ഒരിടത്ത് ഒരു സാഹിത്യമത്സരം നടക്കുന്നു. നമ്മൾ മൂന്നുപേർ ജഡ്ജ്മെന്റ് പാനലിൽ ഉള്ളവരാണ്. പ്രസംഗമാണ് മത്സരയിനം. കൂട്ടത്തിൽ ഏറ്റവും നല്ലൊരു പ്രസംഗം വന്നു. കലക്കൻ ഐറ്റം, പൊടിപൂരം! പക്ഷേ, മൂല്യനിർണയത്തിന്റെ ഫൈനൽ വിധിതീർപ്പ് സമയത്ത് നമ്മൾ മൂന്നുപേരും കൂടി ഐകകണ്ഠ്യേന തീരുമാനിച്ചു; അതിന് ഫസ്റ്റ് കൊടുക്കണ്ട!
കാരണം മറ്റൊന്നുമല്ല, മറ്റു മത്സരാർത്ഥികളെല്ലാം പ്രസംഗിച്ചതിൽ ഒരു തന്മയത്വമുണ്ട്, മൗലികതയുണ്ട്. അവരുടെ പ്രായത്തിനും പഠനനിലവാരത്തിനും ഒതുങ്ങിയ രൂപത്തിലുള്ള കാര്യങ്ങളാണ് അവർ പറഞ്ഞത്. അതേസമയം നാം ഫസ്റ്റ് കൊടുക്കാതെ തള്ളിമാറ്റിയ പ്രസംഗം ആശയത്തിലും അവതരണത്തിലും അതിഗംഭീരമായിരുന്നു. മൗലികത ഒരു പ്രധാനപ്പെട്ട ക്രൈറ്റീരിയ ആയിരുന്നു. അതില്ലാതെ പ്രസംഗം നന്നായതുകൊണ്ട് മാത്രം ഫസ്റ്റ് കൊടുക്കാൻ ആകുമോ?
പറയപ്പെട്ട ആശയങ്ങളൊക്കെ നൂതനവും ആകർഷകവും പ്രസക്തവും അനിതരസാധാരണവുമായിരുന്നു. പക്ഷേ, സ്വന്തം ആശയങ്ങളല്ലെന്നുറപ്പ്. അതായത് പിന്നിൽ ആരോ കളിച്ചിട്ടുണ്ട്; ഗ്രൂപ്പ് ലീഡറോ ക്ലാസ് അധ്യാപകനോ എഴുതിക്കൊടുത്ത സാധനം അങ്ങനെത്തന്നെ കാണാപാഠം പഠിച്ച് കാച്ചിയത് പോലെയുള്ള ഒരു പ്രതീതിയുണ്ട്. ആ ഒരൊറ്റ കാരണത്താൽ എല്ലാവരും ഫസ്റ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ച എൻട്രി നമ്മൾ കൂളായി താഴേക്ക് തള്ളി. കൂട്ടത്തിൽ ഒരാൾ ചോദിച്ചിരുന്നു: "നമ്മൾ ആ പയ്യനെ വിളിച്ചു നേർക്കുനേർ ഒന്ന് ചോദിക്കുന്നോ?" എന്ന്. പക്ഷേ, കൂടെയുള്ള രണ്ടുപേരും തറപ്പിച്ചു പറഞ്ഞു: "വേണ്ട, അതുറപ്പ് തന്നെയാണ്; അവന്റേതല്ല, എഴുതിപ്പഠിച്ചതാണ്!" വല്ലതും മനസ്സിലായോ? ഇല്ല!
ഒരു ദിവസം വീട്ടിൽ വൈകി കയറിച്ചെന്നപ്പോൾ ഭാര്യയുണ്ട് നമ്മെ അടുത്തേക്ക് വിളിച്ച് ചില കാര്യങ്ങൾ പറയുന്നു. കാലങ്ങളായി അവളെ നമുക്ക് നന്നായി അറിയാം. സ്വഭാവം, പെരുമാറ്റം, അറിവ്, കഴിവ്, കാഴ്ചപ്പാട്, നിലപാട് എല്ലാം. പക്ഷേ ഇന്ന് നോക്കുമ്പോൾ എന്തോ ഒരു പ്രത്യേകത. ഒരു നിലയ്ക്കും അവളുടെ ഭാഷാപ്രാപ്തിക്കും ആശയനിലവാരത്തിനും ഒതുങ്ങാത്ത വിധം അത്യുഗ്രമായ സംസാരം. സംഭവം നമ്മളെ ഒന്ന് വിരട്ടാൻ വേണ്ടി കരുതിക്കൂട്ടി ഒരുങ്ങി നിന്നതാണ്. ഏതോ ലോകോത്തര സാഹിത്യകാരന്റെ തീപാറുന്ന ഡയലോഗുകൾ കാണാതെ പഠിച്ച് ചാമ്പുകയാണ്. എന്തെങ്കിലും മനസ്സിലായോ? ഇല്ല!
ഒരു കൂട്ടുകാരൻ വന്നു വാതിലിന് മുട്ടിയിരുന്നല്ലോ. കൂട്ടുകാരൻ എന്ന് പറഞ്ഞാൽ ചന്തയിൽ നിന്നോ സമ്മേളനത്തിൽ നിന്നോ വെച്ച് ഇന്നലെ മിനിഞ്ഞാന്ന് കണ്ടുമുട്ടിയ ആളല്ല. കഴിഞ്ഞ 40 കൊല്ലത്തോളമായി സ്വന്തം കണ്ണെന്നപോലെ പരിചയമുള്ള ആളാണ്. പെരുമാറ്റം, സ്വഭാവം, വർത്തമാനം, ചിന്ത, നിലപാട്, ഭാഷ എല്ലാം സ്വന്തം ശ്വാസോച്ഛ്വാസം പോലെ പരിചയമുള്ളതാണ്. പക്ഷേ, ഇന്നലെ വാതിലിൽ മുട്ടിപ്പറഞ്ഞ കാര്യം അത് സാധാരണ പറയുന്ന ഭാഷാനിലവാരത്തിൽ ഉള്ളതല്ല. സ്വന്തമായി അങ്ങനെ പറയാൻ അയാൾക്ക് കഴിയില്ല. “സ്വന്തം ആശയം സ്വന്തം ഭാഷയിൽ പറയൽ” മത്സരത്തിൽ പങ്കെടുത്തതായിരുന്നെങ്കിൽ ഒറ്റ ഒരു പോയിന്റ് പോലും കൊടുക്കാൻ പറ്റില്ല! ഇപ്പോൾ മനസ്സിലായില്ലേ?
മുഹമ്മദ് നബിയെ നാട്ടുകാർക്ക് മൊത്തം നേരത്തെ അറിയാവുന്നതാണ്. എന്താണ് പറയുക, എന്താണ് ചിന്തിക്കുക, എന്തൊക്കെയാണ് നിലപാടുകൾ എല്ലാം. അങ്ങനെയുള്ള ഒരാൾ 40 കൊല്ലക്കാലത്തെ പൊതുജീവിതത്തിന് ശേഷമാണ് അത്ഭുതാവഹമായ വചനങ്ങളുമായി ജനങ്ങളെ സമീപിക്കുന്നത്.
ഇവിടെയാണ് ഖുർആൻ വേറിട്ടുനിൽക്കുന്നത്. അത് ആളുകളെ ആകർഷിക്കുന്ന, അമ്പരപ്പിക്കുന്ന അമാനുഷിക ദൃഷ്ടാന്തമായി മാറുന്നത്. ഒരാൾക്ക് സ്വന്തമായി എന്തെല്ലാം എങ്ങനെയെല്ലാം ഉണ്ടാക്കിപ്പറയാം എന്നതിനെക്കുറിച്ച് നമുക്കൊരു ധാരണയുണ്ടാവും. പ്രത്യേകിച്ചും നമുക്ക് കാലങ്ങളായി പരിചയമുള്ള, ഉള്ളും പുറവും ഇടതും വലതും നന്നായി അറിയുന്ന ഒരാളാകുമ്പോൾ. ദിവ്യമായ ആ വചനമാധുരി കേട്ട് ശത്രുക്കൾ പോലും അതൊരു മഹാസംഭവമാണെന്ന് പറയുകയുണ്ടായല്ലോ.
ഖുർആനിന്റെ ആശയസൗന്ദര്യം എന്നതിനേക്കാൾ, അത് വരുന്നത് ഇങ്ങനെയുള്ള ഒരാളിൽ നിന്നാണ് എന്നതിലുള്ള അമാനുഷികതയാണ് ഖുർആന്റെ മികവാർന്ന ആകർഷണീയത. ചെറുപ്പത്തിൽ ഇവിടെയൊക്കെ കണ്ടിരുന്നു, പിന്നെ പത്തിരുപത്തഞ്ചു കൊല്ലം ഏതെല്ലാമോ നാടുകളിൽ പോയി ഏതൊക്കെയോ സർവകലാശാലകളിൽ പൊതിർന്ന് എന്തൊക്കെയോ പഠിച്ചു വന്ന ആളാണ് എങ്കിൽ കേട്ടമാത്രയിൽ ജനങ്ങൾ അത്രയങ്ങ് അമ്പരന്ന് മിഴിക്കില്ലായിരുന്നു.
വേണമെങ്കിൽ മുഹമ്മദ് നബിക്ക് ചാൻസ് മുതലാക്കി അത് തന്റേതാണെന്ന് വരുത്താമായിരുന്നു കേട്ടോ. കാരണം സാഹിത്യം പൂത്ത ആ അറബുമനസ്സിൽ ആർക്കും കിട്ടാത്ത സ്വീകാര്യതയും അതിശയിപ്പിക്കുന്ന ഫീഡ്ബാക്കുകളുമാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ആളുകൾക്കിടയിൽ ആളാവാനുള്ള ഏറ്റവും നല്ല അവസരമാണ് മുന്നിൽ വന്നിരിക്കുന്നത്. നാളിന്നോളം കവിത ചൊല്ലുകയോ ഗാനസദസ്സുകളിൽ പങ്കെടുക്കുകയോ സാഹിതീയ അഭിരുചിയുടെ പ്രകാശനങ്ങളോ പ്രകടിപ്പിക്കാത്ത ഒരാൾക്ക് നാൽപ്പതാം വയസ്സിൽ അത്യുത്തമമായ സാഹിത്യവുമായി രംഗത്തുവന്ന് വളരെപ്പെട്ടെന്ന് തന്നെ ജനസ്വീകാര്യത നേടിയെടുക്കാനും സെലിബ്രിറ്റിയായി വാഴാനുമുള്ള അവസരമായിരുന്നല്ലോ അത്.
നമ്മളൊക്കെ ആയിരുന്നെങ്കിൽ ചിലപ്പോൾ അങ്ങനെ ചിന്തിച്ചു കൂടായ്കയില്ല. നമ്മൾ ഒരുപാട് പുസ്തകങ്ങൾ വായിച്ചും മറ്റും മറ്റുള്ളവരുടെ ആശയങ്ങൾ മനസ്സിൽ വെച്ചുകൊണ്ട് ചർച്ചയിൽ അവതരിപ്പിക്കുകയും അത് സ്വന്തം അഭിപ്രായങ്ങളാണെന്ന് വരുത്താൻ ശ്രമിക്കുകയുമാണ് ചെയ്യുക.
സംഗതിവശാൽ നമ്മുടെ ഏതെങ്കിലും ഒരു പ്രഭാഷണം അല്ലെങ്കിൽ ഒരു എഴുത്തുകുത്ത് വളരെ മികച്ചതായി ഏറ്റെടുക്കപ്പെട്ടാൽ നമ്മൾ അതിനെ ആത്മരതിയോടുകൂടി ആസ്വദിക്കാനാണ് ശ്രമിക്കുക. "ഞാനത് അത്രയ്ക്ക് പ്രിപ്പയർ ചെയ്ത് പറഞ്ഞതല്ല, തിരക്കിൽ അങ്ങനെ പെട്ടെന്ന് ചെയ്തതാണ്" എന്നൊക്കെ പറഞ്ഞ് ആ ചർച്ച ലൈവ് ആക്കിപ്പിടിക്കാനാണ് മുതിരുക. എന്നുപറഞ്ഞാൽ എന്റെ കഴിവ് അവിടെയൊന്നും നിൽക്കുന്നില്ല, കുറച്ചുകൂടി റിലാക്സ് ആയി പ്രിപ്പയർ ചെയ്തു വരികയാണെങ്കിൽ ഇതിനെക്കാൾ വലിയ സംഭവമാകുമായിരുന്നു എന്നൊക്കെ ധ്വനി. ഇരിക്കട്ടെ.
മുഹമ്മദ് നബി വായിച്ചവതരിപ്പിക്കുന്ന വചനങ്ങളിൽ ഇടയ്ക്കിടെ വരുന്നത് ഇതൊന്നും എന്റെ വകയല്ല, ഇത് ലോകൈക രക്ഷിതാവായ തമ്പുരാന്റെ പക്കൽ നിന്നുള്ളതാണ് എന്നാണ്. മുഹമ്മദ് നബി സ്വയേഷ്ടപ്രകാരം ഒന്നും സംസാരിക്കില്ല; ദിവ്യബോധനമായി ലഭിച്ചതല്ലാതെ എന്നാണ് ഖുർആൻ പറയുന്നത്.
പറഞ്ഞുവന്നപ്പോൾ നമ്മൾ എത്തിച്ചേരുന്നത് ഖുർആനിക് ടെക്സ്റ്റ് - അത് അവതരിക്കപ്പെട്ട വ്യക്തിയുടെ സവിശേഷതയാണ് ആ ഗ്രന്ഥത്തിന്റെ അമാനുഷികതയുടെ മാറ്റുകൂട്ടുന്നത് എന്നാണ്. ഇനി പറയട്ടെ. അമാനുഷികതയിലൂടെയുള്ള വിശ്വാസ ആശ്ലേഷണങ്ങൾക്ക് ആവേശവും ആസക്തിയും കൂടും. അത് നേരെ മനസ്സിലേക്ക് അങ്ങ് ഊർന്നിറങ്ങി മൊത്തം ഇലക്ട്രിഫൈ (Electrify) ചെയ്യുകയാണ് ചെയ്യുക. കഠിനമായ കാന്തത്തിലേക്ക് കഠോരമായ കാരിരുമ്പെന്നപോലെ വലിച്ചടുപ്പിക്കപ്പെടും. അതേസമയം, ആശയപരമായ ആകർഷണീയത, ദാർശനികമായ വശ്യത എന്നൊക്കെ പറയുന്നത് ഏറെ സമയമെടുക്കുന്ന മസ്തിഷ്ക പ്രക്രിയയിലൂടെ രൂപപ്പെട്ടുവരുന്ന ഒരു നിലപാടാണ്. അത് പിന്നെ കുറേ മറിച്ച് ചിന്തിക്കുമ്പോൾ ആ നിലപാടിൽ ഇളക്കം വന്നേക്കാം, സന്ദേഹം മുളച്ചേക്കാം, ബലക്കമ്മി നേരിട്ടേക്കാം - അങ്ങനെയൊക്കെയാണ്.
മുഹമ്മദ് നബിയുടെ ജീവിതത്തിലുടനീളം പ്രകടമായ അമാനുഷികതയിലൂടെയാണ് കൂടുതൽ ആളുകളും വിശ്വാസത്തിലേക്ക് വിരുന്നുവന്നത്. അമാനുഷികതയാകുമ്പോൾ അതിലൊരു അസ്വാഭാവികതയുണ്ടല്ലോ. എന്നുവെച്ചാൽ സാധാ നിലയ്ക്ക് കാര്യകാരണ ബന്ധപ്രകാരം നടക്കേണ്ടതിന്റെ അപ്പുറത്തേക്ക് കാര്യങ്ങൾ നടക്കുന്നു എന്നാണ്. അത് കണ്ണുകൊണ്ട് കാണുകയോ നേരിട്ട് അനുഭവിക്കുകയോ ചെയ്യുന്നവർക്ക് പിന്നെ മറിച്ച് ചിന്തിക്കാനുള്ള ഒരു ഓപ്ഷനില്ല. നേരത്തെ മസ്തിഷ്കത്തിന്റെ കാര്യത്തിൽ പറഞ്ഞതുപോലെയുള്ള നിരൂപണങ്ങളും വിമർശനങ്ങളും ശക്തിക്ഷയവും ഒന്നും തലപൊക്കാനുള്ള അവസരമേയില്ല; അതിന്റെ മുമ്പ് തന്നെ മനസ്സ് ഒഴുകിപ്പോയി കഴിഞ്ഞിട്ടുണ്ടാവും.
ഇത് മുഹമ്മദ് നബിയുടെ കാര്യത്തിൽ മാത്രമല്ല, മുൻകാല പ്രവാചകന്മാർക്കും ഇത്തരത്തിലുള്ള അമാനുഷിക ദൃഷ്ടാന്തങ്ങൾ ഉണ്ടായിരുന്നതായി നമുക്കറിയാമല്ലോ. അമാനുഷിക സംഭവത്തിലെ ഭൗതികമായ പ്രതികൂലാവസ്ഥ എത്രത്തോളം വിപുലമാകുന്നുവോ അത്രത്തോളം ആ അമാനുഷികതയുടെ അമ്പരപ്പ് വർദ്ധിക്കും. മനസ്സിലായില്ല? കേൾക്ക്!
"ഞങ്ങൾ നിങ്ങളെ വിശ്വസിക്കാം, ആ കാണുന്ന ഗർഭിണിയായ ഒട്ടകത്തെ ഇപ്പോൾ പ്രസവിപ്പിക്കണം" എന്നാണ് സ്വാലിഹ് നബിയോട് സമൂദ് ജനം പറഞ്ഞതെങ്കിൽ, എന്നിട്ട് മഹാനവർകളുടെ ഒരു വാക്കുകൊണ്ട് അല്ലെങ്കിൽ ഒരു അംഗവിക്ഷേപം കൊണ്ട് ഒട്ടകം ഉടനടി പ്രസവിച്ചുവെങ്കിൽ അത് അമാനുഷിക സംഭവം തന്നെയാണ്; പക്ഷേ താരതമ്യേന ഡോസ് കുറയും. ഇനി ഒട്ടും ഗർഭിണിയല്ലാത്ത ഒട്ടകത്തെ കാണിച്ച് "ഇതിൽനിന്നും ഇപ്പോൾ കുഞ്ഞിനെ ചാടിക്കണം" എന്നാണ് ആവശ്യപ്പെട്ടതെങ്കിൽ, എന്നിട്ട് ആ ബാച്ചിലർ ഒട്ടകം ക്ഷണം പ്രസവിച്ചുവെങ്കിൽ അമാനുഷികതയുടെ ഗ്രാവിറ്റി കൂടി. ഇനി തീരെ പ്രസവത്തിന്റെ പ്രായമെത്താത്ത ഒരു എൽകെജി (LKG) ഒട്ടകക്കുഞ്ഞിനെ കാണിച്ചാണ് "ഇപ്പോൾ പ്രസവിപ്പിക്കണം" എന്ന് പറഞ്ഞതെങ്കിൽ, എന്നിട്ടത് പ്രസവിച്ചാൽ അമാനുഷികതയുടെ മാറ്റ് ഒന്നുകൂടി കൂടി. ഇനി ഒട്ടകമല്ലാത്ത മറ്റൊരു ജീവിയെ കാണിച്ച്, ഉദാഹരണത്തിന് കുതിരയെയോ എരുമയെയോ ചൂണ്ടിക്കാണിച്ചാണ് "ഇതിൽനിന്ന് ഒരു ഒട്ടകക്കുഞ്ഞിനെ വേണം" എന്ന് പറഞ്ഞതെങ്കിൽ, എന്നിട്ട് കുതിര ഒട്ടകത്തെ പെറ്റുവെങ്കിൽ അതിന്റെ പൊലിവ് പിന്നെ പറയാനില്ല.
ഓർമ്മവേണം, സ്വാലിഹ് നബിയുടെ സമൂഹം ആവശ്യപ്പെട്ടത് ആ കാണുന്ന കരിമ്പാറക്കല്ലിൽ നിന്ന് ഒരു ഗർഭിണിയായ ഒട്ടകത്തെ പുറത്തുകൊണ്ടുവരണം എന്നാണ്! യാ പടച്ചോനേ...
മാറിയിരുന്ന് തലയ്ക്ക് കൈകൊടുത്തു ആലോചിച്ചു നോക്കിയേ. അത് കണ്ടുനിന്ന ഒട്ടേറെ ആളുകൾ വിശ്വസിച്ചു, ചുരുക്കം പോക്കിരികൾ ധിക്കരിച്ചു മാറി. അവർക്ക് കിട്ടേണ്ടത് കിട്ടുകയും ചെയ്തു.
മൂസാ നബിയുടെ വടിയുടെ കാര്യം ഇങ്ങനെതന്നെ. വലിയ മൈതാനത്താണ് സഭ ചേർന്നിരിക്കുന്നത്. ഒട്ടേറെ ആളുകളുണ്ട്. അവർക്കെല്ലാം പാമ്പിന്റെയും കയറിന്റെയും കൺകെട്ടുകളെപ്പറ്റി അറിയാവുന്നതാണ്. മൂസാ നബി വടിയിട്ടപ്പോൾ സകല പാമ്പുകളെയും കയറുകളെയും അത് പിടിച്ചു വിഴുങ്ങി. അതൊരു രംഗമായിരുന്നു. കണ്ണുകൊണ്ട് വിശ്വസിക്കാൻ പറ്റില്ലായിരുന്നു. ശാസ്ത്രീയ വസ്തുതകൾ വച്ച് വിശദീകരിക്കാൻ കഴിയില്ലായിരുന്നു. ഫറോവയുടെ അതിശക്തമായ പീഡനം വരുമെന്നൊന്നും ആലോചിക്കാൻ നേരമില്ലാതെ അവർ അറിയാതെ “ഞങ്ങൾ മൂസായുടെ ദൈവത്തിൽ വിശ്വസിച്ചിരിക്കുന്നു” എന്നങ്ങ് പറഞ്ഞുപോയി. ചിറ തകർന്നാൽ പിന്നെ ജലാശയത്തിനുണ്ടോ ആലോചിക്കാൻ നേരം; കുത്തിയൊഴുകിയങ്ങ് പോവുക എന്നല്ലാതെ!
കൂട്ടത്തിൽ പറയട്ടെ, നബിക്ക് ശേഷം വന്ന മനസ്സുതെളിഞ്ഞ മഹാരഥന്മാർക്കും ആ പിന്തുടർച്ച ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെത്തിയ മഹാപുരുഷനായ അജ്മീറിലെ ഖാജാ മുഈനുദ്ദീൻ തങ്ങൾ വറ്റിവരണ്ടുപോയ 'അനാസാഗർ' തടാകത്തിലേക്ക് ഒരുകുടം വെള്ളം ഒഴിക്കുന്നതേ ഉള്ളൂ; ഉറവകൾ നുരഞ്ഞുപൊന്തി നിമിഷങ്ങൾക്കകം അതൊരു വലിയ ജലാശയമായി. ഇതു കണ്ട പതിനായിരങ്ങൾ അവിടെവച്ച് തന്നെ ‘ആമന്നാ’ (ഞങ്ങൾ വിശ്വാസം പ്രഖ്യാപിക്കുന്നു) എന്ന് പറഞ്ഞുപോവുകയാണ്.
ഖുർആൻ ആദ്യന്തം അമാനുഷികമാണ്. മനസ്സാ അത് കേൾക്കുന്നവർ ആരും ആലോചിക്കാൻ പോലും നേരമില്ലാതെ പറഞ്ഞുപോകും "ആമന്നാ... പുതിയ സന്ദേശവുമായി ഒരാൾ വന്നിട്ടുണ്ട്". അയാളെ വകവരുത്തണം എന്ന് കരുതി ഓടിക്കിതച്ചെത്തിയ കൊടിയ ശത്രു പോലും! അന്വേഷണാത്മകതയോടെ, സർഗ്ഗാത്മകതയോടെ, നനഞ്ഞ മനസ്സോടെ ഖുർആനിലേക്ക് തീർത്ഥയാത്ര നടത്തുന്നവരുടെ കാര്യം പിന്നെ പറയണോ? നമ്മുടെ മനസ്സിൽ നന്മയുടെ കാന്തികത്വമുണ്ടെങ്കിൽ ഖുർആൻ ശുദ്ധകാന്തമാണ്; തമ്മിൽ ഒട്ടിപ്പിടിക്കുകതന്നെ ചെയ്യും, തീർച്ച!


