തിരുനബിയുടെ സ്നേഹിതൻ എന്നറിയപ്പെട്ട പ്രമുഖ അനുചരൻ അബൂമൂസൽ അശ്അരിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം അവിടുത്തെ കാണാനും ഉപദേശങ്ങൾ സ്വീകരിക്കാനുമായി തിരുസന്നിധിയിലെത്തി. യുദ്ധം നിഷിദ്ധമായി കാണുന്ന മാസങ്ങളിലല്ലാതെ തങ്ങൾക്ക് തിരുസവിധത്തിൽ വരാൻ പ്രയാസമുള്ളതുകൊണ്ട്, എപ്പോഴും പ്രവൃത്തിപഥത്തിൽ പാലിക്കാനും വരാൻ സാധിക്കാത്ത തങ്ങളുടെ ഗോത്രാംഗങ്ങളെ പഠിപ്പിക്കാനും ഉതകുന്ന ഒരു ഉപദേശം നൽകണം എന്നാവശ്യപ്പെട്ടു. "അല്ലാഹു ഏകനാണെന്ന് വിശ്വസിക്കണം" എന്നായിരുന്നു അവിടുത്തെ ആദ്യ ഉപദേശം. സംസാരം തുടരുന്നതിനു മുമ്പ് അവിടുന്ന് ചോദിച്ചു: “അല്ലാഹു ഏകനാണെന്ന് വിശ്വസിക്കണം എന്നതിൻ്റെ വിവക്ഷ എന്താണെന്നറിയാമോ?” “അല്ലാഹുവിനും അവൻ്റെ ദൂതനുമറിയാം” എന്നായിരുന്നു അവരുടെ പ്രതികരണം. അവിടുന്ന് തന്നെ നിർവചിച്ചു: “അല്ലാഹു അല്ലാതെ ആരാധ്യനായി യാതൊരാളുമില്ല എന്നും മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാണെന്നും സത്യസാക്ഷ്യം ചെയ്യുക” (ബുഖാരി, മുസ്ലിം).
മറ്റൊരു സന്ദർഭം കൂടി പറയാം; ആരാധനക്കർഹനായ ഒരേയൊരു ആരാധ്യൻ അല്ലാഹു മാത്രമാണെന്ന് പ്രബോധനം ചെയ്തുകൊണ്ട് തിരുനബി രംഗപ്രവേശം ചെയ്ത കാലത്ത്, അവിടുന്ന് സംബോധന ചെയ്ത ജനസമൂഹത്തിന് ചിരപരിചിതമായിരുന്ന ദൈവസങ്കൽപങ്ങൾ എന്തെല്ലാമായിരുന്നു? ആലോചിച്ചുനോക്കൂ. നിശ്ചേതനമായ കല്ലിലും മരത്തിലും കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങളും, സ്വർണമോ വെള്ളിയോ ഊതിക്കാച്ചി ഉണ്ടാക്കിയ പ്രതിഷ്ഠകളും ദൈവങ്ങളാണെന്ന് സങ്കൽപിച്ച് അവയ്ക്ക് ഉപാസനകളും നിവേദ്യങ്ങളും അർപ്പിച്ചിരുന്ന വിഗ്രഹാരാധകരായ ബഹുദൈവ വിശ്വാസികളായിരുന്നു അവിടെ ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത്. ദൈവങ്ങളോ ദൈവത്തിൻ്റെ പങ്കാളികളോ സന്താനങ്ങളോ ആയി സങ്കൽപിച്ചു പോന്നിരുന്ന ഈ വിഗ്രഹങ്ങൾക്ക് ഓരോന്നിനും സ്ഥിരമായി സ്വീകരിച്ചു പോരാറുള്ള രൂപവും ആകാരവും ജഡവുമുണ്ടായിരുന്നു. ദേവീദേവന്മാരുടെ വ്യവസ്ഥാപിതമായ വംശങ്ങൾ നിലനിന്നു! ദേവിമാർക്കെല്ലാം ഭർത്താക്കന്മാർ ഉണ്ട് എന്നായിരുന്നു അവരുടെ വിശ്വാസം; ഇണയില്ലാത്ത ദേവന്മാരാരുമില്ല!! അവർക്ക് തിന്നാനും കുടിക്കാനും വേണമായിരുന്നു. പാമരന്മാരായ ഭക്തന്മാരാണ് അതൊക്കെ ഏർപ്പെടുത്തിക്കൊടുത്തിരുന്നത്. ദൈവം മനുഷ്യരൂപം ധരിച്ചു പ്രത്യക്ഷപ്പെടുമെന്നു വരെ ബഹുദൈവ വിശ്വാസികളിൽ വലിയൊരു വിഭാഗം അന്ധമായി വിശ്വസിച്ചിരുന്നു. ചില മനുഷ്യരെത്തന്നെ ദൈവത്തിൻ്റെ അവതാരങ്ങളായി കൽപിക്കപ്പെട്ടിരുന്നു. സന്യാസിമാരാകട്ടെ, ഇത്തരത്തിൽ ഉദരപൂരണത്തിന് വേണ്ടതെല്ലാം ദൈവത്തിൻ്റെ പേരിൽ കെട്ടിച്ചമച്ച് പാമര ജനതയുടെ മേൽ അടിച്ചേൽപ്പിച്ചു.
വേദക്കാർ എന്ന് പറയപ്പെട്ടു പോന്നിരുന്ന ഇസ്രയേൽ ജനതയുടെ പിന്മുറക്കാരും ഇക്കാര്യത്തിൽ വ്യത്യസ്തരായിരുന്നില്ല. ദൈവത്തിൻ്റെ ഏകത്വത്തിൽ വിശ്വസിക്കുന്നവരാണ് തങ്ങളെന്ന് ക്രൈസ്തവർ അവകാശവാദം ഉന്നയിച്ചിരുന്നുവെങ്കിലും അവരുടെ ദൈവത്തിനും ഒരു പുത്രനുണ്ടായിരുന്നു. പിതാവും പുത്രനും പരിശുദ്ധാത്മാവും ഉൾക്കൊള്ളുന്ന ഒരു ദൈവസങ്കൽപത്തിലാണ് അവരിൽ നല്ലൊരു പറ്റവും വിശ്വസിച്ചിരുന്നത്. ദൈവത്തിന് മാതാവും (Theotokos) കൂടിയുണ്ടായിരുന്നു! ഏകദൈവ വിശ്വാസം അവകാശപ്പെടുന്നവരാണ് ജൂതന്മാരും. പക്ഷേ, അവരുടെ ദൈവവും പദാർഥത്തിൽ നിന്നോ ജഡത്തിൽ നിന്നോ മറ്റു മനുഷ്യസഹജമായ സ്വഭാവങ്ങളിൽ നിന്നോ മുക്തനായിരുന്നില്ല. അവൻ അലസമായി ചുറ്റിക്കറങ്ങി നടക്കുന്നു, മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു, തൻ്റെ ദാസനുമായി ദ്വന്ദ്വയുദ്ധം നടത്തുക പോലും ചെയ്യുന്നു! മാത്രവുമല്ല, ഉസൈർ എന്ന ഒരു പുത്രൻ്റെ പിതാവുമാണ്!! മറ്റൊരു വിഭാഗമായിരുന്ന മജൂസികൾ അഗ്നിയെ ആരാധിച്ചു. താരപൂജകളായിരുന്നു സാബിഉകൾക്ക് പ്രിയം.
ഈ പരിതഃസ്ഥിതിയിൽ പങ്കുകാരനില്ലാത്ത ഏകദൈവത്തിൽ വിശ്വസിക്കുക എന്ന് ഉദ്ബോധിപ്പിക്കപ്പെട്ടാൽ ജനമനസ്സിൽ സ്വാഭാവികമായും ചില ചോദ്യങ്ങൾ ഉയർന്നേക്കാം: "മറ്റെല്ലാ ആരാധ്യരെയും കൈവെടിഞ്ഞ്, തങ്ങൾ മാത്രമല്ല ലോകത്തുള്ള മുഴുവൻ മനുഷ്യരും അംഗീകരിക്കണമെന്ന് തിരുനബി ആവശ്യപ്പെടുന്ന ഒരേയൊരു ദൈവം ഏതു ജാതിയാണ്? ചേതനമാണോ അചേതനമാണോ? ചേതനമാണെങ്കിൽ ദേവനോ ദേവിയോ? അചേതനമാണെങ്കിൽ സ്വർണ വിഗ്രഹമോ വെള്ളി വിഗ്രഹമോ?" - മക്കയിലെ ബഹുദൈവാരാധകർ ഉന്നയിച്ച ഇത്തരം ചോദ്യങ്ങളോടുള്ള പ്രതികരണമാണ് വിശുദ്ധ ഖുർആനിലെ നൂറ്റി പന്ത്രണ്ടാം അധ്യായം. ഇതിൻ്റെ ആരംഭം “നബിയേ, അങ്ങ് അവരോട് പറയുക” എന്ന് പറഞ്ഞുകൊണ്ടാണ്. പ്രകൃത പശ്ചാത്തലം അവരുടെ ചോദ്യത്തിനുള്ള ഉത്തരം മാത്രമേ ആവശ്യപ്പെടുന്നുള്ളൂ; എന്നിട്ടും ഇങ്ങനെയൊരു വാചകം അതിൻ്റെ തുടക്കത്തിൽ വന്നതിൻ്റെ താൽപര്യം, ദൈവത്തിൻ്റെ ഏകത്വം അവൻ്റെ ദൂതനിലൂടെ സ്വീകരിക്കപ്പെട്ടാൽ മാത്രമേ അവിടുന്ന് പറഞ്ഞുകൊണ്ടിരിക്കുന്ന പ്രത്യയശാസ്ത്രത്തിൻ്റെയും വിശ്വാസ പദ്ധതിയുടെയും ഭാഗമായി ഒരാൾ മാറുന്നുള്ളൂ എന്ന് കാണിക്കുന്നതിനാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്.
അല്ലാഹുവിനെ മാത്രം ആരാധ്യനായി വിശ്വസിച്ചംഗീകരിക്കുക എന്നതിൻ്റെ സാങ്കേതിക വിവക്ഷയിൽ തന്നെ അവിടുത്തെ പ്രവാചകത്വത്തെ അംഗീകരിക്കുക എന്നതുകൂടി ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഈ രണ്ടു സംഭവങ്ങളും വ്യക്തമാക്കുന്നുണ്ട്. ഏകദൈവികതയിലുള്ള (തൗഹീദ്) വിശ്വാസം കഴിഞ്ഞാൽ ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട വിശ്വാസ തത്വം പ്രവാചകത്വത്തിലുള്ള വിശ്വാസമാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം. ഇവ രണ്ടും കൂടെ ചേരുന്നതാണ് ‘ശഹാദത് കലിമ’ എന്ന പേരിൽ അറിയപ്പെടുന്ന ഇസ്ലാമിക വിശ്വാസ പ്രഖ്യാപനത്തിൻ്റെ മൗലിക വാക്യം. തൗഹീദ് (ഏകദൈവികത) വിശ്വാസത്തിൻ്റെ ആധാരമായിരിക്കുന്നതുപോലെ പ്രവാചകത്വത്തിലുള്ള വിശ്വാസം മുസ്ലിം കർമജീവിതത്തിൻ്റെ അടിസ്ഥാനമായി വർത്തിക്കുന്നു.
ഇന്ന് ജീവിച്ചിരിക്കുന്ന മുഴുവൻ മനുഷ്യരുടെയും പിതാവായ ആദം തന്നെയാണ് ഒന്നാമത്തെ പ്രവാചകനും എന്ന് നബിവചനങ്ങളിൽ വന്നിട്ടുണ്ട് (സ്വഹീഹു ഇബ്നി ഹിബ്ബാൻ). സെമിറ്റിക് വേദങ്ങളിലെല്ലാം പൊതുവായി പറയുന്നതനുസരിച്ച് ആദം ആണ് ആദ്യത്തെ മനുഷ്യൻ. "ആദമിന് മുമ്പ് മനുഷ്യരുണ്ടായിരുന്നോ?" എന്ന ചോദ്യം നൂറ്റാണ്ടുകൾക്ക് മുമ്പേ ഇസ്ലാമിക പണ്ഡിതന്മാർ ഒരു സംവാദ വിഷയമായി ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. അതിലേക്ക് വരുന്നതിനു മുമ്പ് ഈ ചർച്ചയുടെ പ്രസക്തി ഉയർത്തുന്നതിന് കാരണമായിട്ടുള്ള മനുഷ്യോത്പത്തിയെക്കുറിച്ച്, ആധുനികകാലത്ത് വലിയൊരു വിഭാഗം ശാസ്ത്രജ്ഞർ വിശ്വസിക്കുന്ന പരിണാമ സങ്കൽപത്തെക്കുറിച്ച് പറയാം.



