ചാൾസ് ഡാർവിനാണ് പരിണാമ സിദ്ധാന്തത്തിൻ്റെ ആദ്യ ഉപജ്ഞാതാവ് എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. ശാസ്ത്രീയമായി കുറേക്കൂടി കൃത്യവും വ്യക്തവും ആധുനികവുമായ പദങ്ങളിൽ പരിണാമസങ്കൽപം വ്യക്തമാക്കിയ ആദ്യശാസ്ത്രജ്ഞൻ ഡാർവിൻ തന്നെയാണ്. എന്നിരുന്നാലും, ഡാർവിനു വളരെ മുമ്പുതന്നെ നിരവധി മുസ്ലിം തത്വചിന്തകർ ഉൾപ്പെടെ ധാരാളം പണ്ഡിതന്മാരും ഗവേഷകരും തങ്ങളുടെ രചനകളിൽ പരിണാമ സിദ്ധാന്തം ചർച്ച ചെയ്തിരുന്നു. ജൈവവ്യവസ്ഥിതിയിലെ വൈവിധ്യങ്ങളെയും അവയുടെ വികാസത്തെയും സംബന്ധിച്ചുള്ള പലതരം ആശയങ്ങൾ പൗരാണിക കാലം മുതൽതന്നെ നിലനിന്നുപോന്നിട്ടുണ്ട്.
അരിസ്റ്റോട്ടിലിൻ്റെ വീക്ഷണത്തിൽ ഒരു ബാഹ്യശക്തിയുടെ ബോധപൂർവമായ സ്വാധീനം മൂലമാണ് സൃഷ്ടിപ്പ് ഉണ്ടായിട്ടുള്ളത്. പ്രസ്തുത ബാഹ്യശക്തിയുടെ ബോധപൂർവമുള്ള ഇടപെടലിൻ്റെ ഫലമായി ജൈവവ്യതിയാനങ്ങൾ ഗുണാത്മകമായി പരിപൂർണതയിൽ എത്തുന്നു. ജൈവലോകത്ത് പ്രഥമമായി സസ്യങ്ങളും അവയിൽനിന്ന് ഉയർന്ന സസ്യലോകവും ആർത്രോപോഡുകളും ഉരഗങ്ങളും പക്ഷികളും ക്രമാനുഗതമായി മത്സ്യങ്ങളും സസ്തനങ്ങളും മനുഷ്യനും നിലവിൽ വന്നു എന്നാണ് അദ്ദേഹത്തിൻ്റെ നിരീക്ഷണം.
സിസിലിയിലെ തത്വചിന്തകനായിരുന്ന എംപിഡോകിൾസ് (Empedocles, BC 495-435) ഭൂമി, വായു, തീ, ജലം എന്നീ നാല് അജീവഘടകങ്ങളുടെ മിശ്രിതത്തിൽ നിന്നാണ് ജീവൻ ഉടലെടുത്തതെന്ന് അഭിപ്രായപ്പെട്ടു. തുടക്കത്തിൽ അവയവങ്ങൾ വിഭിന്നമായ അവസ്ഥയിൽ രൂപപ്പെട്ടു, പിന്നീട് ആകർഷണത്തിൻ്റെ ഫലമായി സമ്പൂർണ ജീവികളായി ഒന്നിച്ചു. അതിനുശേഷം, ജീവിക്കാൻ അനുയോജ്യമായവ മാത്രം അതിജീവിച്ചു, മറ്റു ദുർബല ജീവികൾ നശിച്ചു. എംപിഡോകിൾസ് അവതരിപ്പിച്ച ആശയത്തിന് ആധുനികമായ തെളിവുകളുണ്ടായിരുന്നില്ല. മാത്രമല്ല, തുടർച്ചയായ പ്രക്രിയയായി പരിണാമത്തെ കാണാതെ ഒറ്റത്തവണ സംഭവമായിട്ടാണ് അദ്ദേഹം കരുതിയത്. ദൈവിക ഇടപെടൽ എന്നതിനെക്കാൾ അദൃശ്യമായ ശക്തികൾക്കും ആകസ്മികതയ്ക്കുമായിരുന്നു എംപിഡോകിൾസ് മുൻഗണന നൽകിയത്.
പ്രകൃതിശാസ്ത്രജ്ഞനായ ബഫൺ (Buffon 1707-1788) മനുഷ്യനും ആൾക്കുരങ്ങിനും കുതിരയ്ക്കും കഴുതയ്ക്കും അതുപോലെ മറ്റു പല മൃഗങ്ങൾക്കും സമാനമായ മുൻഗാമികളുണ്ടെന്ന് സങ്കൽപിച്ചിരുന്നു. വീട്ടുമൃഗങ്ങളിലെ വൈജാത്യങ്ങൾക്ക് കാരണം കൃത്രിമമായ നിർദ്ധാരണമാണെന്നും അത്തരം നിർദ്ധാരണം പ്രകൃതിയിൽ സ്വാഭാവികമായും സംഭവിക്കാമെന്നും അദ്ദേഹം നിരൂപിച്ചു. ശാസ്ത്രീയമായി പരിണാമസങ്കൽപം അവതരിപ്പിച്ച ആദ്യ വ്യക്തി ബഫണാണെന്നു ഡാർവിൻ പറയുന്നുണ്ട്.
ജൈവപരിണാമ സങ്കൽപത്തെക്കുറിച്ച് ശാസ്ത്രീയ പരിവേഷത്തോടെ കൃത്യമായ ഒരു സിദ്ധാന്തരൂപത്തിൽ ആദ്യമായി ആവിഷ്കരിച്ച ഏറ്റവും ശ്രദ്ധേയനായ ജൈവശാസ്ത്രജ്ഞൻ യാൻ ബാപ്റ്റിസ്റ്റ് ലാമാർക് (Jean-Baptiste Lamarck 1744-1829) എന്ന ഫ്രഞ്ചുകാരനാണ്. ‘ആർജിത ഗുണങ്ങളുടെ പാരമ്പര്യ സംക്രമണം’ (Inheritance of acquired Characteristics) എന്ന തൻ്റെ സിദ്ധാന്തത്തിലൂടെ ജന്തുക്കൾ അവയുടെ കായിക പ്രവൃത്തികളുടെ ഫലമായി അവയവങ്ങളെ പരിഷ്കരിക്കുകയും അത്തരം വ്യതിയാനങ്ങൾ അടുത്ത തലമുറകളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു.



