എല്ലാ ജനതയിലേക്കും നാം ദൂതൻമാരെ നിയോഗിച്ചിട്ടുണ്ട് (അന്നഹ്ൽ : 36). ഒരു ജനതയും ഒരു മുന്നറിയിപ്പുകാരൻ വരാതെ കഴിഞ്ഞുപോയിട്ടില്ല (അൽ ഫാത്വിർ : 24). വിശുദ്ധ ഖുർആൻ പല തവണ പറഞ്ഞിട്ടുള്ള കാര്യമാണിത്. ജനതയെന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിട്ടുള്ളത് ഉമ്മത്ത് എന്ന പദമാണ്. വിശുദ്ധ ഖുർആനിൽ പത്ത് അർഥതലങ്ങളിൽ ഈ പദം ഉപയോഗിച്ചിട്ടുണ്ട്. (ഉമ്മത്ത്, മജ്ദുദ്ദീൻ ശീറാസി അൽഫയ്റൂസാബാദി, ബസ്വാഇറു ദവി ത്തംയീസ് 2:79). ഇംഗ്ലീഷിൽ Nation എന്നു പറയുന്നതിനു ഏകദേശം സമാനമായ അർഥത്തിലാണ് ഉപര്യുക്ത വാക്യങ്ങളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. പൊതുവായ പ്രദേശം, ഭാഷ, സംസ്കാരം അല്ലെങ്കിൽ വംശീയത എന്നിവയാൽ ബന്ധിപ്പിച്ചിരിക്കുന്ന ആളുകളുടെ ഒരു സംഘത്തെ അല്ലെങ്കിൽ നാഗരികതയെയാണ് ഉമ്മത്ത്/ജനത എന്നതു കൊണ്ട് ഇവിടെയെല്ലാം സൂചിപ്പിക്കുന്നത്. സാധാരണഗതിയിൽ ഏതെങ്കിലും ഭരണകൂടത്തിനോ സമാന സംവിധാനത്തിനോ കീഴിൽ സംഘടിതമായിരിക്കും. പുരാതനകാലം മുതൽ നിലനിന്നിരുന്ന ഇങ്ങനെയുള്ള ജനതകളിലേക്കെല്ലാം പ്രവാചകൻമാർ നിയോഗിതരായിട്ടുണ്ട് എന്നാണ് ഈ ഖുർആനിക വാക്യങ്ങളുടെ താത്പര്യം.
മെസപ്പെട്ടോമിയ, പുരാതന ഈജിപ്ത്, ഇന്ത്യയിലെ സിന്ധു നദീതടത്തിലെ ഹാരപ്പ, മോഹൻജോദാരോ, ചൈനയിലെ ഹുവാങ് ഹേ നദീതടം, ക്രീറ്റ് ദ്വീപ് (മിനോയൻ നാഗരികത), മധ്യ അമേരിക്ക (ആദിമ മായൻ സമൂഹങ്ങൾ), സഹാറാ മരുഭൂമിയിലെ വടക്കൻ മേഖല, ദക്ഷിണേന്ത്യ (പ്രോട്ടോ-ഡ്രാവിഡിയൻസ്), മധ്യ മെക്സിക്കോ (ഒൽമേക് നാഗരികത), ഇംഗ്ലണ്ടിലെ സ്റ്റോൺഹെഞ്ച് എന്നിവിടങ്ങളിലാണ്, ഇന്ന് ഉപലബ്ദമായിട്ടുള്ള പുരാവസ്തു പഠനങ്ങളും ചരിത്ര ഗവേഷണങ്ങളും വെളിപ്പെടുത്തുന്നതു പ്രകാരം ഏറ്റവും പുരാതനമായ ജനസമൂഹങ്ങൾ നിലനിന്നിരുന്നത്. ഇവയിൽ ഏറ്റവും പുരാതനമായതെന്നു പറയാവുന്നത് സിന്ധു നദീതടത്തിലെ ജനതയായിരിക്കും - ബി.സി. 3300 കാലം മുതലാണ് അവർ ജീവിച്ചിരുന്നത്.
നിലവിൽ പുരാവസ്തുരേഖകൾ ലഭ്യമായിട്ടില്ലെങ്കിലും ഇതിലും ഏതാണ്ട് ഒന്നര സഹസ്രാബ്ദം മുന്നേയാണ് ആദ്യ ദൂതനായ ആദം നബി മുതലുള്ള മനുഷ്യസമൂഹങ്ങൾ നിലനിന്നിരുന്നതെന്നാണ് ഖുർആൻ വ്യാഖ്യാതാക്കളും ഇസ്ലാമിക ചരിത്രകാരൻമാരും രേഖപ്പെടുത്തിയിട്ടുള്ളത്. എ.ഡി. 784 / ഹിജ്റ.168 ൽ മരണപ്പെട്ട പ്രസിദ്ധ ചരിത്രകാരനായ മുഹമ്മദ് ബ്നു സഅ്ദിൽ ബഗ്ദാദീയുടെ ചരിത്ര വിജ്ഞാന കോശം ത്വബഖാതുൽ കുബ്റയിൽ നിന്ന് ഇമാം ഖുർത്വുബി തൻ്റെ വിശുദ്ധ ഖുർആൻ വ്യാഖ്യാനത്തിൽ ഉദ്ധരിക്കുന്നതു പ്രകാരം, ആദം നബി മുതൽ മുഹമ്മദ് നബി വരെയുള്ള ഏകദേശ കാലയളവ് രേഖപ്പെടുത്തുന്നത് ഇപ്രകാരമാണ്:[1]
കാലദൈർഘ്യം (വർഷങ്ങൾ)
ആദം മുതൽ നൂഹ് വരെ 1000
നൂഹ് മുതൽ ഇബ്റാഹീം വരെ 1000
ഇബ്റാഹീം മുതൽ മൂസാ വരെ 1000
മൂസാ മുതൽ ഈസാ വരെ 1700
ഈസാ മുതൽ മുഹമ്മദ് വരെ 569
ആകെ 5269
ആദം, നൂഹ്, ഇബ്റാഹീം, മൂസാ എന്നീ നബിമാർക്കിടയിൽ 10 വീതം തലമുറകൾ ഉണ്ടായിരുന്നുവെന്നു പറയുന്ന ഒരു ഹദീസ് അബൂ ഉമാമതൽ ബാഹിലീവിൽ നിന്ന് ഇമാം ത്വബ്റാനി ഉദ്ധരിച്ചിട്ടുണ്ട്.[2] ഇവിടെ തലമുറകളെന്നു പരിഭാഷ നൽകിയിട്ടുള്ള ഖുറൂൻ എന്ന പദത്തിനു നൂറ്റാണ്ടുകളെന്നു അർഥകൽപ്പന നടത്താറുണ്ട്. അതു പ്രകാരമാണ്, ഇവർക്കിടയിൽ 100 വർഷം വീതം വരുന്ന പത്തു തലമുറകളെന്ന തോതാണ് ഈ ഏകദേശ കണക്കിന് അവലംബിച്ചിരിക്കുന്നതെന്ന് ഇബ്നു സഅ്ദ് പ്രത്യേകം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അനുമാനത്തെ ആസ്പദമാക്കിയാൽ ആദം നബിയുടെ കാലം 4700 BC മുതലാകാമെന്നു കണക്കാക്കാം. ‘ഉമ്മത്തുകളിലേക്ക്’ ആണല്ലോ നബിമാർ നിയോഗിക്കപ്പെട്ടത്; അതിനർഥം, നിലവിൽ നമ്മുടെ ഉത്ഖനന പഠനങ്ങളിലും ചരിത്ര ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുള്ളതിനേക്കാൾ പഴക്കമുള്ള നാഗരികതകൾ ഇനിയും കണ്ടെത്താൻ ശേഷിക്കുന്നു എന്നത്രെ.മനുഷ്യസദൃശ്യരായി ജീവിച്ചിരുന്നവർ പരസ്പരം കടിച്ചുകീറുകയും രക്തംചിന്തുകയും ‘നിലനിൽപ്പിനു വേണ്ടിയുള്ള’ സ്വാർഥമായ പോരാട്ടങ്ങളിൽ ഏർപ്പെടുകയും ചെയ്തതിനു ശേഷം പകരക്കാരനായി (ഖലീഫഃ) നിയോഗിക്കപ്പെട്ട, ആദം നബി തൻ്റെ ജനതയെ, സ്രഷ്ടാവിനെ ക്കുറിച്ച് പഠിപ്പിക്കുകയും മനുഷ്യജീവിതത്തിനു ലക്ഷ്യബോധം ഉണ്ടാകണമെന്നും സംസ്കാര സമ്പന്നരായി വളരണമെന്നും ഉണർത്തുകയും ചെയ്തു. ആദം മുതൽ നൂഹ് വരെ നിലനിന്നിരുന്ന പത്തു തലമുറകളും തങ്ങളുടെ ജീവിതത്തിൽ ദൈവിക നിയമപാഠങ്ങൾ അംഗീകരിച്ചിരുന്നുവെന്ന് ഇക്രിമയിൽ നിന്നു ഇബ്നു സഅ്ദ് ത്വബഖാതിൽ ഉദ്ധരിക്കുന്നുണ്ട്.[3] അതിനർത്ഥം ആദിമ മനുഷ്യസമൂഹങ്ങളിലെല്ലാം ദൈവിക വിശ്വാസം നിലനിന്നിരുന്നു എന്നാണ്.



