ചിലർക്ക് ഇങ്ങനെ തോന്നുന്നുണ്ടാവാം; എന്തിനാണ് വിശ്വാസവും മരണാനന്തര ജീവിതവും പരലോകവുമൊക്കെ? ഇവിടെ ശാന്തമായങ്ങ് ജീവിച്ച് ആരുമറിയാതെ ഒടുങ്ങിയങ്ങ് ഒഴിഞ്ഞാൽ പോരേ എന്ന്. ജീവിതത്തെ വളരെ നിസ്സാരമായി എടുക്കുന്നതുകൊണ്ട് വരുന്ന ഒരു ചിന്താഭ്രംശമാണത്. വളരെ വിശാലമായും വിശദമായും മനുഷ്യജീവിതത്തിന്റെ അരികും മൂലയും നിരീക്ഷിച്ചു നോക്കിയാൽ കാര്യങ്ങൾ മറിച്ചാണെന്ന് മനസ്സിലാവും. ഡിഗ്രിക്ക് കോളേജിൽ ചേർന്ന ഒരു കുട്ടി; 'എന്തിനാണ് പരീക്ഷയും സെമസ്റ്ററും സർട്ടിഫിക്കറ്റും തേങ്ങാക്കുലയുമൊക്കെ, എല്ലാവരും പഠിച്ചങ്ങ് പുറത്തിറങ്ങിയാൽ പോരേ?' എന്ന് ചോദിക്കുന്നതുപോലെയാണിത്.
വാസ്തവത്തിൽ, എന്താണീ ലോകത്തിന്റെ അവസ്ഥ? ചിലർ സമ്പന്നരായി ജനിക്കുന്നു, സമൃദ്ധിയുടെ മുഴുപ്പിൽ ആനന്ദിച്ചു ജീവിക്കുന്നു. ചിലർ ദാരിദ്ര്യത്തിന്റെ കുത്തുപാളയിൽ പെറ്റുവീഴുന്നു; നൊമ്പരങ്ങളുടെ കീറച്ചാക്കും പേറി വേച്ച് വേച്ച് നാളുകഴിക്കുന്നു. ചിലർ സ്വർണ്ണമൂറുന്ന സൗന്ദര്യത്താൽ തിളങ്ങുന്നു. എന്നാൽ ചിലരുടെ മുഖം അങ്ങേയറ്റം വികൃതം; ഒന്നാമനെ ആളുകൾ മത്സരിച്ച് നുണയുമ്പോൾ, രണ്ടാമനിൽ നിന്ന് കണ്ണ് മറയ്ക്കാൻ അവർ പാടുപെടുന്നു. ചിലർ ബലിഷ്ഠതയുടെ ഉരുക്കുശരീരത്തോടെ ജീവിക്കുന്നു. വേറെ ചിലർക്ക് തളർവാതം, ക്യാൻസർ, അൾസർ, ട്യൂമർ... ഒടിഞ്ഞുകുത്തിയ ശരീരവുമായി ഏങ്ങിക്കഴിയുന്നു. ചിലർ പൂർണ്ണാംഗരായി വാഴുന്നു. ചിലർക്ക് കണ്ണുകളില്ല, കാതുകളില്ല, കൈകളില്ല, കാലുകളില്ല. ചെളിയും ചാണകവും കുഴഞ്ഞ് കുഴമ്പായ അങ്ങാടിനിലത്തുകൂടെ ഇഴഞ്ഞുനീങ്ങുന്ന മനുഷ്യരെ നിങ്ങൾ കാണാറില്ലേ? അവർ ഒരു തെറ്റും ചെയ്യാതെയാണ് അങ്ങനെയായിത്തീർന്നത്.
ചിലരുടെ ജീവിതം ആനന്ദത്തോടെ നാം കണ്ടിരിക്കുന്നു. ഭാഗ്യമെന്നോണം ഓരോ ദിവസവും അവർ പടിപടിയായി ഉയരുന്നു; ശാന്തവും സ്വസ്ഥവും ആഢംബരപൂർണ്ണവുമായ ജീവിതം. ചിലപ്പോൾ ചിലർക്ക് അസൂയ തോന്നിപ്പോകും. എന്നാൽ മറ്റു ചിലരുണ്ട് നമ്മുടെ ചുറ്റുഭാഗത്ത്; പിറന്നുവീണതുമുതൽ കഷ്ടപ്പാട്. എത്ര നാക്കിട്ട് നക്കിയിട്ടും കരകയറാൻ കഴിയുന്നില്ല. അപകടം, മരണം, രോഗം, കടം, സങ്കടം, നഷ്ടം തുടങ്ങിയവ നിരന്തരമായി വേട്ടയാടുന്ന കുടുംബങ്ങൾ. ഒരു ദിവസമെങ്കിലും സ്വസ്ഥമായി ജീവിക്കണമെന്നുണ്ട്, പക്ഷേ കഴിയുന്നില്ല. ഇനി എപ്പോഴെങ്കിലും മനസ്സിൽ ചെറിയൊരു ആശ്വാസം തോന്നിയെന്നിരിക്കട്ടെ; അടുത്ത നിമിഷത്തിലായിരിക്കും ഏതെങ്കിലും സങ്കടവാർത്തകൾ അവരെ തേടിയെത്തുന്നത്. എന്ത് തെറ്റാണിവർ ചെയ്തത്? ഈ സഹിക്കുന്ന കഷ്ടപ്പാടുകൾക്കും തിന്നുതീർക്കുന്ന വേദനകൾക്കും ഏത് മുനിസിപ്പാലിറ്റിയിൽ നിന്നാണ്, ഏത് ഗവർണറേറ്റിൽ നിന്നാണ് നഷ്ടപരിഹാരം കിട്ടുക?
എന്റെ സുഹൃത്തതാ അപ്പുറത്ത് മധുരമനോഹരമായി ജീവിതം ആസ്വദിക്കുന്നു; ഞാനിതാ ഇവിടെ കിടന്ന് വെന്തുനീറുന്നു. എന്റെ ജീവിതമല്ലേ ഈ കഴിഞ്ഞുകൊണ്ടിരിക്കുന്നത്? ഞാൻ വാങ്ങിയ വാച്ച് ശരിക്ക് പ്രവർത്തിക്കുന്നില്ലെങ്കിൽ അതൊഴിവാക്കി മറ്റൊന്ന് വാങ്ങാമായിരുന്നു. എന്റെ വേലക്കാരന്റെ പാചകം നന്നായില്ലെങ്കിൽ പകരം ഒരാളെ നിയമിക്കാമായിരുന്നു. പക്ഷേ, എന്റെ ഈ ജീവിതം - ചോരയും ചലവും കണ്ണീരും നെടുവീർപ്പും ദുഃഖവും നിരാശയും തളംകെട്ടിനിൽക്കുന്ന ഈ ജന്മം - സഹിച്ച് ഞാൻ ഉരുകിത്തീർന്നാൽ, എന്റെ ആ സുഹൃത്തിനെപ്പോലെ ജീവിതമാസ്വദിക്കാൻ എനിക്കെപ്പോഴാ അവസരം കിട്ടുക? ഞാനെന്ത് തെറ്റാണ് ചെയ്തത്? എന്റെ സുഹൃത്ത് എന്ത് നന്മയാണ് ചെയ്തത്? രണ്ടുപേരും ഒരേ മാസം പിറന്ന്, ഒരേ സ്കൂളിൽ പഠിച്ച്, ഒന്നിച്ചു വളർന്നവരല്ലേ? ഉത്തരം ലഭിക്കാത്ത ഇത്തരം ആവലാതികൾ ആരോടാണ് പറയുക?
എന്തെല്ലാം ക്രൂരകൃത്യങ്ങളാണിവിടെ നടക്കുന്നത്? കൊലപാതകം റിപ്പോർട്ട് ചെയ്യാതെ ഏതെങ്കിലും ദിവസം പത്രങ്ങളിറങ്ങുന്നുണ്ടോ? ഒരു നുള്ള് സ്വർണ്ണത്തിന് വേണ്ടിപ്പോലും ചില നികൃഷ്ടന്മാർ പെൺകുട്ടികളുടെ കഴുത്തറുക്കുന്നില്ലേ? അക്രമിക്കപ്പെട്ടവർ സഹിക്കുകയും അക്രമികൾ വാഴുകയും ചെയ്യുക എന്നതാണോ നീതി? പുരാതന കാലം മുതലേ ഇവിടെ യുദ്ധം നടക്കുന്നില്ലേ? ഭരണാധികാരികളുടെ താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രം എത്രയായിരം മനുഷ്യന്മാർ കൊല്ലപ്പെട്ടു. ഈ മരിച്ച മനുഷ്യരുടെ ജീവിതങ്ങൾ വെറുതെ നശിപ്പിച്ച ഇയാൾക്ക് അതിന് പകരമായി എന്തെങ്കിലും കൊടുക്കാൻ കഴിയുമോ? മരിച്ചുകിടക്കുന്ന ജവാന്മാരുടെ കബന്ധങ്ങൾ കണ്ട് മനസ്താപം തോന്നിയ രാജാവില്ലേ ചരിത്രത്തിൽ? എന്നിട്ട്, ആ പശ്ചാത്താപത്തിന്റെ ഫലമായി അയാൾക്കെന്ത് ചെയ്യാൻ കഴിഞ്ഞു? അവർക്കെല്ലാം ജീവനിട്ട് നടത്തിക്കാൻ കഴിഞ്ഞോ?
നിങ്ങളുടെ നാട്ടിലെ ഒരാൾ ഹൃദയമില്ലാത്ത അക്രമിയാണെന്ന് കരുതുക. കൊല അയാൾക്കൊരു വിനോദമാണ്. നിങ്ങളുടെ കുടുംബത്തിൽപ്പെട്ട ഒരാളെ അയാൾ നിസ്സാര കാര്യത്തിന് കിണറ്റിൽ തള്ളിക്കൊന്നുകളഞ്ഞിട്ടുണ്ട്. അതുപോലെ നിങ്ങളുടെ നാട്ടിലെ പത്തോളം കുടുംബങ്ങളിൽ നിന്ന് പത്തിലധികം പേരെ ഇയാൾ കശാപ്പ് ചെയ്തിട്ടുണ്ട്. നിങ്ങളൊക്കെ വർഷങ്ങളായി മനംനൊന്ത് കഴിയുകയാണ്. നിങ്ങൾ പത്തുപേർക്കും അയാളെ പച്ചയ്ക്ക് തച്ചുകൊന്ന്, റോഡിലൂടെ വലിച്ച്, തീയിലിട്ട് കരിച്ച്, ആ വെണ്ണീര് പോലും ചുടണമെന്നുണ്ട്. പക്ഷേ, അയാൾ വില്ലനാണ്! അധികാരികളുടെ തണലിൽ അയാൾ വിലസുകയാണ്. ഇനി ഭരണമാറ്റത്തിന് ശേഷം അയാളെ കൈയ്യിൽ കിട്ടിയെന്ന് കരുതുക. ഒരാൾ അയാളെ തിരിച്ച് കൊന്നാൽ അയാൾ തീർന്നില്ലേ? ശേഷിച്ച ഒമ്പതുപേർ ആരെയാണ് കൊല്ലുക? ശവത്തെ പിന്നെയും കൊല്ലാൻ കഴിയുമോ? ഇനി എല്ലാവരും സംഘടിതമായി അയാളെ തിരിച്ചുകൊന്നെന്നിരിക്കുക; എങ്കിൽ പത്ത് കൊലകൾക്ക് പകരമായി ഒരു കൊല നീതിയാണോ? പത്ത് ലക്ഷം രൂപ കട്ടെടുത്ത ആൾ ഒരു ലക്ഷം തിരിച്ചുനൽകിയാൽ നിങ്ങളതിനെ 'നീതി' എന്ന് വിളിക്കുമോ? ഇവിടെ പത്ത് വിധവകളും 50 അനാഥകളും അയാൾ കാരണമായി ഉണ്ടായില്ലേ? പകരം നിങ്ങൾ ഒരു വിധവയെയും അഞ്ച് അനാഥ മക്കളെയും കൂടി ഉണ്ടാക്കിയാൽ മതിയോ?
ഇല്ലെങ്കിൽ 'നീതി' എന്നതൊന്ന് സാധ്യമല്ല എന്നാണോ വരുന്നത്? കേവലനീതി പോലും നടപ്പാവാത്ത ഈ മരപ്പൊട്ടൻ ലോകമെന്തിനാണ് പിന്നെ ഇത്രയും ആസൂത്രിതമായി സംവിധാനിക്കപ്പെട്ടിരിക്കുന്നത്? ആയിരം കോടി മനുഷ്യരുടെ രക്തത്തുള്ളികളും ഗന്ധവും മുഖാകൃതിയും ഒന്ന് മറ്റൊന്നിൽ നിന്ന് വേർതിരിയും വിധം കൃത്യമായി സംവിധാനിച്ചത് ഈ അസംബന്ധ, അസമത്വ, അനീതിപൂർവ്വകമായ ഒരു ജീവിതം അരങ്ങേറാനാണോ? എന്താണിതിന്റെയൊക്കെ ആന്തരിക രഹസ്യം?
മസ്തിഷ്കമുപയോഗിച്ചുള്ള സ്വതന്ത്രമായ മനനത്തിലൂടെ തെളിയുന്ന കാര്യങ്ങൾ ഒന്ന് മൂർച്ചകൂട്ടി നോക്കുക. ഒന്നാമതായി, ഇത്രയും ആസൂത്രിതവും വ്യവസ്ഥാപിതവും കലാപരവുമായ പ്രപഞ്ചം ഇല്ലായ്മയിൽ നിന്ന് സ്വയം ഉണ്ടായെന്നും തനിയെ നിലനിൽക്കുന്നുവെന്നും യുക്തികൊണ്ട് വിശ്വസിക്കാനാവുന്നില്ല. സാക്ഷാൽ പ്രപഞ്ചത്തെ അപേക്ഷിച്ച് വളരെ ലളിതമായ ഒരു 'ഗ്ലോബ്' പോലും ഇല്ലായ്മയിൽ നിന്ന് സ്വയം ഉണ്ടാവുന്നില്ല. ഏതെങ്കിലും ഒരു നാട്ടിൽ ഒരു പ്ലാനറ്റോറിയം സ്വയമേ രൂപപ്പെട്ടുവെന്നും അത് ആരുടെയും മേൽനോട്ടമില്ലാതെ സദാ പ്രവർത്തിക്കുന്നെന്നും പറയുന്നതായി നമ്മളിതുവരെ കേട്ടിട്ടില്ല; പിന്നെങ്ങനെയാണ് ഇത്രയും സങ്കീർണ്ണമായ ഈ അത്ഭുതപ്രപഞ്ചം തനി ഇല്ലായ്മയിൽ നിന്ന് യാദൃച്ഛികമായി ഉൺമയിലേക്ക് തെന്നിവീണ്, താളഭംഗങ്ങളേതുമില്ലാതെ കൃത്യമായി നിലകൊള്ളുന്നു എന്ന് വിശ്വസിക്കാൻ കഴിയുക?
രണ്ടാമതായി, ഈ ജീവിതത്തെക്കുറിച്ചും ഇവിടെ നടമാടുന്ന അക്രമം, അനീതി ആദിയായവയെക്കുറിച്ചും യാതൊരു വിധിതീർപ്പുമില്ലാതെ മനുഷ്യജന്മങ്ങൾ മണ്ണായി മറയുന്നതിനെക്കുറിച്ചും ആഴത്തിൽ ചിന്തിക്കുമ്പോൾ നമ്മുടെ തലയിൽ ചൂട് കയറുകയാണ്. ഒരു ഉറുമ്പിനെപ്പോലും വേദനിപ്പിക്കാതെ, അന്യന്റെ പറമ്പിൽ വീണുകിടന്ന പൊട്ടുമാങ്ങപോലും അനധികൃതമായി കടിച്ചുതിന്നാതെ ക്ഷമിച്ച് സൂക്ഷിച്ചു ജീവിച്ച കുറേപ്പേർ. അതേസമയം, അന്യരുടേത് തട്ടിപ്പറിച്ചും പാവങ്ങളെ കുത്തിക്കൊന്നും വ്യഭിചരിച്ചും ജീവിതം ആനന്ദത്തിമർപ്പിൽ ആറാടിയവരും ഒരേപോലെ ഒരുനാൾ മണ്ണിലുടയുന്നു. അർത്ഥമില്ലാത്ത ഈ അസംബന്ധ നാടകം അരങ്ങേറാൻ വേണ്ടി സംവിധാനിക്കപ്പെട്ട പ്രപഞ്ച വ്യവസ്ഥയാണെങ്കിൽ വളരെ കണിശം, കൃത്യം, ശാസ്ത്രീയം, കലാപരം!
കലാപങ്ങളിലും യുദ്ധങ്ങളിലും അനവധി നിരപരാധികൾ ക്രൂരമായി കൊല്ലപ്പെടുന്നു. ഒരു തെറ്റും ചെയ്യാത്ത ലക്ഷക്കണക്കിന് പിഞ്ചുപൈതങ്ങൾ യന്ത്രങ്ങൾ പോലും കരിഞ്ഞുപോകുന്ന പൈശാചിക സ്ഫോടനങ്ങളിലൂടെ കരിഞ്ഞ് വെണ്ണീറാക്കപ്പെടുന്നു. 'ഇതിങ്ങനെത്തന്നെ തുടരുകയാണ് വേണ്ടത്’, 'അല്ല, ഓരോരുത്തർക്കും അർഹിക്കുന്ന നീതിയും കർമ്മഫലവും വേണം' - ഈ രണ്ട് വാദങ്ങളിൽ നിഷ്പക്ഷമായ ചിന്തയ്ക്ക് ശേഷം നിങ്ങളുടെ മനഃസാക്ഷി ആരുടെ ഭാഗത്ത് നിൽക്കുന്നു എന്നടയാളപ്പെടുത്തുക.
ഒരു കമ്പനിയെപ്പറ്റി ആലോചിച്ചു നോക്കുക. നിർമ്മാണവും സംവിധാനവുമൊക്കെ വൻ സെറ്റപ്പ്. ഓഫീസും എക്യുപ്മെന്റുകളുമെല്ലാം കിടിലൻ. സെക്യൂരിറ്റിയും ചെക്കപ്പുമൊക്കെ ജോറ്. പക്ഷേ, അകത്ത് നടക്കുന്നത് വൈരുദ്ധ്യങ്ങളാണ്. ചിലർ കൃത്യസമയത്ത് ജോലിക്കെത്തുന്നു; വളരെ ആത്മാർത്ഥതയോടെ ജോലികളെല്ലാം നിർവ്വഹിക്കുന്നു. സ്ഥാപനത്തിന്റെ ആസ്തികളും മുതലുകളും സംരക്ഷിക്കുന്നു. എന്നാൽ മറ്റു ചില മൂഷികരുണ്ടിവിടെ; തോന്നിയതുപോലെയാണ് കയറിവരിക. ജോലികളെല്ലാം തട്ടിപ്പ്, കൃത്രിമം. സഹപ്രവർത്തകരെ പീഡിപ്പിച്ചും ചതിപ്പെടുത്തിയും കഴിയുന്നു. കള്ളക്കണക്കുകളെഴുതി സ്ഥാപനത്തിന്റെ മുതൽ മോഷ്ടിക്കുന്നു. ഫാക്ടറിയുടെ പൊതുമുതൽ സ്വാർത്ഥാവശ്യങ്ങൾക്ക് ഉപയോഗിക്കുകയും മറ്റു ചിലപ്പോൾ അനാവശ്യമായി നശിപ്പിക്കുകയും ചെയ്യുന്നു.
ഇവിടെ ആത്മാർത്ഥതയോടെ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയാണ് താങ്കളെന്ന് കരുതുക. അണുഅളവ് വഞ്ചനയില്ലാതെ, നിറമനസ്സോടെ നിങ്ങളർപ്പിക്കുന്ന സേവനങ്ങൾക്ക് യാതൊരു പ്രതിഫലവും മാസാന്ത്യത്തിൽ നിങ്ങൾക്ക് ലഭിക്കുന്നില്ല. വരിക, ജോലി ചെയ്യുക, തിരിച്ചുപോവുക! മാത്രമല്ല, നിങ്ങളോട് അനാവശ്യമായി ഇട്ടുകയറുകയും നിങ്ങൾ കാണേ സ്ഥാപനത്തിന്റെ പലതും വീട്ടിലേക്ക് കടത്തുകയും കള്ളക്കണക്ക് എഴുതി പണം തട്ടുകയും ചെയ്യുന്ന നിങ്ങളുടെ സഹപ്രവർത്തകർക്ക് സ്ഥാപനത്തിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ സസ്പെൻഷനോ ശിക്ഷാമുറകളോ ലഭിക്കുന്നുമില്ല. എന്തസംബന്ധമാണിവിടെ നടക്കുന്നത്? ഇതിങ്ങനെ തുടരണം, അതാണ് ശരി; ആത്മാർത്ഥമായ സേവനങ്ങൾക്ക് വേതനം വേണ്ട, വൃത്തികെട്ട തെമ്മാടിത്തരങ്ങൾക്ക് ശിക്ഷയും വേണ്ട എന്നാണോ നിങ്ങളുടെ മസ്തിഷ്കം പറയുന്നത്? അല്ല, ഓരോരുത്തരുടെയും കർമ്മത്തിനനുസൃതമായ റിവാർഡുകൾ കിട്ടുകയാണ് വേണ്ടത് എന്നാണോ?
പക്ഷപാതിത്വങ്ങളില്ലാതെ മനസ്സു തുറന്നുള്ള വിധി തേടുക. ഏതാണ്ടിതുപോലെയല്ലേ ഈ ലോകം. ഇവിടെ കോടിക്കണക്കിന് മനുഷ്യരിൽ ചുരുക്കം ചിലർ വളരെ നിഷ്കളങ്കരും നിർമ്മല ഹൃദയരുമായി ജീവിക്കുന്നു. വേണ്ടാത്തതൊന്നും പറയുന്നില്ല, കാണുന്നില്ല, കേൾക്കുന്നില്ല, ചെയ്യുന്നില്ല. അയാൾ ഈ ലോകത്ത് ജീവിച്ചതിന്റെ പേരിൽ ഒരൊറ്റ മനുഷ്യനോ ജന്തുവോ സസ്യമോ അനാവശ്യമായി വേദനിക്കേണ്ടി വന്നിട്ടില്ല. നടക്കുമ്പോൾ ഉറക്കെ ചവിട്ടി അയാൾ ഭൂമിയെപ്പോലും വേദനിപ്പിച്ചിട്ടില്ല. പകരം അയാൾ സമൂഹത്തിനും സഹജീവികൾക്കും ഒരുപാട് സേവനങ്ങൾ ചെയ്തിട്ടുണ്ട്. രോഗികൾക്കും യാചകർക്കും കൈമറന്ന് കോരിക്കൊടുത്തിട്ടുണ്ട്. പലപ്പോഴും സ്വന്തം ആഗ്രഹങ്ങളും ആവശ്യങ്ങളും അവഗണിച്ച് മറ്റുള്ളവർക്കായി ത്യാഗം സഹിച്ചിട്ടുണ്ട്. അതൊന്നും ആരും കണ്ടിട്ടില്ല, അറിഞ്ഞിട്ടില്ല, രേഖപ്പെടുത്തിയിട്ടില്ല; ആയതിനാൽ ഒരു പ്രതിഫലവുമില്ല!
അതേസമയം മറ്റു ചിലരുണ്ടിവിടെ. അവരുടെ ജന്മം തന്നെ സമൂഹത്തിനൊരു ദുരന്തമാണ്. ചീത്ത കാര്യമേ ചിന്തിക്കൂ, ചെയ്യൂ. കണ്ണിൽ ചോരയില്ലാതെ ഏത് ദുർബലനെയും മർദ്ദിച്ച് പണം തട്ടുന്നവൻ. ഒരുപാട് സ്ത്രീകളുടെ ചാരിത്ര്യത്തെ അവൻ ബലാൽക്കാരമായി കീറിക്കളഞ്ഞിട്ടുണ്ട്. ഒരുപാട് പട്ടികളെയും പക്ഷികളെയും വിനോദാർത്ഥം എറിഞ്ഞ് കാലൊടിച്ചിട്ടുണ്ട്. സ്വന്തം മാതാപിതാക്കളെപ്പോലും ക്രൂശിച്ച് കണ്ണിൽ നിന്നും ചോര ഒലിപ്പിച്ചിട്ടുണ്ട്. നിരവധി പേരെ കള്ളക്കേസിൽ കുടുക്കി ജയിൽ പീഡനമനുഭവിപ്പിച്ചിട്ടുണ്ട്. ഇവന്റെ ക്രൂരത കാരണം എത്രയോ ഭാര്യമാർ വിധവകളായിട്ടുണ്ട്, എത്രയോ പൈതങ്ങൾ അനാഥരായിട്ടുണ്ട്. അവനിന്നും കോട്ടമേതുമില്ലാതെ ഫൈവ് സ്റ്റാർ മുറികളിൽ വിലസുന്നു, മദാലസമാരുടെ മാറിൽ നീന്തുന്നു, ശീതീകരിച്ച കാറിൽ ഒഴുകുന്നു.
മനുഷ്യനാഗരികത തുടങ്ങിയിട്ട് നൂറ്റാണ്ടുകളും യുഗാന്തരങ്ങളും ഒരുപാട് പിന്നിട്ടു. പോയിമറഞ്ഞ കാലഘട്ടങ്ങളിലെല്ലാം മേത്തരക്കാർ ജീവിച്ചു മണ്ണായിപ്പോയി. നിരവധി നിരപരാധികൾ ക്രൂശിക്കപ്പെട്ടു. കൗശലക്കാരായ അനവധി ക്രൂരന്മാർ മദിച്ചുരസിച്ചു. അസമത്വപൂർണ്ണമായ ഭൂതകാലത്തിന്റെ ഇടനാഴിയിലൂടെ നാം പിറകോട്ട് പോവുകയാണെങ്കിൽ, നീതി നിഷേധിക്കപ്പെട്ടവരുടെ നിശബ്ദമായ കൂട്ടവിലാപങ്ങളും ക്രൂരന്മാരുടെ ഉന്മത്തമായ ആർത്തട്ടഹാസങ്ങളും നമുക്ക് കേൾക്കാനാകും. മൺമറഞ്ഞുപോയ അവരൊക്കെ ഇനി ഒരുനാൾ തിരിച്ചുവരുമോ? ഓരോ ജന്മത്തിന്റെയും കർമ്മഫലങ്ങൾ നീതിനിഷ്ഠമായി വിലയിരുത്തപ്പെടുകയും അർഹിക്കുന്നത് അണുമണി വ്യത്യാസമില്ലാതെ നൽകപ്പെടുകയും ചെയ്യുമോ? 'അങ്ങനെയൊന്ന് വേണമായിരുന്നു' എന്ന ആന്തരികമായ ഒരു ആശ നിങ്ങളുടെ മനസ്സിൽ പതച്ചുപൊന്തുന്നില്ലേ? ഇല്ലേ?!
ശാസ്ത്രീയമായി സംവിധാനിക്കപ്പെട്ട പ്രപഞ്ചത്തിൽ വിലയിരുത്തലും വിധിനിർണ്ണയവും നടക്കുന്നില്ല എന്നതാണ് നമ്മെ നടുക്കുന്നത്. അതൊരു സ്കൂൾ പോലെയാണ്; നല്ല പഠിപ്പും ക്ലാസ്സും കോപ്പുമൊക്കെയുണ്ട്. പരീക്ഷയുമുണ്ട് പേരിന്. മൂല്യനിർണ്ണയം, ജയം, തോൽവി, മാർക്ക് ലിസ്റ്റ്, സർട്ടിഫിക്കറ്റ് - ആ ജാതി പരിപാടികളൊന്നുമില്ല. ഉറക്കൊഴിച്ച് പഠിച്ചവനും ക്ലാസ്സിലുറങ്ങി ഉഴപ്പിയവനും സമം.
ഈ പ്രപഞ്ചവും ഇവിടത്തെ ജീവിതവും ഒരർത്ഥത്തിൽ ഈ സ്കൂളിനേക്കാൾ വഷളായ തോതിലാണ് മുന്നോട്ട് പോകുന്നത്. വൈരുദ്ധ്യങ്ങളുടെ ഒരു കലവറ! ഒരു ഭാഗത്ത് ഗണിതശാസ്ത്രത്തെപ്പോലും വെല്ലുന്ന കിറുകൃത്യത! എല്ലാം എത്ര കൃത്യമായാണ് ചലിക്കുന്നതും മുന്നോട്ട് ഗമിക്കുന്നതും. എന്നിട്ടിവിടെ നടക്കുന്ന ഈ അനീതികളും അസംബന്ധങ്ങളും നമ്മളെങ്ങനെയാണ് ഉൾക്കൊള്ളുക? നിർമ്മലർ ക്രൂശിക്കപ്പെടുകയും ക്രൂരർ രാജവാഴ്ച നടത്തുകയും ചെയ്ത് നാളുകളും വർഷങ്ങളും യുഗങ്ങളും ഒരുപാട് കൊഴിഞ്ഞിട്ടും ഒരു മാറ്റവുമില്ലല്ലോ? റിസൾട്ട് പ്രഖ്യാപിക്കാത്ത സ്കൂളിനേക്കാൾ എത്ര കഷ്ടമാണ് ഇവിടത്തെ ജീവിതവും ഈ നിലനിൽപ്പും. എന്താണ് ഇതിന്റെയൊക്കെ അർത്ഥം? ആരാണ് തൃപ്തികരമായ ഒരു മറുപടി പറഞ്ഞുതരിക?
ഇത്രയും സിമ്പിളാണ് വിശ്വാസത്തിന്റെ യുക്തി. സാധാരണ ഒരു നാടൻ സ്കൂളിന്റെ ലോജിക്. നന്നായി പഠിച്ച് പരീക്ഷയെഴുതുന്നവർക്ക് നല്ല മാർക്കും വിജയവും; ക്ലാസ്സിൽ വരാതെയും പഠിക്കാതെയും ശരിക്ക് പരീക്ഷ എഴുതാതെയും ഉലാത്തിയവർക്ക് തോൽവിയും നഷ്ടവും. ഇത് ഏത് നിരീശ്വര നിർമ്മതവാദിക്കും ഉൾക്കൊള്ളാനാവുന്ന കാര്യമാണ്; അയാൾ മർദ്ദിതനോ കൊള്ളയടിക്കപ്പെട്ടവനോ പീഡിതനോ ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവനോ ഒക്കെയാണെങ്കിൽ പ്രത്യേകിച്ചും.
അതെ, ലോകം അതിന്റെ നീതിമണ്ഡലത്തിലേക്ക് നീങ്ങുകതന്നെ ചെയ്യും. വളരെ യുക്തിഭദ്രമായ ഒരു വിശ്വാസ ദർശനമാണത്. ആരിവിടെ അണുമണിത്തൂക്കം നന്മ പ്രവർത്തിച്ചുവോ അവന് അതിന്റെ ഗുണം ലഭിക്കും; ആര് അണുമണിത്തൂക്കം തിന്മ ചെയ്തുവോ അവന് അതിന്റെ തോൽവിയും കിട്ടും. അത്രയേ ഉള്ളൂ. പിന്നെ ഒന്നുകൂടിയുണ്ട് കേട്ടോ. നാം വിശ്വസിക്കുന്ന സ്രഷ്ടാവായ അല്ലാഹു കാരുണ്യവാനാണ്. നമുക്ക് ജീവനും ശരീരവും അവയവങ്ങളും അധിവസിക്കാനുള്ള ഭൂമിയും വായുവും വെള്ളവും എല്ലാം വെറുതെ തന്നവനാണ്. അവൻ നമ്മോട് ഇങ്ങനെ കൂടി പറയുന്നുണ്ട് - അവൻ നമ്മിലേക്കയച്ച ദൂതനാണ് അത് പറഞ്ഞുതരുന്നത്. ആരെങ്കിലും ഒരു നന്മ ചെയ്താൽ അയാൾക്ക് അതിന്റെ പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്നതായിരിക്കും. ഭൂമിയിൽ ജനിച്ചുവീഴുമ്പോഴേക്കും നമുക്ക് ഭൂസ്വർഗ്ഗം പണിതു കാത്തിരുന്ന ആ പടച്ചവൻ, നാം മരിച്ച് അവിടേക്കെത്തുമ്പോഴേക്കും നമുക്കായി സ്വർഗ്ഗീയസ്വർഗ്ഗം ഒരുക്കി കാത്തിരിക്കുന്നവനാണ് അവൻ; കാരുണ്യവാൻ. അവന്റെ പ്രഭാവമാണ് ഈ പ്രകൃതിയിലും പ്രപഞ്ചത്തിലും ആകമാനം. അകക്കണ്ണ് തുറന്നു നോക്കുന്നവന് എല്ലാം കാണാം. നമ്മുടെ കണ്ണുകൾ തുറന്നുകിട്ടട്ടെ.


