ്? ഒന്ന്: പച്ച പടർന്ന ഉരുണ്ട ഉപരിതലം. രണ്ട്: തൊട്ടുതാഴെയുള്ള നാരുനിബിഡമായ ചകിരിവനം. മൂന്ന്: തുടർന്ന് തടയുന്ന പരുക്കൻ ചിരട്ടക്കോട്ട. തേങ്ങ തീർന്നോ? തീർന്നു! അപ്പോൾ അതിന്റെ ഉള്ളിലെ കാമ്പും കാമ്പിനുള്ളിലെ മധുരപാനീയവും? അതിലൊക്കെ എന്തിരിക്കുന്നു? വെട്ടി പുറത്തേക്ക് കള! നമുക്ക് മേൽപ്പറഞ്ഞ മൂന്ന് ഡൊമൈനുകളിൽ ഫോക്കസ് ചെയ്യാം.
കഴിവുകളുമായി ബന്ധപ്പെട്ട് പറയുമ്പോൾ മനുഷ്യന് നാല് പാളികളുണ്ട് എന്ന് നമ്മൾ തുടക്കത്തിൽ പറഞ്ഞത് എല്ലാവരും മറന്നുപോയോ? മനുഷ്യന് ആഴമേറിയ ഒരു ഉൾപാളിയുണ്ട്; അതാണ് ആത്മീയതലം. ശരിക്കു പറഞ്ഞാൽ അതാണ് പരിപ്പുതലം. അതാണ് കാമ്പ്. ഹ്രസ്വകാല ദർശിനിയിലൂടെ കാര്യങ്ങൾ നോക്കുമ്പോൾ ശരീരവും ബുദ്ധിയും മനസ്സുമെല്ലാം വളരെ ഡയനാമിക് ആണ്. ആയിരിക്കണം - യാതൊരു സംശയവുമില്ല. പക്ഷേ, വിശാലമായ ദീർഘകാല ദർശിനിയിലൂടെ നോക്കുമ്പോൾ മനുഷ്യന്റെ ആത്മീയതലമാണ് അവന്റെ അസ്തിത്വത്തിന് പ്രസക്തി കൊടുക്കുന്ന ഘടകം എന്ന് ബോധ്യപ്പെടും.
600 കൊല്ലം മുമ്പ് 1800 കൊല്ലം ജീവിച്ചു മരിച്ചു കഴിഞ്ഞ ഒരാളെപ്പറ്റി അയാൾ എന്തിനായിരുന്നു അന്ന് ജീവിച്ചത് എന്ന് ഇപ്പോൾ ചിന്തിക്കുമ്പോൾ നമുക്ക് ഉത്തരം കിട്ടാതെ വരും. എന്നല്ല, ചെറുപ്പം മുതലേ ആഘോഷിച്ചു പൊളിച്ച് ജീവിച്ച് വലുതായി സമ്പാദിച്ച് കേമനായി ഒടുവിൽ വയസ്സനായി ഒന്നിനും കഴിയാത്ത ജീവിതത്തോട് അടുക്കുമ്പോൾ നമുക്കുണ്ടാവുന്ന ചില ഉത്തരം കിട്ടാത്ത ചോദ്യങ്ങളുണ്ട്. അവയ്ക്കുള്ള ഉത്തമമായ ഉത്തരങ്ങളാകുന്നു നമ്മളെല്ലാവരും മറച്ചുവെക്കാൻ ശ്രമിക്കുന്ന ഈ ആത്മീയതലം. നിങ്ങളുടെ ഉള്ളിൽ നിന്ന് പലപ്പോഴും ചില ചോദ്യങ്ങൾ പുളഞ്ഞു പൊങ്ങാറില്ലേ? എന്തിനാണ് നമ്മൾ ഈ അസ്തിത്വത്തിലേക്ക് തെന്നി വീണത്? നമ്മുടെ മനോഹരമായ കുട്ടിക്കാലത്തിന്റെ നിഷ്കളങ്കതയിൽ നിന്ന് പിന്നീട് എന്തിനാണ് നീക്കം ചെയ്യപ്പെടുന്നത്?
വാർദ്ധക്യം ഒരു ക്രൂരമായ തമാശയാണോ, ആശ്രിതത്വത്തിലേക്കും ബലഹീനതയിലേക്കുമുള്ള യാത്രയാണോ ജീവിതം? ജീവിതാന്ത്യം ഒരു കട്ടിലിൽ ഒതുങ്ങുമ്പോൾ, ആസകലം നിഷ്ക്രിയത്വം പരക്കുമ്പോൾ ജീവിതം എന്താണ് അർത്ഥമാക്കുന്നത്? ബോധം ഈ പ്രപഞ്ചത്തിന്റെ ഒരു ഘടകമാണോ? നമ്മുടെയെല്ലാം ആത്മനിഷ്ഠമായ അനുഭവങ്ങൾക്ക് ഒരു ആന്തരിക ലക്ഷ്യമുണ്ടോ? നമ്മുടെ തിരഞ്ഞെടുപ്പുകൾ ശരിക്കും പ്രാധാന്യമുള്ളതാണോ അതോ മുൻകൂട്ടി നിശ്ചയിച്ച പാതയിലൂടെ സഞ്ചരിക്കുന്ന യാത്രക്കാരാണോ? നമ്മുടെ അസ്തിത്വത്തിന് മറ്റെന്തെങ്കിലും കാര്യമായ ലക്ഷ്യമുണ്ടോ അതോ നമ്മുടെ വിശ്വാസങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും അർത്ഥം സൃഷ്ടിക്കുകയാണോ?
പ്രപഞ്ചം വിശാലവും അനന്തസാധ്യതയുള്ളതുമാണെങ്കിൽ, നമ്മുടെ അസ്തിത്വം ശാശ്വത പ്രാധാന്യമില്ലാത്ത കേവലം ഒരു ബിന്ദു മാത്രമാണോ? ബോധം ഭൗതിക ശരീരത്തിന്റെ അപ്പുറത്തേക്ക് മറികടക്കുമോ? മരണശേഷം നാം നിലനിൽക്കുകയാണോ അതോ മരണത്തോടെ എല്ലാം കഴിഞ്ഞോ? മനുഷ്യർ ഇവിടെ എങ്ങനെയെല്ലാം നരകിച്ച് ജീവിക്കുന്നു; ഈ കഷ്ടപ്പാടുകൾ അസ്തിത്വത്തിന്റെ അനിവാര്യമായ ഉപോൽപ്പന്നമാണോ അതോ പ്രയാസങ്ങളും പ്രതിസന്ധികളും ഏതുമില്ലാത്ത ജീവിതക്രമം സൃഷ്ടിക്കാൻ നമുക്ക് കഴിയുമോ?
പരസ്പരം പ്രണയിക്കാനുള്ള മനുഷ്യന്റെ കഴിവ് ബിഗ്ബാങ്ങിൽ പങ്കെടുത്ത പദാർത്ഥം പരിണമിച്ചുണ്ടായത് തന്നെയാണോ? പാറക്കല്ലിന് അങ്ങനെ പ്രണയമാവാൻ കഴിയുമോ? പ്രപഞ്ചത്തിൽ നമ്മൾ അടിസ്ഥാനപരമായി തനിച്ചാണോ അതോ ഇവിടെയെവിടെയെങ്കിലും ഇനിയും കണ്ടെത്താനായി കാത്തിരിക്കുന്ന ജീവികളുണ്ടോ? അവയിൽ നമ്മളെപ്പോലെ ചിന്തിക്കുന്ന ജീവികളുണ്ടോ? ആത്യന്തികമായ നന്മയെ നമ്മൾ തന്നെ തീരുമാനിക്കുകയാണോ അതോ യുക്തിയുടെ പരിധിക്കപ്പുറമുള്ള ഉന്നതമായ ജീവിതമൂല്യങ്ങളുണ്ടോ?
ഈ പ്രപഞ്ചത്തിന്റെ ആത്യന്തിക പരിണിതി എന്താണ്? അതിൽ നമ്മുടെ നിലനിൽപ്പിന്റെ യുക്തിസഹമായ പ്രസക്തി എന്ത്? ഭാവി തലമുറകളോട് നമുക്ക് ധാർമികമായ ബാധ്യതയുണ്ടോ അതോ നമ്മുടെ സ്വാർത്ഥതാൽപ്പര്യത്തിൽ പ്രവർത്തിക്കാൻ നമുക്ക് സ്വാതന്ത്ര്യമുണ്ടോ? ആ ചോദ്യങ്ങൾ അങ്ങനെ നീണ്ടുപോകും....
പ്രധാനപ്പെട്ടതിനെ കുറേക്കാലം ഒളിച്ചുവെക്കാൻ കഴിയില്ല. ചകിരിയും തൊലിയും തൊണ്ടുമായി കുറേക്കാലം കഴിഞ്ഞുകൂടി. ഹൊവാർഡ് ഗാർണർ ഇന്റലിജൻസിനെ ഏഴായി വിഭജിച്ചപ്പോൾ ആദ്യ നറുക്കെടുപ്പിൽ സ്പിരിച്വൽ ആസ്പെക്റ്റിന് (Spiritual Aspect) ഇടം കിട്ടിയില്ല. പക്ഷേ, പിന്നീട് കൂട്ടിച്ചേർത്തപ്പോൾ കാര്യമായി പരിഗണിക്കപ്പെട്ടു. ഇപ്പോൾ സ്പിരിച്വൽ ഇന്റലിജൻസ് (SQ) എന്താണെന്ന് തിരക്കിക്കൊണ്ടിരിക്കുകയാണ് ആളുകൾ. IQ പോലെത്തന്നെ പ്രധാനമാണ് EQ എന്നും, EQ-വിനേക്കാൾ ഒട്ടും പ്രാധാന്യം കുറവില്ല SQ-വിനും എന്നിടത്ത് കാര്യങ്ങളൊക്കെ ഇരിക്കുന്നു. സോഷ്യൽ കോഷ്യന്റിന്റെ (Social Quotient) മർമ്മം എന്ന് പറയുന്നത് സ്പിരിച്വൽ ഇന്റലിജൻസ് ആണ്.
കടിക്കുന്ന പട്ടി പിന്നാലെ വന്നാൽ എല്ലാവർക്കും ഒരേ വേഗത്തിൽ ഓടാൻ കഴിയില്ല. ഗണിതശാസ്ത്രത്തിന്റെയും ക്വാണ്ടം ഫിസിക്സിന്റെയും അതിസങ്കീർണ്ണമായ തിയറികൾ എല്ലാവർക്കും ഒരുപോലെ മനസ്സിലായിക്കൊള്ളണമെന്നില്ല. ജീവിതത്തിൽ ഒരു കിടുക്കാച്ചി അനുഭവം വന്നാൽ അതിനെ കനലെരിയുന്ന കഥയാക്കി അല്ലെങ്കിൽ കവിതയാക്കി പ്രകാശിപ്പിക്കാൻ എല്ലാവർക്കും കഴിയണമെന്നില്ല. മനുഷ്യന്റെ ആന്തരിക പാളിയായ ഭക്തിതലത്തിലും കാണാം ഈ വ്യത്യാസം. വിശ്വസിക്കാനുള്ള കഴിവ് എല്ലാവർക്കും ഒരേപോലെ ഉണ്ടാവണമെന്നില്ല.
ആയതിനാൽ യുക്തിമാപിനി വച്ചുകൊണ്ട് ഭക്തിയെയോ ഭക്തിമാപിനികൾ വെച്ചുകൊണ്ട് യുക്തിയെയോ അളക്കാൻ ശ്രമിക്കരുത്! അത് ഇവിടെ മാത്രമല്ല കേട്ടോ. കോഗ്നിറ്റീവ് യുക്തികൊണ്ട് അഫക്റ്റീവ് യുക്തിയെ അളക്കാൻ നിൽക്കുമ്പോഴും വരും ആ പ്രശ്നം. ഭാവനായുക്തി കൊണ്ട് പ്രകൃതിയിലുള്ള ഒരു പ്രതിഭാസത്തെ കാവ്യമായി ആഖ്യാനിക്കുമ്പോൾ അതിനെ ഖണ്ഡിക്കാനും കളിയാക്കാനും ധൈഷണിക യുക്തിക്ക് പറ്റും. കുരുവി പാറിവന്ന് മരച്ചില്ലയിലിരുന്നപ്പോൾ ആ കാമുകി അതിനെ താരാട്ടുപാടി ആനന്ദിപ്പിച്ചു എന്നത് പരിശുദ്ധ യുക്തികൊണ്ട് ചിന്തിക്കുമ്പോൾ ഒരുമാതിരി പൊട്ടത്തരമാണ്. "മരത്തിന് എന്താ താരാട്ടുപാടലും മുലയൂട്ടലും ഉമ്മവെക്കലുമൊക്കെയാണോ പണി? വെറുതെ ഉള്ളനേരത്ത് മാഞ്ഞാളമിളക്കുന്നു. ഏതൊരു പ്രവർത്തനത്തിനും തുല്യവും നേർവിപരീതവുമായ പ്രതിപ്രവർത്തനമുണ്ട് എന്ന ന്യൂട്ടന്റെ മൂന്നാം ചലനനിയമമല്ലേ അവിടെ നമ്മൾ കണ്ടത്?" എന്ന് ചോദിക്കും. അത് യുക്തിയുടെ പരിമിതിയാണ്. അങ്ങനെ ചിന്തിക്കുന്നിടത്ത് തീരുന്നു യുക്തിയുടെ പൊട്ടൻഷ്യൽ.
വിശ്വസിക്കുക എന്ന് പറഞ്ഞാൽ എന്താണെന്ന് മുമ്പ് നമ്മൾ പറഞ്ഞിട്ടുണ്ട്. നേരെ കണ്ണുകൊണ്ട് വിടർത്തി കാണുന്നതിനെയല്ലല്ലോ നമ്മൾ വിശ്വസിക്കുക എന്ന് പറയുന്നത്. പറയുന്ന ആളുടെ ക്രെഡിബിലിറ്റിയും മറ്റ് സാഹചര്യത്തെളിവുകളും വച്ചുകൊണ്ട് നമ്മൾ എത്തിച്ചേരുന്ന ആത്മീയമായ ഒരു അവസ്ഥയാണ് വിശ്വാസം. ഭൗതികമായ കാര്യങ്ങളെ പ്രതി അനുമാനാത്മകമായി നമ്മൾ എത്തിച്ചേരുന്ന കൺക്ലൂഷനുകളെപ്പറ്റിയല്ല ഇവിടെ വിശ്വാസം എന്ന് വ്യവഹരിക്കുന്നത് എന്നതും പ്രത്യേകം ഓർക്കുമല്ലോ. “Surely belief is not an intellectual guess but rather a transcendental conviction” എന്നാരാ പറഞ്ഞത്? ആരാ പറയാത്തത്?
പറഞ്ഞുവരുമ്പോൾ, എന്തെല്ലാം അനുകൂല അവസ്ഥ വന്നു കഴിഞ്ഞാലും ചിലർക്ക് വിശ്വസിക്കാനേ കഴിയില്ല എന്ന് വരാം. അത് അവരുടെ കഴിവുകേടാണ്. എന്നാൽ ചിലരുടെ “ഭക്തി-Q” വളരെയധികം ആയിരിക്കും. അത് മറ്റുകാര്യങ്ങളിൽ അങ്ങനെയാണെന്ന് പറഞ്ഞില്ലേ. ഒരു കുറ്റാന്വേഷണം നടക്കുമ്പോൾ സമർത്ഥനായ ഡിറ്റക്ടീവിന് ഒരു തുള്ളി ചോര കണ്ടാൽ മതി വഴി തെളിയാൻ. സമർത്ഥനായ ഒരു കൊലപാതകിക്ക് ഒരു തുള്ളി ചോര മതി അന്വേഷണം വഴിതെറ്റിക്കാൻ. ഹൈ മണം-Q ഉള്ള ഒരു പോലീസ് നായക്ക് മണത്ത് കണ്ടുപിടിക്കാനുള്ളത്ര കഴിവ് മനുഷ്യനില്ല. കഴിവുകൾ പലനിലയ്ക്ക് വ്യത്യസ്തം. ലബോറട്ടറിയിൽ ചെന്ന് സൾഫ്യൂരിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും ടെസ്റ്റ് ട്യൂബുകളിൽ ഇട്ടു കുലുക്കിക്കളിച്ചിട്ട് "ഞങ്ങളിതാ ആത്മാവിനെ കണ്ടെത്തിയേ" എന്ന് പറയും പോലെയല്ല. നമ്മുടെ പരീക്ഷണശാലയുടെ പരിധിക്കുള്ളിലേക്ക് കടന്നുവരാത്ത ഒരുപാട് കാര്യങ്ങളുണ്ട് എന്ന തിരിച്ചറിവാണ് യഥാർത്ഥ അറിവ്. എല്ലാവർക്കും എല്ലാം കിട്ടാത്തതുപോലെ ചിലർക്ക് ആ തിരിച്ചറിവിലേക്കുള്ള അകക്കണ്ണ് തുറന്നുകിട്ടില്ല.
ഇസ്ലാമിക ചരിത്രം പരതുമ്പോൾ അത്തരത്തിൽ ടോപ്പ് ഭക്തിയുള്ള ആളാണ് അബൂബക്കർ സിദ്ദീഖ് എന്ന് കണ്ടെത്താൻ കഴിയും. ആരാണ് മുഹമ്മദ് നബി എന്ന് പരിപൂർണ്ണമായി ഉള്ളിൽ ഉൾക്കൊണ്ടിട്ടുള്ള ആളാണ് നബിയുടെ ആ സുഹൃത്ത്. ആയതുകൊണ്ട് തന്നെ അധികം ആലോചിച്ചുകൊണ്ടുള്ള യുക്തിപരമായ ഉത്തരങ്ങൾ ഒന്നും കിട്ടാതെതന്നെ, കേവലം ആ വ്യക്തി പറഞ്ഞുവെന്നത് കൊണ്ട് മാത്രം വിശ്വസിക്കാനുള്ള 'എ പ്ലസ്' ഭക്തി മഹാന് ലഭിച്ചു. ഒറ്റരാത്രികൊണ്ട് മുഹമ്മദ് നബി ആകാശാരോഹണം നടത്തി തിരിച്ചുവന്നു എന്ന വാർത്ത നാട്ടിലാകെ പൊല്ലാപ്പുണ്ടാക്കിയപ്പോൾ പോലും “ഞാൻ ആസ്ട്രോഫിസിക്സിന്റെ സാധ്യതകൾ വെച്ച് ജസ്റ്റ് ഒന്ന് പരിശോധിച്ച് അത് സാധ്യമാണോ എന്ന് നോക്കട്ടെ” എന്നല്ല അദ്ദേഹം പറഞ്ഞത്. “മുഹമ്മദ് നബി അങ്ങനെ പറഞ്ഞോ; അതുറപ്പാണോ? എങ്കിൽ ഞാൻ വിശ്വസിച്ചു”. അതാണ് മക്കളെ വിശ്വാസം. അതെ, വിശ്വാസമാണ് വിശ്വാസം. അല്ലെങ്കിൽ വിശ്വാസമാണ് വിശ്വാസമാണ് വിശ്വാസം. A Belief is a belief is a belief...


