അല്ല, അപ്പോൾ ഇതു നല്ല പുതുമ തന്നെയാണല്ലോ? വിശ്വാസം, വിശ്വാസം എന്ന് പറഞ്ഞ് യാതൊരു തത്വദീക്ഷയുമില്ലാതെ കേൾക്കുന്നതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങാനാണോ പരിപാടി? നല്ല കോള്!
അല്ല! അങ്ങനെയങ്ങ് കടന്നു പറയല്ലേ!! വാർത്തയെക്കാളും പറയുന്ന ആളിന്റെ വിശ്വാസ്യത അത്രയ്ക്ക് ദൃഢമാണെന്ന പശ്ചാത്തലം മറന്നുകൊണ്ട് നിങ്ങൾ സംസാരിക്കരുത്! പണിക്ക് വേണ്ടി പുറത്തുപോയ നിങ്ങളെയാണ് സ്വന്തം അമ്മ പെട്ടെന്ന് ഫോണിൽ വിളിച്ച് ഒരു കാര്യം പറയുന്നത്—നിങ്ങൾ വിശ്വസിക്കുമോ? പറയുന്ന കാര്യം എന്തുമാകട്ടെ—നിന്റെ കുഞ്ഞുമോൻ കോണിയിൽ നിന്ന് വീണ് കാല് പൊട്ടിയിരിക്കുന്നു, അച്ഛന് ശ്വാസംമുട്ട് കൂടിയിരിക്കുന്നു, പെങ്ങളുടെ ഭർത്താവിന്റെ വീട്ടിൽ നിന്ന് നാലഞ്ചു വിരുന്നുകാർ വന്നിരിക്കുന്നു, നിന്നെയും തേടി ഏതാനും പോലീസുകാർ വീട്ടിലെത്തിയിരിക്കുന്നു—വാർത്ത എന്തുമാവാം, വിശ്വസിക്കുമോ ഇല്ലയോ? സാധാരണഗതിയിൽ മക്കളോട് എന്നല്ല ആരോടും കളവുകൾ പറഞ്ഞു ശീലമില്ലാത്ത അമ്മമാരാണെങ്കിൽ ഉറപ്പായും അത് വിശ്വസിക്കും.
പക്ഷേ ചോദ്യം അതൊന്നുമല്ല. ആള് നമ്പർ വൺ വിശ്വസ്തൻ തന്നെ—അതിനൊന്നും ഒരു കുറവും ഒരു കുഴപ്പവുമില്ല. പക്ഷേ പറയുന്ന കാര്യം ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്തതാണ്—അപ്പോഴോ? അതാ അങ്ങനെ വരട്ടെ! നിങ്ങൾ എന്താണ് പറയുന്നത് എന്ന് ഞാൻ സൂക്ഷ്മമായി ശ്രദ്ധിക്കുകയായിരുന്നു. "ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്തത്" എന്നല്ലേ? "ബുദ്ധിവിരുദ്ധമായത്" എന്നല്ലല്ലോ? ശരി! ഇപ്പോൾ കാര്യങ്ങൾ ഈസിയായി. ഇനി വിശദമായി പറയാം.
മനുഷ്യന് അവന്റെ യുക്തികൊണ്ടോ നിലവിലുള്ള ഉപകരണങ്ങൾ കൊണ്ടോ മനസ്സിലാക്കാൻ കഴിയാത്ത കുറേ കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യത്തെക്കുറിച്ചും മരണശേഷം എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്നതിനെക്കുറിച്ചും മറ്റുമൊക്കെ...
“മരിച്ചാൽ പിന്നെ എന്ത്?”
“കെട്ടി, കുഴിച്ചുമൂടണം, തീയിട്ട് ചുട്ടുപാറ്റണം എന്നല്ലാതെ അതിനപ്പുറം ഒന്നുമില്ല" എന്ന മറുപടി എല്ലാവർക്കും സ്വീകാര്യമായിക്കൊള്ളണമെന്നില്ല. ആയതിനാൽ മനുഷ്യന്റെ കഴിവിനും അറിവിനും അപ്പുറമുള്ള വ്യവഹാരങ്ങൾ നമ്മിലേക്ക് വരുന്നത് ജീവിതവിശുദ്ധി കൊണ്ട് തന്നെ സ്വയം പ്രമാണമായി മാറിയ പ്രവാചകന്മാരിലൂടെയാണ്. മനുഷ്യജീവിതത്തിന്റെ അർത്ഥവും ലക്ഷ്യവും വരച്ചുകൊടുക്കലാണ് അവരുടെ വരവിന്റെ ലക്ഷ്യം. അവർ ഒരിക്കലും ബുദ്ധിവിരുദ്ധമായ കാര്യങ്ങൾ ലോകത്തോട് പറയുകയില്ല; നാളിതുവരെ പറഞ്ഞിട്ടില്ല.
മൊത്തത്തിൽ, പറയപ്പെടാറുള്ള സന്ദേശങ്ങളെ നമുക്ക് നാലായി പകുക്കാം:
- യുക്തിഭദ്രം
- അയുക്തികം
- യുക്തിവിരുദ്ധം
- യുക്ത്യാതീതം
ഒന്നാമത്തേത് ഭദ്രമായി അവിടെ നിൽക്കട്ടെ; പിന്നീട് പറയാം. ഒരുനിലയ്ക്കും യുക്തികൊണ്ട് അംഗീകരിക്കാൻ കഴിയാത്ത/തീരെ സംഭവ്യമല്ലാത്ത കാര്യങ്ങളെയാണ് 'അയുക്തികം' എന്ന് പറയുന്നത്. ഇതിനെ നമുക്ക് രണ്ടു രീതിയിൽ മനസ്സിലാക്കാം:
ഒന്ന്: ബുദ്ധിപരമായി അസംഭവ്യമായത്. എന്നു വെച്ചാൽ ഒരുനിലയ്ക്കും സംഭവിക്കാത്തത്/സംഭവിക്കാൻ പാടില്ലാത്തത്/സംഭവിച്ചുകൂടാത്തത്.
രണ്ട്: സാധാരണ നിലയിൽ സംഭവിക്കുകയില്ല എന്ന് ഉറപ്പുള്ളത്.
'യുക്തിവിരുദ്ധം' എന്ന് പറഞ്ഞാൽ, അത് സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യുന്നതിനെ ആസ്പദിച്ചുള്ളതല്ല. വേണമെങ്കിൽ സംഭവിപ്പിക്കുകയൊക്കെ ചെയ്യാം. പക്ഷേ അത് സാധാരണഗതിയിൽ മനുഷ്യന്റെ യുക്തികൊണ്ട് ഉൾക്കൊള്ളാൻ കഴിയില്ല, ബുദ്ധിയുള്ളവരാരും അതിനെ അംഗീകരിക്കില്ല എന്ന് അർത്ഥം.
'യുക്ത്യാതീതം' എന്ന് പറഞ്ഞാൽ ഒറ്റയടിക്ക് നമുക്ക് അയുക്തികമെന്നോ യുക്തിവിരുദ്ധമെന്നോ പറഞ്ഞു തള്ളിക്കൂടാത്തത്. എന്നുവെച്ച് അതിന്റെ ആന്തരികയുക്തി എന്തെന്ന് തെളിച്ചു പറയാൻ നമുക്ക് ആവുകയുമില്ല. അങ്ങനെയുള്ളതാണത്.
'യുക്തിഭദ്രം' പിന്നെ പറയേണ്ടതില്ലല്ലോ. ആർക്കും കേട്ടയുടനെ ഉൾക്കൊള്ളാനും അതാണ് ശരി എന്ന് തോന്നാനും ഉതകുന്ന കാര്യങ്ങളാണ്.
ഓരോന്നും വിശദീകരിക്കാം. "ഞാൻ ദൈവദൂതനാണ്, എന്റെ കഴിഞ്ഞകാലത്തെ അതിവിശുദ്ധമായ ജീവിതം നിങ്ങൾ കണ്ടില്ലേ, അതിനും പുറമേ ഞാൻ ഒരുപാട് അത്ഭുതപ്രവൃത്തികൾ നിങ്ങൾക്ക് കാണിച്ചുതന്നില്ലേ... അതുകൊണ്ട് നിങ്ങളെല്ലാവരും രണ്ടും രണ്ടും മൂന്നാണന്ന് വിശ്വസിപ്പിൻ" എന്ന് ഏതെങ്കിലും പ്രവാചകന് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നാണ് ഇനി നോക്കാനുള്ളത്. അല്ലെങ്കിൽ, "ദൈവത്തെ പ്രീതിപ്പെടുത്താൻ നിങ്ങൾ ഒരു പ്രത്യേക കർമ്മം ചെയ്യേണ്ടതുണ്ട്. അതിങ്ങനെയാണ്: നിങ്ങൾ നേരെ നിന്നുകൊണ്ട് തന്നെ സാഷ്ടാംഗം ചെയ്യണം." മനസ്സിലായില്ല? നിങ്ങൾ വടിപോലെ കുത്തനെ നിൽക്കണം, ഒപ്പം അങ്ങനെ നിൽക്കുന്ന അതേ സമയത്ത് തന്നെ കൈകാലുകളും നെറ്റിയും ഭൂമിയിൽ തട്ടിച്ചുകൊണ്ടുള്ള സാഷ്ടാംഗ പ്രണാമവും ചെയ്യണം! ആലോചിച്ചു നോക്കിയേ... എന്തസംബന്ധമാണിത്. ഒരു മനുഷ്യന്/ഒരു വസ്തുവിന് ഒരു അവസ്ഥയിൽ ആയിരിക്കുന്ന അതേ സമയത്ത് തന്നെ മറ്റൊരു അവസ്ഥയിൽ ആയിരിക്കാൻ കഴിയുമോ? ഒരാൾക്ക് ഒരേസമയത്ത് കിടക്കാനും ഇരിക്കാനും കഴിയുമോ? ശരിക്കും മനസ്സിലാക്കണം! ഇരുത്തത്തിന്റെയും കിടത്തത്തിന്റെയും ഇടയിലുള്ള അവസ്ഥയിൽ ആയിരിക്കാൻ പറ്റുമോ എന്നല്ല—ഒരാൾ പരിപൂർണ്ണമായി കിടന്നവനാകുന്നു, അതേസമയത്ത് അയാൾ തന്നെ പരിപൂർണ്ണമായി ഇരുന്നവനും ആകുന്നു!
അല്ലെങ്കിൽ പറയുന്നു: "നിങ്ങൾ ഒരു കർമ്മം ചെയ്യണം, അത് രാത്രിയായിരിക്കണം, പകലുമായിരിക്കണം." അങ്ങനെയുണ്ടാവുമോ? ഒരു പ്രത്യേക സ്ഥലത്ത്, ഒരു പ്രത്യേക സമയത്ത് തന്നെ രാത്രിയും പകലും ഒന്നിച്ചുണ്ടാവുക എന്നത്. നേരത്തേ പറഞ്ഞതുപോലെ രാത്രിയും പകലും സന്ധിക്കുന്ന സന്ധ്യാസമയത്തെക്കുറിച്ചല്ല കേട്ടോ. സൂര്യൻ പളപളാ ചിരിക്കുന്ന പട്ടാപ്പകൽ—അതേസമയത്ത്, അതേ സ്ഥലത്ത് തന്നെ പാതിരാക്കൂരിരുട്ടും! അങ്ങനെയുള്ള ഒരു സമയത്ത് നിങ്ങൾ ഈ കർമ്മം ചെയ്യണം എന്ന് പറഞ്ഞാൽ എന്തു ചെയ്യാനാണ്?
അല്ലെങ്കിൽ പറയുന്നു: "നിങ്ങളെല്ലാവരും ദൈവത്തിനുവേണ്ടി വൃത്താകൃതിയിലുള്ള ഒരു ത്രികോണം നിർമ്മിച്ചു വരൂ." അല്ലെങ്കിൽ "ചതുരാകൃതിയിലുള്ള ഒരു വൃത്തം വരച്ചു വരൂ." അല്ലെങ്കിൽ പ്രവാചകൻ ഒരു ആനയെയും തെളിച്ചാണ് വരുന്നത്, കയ്യിൽ ഒരു കുഞ്ഞിക്കുപ്പിയുമുണ്ട്. എന്നിട്ട് പറയുന്നു: "ഞാൻ നിങ്ങളെയും കൂട്ടി ദൈവത്തിന്റെ മാർഗ്ഗത്തിലൂടെ സ്വർഗ്ഗത്തിലേക്ക് പോകാം. നിങ്ങളിൽപ്പെട്ട ആരെങ്കിലും ഒരാൾ ഈ ആനയെ അതിന്റെ വലിപ്പം ചെറുതാക്കാതെ, ഈ കുപ്പിയുടെ അളവ് വലുതാക്കാതെ ഇതിനകത്ത് കയറ്റിത്തരാം." ഇതൊക്കെയാണ് ലോജിക്കലി ഇംപോസിബിൾ ആയ കാര്യങ്ങൾ. എത്ര വലിയ വിശ്വസ്തനായാലും എന്തെല്ലാം തന്നെ അത്ഭുതപ്രവൃത്തി കാണിച്ചാലും ലോകത്ത് ഏതെങ്കിലും ഒരു പ്രവാചകൻ ഇങ്ങനെയുള്ള ബുദ്ധിപരമായി അസംഭവ്യമായ കാര്യവുമായി വന്ന് സുവിശേഷം പറഞ്ഞാൽ നമ്മൾക്ക് അദ്ദേഹത്തെ സ്വീകരിക്കാൻ കഴിയില്ല. യാതൊരു സംശയവുമില്ല, നമ്മൾ പറയും—വണ്ടി വിട്ടോ, വന്ന വഴിക്ക് പൊയ്ക്കോ എന്ന്!
അതിനോട് ചേർന്നുനിൽക്കുന്നതാണ് രണ്ടാമത്തെ കാര്യം. ബുദ്ധിപരമായി അസംഭവ്യം എന്ന് പറഞ്ഞുകൂടാ, പക്ഷേ സാധാരണഗതിയിൽ നമ്മുടെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ അത്തരം ഒരു കാര്യം നടക്കുക എന്ന് പറയുന്നത് ഏതാണ്ട് അസംഭവ്യം പോലെ തന്നെയാണ്. ഉദാഹരണത്തിന്, ഒരാൾ ഒരു പ്രവാചകനായി പ്രത്യക്ഷപ്പെടുന്നു എന്ന് കരുതുക. എല്ലാ ഗുണഗണങ്ങളും അയാളിൽ മേളിച്ചു എന്നും സങ്കൽപ്പിക്കുക. അദ്ദേഹം ആളുകളെയെല്ലാം വലിയൊരു മലയ്ക്കരികിൽ ഒരുമിച്ചുകൂട്ടുന്നു. മലമുകളിൽ കയറിനിന്ന് അദ്ദേഹം പറയുന്നു: "നിങ്ങളെയെല്ലാം ഞാൻ സ്വർഗ്ഗത്തിലേക്ക് എത്തിച്ചുതരാം. മൂന്നു മിനിറ്റ് കൊണ്ട് നിങ്ങളെല്ലാവരും ചേർന്ന് ഈ മല മുരടോടെ പറിച്ചെടുത്ത് അതാ അവിടെ കൊണ്ടുവെക്കണം." ഇതിനെപ്പറ്റി നിങ്ങൾ ആലോചിച്ചു നോക്കൂ.
നേരത്തെ പറഞ്ഞതുപോലെ ബുദ്ധിയിലേക്ക് ഒരുനിലയ്ക്കും കടത്തിവിടാൻ പറ്റാത്തവിധമുള്ള ശുദ്ധ അസംഭവ്യമായ കാര്യമെന്നു പറഞ്ഞുകൂടാ. അതിഭീമൻ ടെക്നോളജിയൊക്കെ ഉപയോഗപ്പെടുത്തി അത് സാധിക്കാനുള്ള സാധ്യത പോയിന്റ് സീറോ സീറോ സീറോ സീറോ... എവിടെയോ കിടക്കുന്നുണ്ട്. എങ്കിലും സാധാരണഗതിയിൽ സംഭവിക്കാൻ സാധ്യതയില്ലാത്ത ഒന്നാണത്. ശരിക്ക് റോഡുകളോ വാഹനഗതാഗതമോ ഇല്ലാത്ത വലിയ മലമുകളിലെ നിബിഡ വനപ്രദേശത്തുകൂടി "നാളെ നേരം പുലരുമ്പോഴേക്കും പാളം പണിത് ട്രെയിൻ പാഞ്ഞിരിക്കും" എന്നൊരാൾ പറഞ്ഞാൽ അതൊക്കെ ഇതിൽപ്പെടുത്താവുന്നതാണ്. ഇത്തരം അസംഭവ്യ കാര്യങ്ങളൊന്നും നബിമാർ പ്രസ്താവിക്കുകയോ അനുചരരോട് കൽപ്പിക്കുകയോ ചെയ്യില്ല.
ഇനി നമുക്ക് യുക്തിവിരുദ്ധമായ കാര്യങ്ങളിലേക്ക് വരാം. അതും മുകളിൽ പറഞ്ഞതുപോലെ അസംഭവ്യമായ കാര്യമല്ല, നടത്താവുന്നതൊക്കെ തന്നെയാണ്. പക്ഷേ ബുദ്ധിയുള്ള ഒരാളും അതിനെ അംഗീകരിക്കുകയില്ല. "എന്ത് ഊളത്തരമാണ് ഈ പറയുന്നത്" എന്ന് പറഞ്ഞ് പ്രേക്ഷകരെല്ലാം അയാളെ അപഹസിക്കും. ഉദാഹരണത്തിന്, ഒരു പ്രവാചകൻ ജനങ്ങളിലേക്ക് ഇറങ്ങിവന്നുകൊണ്ട് പറയുന്നത് ഇതൊക്കെയാണ്: "നിങ്ങളുടെ ഈ വർഷത്തെ എല്ലാ കാർഷിക വിളകളും നേർപകുതി ദൈവത്തിനുവേണ്ടി സമർപ്പിക്കണം. എല്ലാം ഒരു മൈതാനത്ത് കുന്നുകൂട്ടി വെക്കുക. എന്നിട്ടത് ആസകലം പെട്രോൾ ഒഴിച്ച് കത്തിച്ച് വെണ്ണീറാക്കുക. അത് വാരിയെടുത്തു കൊണ്ടുപോയി പുഴയിൽ ഒഴുക്കുക."
"നിങ്ങളുടെ എല്ലാ കന്നുകാലികളിൽ നിന്നും നാലിൽ ഒരു ഓഹരി ദൈവത്തിന് കൊടുക്കണം. വലിയൊരു കുണ്ടുകുഴിച്ച് കാലികളുടെയെല്ലാം തല വെട്ടി അതിൽ തള്ളിയിടുക. അവകൾ അവിടെക്കിടന്ന് പുഴുത്തുകെട്ട് ദുർഗന്ധം വരട്ടെ. അതുകൊണ്ട് ദൈവം സന്തോഷിക്കട്ടെ."
അല്ലെങ്കിൽ "നിങ്ങളുടെ സമ്പാദ്യത്തിന്റെ പത്തിൽ ഒരോഹരി നോട്ടുകെട്ടുകളായി സമാഹരിക്കുകയും അത് വലിയ ചാക്കുകളിൽ കെട്ടി കടലിൽ കൊണ്ടുപോയി വലിയ പാറയിൽ കെട്ടി താഴ്ത്തുകയും വേണം. ദൈവം പ്രസാദിക്കട്ടെ"— ഇങ്ങനെയാണ് പ്രവാചകൻ നിങ്ങൾക്ക് സന്ദേശം തരുന്നതെങ്കിലോ? അല്ലെങ്കിൽ "വർഷത്തിലൊരിക്കൽ ഒരു സവിശേഷ ദിനം വരും. അന്ന് നിങ്ങൾ നിങ്ങളുടെ മക്കളുടെ വിരൽ മുറിച്ച് രക്തം നിലത്തുറ്റിക്കണം" എന്നാണെങ്കിലോ? ഇവയൊന്നുംതന്നെ ബുദ്ധിയുള്ള ഒരു സംസ്കൃത സമൂഹത്തിന് അംഗീകരിക്കാൻ പറ്റിയ കാര്യങ്ങളേ അല്ല. ആയതിനാൽ തന്നെ കേട്ടമാത്രയിൽ നമ്മൾ തള്ളിക്കളയും; പറയുന്ന ആൾ എത്ര പരിശുദ്ധനാണെങ്കിലും ശരി.
ഇനി നമുക്ക് ചർച്ചക്കെടുക്കാനുള്ളത് യുക്ത്യാതീതമായ കാര്യങ്ങളെക്കുറിച്ചാണ്. ശ്രദ്ധിക്കണം, മുകളിൽ സൂചിപ്പിച്ചത് പോലെ അയുക്തികമായ സംഭവം/സാധാരണ നിലയ്ക്ക് സംഭവിച്ചുകൂടാത്തത്/യുക്തിപരമായി ഒരു സംസ്കൃത സമൂഹത്തിന് അംഗീകരിക്കാൻ പറ്റാത്തത് എന്നിങ്ങനെയുള്ള കാര്യങ്ങളേയല്ല യുക്ത്യാതീതം എന്നത് കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. മറിച്ച് ബുദ്ധികൊണ്ടുള്ള നമ്മുടെ അവലോകനത്തിൽ അവയ്ക്ക് പിന്നിൽ കൃത്യമായ ഒരു ലോജിക് കണ്ടുപിടിക്കാൻ നമുക്ക് പറ്റുന്നില്ല. എന്ന് കരുതി യുക്തിവിരുദ്ധമെന്നോ അയുക്തികമെന്നോ പറഞ്ഞ് ഒറ്റയടിക്ക് തള്ളാൻ പറ്റുകയുമില്ല—അങ്ങനെയുള്ളതാണത്.
ചിലപ്പോൾ അത് ചില പ്രതീകാത്മക സംഭവങ്ങളായിരിക്കും. മറ്റു ചിലപ്പോൾ കൽപ്പിച്ചുണ്ടാക്കുന്ന മൂല്യങ്ങളായിരിക്കും. അത് വിശ്വാസ കാര്യങ്ങൾ മാത്രമല്ല, അല്ലാതെയുമുണ്ട്. ഉദാഹരണം പറഞ്ഞാൽ, വിശക്കുന്നവന്റെ മുമ്പിൽ കിട്ടുന്ന ഭക്ഷണം അയാൾക്ക് ഉപകാരപ്രദമാണ്, മൂല്യവത്താണ്. ഭൂമി, വാഹനം, കെട്ടിടം ഇതെല്ലാം അതിന്റെ ഉപയോഗാടിസ്ഥാനത്തിൽ തന്നെ നേർക്കുനേർ മൂല്യമുള്ളതാണ്.
എന്നാൽ ഏതാനും കടലാസ് തുണ്ടുകൾ മൂല്യവത്താവുന്നത് നമുക്ക് കാണാൻ കഴിയും. ഏതെങ്കിലും ഒരു രാജ്യം പ്രത്യേകമായ രൂപത്തിൽ ഡിസൈൻ ചെയ്ത് പ്രത്യേകമായ മൂല്യം കൽപ്പിച്ച് അടിച്ചു പുറത്തിറക്കുന്ന കറൻസി നോട്ടുകൾ. ആ രാജ്യത്തിന്റെ പരികല്പന പ്രകാരം ആ നോട്ടുകൾ വാലിഡ് ആയി ഗണിക്കപ്പെടുന്ന കാലത്ത് മാത്രമാണ് അതിന് വിലയുള്ളത്. ആ കടലാസ് കഷ്ണത്തിന്റെ സത്തയിൽ വല്ല മൂല്യവും ഉള്ളതുകൊണ്ടല്ല; മറിച്ച് അത് കൽപ്പിതമാണ്. നോട്ടുകൾ പിൻവലിച്ചാൽ അവ വെറും കടലാസ് മാത്രമാണ്.
ദേശീയ പതാകയുടെ കാര്യവും അങ്ങനെതന്നെ. നിർണ്ണിത വർണ്ണങ്ങളിലും വലിപ്പങ്ങളിലുമുള്ള തുണികൾ പ്രത്യേക രൂപത്തിൽ വെട്ടിത്തുന്നിക്കഴിഞ്ഞാൽ അത് മഹത്വമുള്ള സംഗതിയായി മാറി ആ രാജ്യത്ത്. ആ രാജ്യം പ്രത്യേകമായി കൽപ്പിച്ചുകൊടുക്കുന്ന പരിഗണന കൊണ്ട് മാത്രമാണ് അത് ദേശീയ പതാകയാകുന്നത്; മഹത്തരമാവുന്നതും. അവിടെ പ്രവർത്തിക്കുന്നത് ഒരുതരം പ്രതീകാത്മകതയാണ്. ഒരാൾ ശാസ്ത്രീയമായി പഠിച്ച്, "എന്തുകൊണ്ട് ഇവിടെ ഈ നിറം തന്നെ? ഇത്ര വലിപ്പത്തിൽ അവിടെ ഈ നിറം കൊടുത്താൽ എന്താ? വലുപ്പം മാറ്റിയാൽ എന്താ?" എന്നൊക്കെ ചിന്തിച്ചാൽ വലിയ ലോജിക്കിലേക്കൊന്നും എത്തിച്ചേരാൻ കഴിയില്ല. പ്രതീകാത്മകമായ വ്യാഖ്യാനങ്ങളിൽ സംതൃപ്തി അടയുക—അത്രയേ കഴിയൂ. ഉദാഹരണങ്ങൾ എമ്പാടും പറയാൻ കഴിയും. ഇത് എല്ലാവരും അംഗീകരിക്കുന്ന കാര്യങ്ങളാണ്.
ഇതേപോലെയുള്ള കാര്യങ്ങൾ പ്രവാചകന്മാരും ദിവ്യസന്ദേശങ്ങളായി പറയാറുണ്ട്. ഒരു ഉദാഹരണം പറഞ്ഞാൽ, നിങ്ങളുടെ സമ്പാദ്യം ഒരു നിശ്ചിത അളവ് എത്തുകയും എന്നിട്ട് ഒരു വർഷം കയ്യിൽ വെക്കുകയും ചെയ്താൽ അതിന്റെ 2.5 ശതമാനം നിർബന്ധ ദാനമായി പാവങ്ങൾക്ക് വിതരണം ചെയ്യണമെന്നത് പ്രവാചകൻ കൈമാറിയ ഒരു മതസന്ദേശമാണ്. പ്രത്യേകം ഓർമ്മിക്കണം—നോട്ടുകൾ ചുരുട്ടിക്കെട്ടി കല്ലിൽ കെട്ടി പുഴയിൽ താഴ്ത്തണം എന്നല്ല കേട്ടോ. നിങ്ങളുടെ കന്നുകാലികൾ ഇത്ര എണ്ണം തികഞ്ഞാൽ അതിൽ നിന്ന് ഇത്ര എണ്ണത്തെ നിർബന്ധദാനമായി പാവങ്ങൾക്ക് കൊടുത്തേക്കണം എന്നത് മതനിർദ്ദേശമാണ്. നിങ്ങളുടെ കാർഷിക വിളകൾ ഇത്ര കണക്കുണ്ടെങ്കിൽ അതിൽ നിന്ന് ഇത്ര അളവ് നിർബന്ധമായും പാവങ്ങൾക്ക് കൊടുത്തിരിക്കണം. ഇത് പ്രവാചക സന്ദേശമാണ്. വിളകൾ മൈതാനത്ത് കുന്നുകൂട്ടി എണ്ണ ഒഴിച്ച് ചുട്ടുകളയണം എന്നല്ല കേട്ടോ. വർഷത്തിൽ ഒരു സുദിനം വരുമ്പോൾ നിങ്ങൾ കന്നുകാലികളെ അറുത്ത് അതിന്റെ മാംസം പാവങ്ങൾക്കെല്ലാം വിതരണം ചെയ്യണം എന്നത് ഒരു മത സന്ദേശമാണ്. മൃഗങ്ങളെ തലങ്ങും വിലങ്ങും വെട്ടിക്കൂട്ടി കുഴിയിൽ തള്ളണമെന്നല്ല കേട്ടോ.
ഇവിടെ ചിലർ സംശയം ഉന്നയിക്കും—ഇബ്രാഹിം നബിയോട് മകൻ ഇസ്മാഈലിനെ അറുക്കാൻ പറഞ്ഞില്ലേ എന്ന്. അപ്പോൾ അതുമാത്രം കേട്ടാൽ പോരാ, ആ ചരിത്രത്തിന്റെ പൂർണ്ണതയിലേക്ക് വരണം. ആ സംഭവത്തെ തുടർന്ന് പിന്നീട് എന്തുണ്ടായി? അതിനെ ആചാരമാക്കി പിന്നീട് വരുന്ന സമൂഹത്തിൽ നരബലി എത്ര കാലം നിലനിന്നു? എത്ര കുട്ടികളെ ബലിദാനം ചെയ്തു? അതൊക്കെ കണക്കുകൂട്ടണം. എല്ലാത്തിലും ഉപരി അറുത്തപ്പോൾ ഇസ്മാഈൽ എപ്പോഴാണ് മരിച്ചത്? എന്നിട്ട് ആ മയ്യത്ത് എന്ത് ചെയ്തു? ചരിത്രം കണ്ണുകൾ തുറന്ന് ശരിക്കു പഠിക്കണം. അങ്ങനെ ഒരു അറവ് ചരിത്രത്തിൽ നടന്നിട്ടേയില്ല. പരീക്ഷണങ്ങൾക്ക് മുമ്പിൽ മനുഷ്യന് എത്രത്തോളം പിടിച്ചുനിൽക്കാൻ പറ്റും എന്നുള്ളതിന്റെ മഹനീയ മാതൃക ലോകത്താകമാനം കാണിക്കുക മാത്രമായിരുന്നു അവിടെ.
ചിലരുണ്ട്, എപ്പോഴും താഴെ വേരിലേക്ക് മാത്രമേ നോക്കൂ. എന്നിട്ട് ഇങ്ങനെ സങ്കടപ്പെടും: പാവം! എപ്പോഴും മണ്ണിനടിയിൽ തല പൂഴ്ത്തിക്കിടക്കുന്നു. വെളിച്ചമില്ല, കാറ്റില്ല, പൂക്കളില്ല, പൂമ്പാറ്റയില്ല, വെറും ഇരുണ്ട മണ്ണറവാസം. പക്ഷേ അതൊരു മരത്തിന്റെ ഭാഗമാണെന്നും, മരത്തിന്റെ ചില ഭാഗങ്ങൾ ചില്ലകളായി പുറത്തും ഒരു ഭാഗം തടിമരമായി മധ്യത്തിലും ചിലത് വേരുകളായി മണ്ണിലും പടർന്നാൽ മാത്രമേ മരം എന്ന സാകല്യം നിലനിൽക്കുകയുള്ളൂ എന്നുമുള്ള യാഥാർത്ഥ്യം മനസ്സിലാക്കണം. മാത്രമല്ല, നിങ്ങൾ കണ്ണീരൊഴുക്കും പോലെയുള്ള യാതൊരു സങ്കടവും കഷ്ടപ്പാടും വേദനയും വേരിനില്ല. മണ്ണിനടിയിൽ വസിക്കാൻ പാകത്തിലാണ് അതിനെ സൃഷ്ടിച്ചതും സംവിധാനിച്ചതുമെന്ന് തിരിച്ചറിയണം.
നിങ്ങളെ ഒരാൾ വീട്ടിലേക്ക് വിരുന്ന് വിളിച്ച് ഒരു തളിക നിറയെ മുള്ളിട്ടു തന്നാൽ അത് പ്രയാസം തന്നെയാണ്. പക്ഷേ മരുഭൂമിയിലെ ഒട്ടകങ്ങൾ അത്തരം മുള്ളുകൾ നമ്മൾ ചോക്ലേറ്റ് തിന്നും പോലെ തിന്നും. ആ രൂപത്തിലാണ് അവരുടെ ശരീരഘടനയും ആമാശയാദി ദഹന പ്രക്രിയകളും രൂപപ്പെടുത്തിയിരിക്കുന്നത്.
നേരത്തെ പറഞ്ഞ ഉദാഹരണത്തിൽ യുക്ത്യാതീതമായ കാര്യങ്ങൾ ഉണ്ടല്ലോ എന്ന് ഒരാൾക്ക് പറയാം. നിർബന്ധദാനം കൊടുക്കണമെങ്കിൽ ഒരാൾക്ക് സമ്പാദ്യം ഒരു പ്രത്യേക നിലവാരം വരെ എത്തിയിരിക്കണം. ഉദാഹരണത്തിന് ഒരു 65,000 രൂപ എന്ന് സാങ്കല്പികമായി പറയാം. എന്നാലും പോരാ, അത് ഒരു വർഷം കയ്യിൽ ഉണ്ടായിരിക്കണം. എന്നാൽ തന്നെയും 2.5 ശതമാനമാണ് കൊടുക്കേണ്ടത്. അതെന്തുകൊണ്ട് 65,000 എന്ന് തന്നെ പറഞ്ഞത്? 40,000 ആയാൽ മതിയായിരുന്നില്ലേ? അല്ലെങ്കിൽ 85,000 ആയിക്കൂടായിരുന്നോ? അതെന്താ ഒരു വർഷം കയ്യിൽ വെക്കണമെന്ന് പറഞ്ഞത്? എട്ടുമാസം ആയാൽ പോരേ? അല്ലെങ്കിൽ ഒന്നരവർഷം ആയിക്കൂടായിരുന്നോ? അതെന്താ ഒരു 2.5 ശതമാനത്തിന്റെ കണക്ക്—അത് ഇച്ചിരി ഓവർ അല്ലേ? ഒന്നേകാൽ ശതമാനം പോരേ? അല്ലെങ്കിൽ ഇന്നത്തെക്കാലത്ത് രണ്ടര കൊടുത്തിട്ട് എന്താ കാര്യം? ഒരു അഞ്ചേമുക്കാൽ എങ്കിലും വേണ്ടതായിരുന്നില്ലേ?
ഇതിലൊന്നും നമുക്ക് ഇടപെടാൻ ഒരു വകുപ്പുമില്ല—തീർത്തു പറയുന്നു, മതം ഏകപക്ഷീയമായി ഇൻസ്ട്രക്ട് ചെയ്യുന്ന കാര്യങ്ങളാണ് ഇവ. അവയുടെ കണക്കുകളെക്കുറിച്ചും അളവുകളെക്കുറിച്ചും കാലപരിധിയെക്കുറിച്ചുമൊക്കെ ആഴത്തിൽ ആലോചിച്ചാൽ ചിലപ്പോൾ ചില ഉൾസാരങ്ങൾ നമുക്ക് തെളിഞ്ഞു വന്നേക്കാം. എന്നല്ലാതെ ഒരാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ പറ്റുന്ന കൃത്യമായ കാര്യകാരണ ബന്ധം (Exclusive Logic) പറഞ്ഞു സ്ഥാപിക്കാൻ നമുക്ക് കഴിയില്ല. പക്ഷേ ഓരോന്നും നിങ്ങൾ പരിശോധിച്ചു നോക്കൂ, അതൊന്നും തന്നെ യുക്തിവിരുദ്ധമാണെന്ന് പറഞ്ഞു കൂടാ. എന്ന് മാത്രമല്ല, അത്തരം അധ്യാപനം കൊണ്ടുള്ള ഫലപ്രാപ്തി പ്രായോഗികവും ഉപകാരപ്രദവും ജനക്ഷേമപരവുമാണ് താനും.
ചില മത സന്ദേശങ്ങൾ ഇതിനെക്കാളും ഒരുപക്ഷേ യുക്ത്യാതീതമായി വന്നേക്കാം. പക്ഷേ അവയുടെ ടോട്ടാലിറ്റിയും അനന്തരഫലങ്ങളും പരിശോധിക്കുമ്പോൾ നമുക്ക് അതിലെ ബുദ്ധിയും യുക്തിയും മനസ്സിലാകും. കുട്ടികളെ കൊന്നൊടുക്കുന്ന ഒരു കടുംകാലത്ത് ഒരു ഉമ്മയ്ക്ക് കിട്ടുന്ന ദൈവിക സന്ദേശം സ്വന്തം കുഞ്ഞിനെ ഒരു പെട്ടിയിലാക്കി പുഴയിൽ എറിയാനാണ്!
ഇതെന്തു കഥ?! ഇതിലും നല്ലത് ആ പട്ടാളക്കാർ വന്ന് വെട്ടിക്കൊല്ലുന്നതല്ലേ? ഒറ്റ വെട്ടിന് കഥ കഴിഞ്ഞില്ലേ. പെട്ടിയിലാക്കി വെള്ളത്തിലിട്ടാൽ എന്തെല്ലാം അപകടസാധ്യതകളാണ് മുന്നിലുള്ളത്? വെള്ളത്തിൽ മുങ്ങി ശ്വാസംമുട്ടി മീനുകൾ വന്ന് കടിച്ചുപറിച്ച്... ചിന്തിക്കാൻ തന്നെ വയ്യ.
പക്ഷേ മുമ്പ് നമ്മൾ പറഞ്ഞു വന്നതുപോലെ, ആ സന്ദേശം കിട്ടിയ സ്രോതസ്സ് സൂപ്പർ ക്രെഡിബിൾ ആയതിനാൽ ആ ഉമ്മ അങ്ങനെ ചെയ്തു. ആ കുട്ടി കൊട്ടാരത്തിൽ എത്തി. ഏതു കൊട്ടാരത്തിലെ രാജാവാണ് ആ കുട്ടികളെയത്രയും കൊന്നത്, അതേ രാജകൊട്ടാരത്തിൽ. എന്നിട്ടൊടുവിൽ ആ ചോരപ്പൈതൽ അതേ രാജാവിന്റെ രാജധാനിയിൽ രാജകീയമായി വളർന്നു. ക്രൂരനായ ആ കിങ്കരനെ ഒടുവിൽ നിലംപരിശാക്കി നാട്ടുകാരെ രക്ഷിച്ചു. മൂസാ-ഫറോവ കഥ നമ്മൾ വായിക്കണം.
വിശ്വാസക്കുറവുള്ളവർ ദൈവിക സന്ദേശങ്ങളെ സംശയത്തോടെ കാണും, പരിഹസിക്കും. പൂർവ്വകാല സമൂഹത്തിൽ നടന്ന ഒരു കൊലപാതകം തെളിയിക്കാൻ വേണ്ടി ചോദിച്ചപ്പോൾ പശുവിനെ അറുത്ത് അതിന്റെ ഒരു ഭാഗമെടുത്ത് ആ ശവശരീരത്തിൽ അടിക്കാനായിരുന്നു ദൈവിക സന്ദേശം കിട്ടിയത്. ആലോചിച്ചു നോക്കിയേ, എന്ത് യുക്തിയാണ് ഇതിന്റെ പിന്നിലുള്ളത്? ആ കഥ കേൾക്കുന്ന നമുക്കു മാത്രമല്ല, ആ സമൂഹത്തിനുമുണ്ടായിരുന്നു അതേ ആധി. അവർ പരിഹാസരൂപത്തിൽ ആ പശുവിനെ സംബന്ധിച്ച് അനവധി ചോദ്യങ്ങൾ അഴിച്ചുവിട്ടു. പക്ഷേ ഓരോ ചോദ്യങ്ങൾക്കും അവർക്ക് വിശദീകരണം കിട്ടി. ഫലത്തിൽ അവർ കൂടുതൽ കുരുങ്ങി. അത്രയെല്ലാം സവിശേഷതകൾ ഒത്തിണങ്ങിയ ഒരു പശുവിനെ കിട്ടൽ പ്രയാസമായി!
പക്ഷേ അതിനുപിന്നിൽ മറ്റൊരു കഥ കൂടി പിണഞ്ഞുകിടപ്പുണ്ടായിരുന്നു. ആ പ്രദേശത്ത് പുണ്യവാളനായ ഒരാളുണ്ടായിരുന്നു. ഒരു ഭാര്യയും ഒരു മകനുമുള്ള അയാൾ ദരിദ്രനായിരുന്നു. പരിശുദ്ധമായത് (ഹലാൽ) മാത്രമേ ജീവിതത്തിൽ സ്വീകരിക്കൂ. സാന്മാർഗ്ഗികതയ്ക്ക് പേരുകേട്ട അദ്ദേഹം മരിക്കുന്ന നേരത്ത് ഒരു പശു സമ്പാദ്യമായുണ്ടായിരുന്നു. മകനാണെങ്കിൽ കുട്ടിപ്രായത്തിലാണ്. പശുവിനെ ആരെ ഏൽപ്പിക്കുമെന്നായി ആധി. പടച്ചവനായ അല്ലാഹു എന്തെങ്കിലും ഒരു വഴി കാണുമെന്ന് കരുതി അതിനെ തുറന്നുവിട്ടു. പ്രായം തികഞ്ഞപ്പോൾ ഉമ്മ മകനോട് ഇക്കാര്യം സൂചിപ്പിച്ചു. താഴ്വരയിൽ ചെന്ന് മകൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അല്ലാഹു ആ പശുവിനെ തിരിച്ചുനൽകി. മൂസാനബിയുടെ അടുത്തുനിന്ന് കിട്ടിയ നിർദ്ദേശപ്രകാരം പശുവിനെത്തേടി അലഞ്ഞു നടന്നവർ ഒടുവിൽ എത്തിച്ചേർന്നത് ഇവിടെയാണ്. നോക്കണം കാര്യങ്ങൾ പോകുന്ന ഒരു പോക്ക്!
പറയപ്പെട്ട എല്ലാ സവിശേഷതകളും നൂറുമേനി വിളഞ്ഞുനിൽക്കുന്ന പശു. ഒരു പശുത്തോൽ നിറയെ സ്വർണ്ണനാണയം വിലകൊടുത്ത് അവർ പശുവിനെ വാങ്ങി. നിർദ്ദേശിക്കപ്പെട്ടതുപോലെ പശുവിനെ അറുത്തു. മൃതദേഹത്തെ പശുവിന്റെ ഒരു ചീന്തെടുത്ത് മെല്ലെ അടിച്ചു. മൃതദേഹം ഘാതകന്റെ പേര് വിളിച്ചുപറഞ്ഞു.
അതാ പറഞ്ഞത്—ഒരു കാര്യം പ്രത്യക്ഷത്തിൽ/ബാഹ്യമായി നമുക്ക് എന്താണെന്ന് മനസ്സിലായില്ല എന്ന് കരുതി അതിനെ അയുക്തികമെന്നോ യുക്തിവിരുദ്ധമെന്നോ ലേബൽ ചാർത്താൻ പാടില്ല. അത് മനസ്സിലാക്കാൻ പറ്റിയ സംഭവമാണ് ഖുർആനിൽ പരാമർശിക്കപ്പെട്ട ഖളിർ-മൂസാ സംഭാഷണം. പ്രത്യക്ഷത്തിൽ ഖളിർ ചെയ്യുന്ന കാര്യങ്ങൾ എല്ലാം അയുക്തികമാണ് എന്ന് നമുക്ക് തോന്നിയേക്കാം. എങ്കിലും കഥാന്ത്യത്തിലേക്ക് വരുമ്പോൾ ഓരോന്നിന്റെയും ഉൾസാരങ്ങൾ തെളിഞ്ഞുവരുന്നു. അതിനെയാണ് 'നെല്ലിക്ക തിയറി' എന്ന് പറയുന്നത്. ആദ്യം ചവർപ്പ് തോന്നിയേക്കാം, പക്ഷേ പതിയെ മധുരിച്ചു തുടങ്ങും. മുതിർന്നവർ കുട്ടികളോട് പറയുന്ന പല കാര്യങ്ങളും അവർക്ക് കയ്പ്പുള്ളതായേക്കാം. എന്ന് കരുതി അവ യുക്തിവിരുദ്ധമല്ല. വളർന്നു വലുതാകുമ്പോൾ അതായിരുന്നു ശരിയെന്ന് അവർക്ക് ബോധ്യപ്പെടും.
മുഹമ്മദ് നബി ആദ്യമായി മക്കയിലെ അബൂ ഖുബൈസ് പർവ്വതത്തിന്റെ മുകളിൽ കയറിയാണ് പൊതുജനങ്ങളെ വിളിച്ചുകൂട്ടി തനിക്ക് കിട്ടിയ വിശ്വാസ ദർശനങ്ങൾ പരസ്യമായി വിളംബരം ചെയ്യുന്നത്. അത് തുടങ്ങിയത് തന്നെ ഒരു ബ്രെയിൻ സ്റ്റോമിംഗ് ചോദ്യത്തിലൂടെ ആയിരുന്നു: "ഈ കാണുന്ന പർവ്വതത്തിന്റെ പിന്നാമ്പുറത്ത് നിന്ന് വലിയൊരു കുതിരപ്പട നിങ്ങളെ തൂത്തെറിയാനായി വരുന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?" അക്കൂട്ടത്തിൽപ്പെട്ട ഒരാൾ പോലും അതിൽ സംശയം പ്രകടിപ്പിച്ചിട്ടില്ല. തൊട്ടുപിറകെയാണ് തന്റെ സന്ദേശം മുന്നോട്ടുവെക്കുന്നത്. അത് പക്ഷേ എല്ലാവർക്കും സ്വീകാര്യമായിരുന്നില്ല.
മക്ക അന്ന് പേരുകേട്ട തീർത്ഥാടന കേന്ദ്രമായിരുന്നു. അവിടെ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹങ്ങളെ വണങ്ങാനായി നാടിന്റെ നാനാഭാഗത്തുനിന്നും തീർത്ഥാടകർ എത്തിയിരുന്നു. ആ തീർത്ഥാടകരുടെ വരവും പോക്കും ആ നാട്ടിൽ സമ്പത്ത് കുമിയാൻ കാരണമായിരുന്നു. "നിങ്ങൾ നിങ്ങളുണ്ടാക്കിയ കൽപ്രതിമകളെ വണങ്ങരുത്; മറിച്ച് നിങ്ങളെ ഉണ്ടാക്കിയ ഏകനായ അല്ലാഹുവിനെ മാത്രമേ വണങ്ങാവൂ" എന്ന പ്രഖ്യാപനം ഒരർത്ഥത്തിൽ മക്കയുടെ സാമ്പത്തിക വ്യവഹാരങ്ങൾക്കെതിരെയുള്ള കനത്ത പ്രഹരം കൂടിയായിരുന്നു.
അന്നത്തെ മക്കയ്ക്ക് പകരം ഇന്നത്തെ മക്കാവോ സിറ്റിയിൽ ഒരു മലമുകളിൽ കയറി നിന്ന് "ഇനി മുതൽ ഇവിടെ കള്ളും പെണ്ണും ചൂതാട്ടവും കൂത്താട്ടവും ഒന്നും പാടില്ല, എല്ലാവരും സന്മാർഗ്ഗവും സദാചാരവും ശീലിക്കൂ" എന്ന് വിളംബരം ചെയ്താലുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. മക്കയിലെ അബൂ ഖുബൈസിൽ തുടങ്ങിയ ആദ്യ വിളംബരം നമ്മൾ കാണുന്നത് അറഫാ മൈതാനിയിലെ മുത്ത് നബിയുടെ വിടവാങ്ങൽ പ്രഭാഷണം വരെ വികസിക്കുന്നതായാണ്. അതിനിടയ്ക്ക് ആ സന്ദേശങ്ങൾ നേടിയെടുത്ത വിജയത്തിന്റെ ചെങ്കൊടികൾ കാണുമ്പോഴാണ് ആ ദിവ്യ സന്ദേശങ്ങൾ എത്രമാത്രം പ്രായോഗികമായിരുന്നു എന്ന് മനസ്സിലാകുക.
ഇനി ഒന്നും പറയുന്നില്ല. നിങ്ങൾ തന്നെ മുൻകൈയെടുത്ത് അബൂ ഖുബൈസ് വിളംബരവും അറഫാ പ്രഭാഷണവും അതിനിടയിലെ സംഭവബഹുലമായ സന്ദേശ പ്രചരണങ്ങളും എല്ലാം മുൻവിധിയില്ലാതെ പഠിച്ചു നോക്കുക. വിശ്വസ്തനായ പ്രവാചകനിലൂടെ വന്ന യുക്തിഭദ്രമായ ആശയധാരകൾ നിങ്ങൾക്ക് കണ്ടെടുക്കാനാവും.


