ഇനി ചരിത്രത്തിലേക്ക് അല്പം തിരിഞ്ഞിരിക്കാം. കഴിഞ്ഞുപോയ നിരവധി സമൂഹങ്ങളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ പരാമർശങ്ങൾ ഖുർആനിലുണ്ട്. ആ ചരിത്രങ്ങൾ പ്രധാനമായും നാലഞ്ച് കാറ്റഗറികളിലാണ്
ഒന്ന്: പ്രവാചകന്മാരുടെ ജീവചരിത്രങ്ങളാണ്. അവരുടെ പോരാട്ടങ്ങൾ, വിജയങ്ങൾ, സന്ദേശങ്ങൾ എന്നിവ പലയിടങ്ങളിലായി സൂചിപ്പിച്ചുപോകുന്നു. ഈ വിവരണങ്ങൾ വിശ്വാസികൾക്ക് വർത്തമാനത്തിലെ പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനും മുന്നോട്ടുള്ള വഴികളിലേക്ക് ശക്തി സംഭരിക്കാനും സഹായിക്കുന്നു.
രണ്ട്: പുരാതന നാഗരികതകൾ. പൂർവ്വകാല പ്രവാചകന്മാരുടെ സന്ദേശങ്ങളെ ധിക്കരിച്ചതിന്റെ അനന്തരഫലങ്ങളെ ഓർമ്മിപ്പിക്കാൻ ഖുർആൻ മുൻകാല നാഗരികതകളുടെ തകർച്ചകളെ പരാമർശിക്കുന്നു. ഹാമാന്റെയും നംറൂദിന്റെയും ഫറവോയുടെയും കഥകൾ ഏകാധിപതികൾക്കും ഗുണ്ടാനാടുവാഴികൾക്കും നിലനിൽപ്പില്ല എന്ന വലിയ പാഠം മുന്നോട്ടുവെക്കുന്നു.
മൂന്ന്: ദേശങ്ങളെക്കുറിച്ചുള്ള വൃത്താന്തങ്ങൾ. ചരിത്രസംഭവങ്ങളിൽ പങ്കുവഹിച്ച പ്രത്യേക സ്ഥലങ്ങളെ ഖുർആൻ പരാമർശിക്കുന്നു. മക്ക, മദീന, ഈജിപ്ത്, ഫലസ്തീൻ തുടങ്ങിയ സ്ഥലങ്ങൾ ഖുർആനിക ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുന്നു. എന്നപോലെ ദുൽഖർനൈൻ രാജാവ്, ഗുഹാവാസികൾ (അസ്ഹാബുൽ കഹ്ഫ്), കിടങ്ങിന്റെ ആളുകൾ (അസ്ഹാബുൽ ഉഖ്ദൂദ്), ആനക്കലഹം (അസ്ഹാബുൽ ഫീൽ) തുടങ്ങിയ പൂർവ്വകാല ചരിത്രങ്ങളും ഖുർആനിലുണ്ട്.
നേരത്തെ ശാസ്ത്രത്തിന്റെ കാര്യം സൂചിപ്പിച്ചതുപോലെ, ഖുർആന്റെ ചരിത്രകഥന രീതിയിലും ചില കാര്യങ്ങൾ നാം മനസ്സിലാക്കേണ്ടതുണ്ട്. നടേ സൂചിപ്പിച്ചതുപോലെ, ഒരു പ്രത്യേക സമയത്തുതുടങ്ങി ക്രമപ്രവൃദ്ധമായി വികസിച്ച് കൃത്യമായി അവസാനിക്കുന്ന രൂപത്തിലുള്ള 'ഫുൾ ഫ്ലെഡ്ജ്ഡ്' (Full-fledged) ചരിത്രകഥന രീതിയല്ല ഖുർആന്റേത്. സന്ദർഭത്തിനൊത്ത് ചരിത്രശകലങ്ങളെ തൊട്ടുകാട്ടി വലിയ പാഠങ്ങളിലേക്ക് മനുഷ്യരുടെ കണ്ണുതുറപ്പിക്കുക എന്നുള്ളതാണ് ഖുർആനിക ചരിത്രവിവരണത്തിന്റെ ഒബ്ജക്റ്റീവ് (Objective). മനുഷ്യന് വർത്തമാനകാല അനുഭവങ്ങളിൽനിന്നെന്നപോലെ, അല്ലെങ്കിൽ അതിനേക്കാളേറെ കാര്യങ്ങൾ കഴിഞ്ഞകാല ചരിത്രത്തിന്റെ കയ്പിൽനിന്നും മധുരത്തിൽനിന്നും നുണയാനുണ്ടെന്ന തിരിച്ചറിവാണ് അത് നൽകുന്നത്.
പീഡനങ്ങൾക്കും ഭീഷണികൾക്കും യുദ്ധങ്ങൾക്കും ഉപരോധങ്ങൾക്കുമിടയിൽ വിശ്വാസിസമൂഹം വല്ലാതെ പതറിപ്പോകുന്ന നിമിഷങ്ങളുണ്ട്. ആ ഘട്ടത്തിലെല്ലാം പൂർവ്വകാല പ്രവാചകന്മാർ പിടിച്ചുനിന്നതും ആ സമയങ്ങളിലെല്ലാം അല്ലാഹുവിന്റെ ദിവ്യമായ സഹായം എത്തിയതുമായ ചരിത്രം അവർക്ക് വിശ്വാസപരമായ ബലം വർദ്ധിപ്പിക്കാൻ കാരണമാകും. വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള ചരിത്രപുരുഷന്മാരെയും നാഗരിക സമൂഹങ്ങളെയും പരാമർശിക്കുന്നതിലൂടെ ഖുർആൻ അതിന്റെ സന്ദേശത്തിന്റെ സാർവ്വത്രികത ഊന്നിപ്പറയുന്നു. പടച്ചവന്റെ മാർഗ്ഗനിർദ്ദേശം എല്ലാ മനുഷ്യർക്കും ബാധകമാണെന്ന് തെളിയിക്കുന്ന ചരിത്രസന്ദേശങ്ങളാണ് ലോകത്ത് എല്ലാ കാലത്തുമുള്ള ആളുകളിലേക്കും ഖുർആൻ വിനിമയം ചെയ്യുന്നത്.
ശ്രദ്ധിക്കേണ്ട ഒരു കാര്യം, പുരാവസ്തു കണ്ടെത്തലുകളും ചരിത്രഗവേഷണങ്ങളും ഖുർആനിൽ പരാമർശിച്ചിരിക്കുന്ന പല ചരിത്രശകലങ്ങളുടെയും ചരിത്രപരത സ്ഥിരീകരിക്കുന്നു എന്നതാണ്. ഉദാഹരണത്തിന്, ഖുർആൻ പരാമർശിക്കുന്ന (10:92) ഫറവോയുടെ ജഡം ഈജിപ്തിലെ മമ്മിഫൈഡ് ഫറവോമാരുടെ കണ്ടെത്തലുമായി താദാത്മ്യം പ്രാപിക്കുന്നു.
നിലവിലുള്ള ജൂഡോ-ക്രിസ്ത്യൻ ചരിത്രവിവരണങ്ങളുടെ ചില വശങ്ങൾ ഖുർആൻ അംഗീകരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്യുമ്പോൾത്തന്നെ, പുരോഹിതരുടെ കൈകടത്തലുകളാൽ ഭേദഗതി വരുത്തപ്പെട്ട ഭാഗങ്ങളെ പ്രത്യേകമായി പരാമർശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്.
ഖുർആനിലെ ചരിത്രങ്ങൾ വായിക്കുമ്പോൾ നമുക്ക് ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം, ആ ഖുർആനുമായി ജനങ്ങളിലേക്ക് വന്ന മുഹമ്മദ് നബി ഏതെങ്കിലും സർവ്വകലാശാലയിലെ ഹിസ്റ്ററി ഡിപ്പാർട്ട്മെന്റിൽ കാലങ്ങളോളം ജീവിതം ചെലവഴിച്ച ആളല്ല എന്നതാണ്. എന്നല്ല, എഴുതപ്പെട്ട ഒരു ചരിത്രപുസ്തകത്തിന്റെ ചട്ടപോലും അദ്ദേഹം കണ്ടിട്ടില്ല. അങ്ങനെയുള്ള പ്രവാചകൻ അക്കാലത്ത് അറബികൾക്ക് പലപ്പോഴും അജ്ഞാതമായ മുൻകാല സംഭവങ്ങളുടെ കൃത്യമായ ചിത്രീകരണം ദൈവിക വെളിപാടില്ലാതെ എവിടെനിന്നാണ് എടുത്തു പറയുക എന്നതാണ് ആ ചിന്താതന്തു.
ആ കാര്യം ഖുർആൻതന്നെ പലപ്പോഴും സൂചിപ്പിക്കുന്നുണ്ട് - ഈ സംഭവം നടക്കുമ്പോൾ നബിയേ, താങ്കൾ അന്നവിടെ ഹാജരുണ്ടായിരുന്നില്ലല്ലോ എന്ന വിധത്തിൽ. എന്തിനാണ് പേർത്തും പേർത്തും ഓരോ ചരിത്രം ഇങ്ങനെ പറയുന്നത് എന്നും ഖുർആൻതന്നെ എടുത്തുപറയുന്നുണ്ട്:
“ദൈവദൂതന്മാരുടെ വൃത്താന്തങ്ങളിൽനിന്ന് താങ്കളുടെ മനസ്സിന് സ്ഥൈര്യം നൽകുന്നതെല്ലാം നാം അങ്ങേയ്ക്ക് വിവരിച്ചുതരുന്നു. ഇതിലൂടെ യഥാർത്ഥ വിവരവും, സത്യവിശ്വാസികൾക്ക് വേണ്ട സദുപദേശവും, ഉൽബോധനവും അങ്ങയ്ക്ക് വന്നുകിട്ടിയിരിക്കുകയാണ്.” (സൂറഃ ഹൂദ്: 120)
“തീർച്ചയായും അവരുടെ ചരിത്രത്തിൽ ബുദ്ധിമാന്മാർക്ക് പാഠമുണ്ട്. അത് കെട്ടിച്ചമക്കാവുന്ന ഒരു വൃത്താന്തമല്ല. പ്രത്യുത; അതിന് മുമ്പുള്ളതിനെ ശരിവെക്കുന്നതും, എല്ലാ കാര്യത്തെയും സംബന്ധിച്ചുള്ള ഒരു വിശദീകരണവും വിശ്വസിക്കുന്ന ജനങ്ങൾക്ക് മാർഗ്ഗദർശനവും കാരുണ്യവുമാകുന്നു അത്.” (സൂറഃ യൂസുഫ്: 111).
“നബിയേ, ആ സംഭവങ്ങളത്രയും താങ്കൾക്ക് നാം ദിവ്യസന്ദേശം നൽകുന്ന അദൃശ്യ വൃത്താന്തങ്ങളിൽപ്പെട്ടതാണ്. താങ്കൾക്കോ സ്വജനതയ്ക്കോ നേരത്തെ അതറിയില്ലായിരുന്നു. അതുകൊണ്ട് ക്ഷമ കൈകൊള്ളുക. അന്തിമവിജയം സൂക്ഷ്മാലുക്കൾക്കാകുന്നു.” (സൂറഃ ഹൂദ്: 49).
“മർയമിന്റെ ഗാർഡിയൻഷിപ്പ് (Guardianship) ആര് ഏറ്റെടുക്കുമെന്ന് തീരുമാനിക്കാനായി തങ്ങളുടെ അസ്ത്രങ്ങളിട്ട് അവർ നറുക്കെടുപ്പ് നടത്തിയപ്പോൾ താങ്കളവിടെ ഉണ്ടായിരുന്നില്ല. ആ വിഷയത്തിൽ അവർ വാഗ്വാദത്തിൽ ഏർപ്പെട്ടപ്പോഴും താങ്കളവിടെ അസന്നിഹിതനായിരുന്നു.” (സൂറഃ ആലു ഇംറാൻ: 44).
“നബിയേ, മൂസാ നബിക്ക് നാം ദൗത്യമേൽപിച്ചു കൊടുക്കുമ്പോൾ ആ പടിഞ്ഞാറേ പർവ്വതത്തിന്റെ പാർശ്വത്തിൽ താങ്കളില്ലായിരുന്നു; അതിന്റെ സാക്ഷികളിലും താങ്കൾ ഉണ്ടായിരുന്നില്ല. പക്ഷെ, പല തലമുറകളെയും പിന്നീട് നാം സൃഷ്ടിക്കുകയും അവർക്ക് കാലദൈർഘ്യമുണ്ടാവുകയും ചെയ്തു. നമ്മുടെ സൂക്തങ്ങൾ പാരായണം ചെയ്തു കൊടുക്കാനായി മദ്യൻ നിവാസികളിൽ താങ്കൾ കഴിഞ്ഞുകൂടിയിട്ടുമില്ലായിരുന്നു. എങ്കിലും നാം ദൂതന്മാരെ അയച്ചുകൊണ്ടേയിരുന്നു. മൂസാ നബിയെ നാം വിളിച്ച സമയം സീനാ മലഞ്ചെരിവിൽ താങ്കളുണ്ടായിരുന്നില്ല; പക്ഷെ, നാഥന്റെ അനുഗ്രഹമായി ഇതൊക്കെ ബോധനം നൽകുന്നു. ഒരു മുന്നറിയിപ്പുകാരനും നിയുക്തനായിട്ടില്ലാത്ത ജനസമൂഹത്തിന് താങ്കൾ താക്കീത് നൽകാനാണ് ഇത്. അവർ ചിന്തിച്ച് ഗ്രഹിച്ചേക്കാനായിട്ട്.” (സൂറഃ ഖസ്വസ്: 44, 46).
ഒരൊറ്റ ആധികാരിക ചരിത്ര ഗവേഷകനും ഖുർആനിലെ ഇന്ന പരാമർശം ചരിത്രയാഥാർത്ഥ്യത്തോട് നിരക്കാത്തതാണ് എന്ന് നാളിതുവരെയായി പറഞ്ഞിട്ടില്ല. നേരെമറിച്ച് ചരിത്രപരമായ ഗവേഷണങ്ങളും ഉൽഖനനങ്ങളും ഖുർആനിക പ്രയോഗങ്ങളെ അക്ഷരംപ്രതി ശരിവെക്കുകയായിരുന്നു എന്നതാണ് സത്യം. ആ നിലയ്ക്ക് തന്നെ തുറന്ന നിലപാടും ഖുർആൻ സ്വീകരിച്ചിട്ടുണ്ട്. ആത്മവിശ്വാസമില്ലാതെ ഒരു സദസ്സിന് മുമ്പിൽ എന്തെങ്കിലും അവതരിപ്പിച്ച ഒരാൾ, മറുചോദ്യങ്ങളൊന്നുമില്ലാതെ സഭ പിരിഞ്ഞുകിട്ടിയാൽ മതിയായിരുന്നു എന്നാണ് കരുതുക. എന്നാൽ കുറെ ചരിത്രങ്ങളും പുരാവൃത്തങ്ങളും വൃത്താന്തങ്ങളും പല സന്ദർഭങ്ങളിലായി പറഞ്ഞ ഖുർആൻ ഇടയ്ക്കിടെ ഉണർത്തുന്ന ചില കാര്യങ്ങളുണ്ട് - ഈ പറഞ്ഞതൊക്കെ ശരിയാണോ എന്ന് യാത്ര ചെയ്ത് കണ്ടുപിടിക്കാൻ. മൃഗങ്ങൾ മാത്രം വാഹനമായിരുന്ന അന്നേക്കുമാത്രമുള്ള ഗ്രന്ഥമല്ല ഖുർആനെന്ന ഓർമ്മവേണം. യാത്രയുടെയും ഉൽഖനനത്തിന്റെയും പര്യവേക്ഷണത്തിന്റെയും അത്യന്താധുനിക മാർഗ്ഗങ്ങളുള്ള ഇന്നും ആ ആജ്ഞകൾ പച്ചപിടിച്ചു നിൽക്കുന്നുണ്ട്. ചിലത് ചുവടെ:
“അവർ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ, അവരുടെ ഹൃദയങ്ങൾ അങ്ങനെ അറിവ് നേടാനും അവരുടെ കാതുകൾ കേൾക്കാനും പഠിക്കാനും?” (സൂറഃ ഹജ്ജ്: 46)
“പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് അവൻ എപ്രകാരം സൃഷ്ടി ആരംഭിച്ചിരിക്കുന്നു എന്ന് നോക്കൂ. പിന്നീട് അല്ലാഹു അവസാനം മറ്റൊരിക്കൽ കൂടി സൃഷ്ടിക്കുന്നതാണ്. തീർച്ചയായും അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ.” (സൂറഃ അൻകബൂത്ത്: 20)
“ഭൂമിയിലൂടെ സഞ്ചരിക്കൂ, നിങ്ങൾക്ക് മുന്നെയുള്ളവരുടെ അവസാനം എങ്ങനെ എന്നറിയാൻ.” (സൂറഃ റൂം: 42)
“നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കൂ; അവിശ്വാസികളുടെ അവസാനമറിയാൻ.” (സൂറഃ നംല്: 69)
അതേപ്രകാരം തന്നെയാണ് ഖുർആനിൽ വന്ന പ്രവചനങ്ങളുടെ കാര്യവും. ഖുർആൻ അവതരിച്ചുകൊണ്ടിരിക്കുന്ന സാഹചര്യപ്രകാരം സ്വപ്നം കാണാൻപോലും പറ്റാത്ത സംഭവങ്ങളെക്കുറിച്ച് ഖുർആൻ പ്രവചനം നടത്തിയിട്ടുണ്ട്. അവയത്രയും പുള്ളിവിസർഗ്ഗത്തിന് വ്യത്യാസമില്ലാതെ അപ്പടി പുലർന്നതായാണ് ചരിത്രം. റോമാസാമ്രാജ്യത്തിനുണ്ടായ ചരിത്രവിജയം ഒരുദാഹരണം മാത്രം.
ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം, ശാസ്ത്രത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ഭാവികാര്യങ്ങളെക്കുറിച്ചുമുള്ള ഖുർആന്റെ കഥനശൈലി വരണ്ട ഭാഷയിലല്ല എന്നതാണ്. മറിച്ച് ഗദ്യമോ പദ്യമോ അല്ലാത്ത, സാഹിത്യലോകത്ത് എവിടെയും പരിചയമില്ലാത്ത ഒരു പുതിയ ആഖ്യാനശൈലിയിൽ കഥയുടെയും കവിതയുടെയും നോവലിന്റെയും നാടകത്തിന്റെയും എല്ലാ സാഹിതീയ സങ്കേതങ്ങളും ചേരുവകളും നന്നായി ആവാഹിച്ചെടുത്ത്, മനുഷ്യ മനസ്സുകളിൽ മാസ്മരികമായ സർഗ്ഗവൃഷ്ടി കോരിച്ചൊരിയുന്ന അനുപമമായ ഒരു ശൈലിയാണതിനുള്ളത്. എന്നുവരുമ്പോൾ, ഉള്ളടക്കം കൊണ്ട് മാത്രമല്ല, വസ്തുതകൾ മാത്രം ഉൾചേർന്ന വിഷയങ്ങളെ സാഹിത്യവശ്യതയോടെ പ്രകാശിപ്പിക്കുന്നു എന്ന വിഷയത്തിലും വെല്ലുവിളി മുഴങ്ങുന്നുണ്ട്. ഇതിന് പശ്ചാത്തലപരമായ ഒരു കാരണം കൂടിയുണ്ട്.
മുഹമ്മദ് നബി (സ്വ) അഭിസംബോധന ചെയ്ത ആറാം നൂറ്റാണ്ടിലെ അറബികൾ സാഹിത്യഭ്രമത്തിൽ മുങ്ങിക്കുളിച്ചവരായിരുന്നു. വാ തുറന്നാൽ കവിത പെയ്യുന്ന ആ സമൂഹത്തെ നേരിടാൻ സാഹിത്യമല്ലാതെ മറ്റൊരു സങ്കേതം ഉചിതമല്ലായിരുന്നു. ഓരോ കാലഘട്ടത്തിലും ജനതകളുടെ പൊതുതാൽപ്പര്യം കേന്ദ്രീകരിച്ച വിഷയത്തെ ആസ്പദമാക്കിയാണ് ദൈവദൂതന്മാർക്ക് പ്രവാചകത്വ സാക്ഷ്യങ്ങൾ സമ്മാനിക്കപ്പെട്ടിട്ടുള്ളത്. മൂസാ പ്രവാചകന്റെ കാര്യമെടുക്കുക. ആഭിചാരക്രിയയിലും മായാജാലങ്ങളിലും മതിമറന്നാടിയ ഒരു സമൂഹത്തോട് ശാസ്ത്രമോ സാഹിത്യമോ ചരിത്രമോ യുക്തിചിന്തയോ പ്രസംഗിച്ചിട്ട് കാര്യമില്ല. ആയതിനാൽ മൂസാ പ്രവാചകന് നൽകപ്പെട്ടത് ഒരു അത്ഭുത വടിയായിരുന്നു. നിലത്തിട്ടാൽ പാമ്പായി പുളയും, കൈയ്യിലെടുത്താൽ വടിയാവും. മാന്ത്രികശക്തിയുള്ള കയറുകളെയും വടികളെയും മറ്റു പാമ്പുകളെയുമെല്ലാം ജനം തടിച്ചുകൂടിയ മൈതാനത്തുവെച്ച് ആ മാന്ത്രിക വടി പിടിച്ചുവിഴുങ്ങി സർവ്വത്തേയും നിഷ്പ്രഭമാക്കിയപ്പോൾ, അതീന്ദ്രിയ ജ്ഞാനം നൽകപ്പെടുന്ന ദൈവദൂതനാണ് മൂസായെന്ന് അന്ന് ജനസമക്ഷം സാക്ഷ്യപ്പെടുത്തി. അവർ അന്നേരം വിശ്വാസികളായി മാറി.
ഈസാ പ്രവാചകന്റെ കാര്യത്തിൽ അനിതരസാധാരണമായ ചികിത്സാസിദ്ധിയായിരുന്നു ഈ സാക്ഷ്യം. മെഡിസിൻ രംഗത്ത് അഗ്രഗണ്യരായിരുന്ന സമൂഹത്തെ വെല്ലുവിളിക്കാൻ മാന്ത്രികവടി പോരല്ലോ. പക്ഷെ, അവർക്കൊന്നുമാകാത്ത രീതിയിൽ, മരുന്നുപയോഗങ്ങളോ കിടത്തിച്ചികിത്സയോ ഒന്നുമില്ലാതെ മാരക രോഗങ്ങൾ തൊട്ടും തടവിയും ഈസാ നബി ചികിത്സിക്കാൻ തുടങ്ങിയപ്പോൾ ജനം വിശ്വസിച്ചു. മരിച്ചവരെ ജീവിപ്പിക്കാൻ പോലും ഈസാ നബിക്ക് കഴിഞ്ഞപ്പോൾ സമൂഹത്തിന് സംശയിച്ചുനിൽക്കാൻ യാതൊരു പഴുതുമില്ലാതെയായി.
പക്ഷെ, മുൻപ്രവാചകരുടെയെല്ലാം കാലഘട്ടങ്ങൾ അവസാനിക്കുന്നതോടെ അവരുടെ അത്ഭുതസാക്ഷ്യങ്ങൾ അപ്രസക്തങ്ങളായി. എന്നാൽ മുഹമ്മദ് നബി വാദിക്കുന്നത് - "ഞാൻ ഇനി എല്ലാ കാലത്തേക്കുമുള്ള പ്രവാചകനാണ്, എനിക്കുശേഷം ഇനിയൊരു പ്രവാചകനും വരില്ല" എന്നാണ്.
സാധാരണഗതിയിൽ മനുഷ്യബുദ്ധിക്കജ്ഞാതവും എന്നാൽ അറിയൽ അനിവാര്യവുമായ കാര്യങ്ങൾ എനിക്കറിയാമെന്നും, ഞാൻ പറയുന്ന കാര്യങ്ങൾ സത്യമാണെന്നതിന് എന്റെ കയ്യിൽ സാഹിത്യസാക്ഷ്യമുണ്ടെന്നും ഒരാൾ പറയുമ്പോൾ അതൊന്നു പരിശോധിച്ച് തിട്ടപ്പെടുത്താൻ നമുക്ക് നമ്മുടെ ബുദ്ധിശക്തിയെ ഉപയോഗപ്പെടുത്താമല്ലോ. ബുദ്ധിമതികളും സാഹിത്യസാമ്രാട്ടുകളും ശാസ്ത്രജ്ഞരും ചരിത്രകാരന്മാരും കൂടിയിരുന്ന് അതിസൂക്ഷ്മമായ ഒരു 'സ്ക്രൂട്ടിനി' (Scrutiny) നടത്തിക്കഴിഞ്ഞാൽ വിഷയത്തിന് അന്തിമ തീരുമാനമായി.
വ്യത്യസ്ത യുഗങ്ങളിലേക്ക് നീളുന്ന ചരിത്രത്തെയും, വിഭിന്ന ശാഖകളായി പിരിയുന്ന ശാസ്ത്രത്തെയും, ഭാവിയുടെ ചുരുൾകെട്ടിനുള്ളിൽ പുതച്ചുറങ്ങുന്ന സംഭവങ്ങളെയും കണ്ണുകൊണ്ട് കാണുമാറെന്ന വിധേന വിവരിക്കുന്ന ഒരു ഗ്രന്ഥം കൗതുകതരം തന്നെയാണ്. എന്നാൽ, അതിനേക്കാൾ അതിശയകരമായിട്ടുള്ള കാര്യമാണ് ഇനി പറയാനിരിക്കുന്നത്, കേട്ടോ!


