മനുഷ്യരല്ലാത്ത ആരെയും അല്ലാഹു മാനവരാശിക്കു വേണ്ടി പ്രവാചകന്മാരായി നിയോഗിച്ചിട്ടില്ല. പ്രസ്തുത ദൗത്യത്തിനു മനുഷ്യർ തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് പൂർവകാലത്തു തന്നെ ചിലർ സംശയം ഉന്നയിച്ചിട്ടുണ്ട്. പലര്‍ക്കും അത് വിശ്വസിക്കാനും അംഗീകരിക്കാനും സാധിച്ചില്ല. അവര്‍ ചോദിച്ചത്; എങ്ങനെ ഒരു മനുഷ്യന് പ്രവാചകനാകും, അവരും നമ്മെപ്പോലെയുള്ളവര്‍ തന്നയല്ലേ എന്നൊക്കെയാണ്. പ്രവാചകന്മാർ മനുഷ്യലോകത്തിന് അതീതമായിരിക്കണമെന്ന് അവർ കരുതിയിരുന്നു. തിരുനബിയുടെ നിയോഗമുണ്ടായപ്പോൾ മക്കയിലെ ചിലരും ഇത്തരം സംശയങ്ങൾ ഉന്നയിച്ചിരുന്നു. അക്കാര്യം ഖുർആൻ എടുത്തുദ്ധരിക്കുന്നത് കാണുക:
"ജനങ്ങൾക്ക് സന്മാർഗദർശനം വന്നെത്തിയപ്പോഴെല്ലാം അതിൽ വിശ്വസിക്കാൻ അവർക്ക് തടസ്സമായത്, 'അല്ലാഹു ഒരു മനുഷ്യനെയാണോ തന്റെ ദൂതനായി നിയോഗിച്ചിരിക്കുന്നത്’ എന്ന അവരുടെ വാദം മാത്രമാണ്”(അൽഇസ്റാഅ് : 94)
എല്ലാകാലത്തും ഇത്തരം ഒരു മനോഗതി നിലനിന്നിട്ടുണ്ടെന്ന് ഖുർആനിൻ്റെ വിവരണത്തിൽ നിന്നു തന്നെ മനസ്സിലാക്കാം. സമൂദ് ജനതയിലേക്കു പ്രവാചക നിയോഗമുണ്ടായപ്പോൾ അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “അദ്ദേഹത്തിന്റെ സമുദായത്തിലെ അവിശ്വസിച്ചവരും പരലോകത്തെ തള്ളിപ്പറഞ്ഞവരും ഭൗതികജീവിതത്തില്‍ നാം ആര്‍ഭാടം കൊടുത്തിട്ടുള്ളവരുമായ പ്രമാണിമാര്‍ പറഞ്ഞു: 'ഇവനും നിങ്ങളെപ്പോലൊരു മനുഷ്യന് മാത്രമാകുന്നു; നിങ്ങള്‍ തിന്നുന്നതു തന്നെ തിന്നുകയും കുടിക്കുന്നതു തന്നെ കുടിക്കുകയും ചെയ്യുന്നു. നിങ്ങളെപ്പോലെയുള്ള ഒരു വെറും മനുഷ്യനെ അനുസരിക്കുകയാണെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും നഷ്ടക്കാര്‍ തന്നെ” (അൽമുഅ്മിനൂൻ: 33, 34)
''അങ്ങനെ അവര്‍ പറഞ്ഞു: നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരണമെന്നോ?! അങ്ങനെയെങ്കില്‍ അതിനർഥം തീര്‍ച്ചയായും നാം മാർഗഭ്രംശത്തിൽ അകപ്പെടുകയും ബുദ്ധിശൂന്യതയിൽ പെടുകയും ചെയ്തുവെന്നു തന്നെ'' (അൽഖമർ: 24)
ഭക്ഷണം കഴിക്കുന്ന, ജനങ്ങള്‍ക്കിടയിലൂടെ നടക്കുന്ന ഒരു മനുഷ്യന് പ്രവാചകനാവുകയെന്നത്, സങ്കൽപിക്കാൻ പോലുമാവാത്ത, ഒരു മഹാന്യൂനത ആയിട്ടാണവര്‍ കരുതിയിരുന്നത്. അതിന് പ്രവാചകന്മാര് നല്കിയ മറുപടി ഖുർആൻ ഉദാഹരിക്കുന്നുണ്ട്:
''അവരോട് ദൈവദൂതന്മാര് പറഞ്ഞു: വാസ്തവത്തിൽ ഞങ്ങള്‍ നിങ്ങളെപ്പോലെയുള്ള മനുഷ്യര്‍ തന്നെയാണ്. എങ്കിലും അല്ലാഹു തന്റെ ദാസന്മാരില് നിന്ന് താൻ ഇച്ഛിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു'' (ഇബ്റാഹീം: 11).
അവരുടെ ചോദ്യം, ചോദിക്കുന്നതെല്ലാം കാണിച്ചുതരുന്ന ഒരു മലക്കിനെ എന്തുകൊണ്ടു അല്ലാഹുവിന് ഞങ്ങളിലേക്ക് ഇറക്കിക്കൂടാ എന്നായിരുന്നു. ''നമ്മെ കണ്ടുമുട്ടുമെന്ന് പ്രതീക്ഷയില്ലാത്ത ജനം പറഞ്ഞു: നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്കപ്പെടാത്തതെന്ത്? അല്ലെങ്കിൽ നമ്മുടെ രക്ഷിതാവിനെ നാം നേരില്‍ കാണാത്തതെന്താണ്? തീര്‍ച്ചയായും അവര്‍ സ്വയം അഹങ്കരിക്കുകയും അതിരുവിട്ട ധിക്കാരം കാണിക്കുകയും ചെയ്തിരിക്കുന്നു'' (അൽഫുർഖാൻ: 21)
''അവര്‍ പറഞ്ഞു: ഇവനെന്തു ദൂതന്?! ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നു! ഇവൻ്റെ കൂടെ താക്കീതുകാരനായ ഒരു മലക്ക് അയക്കപ്പെടാത്തതെന്തുകൊണ്ടാണ്?'' (അൽ ഫുർഖാൻ: 7)
പ്രായോഗിക ബുദ്ധിയുടെ വെളിച്ചത്തിൽ ചിന്തിച്ചാലും പ്രവാചകന്മാർ മനുഷ്യരായിരിക്കണമെന്നത് അനിവാര്യമാണ്. മനുഷ്യർക്കിടയിൽ മനുഷ്യനല്ലാത്ത ഒരാളുടെ പ്രവാചകത്വം, അതുകൊണ്ട് ഉദ്ദേശിക്കപ്പെടുന്ന പ്രബോധനപരമായ ലക്ഷ്യങ്ങൾക്കും താത്പര്യങ്ങൾക്കും പ്രയോജനപ്പെടില്ല. അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെടാനും നിരന്തരമായ സമ്പർക്കത്തിലൂടെയും ഇടപഴക്കത്തിലൂടെയും അവരെ മാർഗദർശനം ചെയ്യാനും സംസ്കരിക്കാനും അവരിലൊരാൾക്കു മാത്രമാണ് സാധിക്കുക. പക്ഷികളെ മാതൃകയാക്കാൻ മൃഗങ്ങൾക്കും മൃഗങ്ങളെ മാതൃകയാക്കാൻ പക്ഷികൾക്കും കഴിയില്ലല്ലോ. തഥൈവ, അവർ വിചാരിച്ചിരുന്ന പോലെ മലക്കാണ് നബിയായി നിയോഗിക്കപ്പെട്ടിരുന്നതെങ്കിൽ എന്ന ചിന്ത പോലും അര്‍ഥശൂന്യമാണ്.
സൃഷ്ടികളില്‍ ശ്രേഷ്ഠനായ തിരുനബി പോലും തനിക്ക് ദിവ്യബോധനവുമായി നിരന്തരം വരാറുണ്ടായിരുന്ന ജിബ്രീലെന്ന മലക്കിനെ സാക്ഷാല്‍രൂപത്തില്‍ കണ്ടത് രണ്ടു തവണ മാത്രമാണ്. ആ രംഗം അവിടുന്നു തന്നെ പറഞ്ഞിട്ടുണ്ട്. ചക്രവാളം മുഴുവന്‍ നിറയുമാറ് അറുന്നൂറു ചിറകുള്ളതായാണ് കണ്ടത്. കഠിനമായ ശൈത്യം മൂലം ദേഹം തണുത്തു മരവിച്ചു പോകുന്ന കാലത്താണ് ജിബ്രീല്‍ വഹ്യുമായി വരുന്നതെങ്കില്‍ പോലും തിരുനബിയുടെ നെറ്റി അത്യുഷ്ണത്താൽ എന്ന പോലെ വിയര്ത്തൊലിക്കുന്നതായി കണ്ടു. ഒരിക്കല്‍ തിരുനബി ഒരു അനുയായിയുടെ പിന്നിലിരുന്ന് യാത്ര ചെയ്തുകൊണ്ടിരിക്കേ ദിവ്യസന്ദേശം വന്നു. ആ സമയം അവിടുത്തെ കാല് സഹയാത്രികൻ്റെ കാലില്‍ കോര്‍ത്ത് വെച്ചായിരുന്നു വാഹനപ്പുറത്ത് ഇരുന്നിരുന്നത്. ആ സമയം തന്റെ കാലിന്റെ എല്ല് പൊട്ടുമോ എന്ന് താൻ വിചാരിച്ചുപോയെന്ന് ഈ അനുചരൻ പിന്നീട് പറയുന്നുണ്ട്. അദൃശ്യ രൂപത്തിൽ വന്ന മലക്ക് മുഖേനയുള്ള അവതരണത്തിൻ്റെ ഭാരവും ഗാംഭീര്യവും ആയിരുന്നുവത്. സാധാരണ ജനങ്ങൾക്ക് ആ ദൃശ്യം കാണാമായിരുന്നില്ല.
മലക്ക്, മനുഷ്യരൂപം പൂണ്ടു വന്നാലും ജീവിതമാതൃക കാണിക്കാനും പ്രബോധനം നടത്താനും സാധിക്കുമല്ലോ, അങ്ങനെയാകാമായിരുന്നില്ലേ, എന്നത് യുക്തിസഹമായ പരിഹാരമല്ല. കാരണം, അത് മലക്കോ മനുഷ്യനോ എന്ന് തെളിയിക്കുന്നതിനും വഴി കാണേണ്ടിവരുമല്ലോ. ചുരുക്കത്തിൽ മനുഷ്യർക്കു മാതൃകയാകേണ്ടത് ഉത്തമരായ മനുഷ്യർ തന്നെയാണ്. അങ്ങനെയുള്ള മനുഷ്യരത്രേ പ്രവാചകന്മാർ. അതിനാൽ പ്രവാചകന്മാർ ദേവന്മാരോ ദൈവത്തിൻ്റെ അവതാരങ്ങളോ ആകണമെന്ന വിശ്വാസം പോലെ അബദ്ധവും അസംഗതവുമാണ് അവർ മലക്കുകളാകണമെന്ന വിചാരവവും.
ആനുഷംഗികമായി പറയട്ടെ, പ്രവാചകന്മാർ നമ്മെപ്പോലെ സാധാരണ മനുഷ്യരാണെന്നു വിചാരിക്കുന്നതും ശരിയല്ല. അനുഗൃഹീതനായ ഒരു അറബിക്കവി തിരുനബിയെ ക്കുറിച്ച് എഴുതിയ ഒരു ഈരടി മാത്രം ഉദ്ധരിച്ച് തത്കാലം ആ ചർച്ച ചുരുക്കാം: "മാണിക്യവും ഒരു കല്ലാണ്; പക്ഷേ സാധാരണ ചരൽക്കല്ലു പോലെയല്ല! മുഹമ്മദ് നബിയും ഒരു മനുഷ്യനാണ്; എന്നാൽ സാധാരണ മനുഷ്യനെപ്പോലെയല്ല!!.'’



