അല്ലാഹുവിനെ മാത്രം ഉപാസിക്കുവാനായി ഭൂമിയിൽ ഏറ്റവും ആദ്യം നിർമിക്കപ്പെട്ട ഭവനം വിശുദ്ധ കഅ്ബാലയം ആണല്ലോ. ആദം നബിയാണ് അത് ആദ്യമായി പണിതത്. ഒരു ഹദീസിൽ ഇങ്ങനെ വായിക്കാം: ‘ആദമിൻ്റെയും ഹവ്വയുടെയും അടുത്തേക്ക് അല്ലാഹു ജിബ്രീലിനെ അയച്ചു. അവരോട് കഅ്ബാലയം നിർമിക്കുവാൻ നിർദ്ദേശം നൽകി. അങ്ങനെ അവർ കഅ്ബ പണിതു. ജിബ്രീൽ പിന്നെയും വന്നു; ത്വവാഫ് (കഅ്ബാലയം വലയം ചെയ്യുന്ന ആരാധന) നിർവഹിക്കുവാൻ അറിയിച്ചു’ (ഇമാം ബൈഹഖി, ദലാഇലുന്നുബുവ്വഃ). ആദം നബി ഇന്ത്യയിൽ നിന്നും നാൽപതു തവണ നടന്നുപോയി ഹജ്ജ് ചെയ്തിട്ടുണ്ട് (ഇമാം ഇബ്നു ഹജർ, തുഹ്ഫതുൽ മുഹ്താജ് 4:3).
അല്ലാഹുവിൻ്റെ നിർദ്ദേശങ്ങൾ അപ്പടി പാലിച്ചാണ് ആദം നബി ജീവിച്ചത്. ‘അല്ലാഹുവിൻ്റെ ദൂതരേ, ആദമിൻ്റെ പദവി എന്താണ്’ എന്ന് പ്രവാചക ശിഷ്യനായ അബൂദർറ് അന്വേഷിക്കുന്നുണ്ട്. അവിടുന്ന് പ്രതിവചിച്ചു: ‘ആദം, നബിയും ദൂതനുമാണ് - അല്ലാഹു വചനങ്ങൾ നൽകി ആദരിച്ചയാൾ’ (ത്വബ്റാനി).
ഭൂമിയിലേക്ക് വരുമ്പോൾ അല്ലാഹു ഇങ്ങനെ സുവിശേഷം നൽകിയിരുന്നല്ലോ: ‘നിങ്ങൾക്ക് സന്ദേശങ്ങൾ വന്നുകൊണ്ടേയിരിക്കും. അത് പിന്തുടരുന്നവർ പിഴച്ചുപോവുകയോ പരാജിതരാവുകയോ ഇല്ല. പിന്തിരിഞ്ഞു പോയവർക്ക് വളരെ ക്ലേശകരമായ (പാരത്രിക) ജീവിതമാണ് ഉണ്ടാവുക’ (ത്വാഹാ 123-125).
സിലോണിലാണ് (ഇന്നത്തെ ശ്രീലങ്ക) ആദം നബി ഇറങ്ങിയതെന്ന് അഭിപ്രായമുണ്ട്. അവിടുത്തെ 'ആദം മല' പ്രശസ്തമാണല്ലോ. ഹവ്വാഅ് സൗദിയിലെ ജദ്ദ (ജിദ്ദ) എന്ന സ്ഥലത്തും (പിതാമഹി എന്നാണ് ആ വാക്കിനർഥം). രണ്ടുപേരും അറഫയിൽ വെച്ച് കണ്ടുമുട്ടി; പിന്നീട് ഒരുമിച്ച് ജീവിച്ചു.തൊള്ളായിരത്തി അറുപത് വർഷമായിരുന്നു ആദം നബിയുടെ പ്രായം എന്ന് ചില നിവേദനങ്ങളിലുണ്ട്. മക്കയിലെ അബൂഖുബൈസ് പർവതത്തിൻ്റെ താഴ്വരയിലാണ് മറവുചെയ്തത് എന്നാണ് പ്രസിദ്ധമായ അഭിപ്രായം.[1] മറ്റൊരഭിപ്രായം സിലോണിലെ ആദം മലയിലാണ് എന്നാണ്.[2] വിശുദ്ധ ഖുർആനിൽ ഇരുപത്തഞ്ചു തവണ പേര് പരാമർശിച്ചിട്ടുള്ളത് മനുഷാനുഭവ ചരിത്രത്തിൽ അവർക്കുള്ള അംഗീകാരംകൂടി അറിയിക്കുന്നതാണ്.



