ഒരുകാലത്ത് പ്രകൃതിനിർദ്ധാരണ സങ്കൽപത്തെ പിന്തുണച്ചിരുന്നവർ പോലും പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സൃഷ്ടിയുടെ പിന്നിൽ ഒരു മാർഗദർശി ഉണ്ടാവേണ്ടതിൻ്റെ ആവശ്യകത സൂചിപ്പിക്കാൻ തുടങ്ങി. 1953-ൽ ജയിംസ് വാട്സൺ, ഫ്രാൻസിസ് ക്രിക്ക് എന്നിവർ ഡിഎൻഎയുടെ (DNA) തന്മാത്രാഘടന കണ്ടെത്തിയതിനെത്തുടർന്നുള്ള ഗവേഷണങ്ങൾ ജനിതക കോഡ് വായിച്ചെടുക്കുന്നതിലേക്ക് നയിച്ചത് ജീവൻ്റെ ഉത്ഭവത്തിന് പിന്നിൽ ഒരു മാർഗദർശി ശക്തി ആവശ്യമാണെന്ന ആശയത്തിലേക്ക് (Creationism) കൂടുതൽ തെളിവുകൾ നൽകി. ശ്രദ്ധേയമായ ഉദാഹരണമാണ് ദീർഘകാലം നിരീശ്വരവാദിയായിരുന്ന സർ ഫ്രെഡ് ഹോയ്ൽ. യാദൃശ്ചികമായി ജീവൻ ഉത്ഭവിക്കുന്നു എന്ന ആശയത്തെ, ഒരു ലോഹക്കുമ്പാരത്തിലൂടെ കടന്നുപോകുന്ന ഒരു ചുഴലിക്കാറ്റ് ഒരു ബോയിംഗ് 747 രൂപപ്പെടുത്തുമെന്ന് അവകാശപ്പെടുന്നതിന് തുല്യമാണ് എന്നാണ് അദ്ദേഹം വിലയിരുത്തിയത്.
പ്രബലനായ അജ്ഞേയവാദിയായിരുന്ന ഫ്രാൻസിസ് ക്രിക്ക് വരെ ജീവൻ്റെ ഉത്ഭവത്തിൻ്റെ സങ്കീർണത വകവെക്കുന്നുണ്ട്: "നമുക്കിന്ന് ലഭ്യമായ എല്ലാ അറിവുകളും പ്രയോഗിക്കാനാവുന്ന ഒരു സത്യസന്ധനായ വ്യക്തിക്ക്, ‘ഈ അവസരത്തിൽ ജീവൻ്റെ ഉത്ഭവം മിക്കവാറും ഒരു അത്ഭുതമായി അനുഭവപ്പെടുന്നു, അങ്ങനെ സംഭവിക്കാൻ പല അവസ്ഥകളും നിറവേറേണ്ടതായിട്ടുണ്ട്’ എന്ന് മാത്രമായിരിക്കും ഇപ്പോൾ ഏതെങ്കിലും അർഥത്തിൽ പറയാനാവുക”[1]
പേരുകേട്ട പ്രമുഖ അമേരിക്കൻ സൈദ്ധാന്തിക ജീവശാസ്ത്രജ്ഞനും കടുത്ത നിരീശ്വരവാദിയും ജീവൻ്റെ ഉത്ഭവത്തെക്കുറിച്ചുള്ള “സ്വയം സംഘടിത” സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാവുമായ സ്റ്റുവർട്ട് അലൻ കോഫ്മാനും ഇങ്ങനെ സമ്മതിക്കുന്നുണ്ട്: "3.45 ബില്യൺ വർഷങ്ങൾക്ക് മുമ്പ് ഭൂമിയിൽ ജീവൻ എങ്ങനെ ആരംഭിച്ചുവെന്ന് അറിയാമെന്ന് നിങ്ങളോട് ആരെങ്കിലും പറയുന്നെങ്കിൽ അയാൾ വിഡ്ഢിയാണ്, അല്ലെങ്കിൽ കള്ളൻ. ആർക്കും അതറിയില്ല"[2]
അരിസോണ യൂനിവേഴ്സിറ്റിയിലെ പ്രമുഖ പ്രൊഫസറും കാലിഫോർണിയയിലെ ചാപ്മാൻ യൂനിവേഴ്സിറ്റിയുടെ Institute for Quantum Studies മായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനുമായ പോൾ ചാൾസ് വില്യം ഡേവീസ് പറയുന്നു: “ജീവൻ്റെ ഉത്ഭവം ഒരു നിഗൂഢതയാണെന്ന് പരസ്യമായി പറയുന്നതിൽ പല അന്വേഷകരും അസ്വസ്ഥരാണ്. അടച്ചിട്ട വാതിലുകൾക്ക് പിന്നിൽ തങ്ങൾ ചിന്താകുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണ് എന്ന് അവർ സ്വതന്ത്രമായി സമ്മതിക്കുന്നുണ്ടെങ്കിലും”[3]
ബോധപൂർവമുള്ള ഒരാളുടെ ഇടപെടലില്ലാതെ ജീവൻ ഉത്ഭവിക്കുകയില്ലെന്ന ഗവേഷണഫലങ്ങൾ ശാസ്ത്രജ്ഞരുടെ കൂട്ടത്തിലെ നാസ്തികരും നിരീശ്വരവാദികളുമായവരെ ആശയപരമായി പ്രതിസന്ധിയിൽ ആഴ്ത്തുക സ്വാഭാവികമാണല്ലോ. ദൈവത്തെ അംഗീകരിക്കാനും വയ്യ, ശാസ്ത്രത്തിൻ്റെ കണ്ടെത്തലുകളെ വകവെക്കാതിരിക്കാനും വയ്യ എന്ന സ്ഥിതിവിശേഷം നിലനിൽക്കുന്നു. ദൈവമല്ലാത്ത മറ്റെന്തെങ്കിലും ശക്തിയെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്!!
യൂട്യൂബിൽ പ്രശസ്ത നിരീശ്വരവാദി ബയോളജിസ്റ്റായ റിച്ചാർഡ് ഡോക്കിൻസിൻ്റെ ഒരു അഭിമുഖമുണ്ട്. Richard Dawkins admits to Intelligent Design എന്നാണ് അതിൻ്റെ തലവാചകം.[4] ഈ അഭിമുഖത്തിൽ ജീവൻ്റെ ഉത്ഭവത്തിന് പിന്നിൽ ഒരു 'higher intelligence' - ഉയർന്ന ബുദ്ധി ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്കിൻസ് അംഗീകരിക്കുന്നു.
ഡോക്കിൻസും മറ്റു പല പ്രമുഖരായ നിരീശ്വരവാദികളും പറയുന്നതനുസരിച്ച് ഈ ബുദ്ധിമാനായ ഏജൻസിയുടെ ഉറവിടം എന്താണ്? "ALIENS FROM OUTER SPACE!" - സ്പെയ്സിൽ നിന്നുള്ള അന്യഗ്രഹജീവികൾ! അല്ലെങ്കിൽ ഡോക്കിൻസിൻ്റെ തന്നെ വാക്കുകൾ ഉദ്ധരിച്ചാൽ “a higher intelligence from elsewhere in the universe” (പ്രപഞ്ചത്തിലെ മറ്റെവിടെനിന്നെങ്കിലും ഉള്ള ഉയർന്ന ബുദ്ധി)!!
ബഹിരാകാശത്തെവിടെയോ ഉള്ള അന്യഗ്രഹജീവികളാണ് ഭൂമിയിലേക്ക് ജീവൻ കൊണ്ടുവന്നതെന്ന അനുമാനത്തെ “directed panspermia” എന്ന് വിളിക്കുന്നു. ഡോക്കിൻസ് മാത്രമല്ല, പ്രമുഖ നിരീശ്വരവാദികളായ ബ്രിട്ടീഷ് രസതന്ത്രജ്ഞൻ ലെസ്ലി ഓർഗൽ, ഭൗതികശാസ്ത്രജ്ഞൻ ഫ്രാൻസിസ് ക്രിക്ക് എന്നിവരെല്ലാം ഇതിനെ അംഗീകരിച്ചിട്ടുണ്ട്!![5]
ജീവൻ്റെ ഉത്ഭവത്തിന് പിന്നിൽ ബഹിരാകാശത്ത് എവിടെയോ ഉള്ള അന്യഗ്രഹജീവികളെ അവരോധിക്കുന്നതിലെ പ്രശ്നം വായനക്കാർക്ക് വേഗം മനസ്സിലാകും: ഈ അന്യഗ്രഹജീവികൾക്കും ജീവനുണ്ടായിരുന്നല്ലോ. അപ്പോൾ ചോദ്യം: നിർജീവമായ ദ്രവ്യത്തിൽ നിന്ന് അന്യഗ്രഹജീവികൾ എങ്ങനെ ഉടലെടുത്തു? ഉപര്യുക്ത അഭിമുഖത്തിൽ ഡോക്കിൻസ് സൂചിപ്പിക്കുന്നത് അന്യഗ്രഹജീവികൾ "evolved, by probably some kind of Darwinian means" (ഒരുപക്ഷേ, ഏതോ തരത്തിലുള്ള ഡാർവീനിയൻ മാർഗങ്ങളിലൂടെ പരിണമിച്ചു) എന്നാണ്! ഓർമിക്കുക, ഡാർവീനിയൻ സംവിധാനത്തിൽ ക്രമരഹിതമായ ഉൾപരിവർത്തനവും (random mutation) പ്രകൃതിനിർദ്ധാരണവും (natural selection) ഉണ്ടാവണം. നിർജീവ വസ്തുവിന് മ്യൂട്ടേഷൻ നടക്കുവാനുള്ള ജീനുകളോ പ്രകൃതിനിർദ്ധാരണത്തിനുള്ള പ്രത്യുത്പാദന സന്തതികളോ ഇല്ല. അതിനാൽ അജ്ഞാതമായ, "some kind of Darwinian means" (ഏതോ തരത്തിലുള്ള ഡാർവീനിയൻ മാർഗങ്ങളിലൂടെ പരിണമിച്ചു) എന്ന് പറയുന്നത് ഫലത്തിൽ തടിതപ്പാനുള്ള ഒരു വഴി മാത്രമാണ് എന്നാണ് വിലയിരുത്തപ്പെട്ടത്. ഭൗമവിതാനത്തിലെ ജീവൻ്റെ ഉത്ഭവം തേടി ഇറങ്ങിയവർ തന്നെ ഔട്ടർ സ്പെയ്സിൽ ജീവികളുണ്ടെന്നും അവയും പരിണമിച്ചുണ്ടായതാണെന്നും പറയുമ്പോൾ പിന്നെയും സൃഷ്ടിവാദത്തിലേക്ക് തന്നെ മടങ്ങേണ്ടി വരുന്നു.



