ഒടുവിൽ കഴിഞ്ഞദിവസം അടിയന്തരമായി സ്റ്റാഫ് മീറ്റിങ് ചേർന്നു, ചില കടുത്ത തീരുമാനങ്ങൾ എടുത്തു. ചിലരെക്കൊണ്ട് ഫൈൻ അടപ്പിക്കാൻ; മറ്റു ചിലരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്താൻ; ഏറ്റവും കുരുത്തംകെട്ട രണ്ടെണ്ണത്തിന് നല്ല ചൂരൽകൊണ്ട് ചൂടോടെ നാല് പൊട്ടിക്കാൻ; കാന്റീനിൽ കൂത്താടിയ മൂന്നു മൂഷികന്മാരെ രണ്ടാഴ്ച രാപ്പട്ടണി കിടത്താൻ; വേറെ ചിലരെ കുറച്ചുനാളത്തേക്ക് കോളേജിൽ നിന്ന് പുറത്താക്കാൻ; ഏതാനും ചിലരെ എന്നെന്നേക്കുമായി ടെർമിനേറ്റ് ചെയ്യാൻ. ഇതല്ലാതെ വേറെ വഴികളൊന്നും ഇല്ലായിരുന്നു.
ഇത്ര സ്ട്രിക്റ്റാവേണ്ട കാര്യമൊക്കെയുണ്ടോ? കുട്ടികളല്ലേ, നല്ല നിലയ്ക്ക് പറഞ്ഞുകൊടുത്താൽ പോരേ? പോരാ! കാര്യങ്ങൾ നിങ്ങൾ പറയുംപോലെയല്ല. എത്രകാലമായി നല്ല ഭാഷയിൽ ഇവരോട് സൗമ്യമായി ഉപദേശിക്കുന്നു. ഏതാനും ചില വിദ്യാർത്ഥികളുടെ ദുഷ്പ്രവർത്തനങ്ങൾ കോളേജിന്റെ മൊത്തം സ്റ്റാറ്റസിനെ കളങ്കപ്പെടുത്തുന്ന രൂപത്തിലായി മാറുകയായിരുന്നു. അതേസമയം നല്ല നിലയ്ക്ക് കോളേജിൽ വരികയും നന്നായി പഠിക്കുകയും നല്ല നിലകളിൽ എത്തുകയും ചെയ്യുന്നവരാണ് ഭൂരിഭാഗം കുട്ടികളും. പറഞ്ഞിട്ട് കാര്യമില്ല, നല്ലതിനെ കേടാക്കാൻ നഞ്ഞ് ഏറെ വേണ്ടല്ലോ. ഇമ്മാതിരി കടുത്ത നടപടിയല്ലാതെ മറ്റുവഴികളൊന്നുമില്ല. കുട്ടികളെല്ലാവരും ഒരുപോലെയല്ല; ചിലർക്ക് കിട്ടേണ്ടത് കിട്ടിയാലേ കണ്ണുതുറന്നുകിട്ടൂ.
ഇത് എഴുതുന്നതിന്റെ ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് സൗദി അറേബ്യയിൽ ഒരാളെ കൊന്നതിന് അഞ്ച് പേരെ തൂക്കിക്കൊന്ന വാർത്ത വായിച്ചത്. ഹൊ! ഓർത്തുനോക്കൂ! അതിന്റെ ഒരു ഹുങ്കാരം. ചീത്ത പറയുകയല്ല, അടിക്കുകയല്ല, പുറത്താക്കുകയല്ല, രക്ഷിതാവിനെ വിളിപ്പിക്കുകയല്ല; തൂക്കുകയറിൽ കുരുക്കി കൊല്ലുകതന്നെ. എന്തായിരിക്കും അന്നേരവും അതിന് ഏതാനും നിമിഷങ്ങൾക്ക് മുമ്പും ആ മനുഷ്യരുടെ മാനസികാവസ്ഥ! അവർ എത്രമാത്രം ഉരുകിയൊലിച്ചിരിക്കും! പറഞ്ഞിട്ട് കാര്യമില്ല; തങ്ങൾ ചെയ്ത അക്രമത്തിന് പകരമാകാനും മറ്റുള്ളവർക്ക് പാഠമാകാനും അതേയുള്ളൂ വഴി. അത് ചിലപ്പോൾ അങ്ങനെയും വേണ്ടിവരും അല്ലേ? മറ്റൊരു നിവൃത്തിയുമില്ലാതെ വരുമ്പോൾ.
മനുഷ്യർ പലതരക്കാരാണ്. ഓരോരുത്തരും അവർക്കുള്ള നിർദ്ദേശങ്ങളും സന്ദേശങ്ങളും മാർഗ്ഗരേഖകളും സ്വീകരിക്കുന്നതിന്റെ രീതികളും മാതിരികളും വേറെവേറെയാണ്. ചിലർ വളരെ പെട്ടെന്ന് കാര്യങ്ങൾ ഉൾക്കൊണ്ട് അതനുസരിച്ച് പ്രവർത്തിക്കും. എന്നാൽ വേറെ ചിലർ അലസമായി ഉറങ്ങി നടക്കും; കാര്യമായ ഒരു അടി കിട്ടിയെങ്കിൽ മാത്രമേ ഉണരൂ. വേറെ ചിലർക്ക് പാഠം പഠിക്കാൻ അടിയും മതിയാകില്ല; അതിനേക്കാൾ വലിയ ആഘാതം വേണ്ടിവരും, അല്ലെങ്കിൽ ആഴമേറിയ വല്ല കൊക്കയിലും പതിക്കേണ്ടിവരും.
മനുഷ്യജീവിതത്തിന് സ്രഷ്ടാവൊരു ലക്ഷ്യം കണ്ടിട്ടുണ്ട്. അതിലേക്കുള്ള വഴികൾ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ആ ലക്ഷ്യത്തിലേക്ക് എത്താനുള്ള ഉണർത്തലുകളും സമൃദ്ധമായുണ്ട്. ചിലർ സൂചനകളിൽ നിന്ന് തന്നെ കാര്യങ്ങൾ ഉൾക്കൊള്ളുകയും ജീവിതം നേരായ ദിശയിലൂടെ സഞ്ചരിപ്പിക്കുകയും ചെയ്യും. എന്നാൽ ചിലർ സൂചനകളോ നിയമവ്യവസ്ഥകളോ ഒന്നും കാര്യമായെടുക്കാതെ അശ്രദ്ധരായി കഴിയും. മറ്റു ചിലർ ധിക്കാരപൂർവ്വം എല്ലാം തള്ളിക്കളഞ്ഞു മുന്നോട്ടുപോകും.
വിദ്യാർത്ഥികൾ പലതരക്കാരായിരിക്കും. അതുകൊണ്ടുതന്നെ അധ്യാപകരും സ്ഥാപനമേധാവികളും നടപ്പിലാക്കുന്ന അച്ചടക്ക നടപടികൾ വ്യത്യസ്തമാവും. ചിലർക്ക് കേവലം ഉപദേശം മതിയാകുമെങ്കിൽ ചിലർക്ക് കഠിനമായ ശിക്ഷയോ സസ്പെൻഷനോ തന്നെ വേണ്ടിവരും.
ഇനി നമ്മൾ നമ്മോട് ചോദിക്കുക. നമ്മൾ എന്തിനാണ് ഈ ലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നത്? നമ്മുടെ ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം എന്ത്? ചാഞ്ഞു കിടന്നാൽ നല്ല ഉറക്കം കിട്ടും; കുറേ ഉറങ്ങിത്തീർക്കലാണോ ജീവിതത്തിലെ ലക്ഷ്യം? നല്ല ആഹാരം കിട്ടിയാൽ ചല്ലുപുല്ലായി തിന്നാൻ കഴിയും; കുറേ ആഹാരം വലിച്ചകത്താക്കലാണോ ജീവിതലക്ഷ്യം? ഏറെ കഷ്ടപ്പെട്ട് അധ്വാനിച്ചാൽ ഒരുപാട് സമ്പാദിക്കാൻ കഴിയും; കണ്ടമാനം സ്വത്തുക്കൾ സമ്പാദിക്കലാണോ ജീവിതത്തിന്റെ പരമമായ ലക്ഷ്യം?
നമുക്കെല്ലാവർക്കും അറിയാം, നമ്മുടെ ജീവിതം വളരെ ശുഷ്കമാണ്. നമ്മൾ എത്രതന്നെ സമ്പാദിച്ചാലും എന്തെല്ലാം പദവികൾ നേടിയാലും എത്രയെല്ലാം സുരക്ഷിതത്വത്തിൽ ജീവിച്ചാലും ഒരുനാൾ നമ്മൾ കണ്ണടയും. അതിന് പത്തുലക്ഷമോ 10000 വർഷങ്ങളോ കാത്തിരിക്കേണ്ട. വളരെ ചെറിയ ടൈംസ്പാനിൽ (Time span) നടക്കുന്ന ഒരു കൊച്ചു ഇവന്റാണ് (Event) നമ്മളുടെ ഓരോരുത്തരുടെയും ജീവിതം.
കണ്ണടയാൻ നേരത്ത് നാം നേടിവെച്ച സർട്ടിഫിക്കറ്റുകളോ നമ്മുടെ പത്രാസോ നമ്മുടെ പകിട്ടോ നമ്മുടെ സമ്പത്തോ നമ്മുടെ സേവകരോ നമ്മുടെ പട്ടാളക്കാരോ ഒന്നും നമ്മെ പിടിച്ചു വലിച്ചു ജീവിതത്തിൽ തന്നെ കുറ്റിയടിച്ചു നിർത്തുകയില്ല; അതിനാവുകയില്ല. നമ്മളെല്ലാം എല്ലാം വിട്ടേച്ച് പോയേ പറ്റൂ. നിസ്സാരമായ വെറും മണ്ണിൽ പൊടിഞ്ഞ് കലർന്നേ ഒക്കൂ. ആയതുകൊണ്ട് നന്നായി ജീവിക്കലല്ല ജീവിതത്തിന്റെ ലക്ഷ്യം; മറിച്ച് നന്നായി മരിച്ചുപോകലാണ്. വളരെ മഹത്തായ ഒരു ലക്ഷ്യം, ഒരു സാഫല്യം ജീവിതത്തിന്റെ പിന്നാമ്പുറത്ത് നമ്മെ കാത്തിരിക്കുന്നുണ്ട്.
പ്രപഞ്ചസ്രഷ്ടാവായ അല്ലാഹു നാമോരോരുത്തരിലേക്കും ഓരോ നിമിഷവും നോക്കിക്കൊണ്ടിരിക്കുന്നുണ്ട്. നമുക്ക് വേണ്ടതെല്ലാം തരാതരംപോലെ തന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഓർക്കണം, ഭൗതികലോകം ഒരുതരം മതിഭ്രമവാസത്തിന്റെ കേന്ദ്രമാണ്. ആ മതിഭ്രമത്തിന്റെ ലഹരിയിൽ പെട്ട് നമ്മൾ ഉറങ്ങിപ്പോകും. അപ്പോൾ നമ്മെ വിളിച്ചുണർത്തിയേ പറ്റൂ. ചിലപ്പോൾ തൊട്ടുവിളിച്ചാൽ മതി. ചിലപ്പോൾ ഭൗതികലോകത്തിന്റെ ഉന്മത്തതയിലേക്ക് നമ്മൾ ബോധമറ്റുവീണുപോകും. ബോധം വരാൻ മുഖത്ത് വെള്ളം തളിക്കണം. ഭൗതികതയുടെ അബോധത്തിലേക്ക് ബോധം കെട്ടുപോവാതിരിക്കാനാണ് അഞ്ചുനേരവും നമ്മുടെ മുഖത്ത് മാത്രമല്ല കൈയ്യിലും കാലിലും തലയിലും ഒക്കെ വെള്ളം തളിച്ചുകൊണ്ടിരിക്കുന്നത് - സുഖലോലുപതയിലേക്ക് അപസ്മാരപ്പെട്ട് വീഴുന്നതിനെതിരെയുള്ള പ്രതിരോധമാണ് വെള്ളം കൊണ്ടുള്ള അഞ്ചുനേരത്തെ അംഗശുദ്ധി.
നമ്മുടെ വീടിന് ഉറപ്പുകൂടുമ്പോൾ, പകിട്ടുകൂടുമ്പോൾ, പത്തായത്തിൽ നെല്ലുകുമിയുമ്പോൾ, ബാങ്കിൽ ബാലൻസ് തടിക്കുമ്പോൾ നമ്മുടെ മനസ്സിൽ ചിലപ്പോൾ കാഠിന്യം കൂടിവന്നേക്കാം. പലപ്പോഴും ചക്രവർത്തിമാർക്കാണ് ഈ അസുഖം പിടികൂടുക. ഫിർഔനിനും ഖാറൂനിനും അതുണ്ടായിരുന്നു. സാമ്രാജ്യങ്ങളെ അടക്കിവാണ ക്രൂരനായ ഫറോവ ഒടുവിൽ വെള്ളത്തിൽ മുങ്ങിയാണ് ചത്തുപോയത്. സ്വർണ്ണത്തിന്റെയും സമ്പത്തിന്റെയും പെരുമയിൽ ലങ്കിയ തന്റെ കൊട്ടാരസഹിതം ചെളിയിലേക്ക് ആണ്ടുപോയി. അതെല്ലാം നമുക്ക് തരുന്ന പാഠങ്ങൾ വലുതാണ്.
ഈ ലോകം സുരക്ഷിതത്വത്തിന്റേതല്ല / ഇത് ശാശ്വതമായ ഇടമല്ല എന്ന പാഠം നമുക്ക് കിട്ടിക്കൊണ്ടേയിരിക്കണം. ഇല്ലെങ്കിൽ നമ്മൾ മനുഷ്യർ പെട്ടെന്ന് അഹങ്കാരികളാവും, ധിക്കാരികളാവും. നമ്മൾ കൊയ്ത നേട്ടങ്ങളുടെയും നമ്മൾ നടത്തിയ കണ്ടുപിടുത്തങ്ങളുടെയും പൊലിമയിൽ കയറിനിന്ന് നമുക്കപ്പുറം ഇനി മറ്റാരുമില്ല എന്ന് ചിന്തിച്ചുപോകും. അത് പാടില്ല. നമ്മൾ ദീർഘകാലം ഇനിയും ജീവിക്കും എന്ന് കരുതിയ എത്രയോ ആളുകൾ പെട്ടെന്ന് പെട്ടെന്ന് മരിച്ചുപോകുന്നത് കാണുമ്പോൾ നാം ഉണ്ടാക്കിയ കപട സുരക്ഷിതബോധത്തിന് വിള്ളലുണ്ടാകുന്നു. അതൊരു പാഠമാണ്. കാണാൻപോലും കഴിയാത്ത കൊച്ചു രോഗാണുക്കൾ വന്ന് മനുഷ്യരെ കൂട്ടത്തോടെ കൊണ്ടുപോകുമ്പോൾ നാം നെയ്തുവെച്ച സുരക്ഷിതബോധത്തിന്റെ ചിലന്തിവലകൾ കീറിപ്പറിഞ്ഞുപോകുന്നു.
മനുഷ്യന് പഠിക്കാൻ രണ്ടു പുസ്തകങ്ങൾ തന്നിട്ടുണ്ട് പ്രപഞ്ചനാഥൻ. ഒന്ന് പരിശുദ്ധ ഖുർആനാണ്; രണ്ടാമത്തെ തുറന്നുവെച്ച പുസ്തകമാണ് പ്രപഞ്ചം. പ്രപഞ്ചമാകുന്ന പുസ്തകത്തെ എങ്ങനെ വായിച്ചുപഠിക്കണം എന്നുകൂടി പറയുന്ന പുസ്തകമാണ് ഖുർആൻ.
കട്ടപിടിച്ച മസ്തിഷ്കങ്ങളെ തുളച്ചുകയറുന്ന മിന്നൽപിണരുകളായി ഖുർആനിലെ ചില വചനങ്ങൾ നമുക്ക് അനുഭവപ്പെടും. എന്നപോലെ അലസമായ ഗാഢനിദ്രയിൽ നിന്ന് നമ്മെ ഉണർത്തുന്ന ചില പാഠങ്ങളായി പ്രപഞ്ചവും പ്രകൃതിയും നമുക്ക് മുമ്പിൽ സംസാരിക്കും. പ്രപഞ്ചം കീഴടക്കി എന്ന് വീമ്പടിക്കുന്ന നമ്മൾ മനുഷ്യർ ഒന്നുമേ അല്ല എന്ന് ഒറ്റനിമിഷം കൊണ്ട് ബോധ്യപ്പെടുന്ന വലിയ പാഠങ്ങളായിരിക്കും പ്രകൃതി നൽകുക. പക്ഷേ, കനത്ത വില നൽകേണ്ടിവരും അതിന്.
അത് പേമാരിയാവാം, ഭൂമികുലുക്കമാവാം, ഉരുൾപൊട്ടലാവാം, മണ്ണിടിച്ചിലാവാം, വെള്ളപ്പൊക്കമാവാം, വോൾക്കാനോ (Volcano) ആവാം, സുനാമിയാവാം, കത്രീനയാവാം, ടൊർണാഡോ ആവാം, ടൈഫൂൺ ആവാം, ചുഴലിക്കാറ്റാവാം, കാട്ടുതീയാവാം, വരൾച്ചയാവാം, ഭക്ഷ്യക്ഷാമമാവാം, മഹാമാരിയാവാം... അങ്ങനെ നമ്മൾ ഇതുവരെ കണ്ടതും അനുഭവിച്ചതും ഓമനപ്പേരിട്ട് വിളിച്ചതുമാവാം. ഇനി അതൊന്നും അല്ലാതെ നാം ഒട്ടും പ്രതീക്ഷിക്കാത്ത രൂപത്തിലുള്ളതുമാവാം. "മനുഷ്യാ, ഞാൻ നിന്റെ കൈയ്യിലല്ല" എന്ന് പ്രകൃതി നമ്മോട് നേരിട്ട് പറയുന്ന പലതുമാവാം. ഏത് സമയത്തുമാവാം; പ്രകൃതിക്ഷോഭങ്ങൾക്ക് ഔചിത്യബോധത്തിന്റെ ആവശ്യമൊന്നുമില്ല. ഖുർആൻ ഇതേക്കുറിച്ച് മനസ്സിൽ തീകോരിയിടുന്ന ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്: 'ഗ്രാമീണവാസികൾ അവർ രാത്രിയിൽ ഉറങ്ങിക്കൊണ്ടിരിക്കെ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റി അവർ നിർഭയരായിരിക്കുകയാണോ?'
'ആ നാട്ടുകാർ അവർ പകൽ സമയത്ത് കളിച്ചുനടക്കുന്നതിനിടയിൽ നമ്മുടെ ശിക്ഷ വന്നെത്തുന്നതിനെപ്പറ്റിയും നിർഭയരായിരിക്കുകയാണോ?'
അതെ, ഏത് സമയത്തും വരാം. രാവെന്നോ പകലെന്നോ നട്ടുച്ചയെന്നോ നട്ടപ്പാതിരയെന്നോ ഒന്നും ഒരു വ്യത്യാസവുമില്ല. ഓരോ പ്രകൃതിക്ഷോഭവും ആ നാട്ടുകാർ ചെയ്ത ദുഷ്കർമ്മങ്ങളുടെ ദൈവികമായ പ്രതികാരമാണ് എന്ന് വായിക്കരുത്. ഏതു നാട്ടിൽ, ആർക്കെതിരെ, എന്തിനുവേണ്ടി പ്രകൃതിക്ഷോഭങ്ങൾ സംഭവിക്കുന്നു എന്നുള്ളത് തീർത്തും അല്ലാഹുവിന്റെ പക്കൽ നിക്ഷിപ്തമായ കാര്യമാണ്. അതിൽ കൃത്യമായ തീർപ്പ് പറയാൻ നമ്മൾ ആരുമല്ല. ദൈവനിഷേധികളും ധിക്കാരികളും അധർമ്മികളുമായ ഒരു നാട്ടിൻപുറത്തേക്ക് ഒരു പ്രകൃതിദുരന്തം വന്നുപെട്ടാൽ അതൊരുപക്ഷേ ദൈവകോപം ആയിരിക്കാം.
അതേസമയം, എല്ലാ പ്രകൃതിക്ഷോഭങ്ങളും അങ്ങനെ ആയിരിക്കണമെന്നില്ല. എന്നല്ല, നല്ലവരിലേക്ക് എന്തുതന്നെയായാലും പരീക്ഷണങ്ങൾ പറന്നെത്തുമെന്ന് അല്ലാഹു പറയുന്നുണ്ട്. ഭൗതികലോകം സുഖലോലുപതയുടെ ജീവിതതാവളമല്ല എന്ന അടിസ്ഥാനപാഠമാണ് പരീക്ഷണങ്ങളുടെ അടിസ്ഥാനം. അല്ലാഹുവോട് ഏറ്റവും അടുത്തുനിൽക്കുന്നവരാണ് അവന്റെ പ്രവാചകന്മാർ. എന്നാൽ അല്ലാഹു ഏറ്റവും കഠിനമായ പരീക്ഷണങ്ങൾ കൊടുക്കുക അമ്പിയാക്കൾക്കാണ്; പിന്നീട് ആത്മീയതയുടെ നിലവാരത്തിൽ അമ്പിയാക്കളോട് ചേർന്നുനിൽക്കുന്ന വിശുദ്ധ പുരുഷന്മാർക്കാണ്. പരീക്ഷണം വരുമ്പോൾ കൂട്ടത്തോടെയാണ് വരിക. അല്ലാതെ എപ്പോഴും ദുർമ്മാർഗ്ഗികളെ തേടിപ്പിടിച്ചുകൊണ്ടായിക്കൊള്ളണമെന്നില്ല എന്നതും ഖുർആൻ സൂചിപ്പിക്കുന്നുണ്ട്.
സുരക്ഷിതത്വം കച്ചവടച്ചരക്കാക്കിയ കാലമാണിത്. ശരീരവും സമ്പത്തും വാഹനവും പറമ്പും സകലതും ഇൻഷുറൻസ് ചെയ്യിച്ച് മനുഷ്യനെ കപട സുരക്ഷിതബോധമുള്ളവനാക്കി മാറ്റുന്ന കാലത്ത്, എല്ലാ സുരക്ഷിതത്വങ്ങളെയും പറിച്ചെറിയുന്ന പ്രകൃതിക്ഷോഭങ്ങൾ മനുഷ്യന് പാഠമാണ്. വാക്കാൽ പറഞ്ഞാൽ തിരിയാത്ത കാര്യങ്ങളാണ് ക്ഷോഭങ്ങളാൽ പ്രകൃതി നമ്മെ പറഞ്ഞു പഠിപ്പിക്കുന്നത്. നിങ്ങൾക്ക് ഇവിടെ ഒരു സുരക്ഷിതത്വവുമില്ല; നിർഭയത്വത്തോടുകൂടി നീരാടാനുള്ള താവളമല്ല ഇത്. നമുക്ക് പോകാനുണ്ട്. ഇത് കേവലം ഒരു വഴിയമ്പലം മാത്രമാണ്. പോകാനുള്ള ഇടത്തേക്ക് ഒരുങ്ങാനും ഒരുക്കാനുമുള്ള ഇടമാണ് എന്ന ബോധം പണക്കാരിലും ഭരണാധികാരികളിലും സാധാരണക്കാരിലും എല്ലാം ഇത്രമേൽ ആഴത്തിൽ നട്ടു മുളപ്പിക്കാൻ പ്രകൃതിക്ഷോഭങ്ങൾക്കാകുന്നു. വിശ്വാസികൾക്ക് ക്ഷമിക്കാനും പരസ്പരം സഹകരിച്ച് പുണ്യവും നന്മയും വാരിക്കൂട്ടാനുമുള്ള ആത്മീയ സന്ദർഭങ്ങൾ കൂടിയാണിവ.
എന്നാൽ എല്ലാം നിഷേധിച്ച് 'ഞാനാണ് അതിരുകളില്ലാത്ത സാമ്രാജ്യങ്ങളുടെ മഹാചക്രവർത്തി' എന്ന് അഹങ്കരിക്കുന്ന നിഷേധിക്കും ധിക്കാരിക്കും എന്തുണ്ടിവിടെ പറയാൻ? പ്രകൃതിക്ഷോഭങ്ങളിൽപ്പെട്ട് വീടും കുടുംബവും ഭാര്യയും മക്കളും എല്ലാം നഷ്ടപ്പെട്ടാൽ അയാൾ ഈ പ്രകൃതിയോട് എന്ത് നിലപാടാണ് എടുക്കാനുള്ളത്? ആരെയാണ് പഴിക്കുക? എവിടെച്ചെന്നാണ് പരാതി പറയുക?
പ്രകൃതിക്ഷോഭങ്ങളുടെ നേരത്ത് പടച്ചവൻ കരുണ കാണിക്കാതെ എന്തെടുക്കുകയാണ് എന്ന് ചോദിക്കുന്നവരുണ്ട്. പ്രകൃതിക്ഷോഭങ്ങൾ തടയാൻ കഴിവുകുറഞ്ഞവനാണോ തമ്പുരാൻ എന്നും അവർ പരിഹസിക്കാറുണ്ട്. നമ്മൾ വലിച്ചിട്ട ട്രാക്കിലൂടെ ഓടുന്ന, ചാവി കൊടുത്ത കളിപ്പാവയാണ് ഉടയതമ്പുരാനായ ദൈവം എന്നാണ് ചിലർ മനസ്സിലാക്കിവെച്ചിരിക്കുന്നത്. നമ്മൾ എന്താണോ മനസ്സിൽ കരുതുന്നത്, അപ്രകാരമാണ് ദൈവം ചലിക്കേണ്ടതും ചലിപ്പിക്കേണ്ടതും... ഭ!! ഒന്ന് ചോദിക്കട്ടെ, ആരിടപെട്ടിട്ടാണ് തിമിർത്തു പെയ്തിരുന്ന പേമാരി നിന്നത്? അറിയുക, മണ്ണ് ഒരു പതുത്ത സാധനമാണ്. അതിൽ വെള്ളത്തിന്റെ അംശം കൂടിയാൽ അതിന്റെ ഗുണം കുറയും; അതിങ്ങനെ ചളിഞ്ഞുവരും. വെള്ളം പിന്നെയും പിന്നെയും കൂടിയാൽ അത് ഗതികെട്ട് കുഴഞ്ഞൊഴുകും. ഉരുൾപൊട്ടുന്ന വേളയിൽ ഇനിയും തോരാതെ രണ്ടാഴ്ച മഴ പെയ്യുകയാണെങ്കിൽ നാടുതന്നെ ഉണ്ടാവുകയില്ല. ഒരു നാടിനെ, ഒരു രാഷ്ട്രത്തെ, ഒരു ഭൂഖണ്ഡത്തെ അപ്പാടെ ഇല്ലാതാക്കാൻ ദൈവത്തിന് നേരമേറെയൊന്നും വേണ്ട! അവന്റെ അപാരമായ കടാക്ഷം ഒന്നുകൊണ്ടുമാത്രമാണ് പലപ്പോഴും ചില സാമ്പിൾ വെടികളിൽ പലതും ഒതുക്കിനിർത്തുന്നത്.
സംശയം വേണ്ട, അവൻ കാരുണ്യവാനും കരുണാനിധിയുംതന്നെയാണ്. നമ്മളെ ഇല്ലാതാക്കാൻ തോരാമഴ പെയ്യിപ്പിക്കുകതന്നെ വേണമെന്നില്ല; ഉള്ള വെള്ളം വലിച്ചങ്ങ് എടുത്താലും മതി. ഖുർആൻ ചോദിക്കുന്നുണ്ടല്ലോ, ഒരു ദിവസം പുലർന്നപ്പോൾ നിങ്ങളുടെ വെള്ളമെല്ലാം വലിഞ്ഞുപോയാൽ നിങ്ങൾക്ക് ആരുതരും ശുദ്ധജലം എന്ന്? ഒറ്റയ്ക്കിരുന്ന് ആഴത്തിൽ ആലോചിച്ചുനോക്കൂ.
നിശ്ചയം പരീക്ഷണങ്ങൾ പരീക്ഷകളാണ്; ക്ഷമയുടെ ഉത്തരങ്ങൾ എഴുതിപ്പാസ്സാവേണ്ടുന്ന കഠിന പരീക്ഷ. നമ്മൾ എന്തൊക്കെ കെട്ടിയാലും നമ്മൾ എത്രയൊക്കെ കണ്ടൽവനങ്ങൾ നട്ടുപിടിപ്പിച്ചാലും നമ്മൾ എന്തെല്ലാം പ്രതിരോധത്തിന്റെ വൻമതിലുകൾ തീർത്താലും അതിന്റെയെല്ലാം അപ്പുറത്ത് ദൈവികമായ പരീക്ഷണങ്ങൾ നമ്മെത്തേടി വരികതന്നെ ചെയ്യും. ഖുർആൻ അത് കട്ടായം പറഞ്ഞ കാര്യമാണ്. ഇവിടം അള്ളിപ്പിടിച്ച് വാഴാനുള്ള ഇടമല്ല; ഇത് കേവലം നശ്വരഭൂമിയാണ് എന്ന വലിയ പാഠം നമ്മിൽ വേരാഴ്ത്താൻ വേണ്ടിയാണ് പരീക്ഷണങ്ങളുടെ നിരന്തരമായ എഴുന്നള്ളത്ത്. 'ഉടയവനേ, താങ്ങാനാവാത്തത് തരരുതേ..' എന്ന് നമുക്ക് ഉള്ളുപൊട്ടി പ്രാർത്ഥിക്കാം.


