ശരിക്ക് ചരിത്രത്തിൽ ആദ്യമായി സംഭവിച്ചതും അതു തന്നെയായിരുന്നു. ആശയം പരിശോധിച്ച് ആളെ അംഗീകരിക്കുക എന്നതിനെക്കാൾ ആളാരെന്ന് നോക്കി ഉള്ളടക്കം ഉറപ്പിക്കുക എന്നത് തന്നെയായിരുന്നു നടന്നത്. എല്ലാവർക്കും അറിയാം, ഖുർആനിൽ നിന്ന് ആദ്യമായി അവതരിച്ചത് “ഇഖ്റഅ് (വായിക്കുക)” എന്നുതുടങ്ങുന്ന വചനങ്ങളാണല്ലോ.
പ്രമേയപരമായി നോക്കുമ്പോൾ ലോകോത്തര നിലവാരവും സർവകാല പ്രസക്തിയും പുലർത്തുന്ന അധ്യാപനങ്ങളാണ്. ഏതു സദസ്സിലും ഏത് സമ്മേളനത്തിലും ഏത് സെമിനാറിലും പാരായണം ചെയ്യാൻ/പറഞ്ഞു വികസിപ്പിക്കാൻ പറ്റിയതാണ്. പക്ഷേ ഈ വചനങ്ങൾ അവതരിച്ചപ്പോൾ സംഭവിച്ചത് എന്താണ്? ആദ്യമായി ഇസ്ലാം സ്വീകരിച്ച ഖദീജ ബീവി, അബൂബക്കർ സിദ്ധീഖ്, അലി, സെയ്ദ്, ഉമ്മു ഐമൻ, ബിലാൽ തുടങ്ങിയവർ വട്ടത്തിലിരുന്ന് മേൽപ്പറഞ്ഞ വചനങ്ങളുടെ ഉൾപൊരുളുകളും വേദാന്തവേരുകളും ഒക്കെ കിളച്ചു പുറത്തിട്ട്"ഹാ! കൊള്ളാമല്ലോ, നല്ല കാലിക പ്രസക്തിയും ഉയർന്ന മാനവികതയും ഗഹനമായ ഗവേഷണപരതയും എല്ലാമുള്ള വിഷയങ്ങൾ, ചാമ്പിക്കോ!!” എന്ന് പറഞ്ഞ് കൂട്ടമായി വിശ്വസിച്ചതല്ല.
എന്താണ് പറഞ്ഞത് എങ്ങനെയാ പറഞ്ഞത് എന്നതൊക്കെ പിന്നെ. പറഞ്ഞ ആൾ മുഹമ്മദാണല്ലോ? തിരിഞ്ഞും മറിഞ്ഞും നോക്കാനില്ല; വിശ്വസിക്കുക തന്നെ. അതായിരുന്നു റിയലി സംഭവിച്ചത്. അത്രയ്ക്ക് ആഴത്തിൽ സഹചരുടെ ആത്മാവിൽ അലിഞ്ഞു ചേർന്ന, സത്യസന്ധമായ വ്യക്തിത്വമായിരുന്നു മുഹമ്മദ് നബിയുടേത്.
പിൽക്കാലത്ത് ആയിശ ബീവിയോട് തിരുനബിയുടെ സ്വഭാവത്തെപ്പറ്റി ചോദിച്ചപ്പോൾ "ഖുർആൻ ആയിരുന്നു അവരുടെ സ്വഭാവം” എന്നാണ് മറുപടി പറഞ്ഞത്. എന്നുവച്ചാൽ ഖുർആൻ ഇറങ്ങിയശേഷം അതിലെ കാര്യങ്ങളെല്ലാം പെറുക്കിപ്പഠിച്ചു അതിനനുസരിച്ച് തിരുനബി നല്ല സ്വഭാവക്കാരനായി മാറി എന്നല്ല. മറിച്ച്, ഖുർആൻ വരുന്നതിനു മുമ്പ് തന്നെ സ്വഭാവം ഖുർആൻ ആയി തന്നിൽ പ്രസരിച്ചു നിൽപ്പുണ്ട് എന്നാണ്. പത്നി ഖദീജ ബീവിയുടെ സാന്ത്വന സാക്ഷ്യപ്പെടുത്തലിൽ നിന്നും ഇത് വായിച്ചെടുക്കാം.
ആദ്യമായി ഖുർആൻ അവതരിപ്പിക്കപ്പെട്ട് പേടിച്ചുവിറച്ച് പനിച്ചു കൊണ്ടാണ് മുഹമ്മദ് നബി വരുന്നത്. കച്ചവടത്തിലും സോഷ്യൽ ആക്ടിവിസത്തിലും മിടുക്കനായ ഒരാൾ അതിൽ നിന്നെല്ലാം മാറിനിന്ന് ഏകാന്തനായി മലമുകളിൽ പോയിരിക്കുകയാണ്. പത്നിയാകുന്ന ഖദീജ ബീവി പൊടിപാറിയ കച്ചവടക്കാരിയാണ്. കച്ചവട ദൗത്യവുമായി മുഹമ്മദ് നബി എവിടെപ്പോയാലും ഇരട്ടി ലാഭവുമായിട്ടാണ് തിരിച്ചു വരിക താനും. കാര്യങ്ങൾ ഇങ്ങനെയൊക്കെ ആയിരിക്കെ സാദാ മട്ടിൽ കാര്യങ്ങളെ നോക്കിക്കാണുന്ന ഒരാൾ ആയിരുന്നെങ്കിൽ ഖദീജ ബീവി മുഹമ്മദ് നബിയെ പഴിക്കുകയായിരുന്നു ചെയ്യുക:
“മര്യാദക്ക് കച്ചവടം നടത്തി നാലു കാശ് ഉണ്ടാക്കേണ്ട സമയത്ത് മലമുകളിൽ പോയിരുന്ന് പേടിച്ചു വന്നിരിക്കുന്നു. ഞാൻ ഒന്നുമറിയില്ല! ഇഷ്ടം എന്താച്ചാ അത് പോലെ ചെയ്യ്, ഇനിയും വേഗം കയറിപ്പോ, ആരും കാണാനില്ലാത്ത മലങ്കാട്ടിലേക്ക്..!!” എന്നൊക്കെപ്പറഞ്ഞു സ്ത്രീജന്യമായ ആക്ഷേപവാക്കുകൾ പിറുപിറുക്കുകയായിരുന്നു വേണ്ടിയിരുന്നത്. (നിങ്ങളുടെ പത്നിക്ക് താല്പര്യമില്ലാത്ത ഒരു കാര്യത്തിൽ നിങ്ങൾ ചെന്ന് തലയിടുകയും അതിൻ്റെ പേരിൽ ഒരു തിക്തഫലം അനുഭവിക്കേണ്ടി വരികയും ചെയ്തു തിരിച്ചു വന്നാൽ എന്തായിരിക്കും പ്രതികരണമെന്ന് സങ്കൽപ്പിക്കാവുന്നതേയുള്ളൂ). മഹതിയുടെ പ്രതികരണം എന്തായിരുന്നെന്നും തുടർന്ന് എന്ത് സംഭവിച്ചുവെന്നും ബുഖാരി റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ വിശദമായി കാണാം:
തിരുനബി അതുമായി പേടിച്ച് മടങ്ങി. അങ്ങനെ ഖദീജയുടെ അടുക്കലേക്ക് വന്നു. എന്നിട്ട് അവിടുന്ന് അവരോട് പറഞ്ഞു: “എന്നെ പുതപ്പിക്കൂ, എന്നെ പുതപ്പിക്കൂ.” അങ്ങനെ അവിടുത്തെ ഭയം നീങ്ങുന്നതുവരെ അവര്‍ അവിടുത്തെ പുതപ്പിച്ചു. അവിടുന്ന് ഖദീജയോട് പറഞ്ഞു: “ഖദീജാ, എനിക്ക് എന്തുപറ്റി? എന്റെ കാര്യത്തില്‍ എനിക്ക് പേടിയാകുന്നു!”
ശേഷം അവരോട് നടന്നതെല്ലാം പറഞ്ഞു. ഖദീജ വിവരിച്ചു: “അങ്ങനെയല്ല, അങ്ങ് സന്തോഷിക്കുക. അല്ലാഹു സത്യം, അല്ലാഹു അങ്ങയെ ഒരിക്കലും അപമാനിക്കില്ല. അല്ലാഹു സത്യം, അങ്ങ് കുടുംബബന്ധം ചേര്‍ക്കുന്നു. സത്യം പറയുന്നു. (പാവപ്പെട്ടവൻ്റെ) ഭാരം ചുമക്കുന്നു. ഒന്നുമില്ലാത്തവന് ഉണ്ടാക്കിക്കൊടുക്കുന്നു. അതിഥിയെ സൽക്കരിക്കുന്നു. അവകാശം നഷ്ടപ്പെട്ടവരെ സഹായിക്കുന്നു.”
എന്നിട്ട് ഖദീജ അവിടുത്തെ തന്റെ പിതൃവ്യനായ വറഖതുബ്നു നൗഫലിന്റെ അടുത്തേക്ക് കൊണ്ടുപോയി. അദ്ദേഹം ജാഹിലിയ്യ കാലത്ത് ക്രിസ്ത്യാനിയായിരുന്നു. അദ്ദേഹം അറബിയില്‍ എഴുതും. ഇഞ്ചീലില്‍നിന്ന് അറിയാവുന്നത് അറബിയില്‍ എഴുതാറുണ്ടായിരുന്നു. അദ്ദേഹം നല്ല പ്രായമുള്ള, അന്ധത ബാധിച്ച ആളായിരുന്നു. ഖദീജ പറഞ്ഞു: “ഓ, പിതൃവ്യ പുത്രാ, താങ്കളുടെ സഹോദര പുത്രനില്‍നിന്ന് അദ്ദേഹം പറയുന്നത് കേട്ടാലും.” വറഖത് ചോദിച്ചു: “ഓ, സഹോദര പുത്രാ, എന്താണ് താങ്കള്‍ കണ്ടത്?” അപ്പോള്‍ തിരുനബി കണ്ടതെല്ലാം അദ്ദേഹത്തോട് പറഞ്ഞു. അപ്പോള്‍ വറഖത് പറഞ്ഞു: “ഇത് മൂസായുടെമേല്‍ ഇറക്കപ്പെട്ട മലക്കാകുന്നു. അങ്ങയുടെ സമൂഹം അങ്ങയെ പുറത്താക്കുന്ന സമയത്ത്…” റസൂല്‍ ചോദിച്ചു: “അവര്‍ എന്നെ പുറത്താക്കുമെന്നോ?” വറഖത് പറഞ്ഞു: “അതെ, അങ്ങ് കൊണ്ടു വന്നതുമായി വന്നിട്ടുള്ള ഏതൊരാളും ഉപദ്രവിക്കപ്പെടാതെ പോയിട്ടില്ല. താങ്കളെ അവര്‍ ഉപദ്രവിക്കുന്ന ദിവസത്തില്‍ ഞാൻ ജീവിച്ചിരിക്കുന്നവനാണെങ്കില്‍ ഞാന്‍ അങ്ങയെ കാര്യമായി സഹായിക്കുക തന്നെ ചെയ്യും.” പിന്നീട് താമസിയാതെ വറഖത് മരണപ്പട്ടു. ശരിക്ക് ശ്രദ്ധിച്ചില്ലേ! കർതവ്യബോധം പകർന്ന ഭയാശങ്കകളോടെ കടന്നുവന്ന തിരുനബിയോട് കിട്ടിയ ദൈവിക സന്ദേശത്തിന്റെ കണ്ടെൻ്റിനെപ്പറ്റി ചോദിച്ചറിയുകയല്ല ബീവി ഖദീജ.
"ഓ ആദ്യമായി വായനയെപ്പറ്റിയാണ് പറഞ്ഞത് അല്ലേ, പിന്നെ എഴുത്ത് / പേന/ ഭ്രൂണം / തരക്കേടില്ല, ശരിയായിരിക്കാൻ സാധ്യതയുണ്ട്”- ഇങ്ങനെയൊന്നുമല്ല ഖദീജ ബീവിയുടെ പ്രതികരണം. മലക്ക് വന്നതും എന്താ പറഞ്ഞതും എന്നതൊക്കെ അവിടെ നിൽക്കട്ടെ, താങ്കൾ ഒരിക്കലും പരാജിതനാവില്ല. കാരണം തങ്ങൾ ആരാണ്? ഖുർആൻ ആണ്. ഖുർആൻ എന്താണ് - കുടുംബ ബന്ധം ചേര്‍ക്കുക, സത്യം പറയുക, പാവപ്പെട്ടവൻ്റെ ഭാരം ചുമക്കുക, നിർധനന് നേടിക്കൊടുക്കുക, അതിഥിയെ സൽക്കരിക്കുക, മർദിതനെ സഹായിക്കുക. ഇതൊക്കെ ആൾറെഡി താങ്കളിൽ തുളുമ്പി നിൽക്കുന്നുണ്ടല്ലോ. ഇങ്ങനെയുള്ള ഒരാൾ ഒരുകാലത്തും പരാജയപ്പെടില്ല. അപ്പോൾ ഇവിടെ വ്യക്തി തന്നെയാണ് പ്രമാണം. അല്ലാതെ വ്യക്തി കൊണ്ടുവന്ന കണ്ടൻ്റുകൾ സൂക്ഷ്മ പരിശോധന നടത്തി കിട്ടിയ റിപ്പോർട്ട് പ്രകാരം ചാർത്തപ്പെട്ട ആഡെഡ് ആധികാരികതയല്ല.
ഇനി പ്രശ്നം കിടക്കുന്നതും ജനങ്ങളോട് എന്ത് ആശയം പറയുന്നു എന്നതിനെക്കാൾ ഞാനെന്ന ഒരാൾ പോയി പറയേണ്ടി വരികയാണല്ലോ. നബിയുടെ ആംഗിളിലൂടെ ആലോചിച്ചു നോക്കാം. നിങ്ങൾ ഇതാ നടന്നു പോവുകയാണ്. അയൽക്കാരന്റെ വാതിലിനു മുട്ടുകയാണ്. അയാൾ അടുത്ത സുഹൃത്താണ്. കഴിഞ്ഞ 40 കൊല്ലത്തെ ആത്മബന്ധമുണ്ട്. ഉള്ളും പുറവും നന്നായി അറിയാം. എന്നാലും എന്താണ് എങ്ങനെയാണ് ചെന്ന് പറയുക പടച്ചോനേ! ആ രംഗം വളരെ എമ്പതെറ്റിക്കായി നിങ്ങൾ നിങ്ങളുടെ മനസ്സിലൂടെ ഒന്നു പായിച്ചു നോക്കൂ.
പിന്നെ ഞാൻ വന്നത് ഒരു കാര്യം പറയാനാണ്. നമ്മളെയെല്ലാം പടച്ച, ഈ കാണുന്ന ആകാശഭൂമികളെയും, സൂര്യചന്ദ്രാദികളെയും, പർവ്വതസാഗരങ്ങളെയും, സകല ചരാചരങ്ങളെയും സൃഷ്ടിച്ച ഒരു അല്ലാഹുവുണ്ട്. അവൻ എന്നെ അവൻ്റെ ദൂതനായി തിരഞ്ഞെടുത്തിരിക്കുന്നു. ചില പ്രത്യേക സന്ദേശങ്ങളുമായി നിങ്ങളിലേക്ക് എന്നെയിതാ അയച്ചിരിക്കുന്നു. ഇനി മുതൽ ഞാൻ പറയുന്ന മുറപ്രകാരം പ്രവർത്തിച്ചു കൊള്ളണം:-
"വായിക്കുക! സൃഷ്ടിച്ച നിൻ്റെ നാഥന്റെ നാമത്തിൽ. മനുഷ്യനെ അവൻ ഭ്രൂണത്തിൽ നിന്ന് സൃഷ്ടിച്ചിരിക്കുന്നു.
വായിക്കുക! നിൻ്റെ രക്ഷിതാവ് അത്യുദാരനാകുന്നു. പേനകൊണ്ട് എഴുതാൻ പഠിപ്പിച്ചവൻ. മനുഷ്യനെ അവൻ അറിയാത്തവ പഠിപ്പിച്ചിരിക്കുന്നു.”
യാാാാാാ ഖുദാാാാാ..…!!!
ആ രംഗം നിങ്ങൾ ഭാവനയിൽ ശരിക്കൊന്ന് ചിത്രീകരിച്ചു നോക്കൂ! പരകോടികൾ അടങ്ങുന്ന വിശ്വാസിപ്പെരുമയുടെ ഇടത്തുനിന്ന് പിറകോട്ട് നോക്കുമ്പോൾ നമുക്കത് അത്രയങ്ങ് ഫീൽ ചെയ്യണമെന്നില്ല. പക്ഷേ ആ യാത്ര നാം അവിടെനിന്ന് ഇങ്ങോട്ടേക്ക് തിരിക്കണം. അപ്പോഴേ അതിന്റെ ചൂടും വേവും നന്നായി അറിയൂ. നിങ്ങളായിരുന്നു ആ സ്ഥാനത്തെങ്കിൽ എന്തെല്ലാം ആധികളായിരിക്കും മനസ്സിലൂടെ ഇഴയുന്നുണ്ടാവുക? ഞാൻ പറഞ്ഞാൽ അവർ അംഗീകരിക്കുമോ? എന്നെ ആട്ടിപ്പായിക്കുമോ? എൻ്റെ സുഹൃത്തുക്കൾ, ബന്ധുക്കൾ, വീട്ടുകാർ, നാട്ടുകാർ, കൂട്ടുകാർ എല്ലാം നഷ്ടപ്പെടുമോ? (വറഖത്ത് ബ്നു നൗഫലിന്റെ വെളിപ്പെടുത്തൽ പ്രകാരം അങ്ങനെയൊക്കെയാണല്ലോ കാര്യങ്ങൾ വരാൻ പോകുന്നത്)
എല്ലാം പെട്ടെന്നായിരുന്നല്ലോ. ഞാനിങ്ങനെ ഭാവിയിൽ നബിയാകുമെന്നോ എനിക്ക് ഗ്രന്ഥം ഇറക്കപ്പെടുമെന്നോ മാലോകരെ മൊത്തം പടച്ചവനിലേക്ക് ക്ഷണിക്കാനുള്ള ഭാരിച്ച ഉത്തരവാദിത്വം തലയിൽ വരുമെന്നോ ഒന്നും കൗമാര യൗവന കാലങ്ങളിൽ നബി മനസാ വിചാരിച്ചിട്ടില്ലല്ലോ. ഉണ്ടായിരുന്നെങ്കിൽ സുഹൃത്തുക്കളെയും കുടുംബക്കാരെയും, ഇങ്ങനെയൊരു സംഗതി വരാനുണ്ട്; കൂടെ നിൽക്കണം എന്ന് പറഞ്ഞ് നേരത്തെ പാകപ്പെടുത്തി എടുക്കാമായിരുന്നു. ഖുർആൻ പിന്നീട് ആ കാര്യം എടുത്തു പറയുന്നുമുണ്ട്:
“അപ്രകാരം തന്നെ അങ്ങയ്ക്ക് നാം നമ്മുടെ ഉത്തരവാൽ ഒരു ചൈതന്യവത്തായ സന്ദേശം അദൃശ്യമായി അറിയിച്ചു തന്നിരിക്കുന്നു. വേദഗ്രന്ഥമെന്തെന്നോ സത്യവിശ്വാസമെന്തെന്നോ താങ്കൾക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്മാരില് നിന്ന് നാം ഉദ്ദേശിക്കുന്നവര്‍ക്ക് നാം വഴികാണിക്കുന്നു. തീര്‍ച്ചയായും താങ്കൾ ആളുകളെ വിളിച്ചു കൊണ്ടിരിക്കുന്നത് നേർവഴിയിലേക്കാകുന്നു. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവനുള്ളതാണോ ആ അല്ലാഹുവിന്റെ പാതയിലേക്ക്. അറിയണേ! അല്ലാഹുവിലേക്കാകുന്നു കാര്യങ്ങളെല്ലാം മടങ്ങിയെത്തുന്നത്.” (45:52,53)
“തീര്‍ച്ചയായും താങ്കൾക്ക് ഈ ഖുര്‍ആന്‍ നിയമമായി നല്കിയവന് എത്തേണ്ടിടത്തേക്ക് താങ്കളെ തിരിച്ചെത്തിക്കുക തന്നെ ചെയ്യും. പറയുക: സന്മാര്ഗം കൊണ്ട് വന്നതാരെന്നും, വ്യക്തമായ ദുര്‍മാര്‍ഗത്തിലകപ്പെട്ടത് ആരെന്നും എന്റെ രക്ഷിതാവ് നല്ലവണ്ണം അറിയുന്നവനാണ്.”
“അങ്ങേക്ക് വേദഗ്രന്ഥം നല്‍കപ്പെടണമെന്ന് താങ്കളാഗ്രഹിച്ചിരുന്നില്ല. പക്ഷേ താങ്കളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യത്താല്‍ അതു ലഭിച്ചു. ആകയാൽ താങ്കൾ സത്യനിഷേധികള്‍ക്കു സഹായിയായിരിക്കരുത്.”
“അല്ലാഹുവിന്റെ വചനങ്ങള്‍ അങ്ങേക്ക് അവതരിപ്പിക്കപ്പെട്ടതിന് ശേഷം അവര്‍ താങ്കളെ അതില്‍ നിന്ന് തടയാതിരിക്കട്ടെ.” (26:86-88)
സംഭവിച്ചത് എന്താണെന്ന് ചരിത്രം നമ്മോട് പറയുന്നു. ആദ്യം കുറച്ചുപേർ മാത്രം വിശ്വസിച്ചു, രഹസ്യമായി. പിന്നീട് എണ്ണം കൂടി വന്നു. പതിയെ കാര്യങ്ങൾ പരസ്യമായിത്തുടങ്ങി. ആളുകളുടെ ഒഴുക്കും ഏറി. സ്വാഭാവികമായും എതിർ ശബ്ദങ്ങൾ ഉണ്ടായി. അപ്പോൾ കൂടുതൽ ശ്രദ്ധ നേടി. പിന്നീട് ആ വിശ്വാസധാര നാടുകൾ കടന്ന്, ദേശങ്ങൾ ഭേദിച്ച് മലകൾ മറിഞ്ഞ് ഭൂഖണ്ഡങ്ങൾ താണ്ടി കടലുകൾ മുറിച്ച് സർവ്വദേശങ്ങളിലേക്കും പറന്നു, പരന്നു, പടർന്നു പന്തലിച്ചു.


