പരിണാമ സിദ്ധാന്തം അവതരിപ്പിച്ച ആദ്യത്തെ ശാസ്ത്രജ്ഞൻ ചാൾസ് ഡാർവിനാണ് എന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അദ്ദേഹം ഈ ആശയം ഓറിയന്റൽ സാഹിത്യത്തിൽ നിന്ന് കടമെടുത്തതാണെന്ന് എവിടെയും പരാമർശിച്ചിട്ടില്ല. എന്നാൽ ഡാർവിൻ ഈ ആശയം മുസ്ലിം തത്വചിന്തകരിൽ നിന്ന് - അതിൻ്റെ പ്രാകൃത രൂപത്തിലാണെങ്കിലും - ഏറ്റെടുത്തതായിരിക്കണം എന്ന് മുകളിൽ പറഞ്ഞ വസ്തുതകൾ വെളിപ്പെടുത്തുന്നു. ശേഷം അതേ ആശയം ശാസ്ത്രീയ ഭാഷയിലും തൻ്റെ നിരീക്ഷണങ്ങളുടെ വെളിച്ചത്തിലും കുറേക്കൂടി വ്യക്തതയോടെ അവതരിപ്പിച്ചു. താഴെ പറയുന്ന കാര്യങ്ങൾ ഇതിന് ഉപോത്ബലകമാണ്:
ഒന്ന്: ആദ്യകാല മുസ്ലിം ശാസ്ത്രജ്ഞരും തത്വചിന്തകരും പരിണാമത്തെ കുറിച്ചും വ്യത്യസ്ത സ്പീഷീസുകളുടെ രൂപാന്തരണത്തെ സംബന്ധിച്ചുമുള്ള സിദ്ധാന്തങ്ങൾ വികസിപ്പിച്ചെടുത്തിരുന്നു. ഇത് മധ്യകാല ഇസ്ലാമിക വിദ്യാലയങ്ങളിൽ വ്യാപകമായി പഠിപ്പിക്കുകയും ചെയ്തിരുന്നു. ചാൾസ് ഡാർവിൻ്റെ സമകാലികനായ ജോൺ വില്യം ഡ്രേപ്പർ 'Mohammedan Theory of Evolution' (മുഹമ്മദീയ പരിണാമ സിദ്ധാന്തം) എന്നാണ് അതിനെ വിളിച്ചത്. 1878-ൽ അദ്ദേഹം ഇപ്രകാരം എഴുതി:
“Sometimes, not without surprise, we meet with ideas which we flatter ourselves have originated in our own times. Thus our modern doctrines of evolution and development were taught in their schools. In fact, they carried them much farther than we are disposed to do extending them even to inorganic or mineral things.[1] - ചിലപ്പോൾ, ആശ്ചര്യത്തോടെയല്ലാതെ, നമ്മുടെ കാലത്ത് രൂപപ്പെട്ടുവെന്ന് നാം വമ്പത്തരം പറയുന്ന ആശയങ്ങളെ നമുക്ക് കണ്ടുമുട്ടാനാവില്ല. അവ്വിധം, പരിണാമത്തെയും വികാസത്തെയും കുറിച്ചുമുള്ള നമ്മുടെ ആധുനിക ആശയങ്ങൾ അവരുടെ വിദ്യാലയങ്ങളിൽ പഠിപ്പിച്ചിരുന്നു. വാസ്തവത്തിൽ, അവരതിനെ അജൈവമോ ധാതുതലത്തിലുള്ളതോ ആയ വസ്തുക്കളിലേക്ക് പോലും വ്യാപിപ്പിച്ച്, ഇപ്പോൾ നമ്മൾ കരുതുന്നതിലും വളരെയധികം മുന്നോട്ടു കൊണ്ടുപോയിരുന്നു”
രണ്ട്: ചാൾസ് ഡാർവിനെയും അദ്ദേഹത്തിൻ്റെ പരിണാമ സങ്കൽപത്തിൻ്റെ ആരംഭത്തെയും സ്വാധീനിച്ചിട്ടുണ്ടാകാം എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുള്ള മുസ്ലിം ചിന്തകർ രൂപപ്പെടുത്തിയ പരിണാമ സിദ്ധാന്തങ്ങൾ മുഹമ്മദ് ഹമീദുല്ലാഹ് വിവരിക്കുന്നു:
“ഈ ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നത്, ദൈവം ആദ്യം ദ്രവ്യത്തെ സൃഷ്ടിക്കുകയും അത് വികസിപ്പിക്കാൻ ഊർജ്ജം നൽകുകയും ചെയ്തുവെന്നതാണ്. അതിനാൽ, ദ്രവ്യം ആദ്യം മൂടൽമഞ്ഞിൻ്റെ രൂപം സ്വീകരിച്ചു; ഇത് അനുയോജ്യമായ സമയത്ത് വെള്ളത്തിൻ്റെ രൂപമെടുത്തു. സമ്പൂർണ ഘട്ടത്തിലെ വികാസത്തിൻ്റെ അടുത്തഘട്ടം ധാതുജീവിതമായിരുന്നു. വിവിധതരം കല്ലുകൾ കാലക്രമേണ വികസിച്ചു; അതിൻ്റെ ഏറ്റവും ഉയർന്ന രൂപം മർജാൻ (പവിഴപ്പുറ്റ്) ആയിരുന്നു. ഇത് മരത്തിൻ്റെ ശാഖകളുമായി സാമ്യമുള്ള ശാഖകളുള്ള ഒരു കല്ലാണ്.
ധാതുജീവിതത്തിന് ശേഷം സസ്യജാലങ്ങൾ പരിണമിക്കുന്നു. സസ്യജാലങ്ങളുടെ പരിണാമം ഒരു ജീവിയുടെ ഗുണങ്ങളുള്ള ഒരു മരത്തിൽ അവസാനിക്കുന്നു; ഇതാണ് ഈന്തപ്പന. ഇതിന് പുരുഷ-സ്ത്രീ തുല്യഗുണങ്ങളുണ്ട്. എല്ലാ ശാഖകളും വെട്ടിയാലും ഇത് ഉണങ്ങില്ല, പക്ഷേ തല വെട്ടിയാൽ അത് മരിക്കും. അതിനാലാണ് ഈന്തപ്പനയെ വൃക്ഷങ്ങളിൽ ഏറ്റവും ഉന്നതമെന്നും, മൃഗങ്ങളിൽ ഏറ്റവും താഴ്ന്നതുമായ ജീവിയോട് സാമ്യമുള്ളതെന്നും കരുതുന്നത്.
പിന്നീട്, ജീവികളിൽ ഏറ്റവും താഴ്ന്നത് ഉത്ഭവിക്കുന്നു. അത് ക്രമേണ കുരങ്ങിലേക്ക് പരിണമിക്കുന്നു. ഇത് ഡാർവിൻ്റെ പ്രസ്താവനയല്ല - ഇബ്നു മസ്കവൈഹി പറയുന്നതാണ്. ഇത് 'ഇഖ്വാനുസ്സ്വഫ'യുടെ 'റസാഇൽ' എന്ന ഗ്രന്ഥത്തിൽ കൃത്യമായി പരാമർശിച്ചിട്ടുണ്ട്. മുസ്ലിം ചിന്തകർ പറയുന്നതുപ്രകാരം കുരങ്ങ് പിന്നീട് ഒരു താഴ്ന്നതരം ബാർബേറിയൻ മനുഷ്യനായി വികസിച്ചു. അദ്ദേഹം പിന്നീട് ഒരു മികച്ച, നിലവാരമുള്ള മനുഷ്യനായി മാറി. മനുഷ്യൻ പുണ്യാത്മാവും പ്രവാചകനുമായി ഉയരുന്നു. അവൻ ഒരു ഉയർന്ന ഘട്ടത്തിലേക്ക് വികസിക്കുകയും ഒരു മാലാഖയായി മാറുകയും ചെയ്യുന്നു. മാലാഖമാരെക്കാളും ഉയർന്നവൻ യഥാർഥത്തിൽ ദൈവമല്ലാതെ മറ്റാരുമല്ല. എല്ലാം അവനിൽ നിന്നാണ് തുടങ്ങുന്നത്, എല്ലാം അവനിലേക്ക് മടങ്ങുന്നു”[2]
'Encyclopedia of the Brethren of Purity' (ഇഖ്വാനുസ്സ്വഫയുടെ നിഘണ്ടു) വിൽ എലോയ്സ് ഹാർട്ട് രേഖപ്പെടുത്തുന്നത് കൂടി വായിക്കാം:
“Another section describes the creation of worlds and the evolution of life in details that would have impressed Darwin. It explains how manifestation unfolds through successive layers, or stratified planes down to the mineral kingdom. Where, in this lowest kingdom, the most developed mineral entities live within its highest strata and blend imperceptibly into the next higher or vegetable kingdom. Likewise the vegetable kingdom contacts, at its highest level, the animal kingdom, whose culmination is man. The most evolved men contact higher spheres and, standing between the angelic and animal orders, serve on earth as vicegerents of God”[3] - “മറ്റൊരു വിഭാഗം ലോകങ്ങളുടെ സൃഷ്ടിയെയും ജീവൻ്റെ പരിണാമത്തെയും വിശദമായി വിശകലനം ചെയ്യുന്നു. ഇക്കാര്യം ഡാർവിനിൽ മതിപ്പുളവാക്കിയിരിക്കണം. എങ്ങനെ ക്രമാനുക്രമമായ അടുക്കുകളിലൂടെ, അല്ലെങ്കിൽ അട്ടിയട്ടിയായി വെക്കപ്പെട്ടിട്ടുള്ള പാളികളിലൂടെ പരിണാമത്തിൻ്റെ പ്രകടനം ഏറ്റവും താഴ്ന്ന തലമായ ധാതുലോകത്തിലേക്ക് ചുരുൾ നിവരുന്നുവെന്ന് അത് വിശദീകരിക്കുന്നു. ഇവിടെ, ഈ ഏറ്റവും താഴ്ന്ന ലോകത്തിൽ, ഏറ്റവും വികസിതമായ ധാതുഘടകങ്ങൾ അതിൻ്റെ ഏറ്റവും ഉയർന്ന പാളികളിൽ വസിക്കുന്നു; തുടർന്ന് അദൃശ്യമായ രീതിയിൽ അടുത്ത ഉയർന്ന തലവുമായി അഥവാ സസ്യലോകവുമായി ഇഴുകിച്ചേരുകയും ചെയ്യുന്നു. അതുപോലെ സസ്യലോകം അതിൻ്റെ ഏറ്റവും ഉയർന്ന തലത്തിൽ ജന്തുലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു; അതിൻ്റെ പരമാവധി അവസാനഘട്ടം മനുഷ്യനാണ്. ഏറ്റവും വികസിതമായ മനുഷ്യർ ഉയർന്ന പ്രാപഞ്ചിക ലോകങ്ങളുമായി ഇടപഴകുന്നു; മാലാഖമാരുടെയും മൃഗങ്ങളുടെയും വിതാനങ്ങൾക്കിടയിൽ നിലകൊള്ളുകയും ഭൂമിയിൽ ദൈവത്തിൻ്റെ പ്രതിനിധികളായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു”
'Encyclopedia of the Brethren of Purity'യുടെ ഇംഗ്ലീഷ് വിവർത്തനങ്ങൾ 1812 മുതൽ ലഭ്യമായിരുന്നു. അതോടൊപ്പം അൽഫൗസുൽ അസ്ഗർ, ഇഖ്വാനുസ്സ്വഫയുടെ റസാഇൽ മുതലായവയുടെ അറബി കൈയെഴുത്തുപ്രതികളും 19-ാം നൂറ്റാണ്ടിൽത്തന്നെ കേംബ്രിഡ്ജ് സർവകലാശാലയിൽ ലഭ്യമായിരുന്നല്ലോ.[4] തീർച്ചയായും 19-ാം നൂറ്റാണ്ടിലെ ഗവേഷകരും ശാസ്ത്ര വിദ്യാർഥികളും, പരിണാമവാദികൾ പ്രത്യേകിച്ചും, ഈ രചനകൾ പഠിച്ചിട്ടുണ്ടാകും. വിശിഷ്യാ, അറബി ഭാഷ അറിയാമായിരുന്നുവെന്ന് കരുതപ്പെടുന്ന ചാൾസ് ഡാർവിനിൽ ഇവ സ്വാധീനം ചെലുത്തിയിരിക്കാം എന്നാണ് പണ്ഡിതർ പറയുന്നത്.
മൂന്ന്: വാസ്തവത്തിൽ ചാൾസ് ഡാർവിനും പരിണാമത്തെക്കുറിച്ചുള്ള പഠനത്തിന് പ്രചോദനം ലഭിച്ചത് അദ്ദേഹത്തിൻ്റെ മുത്തച്ഛനായ എറാസ്മസ് ഡാർവിനിൽ നിന്നായിരുന്നു (1731–1802). അദ്ദേഹം ഈ ആശയം സ്വായത്തമാക്കിയത് ശതകങ്ങൾക്കു മുമ്പ് ഈ ആശയം വിശദീകരിച്ച മുസ്ലിം തത്വചിന്തകരിൽ നിന്നാണ്. അതിൽ ആകൃഷ്ടനായ ചാൾസ് ഡാർവിൻ പിൽക്കാലത്ത് പരിണാമ സിദ്ധാന്തത്തെക്കുറിച്ച് കൂടുതൽ വായിക്കുകയും അതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ശേഖരിച്ച് കുറേക്കൂടി ശാസ്ത്രീയമായ രീതിയിൽ അവതരിപ്പിക്കുകയുമാണ് ചെയ്തത്. ഡോ. ഇമാദ് ഹസൻ,[5] ടി.ഒ. ഷാഹ്നവാസ്[6] തുടങ്ങിയ സമകാലിക പണ്ഡിതർ ഈ വസ്തുത പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നാല്: ചാൾസ് ഡാർവിനും അറബി ഭാഷ അറിയാമായിരുന്നുവെന്നും അദ്ദേഹം മുസ്ലിം ശാസ്ത്രജ്ഞരുടെ കൃതികൾ പരസഹായമില്ലാതെതന്നെ വായിച്ചു മനസ്സിലാക്കിയിരുന്നു എന്നുമാണ് പല പണ്ഡിതന്മാരും വിചാരിക്കുന്നത്. ഡോ. മുഹമ്മദ് ഹമീദുല്ലാഹ് രേഖപ്പെടുത്തുന്നത് പ്രകാരം ഇസ്ലാമിനെ മനസ്സിലാക്കാനായി ഡാർവിൻ അറബി ഭാഷ പഠിച്ചിരുന്നു. അദ്ദേഹത്തിൻ്റെ പ്രസിദ്ധീകൃതമായ കത്തുകളുടെ ശേഖരത്തിൽ, നിരവധി എണ്ണം അദ്ദേഹത്തിൻ്റെ അറബി അധ്യാപകനെ അഭിസംബോധന ചെയ്താണ് എഴുതിയിരിക്കുന്നത്.[7] കേംബ്രിഡ്ജ് സർവകലാശാലയിലെ മതപഠന വിഭാഗത്തിൽ സേവനം ചെയ്തിരുന്ന ഓറിയന്റലിസ്റ്റായ സാമുവൽ ലീ (1783-1852) എന്ന പ്രൊഫസറുടെ കീഴിലായിരുന്നു അദ്ദേഹം ഇസ്ലാമിക സംസ്കാരത്തെക്കുറിച്ചുള്ള പഠനങ്ങളിൽ പ്രവേശിച്ചത്. അറബി, ഹീബ്രു ഭാഷകളിൽ പ്രൊഫസറായിരുന്ന അദ്ദേഹം 1819 ലാണ് കേംബ്രിഡ്ജിൽ അറബി അധ്യാപനം ആരംഭിച്ചത്. ബൈബിളിന്റെ തിരഞ്ഞെടുത്ത ഭാഗങ്ങൾക്കും മറ്റുചില ക്രൈസ്തവ ഗ്രന്ഥങ്ങൾക്കും സാമുവൽ ലീ തയ്യാറാക്കിയ വിവർത്തനങ്ങളാണ് എവാൻജലിക്കൽ പ്രസ്ഥാനത്തിന് 19-ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ മതപ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സഹായകരമായത്. [8]
ഡാർവിൻ ഗ്രാനറിക്ക് അയച്ച കത്തിൽ ലീയെക്കുറിച്ച് ഇപ്രകാരം പരാമർശിക്കുന്നു:
“I, was glad to sit by Professor Lee,—the Shrewsbury Carpenter.—I found him a very pleasant chatting man and in high spirits, like a boy, at being lately returned from living on a curacy for seven years in Somersetshire, to civilized society and oriental manuscripts.”[9] - “ശ്രൂസ്ബെറിയിലെ കാർപന്ററായിരുന്ന[10] പ്രൊഫസർ ലീയുടെ സമീപത്ത് ഇരിക്കുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നു. ഏഴു വർഷം സോമർസെറ്റ്ഷയറിൽ സഹവികാരിയായി ജീവിച്ച ശേഷം, നാഗരിക സമൂഹത്തിലേക്കും ഓറിയന്റൽ കൈയെഴുത്തുപ്രതികളിലേക്കും തിരിച്ചെത്തിയതിൻ്റെ സന്തോഷത്തിൽ വളരെ ആവേശത്തിൽ ഉത്സാഹഭരിതനായി, ഒരു കുട്ടിയെപ്പോലെ സംസാരിച്ചുകൊണ്ടേയിരുന്ന ഒരാളായാണ് ഞാൻ അദ്ദേഹത്തെ കണ്ടത്”
അന്വേഷണ കുതുകിയായ ചാൾസ് ഡാർവിനും അറബി ഭാഷ അറിയാമായിരുന്നിരിക്കാം, ഏറ്റവും കുറഞ്ഞത് ഓറിയന്റൽ സാഹിത്യങ്ങൾ പരിചിതമായിരുന്നിരിക്കണം എന്നെല്ലാം അനുമാനിക്കുന്നവർ ഇത്തരം സംഭവങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്.



