മനുഷ്യോത്പത്തിയെക്കുറിച്ചും അതിശയകരമായ പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ സങ്കീർണതകളെക്കുറിച്ചും ആലോചിക്കാനും അന്വേഷിക്കുവാനും പ്രേരിപ്പിക്കുകയും, അതിനായുള്ള ഉപദേശങ്ങൾ പലതവണ വിളിച്ചോതുകയും ചെയ്യുന്നുണ്ട് ഖുർആൻ.
“ഭൂമിയിലൂടെ സഞ്ചരിച്ച് സൃഷ്ടിയുടെ ആരംഭത്തെ മനസ്സിലാക്കുക" എന്ന ആഹ്വാനം (29:19, 20) അതിൻ്റെ മികച്ച ഉദാഹരണമാണ്. മനുഷ്യസൃഷ്ടിയുടെ ആരംഭത്തെക്കുറിച്ചും (38:71, 72) പ്രപഞ്ചത്തിൻ്റെ അവിസ്മരണീയ ഘടനകളെയും ക്രമസമീക്ഷയെയും കുറിച്ചും (7:185, 10:101) വർണിക്കുന്നതോടൊപ്പം സൃഷ്ടിയുടെ രഹസ്യങ്ങളെ മനസ്സിലാക്കാൻ ആഴത്തിലുള്ള ചിന്തയും പഠനവും ആവശ്യപ്പെടുകയും ചെയ്യുന്നു. ശാസ്ത്രീയമായ അന്വേഷണ പഠനങ്ങൾ ആരാധനയുടെ ഭാഗമെന്ന നിലയിലാണ് ഖുർആൻ അവതരിപ്പിക്കുന്നത്. സൃഷ്ടിപ്രപഞ്ചത്തിൻ്റെ അത്ഭുതങ്ങളെ ശ്രദ്ധയോടെ നിരീക്ഷിച്ച് ജീവിതത്തിൻ്റെ അർഥവും രഹസ്യവും കണ്ടെത്താനുള്ള ദീപ്തമായ ആലോചന വിശ്വാസിയുടെ ഉത്തരവാദിത്തമാണ്. സൃഷ്ടിയുടെ രഹസ്യങ്ങളെക്കുറിച്ചുള്ള വിശദമായ അറിവ് സ്രഷ്ടാവിൻ്റെ മഹത്വം കൂടി വെളിവാക്കുന്നു എന്നതുതന്നെ കാരണം.
പുരാതനകാലം മുതലേയുള്ള മുസ്ലിംകളും അല്ലാത്തവരുമായ അനേകം ശാസ്ത്രജ്ഞർ ഭൂമിയിലെ ജൈവവൈവിധ്യങ്ങൾ പൊതുപൂർവികമായ എന്തോ ഒന്നിൽ നിന്ന് വികസിച്ചുവന്നതാകാമെന്ന് അനുമാനിക്കുന്നുണ്ടെങ്കിലും, ഇതുവരെയും ശാസ്ത്രീയമായ തെളിവുകളുടെ പിൻബലത്തിൽ നിരാക്ഷേപം അംഗീകാരം നേടിയിട്ടുള്ള കാര്യമല്ല പരിണാമം.
ഇങ്ങനെയൊക്കെയാണെങ്കിലും ഒരർഥത്തിൽ പരിണാമത്തെ അംഗീകരിക്കുന്നത് വിശ്വാസിക്ക് പ്രയാസമുള്ള കാര്യമല്ല. നടേ വിവരിച്ചതുപോലെ, ഇത്തരം പഠനങ്ങൾ മുസ്ലിം തത്വചിന്തകരെയും ശാസ്ത്രജ്ഞരെയും തങ്ങളുടെ വിശ്വാസപരമായ നിലപാടുകൾ തെറ്റാണെന്നോ വ്യാഖ്യാനിക്കപ്പെടേണ്ട കാര്യമാണെന്നോ വിചാരിക്കാൻ പ്രേരിപ്പിച്ചിട്ടില്ല. അടിസ്ഥാനപരമായി പരിണാമ സങ്കൽപം ജീവൻ എങ്ങനെ ഉടലെടുത്തു എന്ന ചർച്ചപോലും ചെയ്യുന്നില്ല. വൈവിധ്യമാർന്ന ജൈവലോകത്തിൻ്റെ വിതരണം എങ്ങനെ നടന്നു എന്ന് മാത്രമാണല്ലോ പറയുന്നത്. ചിലരെങ്കിലും തെറ്റിദ്ധരിച്ചതുപോലെ (മറ്റു ചിലർ സ്വാർഥ താൽപര്യങ്ങൾക്കുവേണ്ടി പ്രചരിപ്പിക്കുകയും ചെയ്യുന്നതുപോലെ) അത് ദൈവത്തിൻ്റെ ഉണ്മയെയോ കഴിവിനെയോ നിഷേധിക്കുന്നില്ല. ‘അനന്തമജ്ഞാതമവർണനീയ’ സൃഷ്ടിജാലങ്ങളുടെ വേദിയായ മഹാപ്രപഞ്ചവും അതിലെ എണ്ണമറ്റ പ്രതിഭാസങ്ങളും പ്രകൃതിനിയമങ്ങളും എല്ലാം ഒരു ഒറ്റത്തവണ സംഭവമായി (one time event) നിലവിൽ വന്നതല്ലെന്നാണ് ഇസ്ലാമിക വിശ്വാസം. മണ്ണിൽ നിന്ന് മനുഷ്യപിതാവ് ആദം നബിയെ പടച്ചപ്പോഴും രേതസ്കണത്തിൽ നിന്ന് മറ്റു മനുഷ്യരെ വാർത്തപ്പോഴും വ്യത്യസ്ത ഘട്ടങ്ങളിലൂടെ സൃഷ്ടിയെ നടത്തിക്കൊണ്ടുപോയ അവൻ്റെ വൈഭവം, മറ്റൊരുതരം പരിണാമം സൃഷ്ടിക്കുവാനും അവൻ പോന്നവനാണ് എന്ന് അറിയിക്കുന്നുണ്ട്. വിശ്വാസത്തിൻ്റെ ബൗദ്ധിക തലത്തിൽ അതിനോട് വിയോജിപ്പില്ല താനും. അല്ലാഹുവിൻ്റെ വചനമായ വിശുദ്ധ ഖുർആനിലും അതിൻ്റെ വ്യാഖ്യാനമായ തിരുമൊഴികളിലും സ്പഷ്ടമായി പറഞ്ഞിട്ടുള്ള പ്രസ്താവനകളെ ഖണ്ഡിക്കുന്ന പ്രസ്താവനകൾ മാത്രമാണ് അർഥശൂന്യമായി വിലയിരുത്തപ്പെടുക.
സെമിറ്റിക് വേദങ്ങൾ പൊതുവേ പറയുന്നതുപോലെ ആദം നബി അല്ലാഹുവിൻ്റെ നേരിട്ടുള്ള സൃഷ്ടിയാണ്; ഹവ്വാഉം അങ്ങനെത്തന്നെ. അതിനുശേഷം ഇണകൾ തമ്മിലുള്ള ലൈംഗികവേഴ്ച പ്രജനന വ്യവസ്ഥയായി നിശ്ചയിക്കപ്പെട്ടു. എന്നാൽ ആദമിനു ശേഷവും മനുഷ്യകുലത്തിൽ അവൻ നേരിട്ട് സൃഷ്ടികർമം നടത്തിയിട്ടുണ്ട്.
സക്കരിയ്യാ നബിയുടെ ഹൃദയംഗമമായ പ്രാർഥന ഖുർആനിലുണ്ട് - തൻ്റെ ഭാര്യ ഒരിക്കലും സന്താനോത്പാദനം ഉണ്ടാകാൻ ഇടയില്ലാത്ത വന്ധ്യയാണ്; അദ്ദേഹമാവട്ടെ ജരാനര ബാധിച്ച, അസ്ഥിക്ഷയം ബാധിച്ചു തുടങ്ങിയ ഒരു വയോധികനായിരുന്നു. എന്നിട്ടും നിരാശപ്പെടുന്നില്ല. അല്ലാഹുവിനോട് പ്രാർഥിക്കുന്നു - സന്താനം ഉണ്ടാകണമെന്ന ആഗ്രഹത്തിൽ. ആ പ്രാർഥനയ്ക്ക് ഉത്തരം ലഭിച്ചു - യഹ്യ നബി ജനിച്ചു. ഇവിടെ വൈദ്യശാസ്ത്രപരമായി ചിന്തിച്ചാൽ മാതാപിതാക്കൾ രണ്ടുപേരും സന്താനം ഉണ്ടാകാൻ ഇടയില്ലാത്തവരാണ് - അല്ലാഹു അത്ഭുതകരമായ ജനനം കൊണ്ട് അവരെ അനുഗ്രഹിക്കുന്നു.
സമാനമായ അനുഭവമാണ് മർയം ബീവിയുടെ കാര്യത്തിലും ഉണ്ടായത്. അവർക്ക് പുരുഷസ്പർശം ഏറ്റിട്ടില്ല; അന്നോളം ജീവിതത്തിൽ ലൈംഗികബന്ധം ഉണ്ടായിട്ടില്ല. അവർക്ക് സന്താനം ജനിക്കാൻ പോകുന്നു എന്ന ദൈവഹിതം അറിയിക്കാൻ വന്ന മാലാഖയോടും അവരതുതന്നെ പറയുന്നുണ്ട്. ചിരപരിചിതമായ പ്രജനന വ്യവസ്ഥയ്ക്ക് എതിരാണ് ഈസാ നബിയുടെ ജനനം - താൻതന്നെ നിശ്ചയിച്ച പരിചിത കാരണങ്ങളെ വകവെക്കാതെയുള്ള അല്ലാഹുവിൻ്റെ ഇടപെടൽ.
ഈ പ്രപഞ്ചം മുഴുവനും മുന്നോട്ടുപോകുന്നത് അല്ലാഹുവിൻ്റെ ഹിതപ്രകാരം അവൻ നിശ്ചയിച്ച നിയമങ്ങൾക്ക് വിധേയമായാണ്. അവൻ്റെ മേൽ ആരും ഒന്നും അടിച്ചേൽപ്പിക്കുന്നില്ല - അവന് അസാധാരണമായി ഇടപെടുന്നതിന് തടസ്സവുമില്ല. എല്ലാം അവൻ്റെ സൃഷ്ടി; അത് നേരിട്ടുണ്ടാകണമോ അവൻ തന്നെ നിശ്ചയിച്ച പരിണാമ പ്രക്രിയകളെ പിന്തുടരണമോ എന്നത് അവൻ്റെ മാത്രം തീരുമാനം.
ആദം അല്ലാഹുവിൻ്റെ നേരിട്ടുള്ള സൃഷ്ടി മാത്രമല്ല, മാനവകുലത്തിൻ്റെ പിതാവ് കൂടിയാണ് എന്നാണല്ലോ ഇസ്ലാമിക വിശ്വാസം. അതിനർഥം, അതിനുമുമ്പ് മനുഷ്യരോ മനുഷ്യസദൃശ്യ ജീവികളോ ഉണ്ടായിക്കൂടെന്നല്ല, നിലവിലുള്ള മുഴുവൻ മനുഷ്യരുടെയും ആദിമ പിതാവ് അവിടുന്ന് ആണ് എന്നാണ്.
വിശുദ്ധ ഖുർആൻ്റെ ആഖ്യാനത്തിൽ ആദമിനെ സൃഷ്ടിക്കുന്ന വേളയിൽ മാലാഖമാരുടെ പ്രതികരണം രേഖപ്പെടുത്തിയിട്ടുണ്ട്: 'ഞാൻ ഭൂമിയിൽ ഒരു 'ഖലീഫയെ' ഏർപ്പെടുത്തുവാൻ പോകുന്നു’ എന്ന് അങ്ങയുടെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭം അവർ പറഞ്ഞു: ‘ഭൂമിയിൽ നാശമുണ്ടാക്കുകയും രക്തം ചിന്തിക്കുകയും ചെയ്യുന്നവരെ നീ അതിൽ ഏർപ്പെടുത്തുകയോ?! ഞങ്ങൾ നിന്നെ സ്തുതിച്ചുകൊണ്ട് സ്തോത്രകീർത്തനം ചെയ്യുകയും അവിടുത്തെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്തുകൊണ്ടിരിക്കുന്നുവല്ലോ.' അല്ലാഹു പറഞ്ഞു: 'നിശ്ചയമായും നിങ്ങൾക്ക് അറിഞ്ഞുകൂടാത്തത് എനിക്കറിയാം' (അൽബഖറ: 30).
ഈ സൂക്തത്തിൽ പ്രതിനിധി / പകരക്കാരൻ (ഖലീഫ) എന്ന് ഉപയോഗിച്ചതും, നാശങ്ങൾ ഉണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവർ എന്ന് വിശേഷിപ്പിക്കുകയും ചെയ്തതിനെ വിശദീകരിച്ചുകൊണ്ട് ആദം നബിക്ക് മുമ്പ് തന്നെ ഭൂമിയിൽ മനുഷ്യസാദൃശ്യമുള്ള ജീവികൾ ഉണ്ടായിരുന്നു എന്ന് ചില വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. അത് ജിന്ന് വർഗമായിരിക്കാം എന്ന് ചിലയാളുകൾ ഊഹിക്കുകയും ചെയ്യുന്നുണ്ട്. ബിന്ന്, ഹിന്ന് വർഗങ്ങളെ ജിന്നു വർഗം പോരാടി തോൽപിക്കുകയും അതിജീവിക്കുകയും ചെയ്തു എന്ന് ചിലർ രേഖപ്പെടുത്തുന്നു.[1] മറ്റു ചിലർ ഇവരെ ത്വമ്മ്, റമ്മ് എന്നിങ്ങനെയാണ് വിളിച്ചിട്ടുള്ളത്.[2] അതെന്തോ ആവട്ടെ, പരസ്പരം ആക്രമിച്ച് നാശം വിതയ്ക്കുക, രക്തം ചിന്തുക തുടങ്ങിയ മൃഗീയവാസനകൾ പ്രകടിപ്പിച്ചിരുന്ന മനുഷ്യസാദൃശ്യ ജീവികൾ ഇവിടെ ഉണ്ടായിരുന്നു എന്ന വീക്ഷണത്തെ ഇത് പിന്തുണയ്ക്കുന്നുണ്ട്.
ഇതിനോട് ചേർത്ത് താഴെപ്പറയുന്ന ഖുർആനിക വാക്യങ്ങൾ കൂടി വായിക്കാം: “എല്ലാവർക്കും അവരവർ പ്രവർത്തിച്ചത് മൂലമുള്ള ചില പദവികൾ ഉണ്ടായിരിക്കും. അവർ പ്രവർത്തിച്ചുവരുന്നതിനെപ്പറ്റി അങ്ങയുടെ രക്ഷിതാവ് അശ്രദ്ധനല്ല. അങ്ങയുടെ രക്ഷിതാവ് നിരാശ്രയനും കാരുണ്യവാനുമത്രെ. അവൻ ഉദ്ദേശിക്കുന്ന പക്ഷം, നിങ്ങളെ അവൻ മുച്ചൂടും നശിപ്പിച്ചു കളയുകയും, നിങ്ങളുടെ ശേഷം അവൻ ഉദ്ദേശിക്കുന്ന മറ്റൊരു വർഗത്തെ അവൻ പകരക്കാരായി കൊണ്ടുവരികയും ചെയ്യും; (അതെ) മറ്റൊരു ജനതയുടെ സന്തതികളിൽ നിന്നായി നിങ്ങളെ അവൻ ഉണ്ടാക്കിയതുപോലെ” (അൻആം - 132, 133).
ആദമിൻ്റെ നീളത്തെക്കുറിച്ച് പറയുന്ന ഹദീസുകളിൽ അവിടുന്ന് അസാധാരണമാം വിധം അതികായനായിരുന്നു എന്ന് പറയുന്നുണ്ട്. അതിനർഥം ഇന്നത്തെ മനുഷ്യനിലേക്കുള്ള പ്രയാണത്തിൽ മ്യൂട്ടേഷന് വിധേയമായിട്ടുണ്ടാകണം എന്ന് തന്നെയാണ്. കടുത്ത ധിക്കാരികളായിരുന്നതിൻ്റെ പേരിൽ അല്ലാഹുവിൻ്റെ ശിക്ഷയ്ക്ക് വിധേയമാകാൻ വിധിക്കപ്പെട്ട പൂർവസമുദായങ്ങളിലെ ചിലരെ മറ്റൊരു ജീവിവർഗമായി രൂപമാറ്റം നടത്തിയതിനെക്കുറിച്ച് ഖുർആനിൽ തന്നെ പരാമർശമുണ്ട്. അത്തരം ശിക്ഷകൾ ഈ സമുദായത്തിൽ ഇല്ലാതിരിക്കുവാൻ തിരുനബി പ്രാർഥിച്ചത് നബിവചനങ്ങൾ കാണാം. അന്ത്യനാൾ സംഭവിക്കുന്നതിനു മുമ്പ് അത്തരം സംഭവങ്ങൾ ആവർത്തിക്കുമെന്നും ഹദീസുകൾ സംസാരിക്കുന്നു. പരിണാമ സങ്കൽപത്തിൽ ഭാവിക്കുന്ന തരത്തിൽ ലക്ഷക്കണക്കിന് വർഷങ്ങൾ കൊണ്ട് സംഭവിക്കുന്ന ജനിതക മാറ്റങ്ങൾ കൊണ്ട് ഉണ്ടാകുന്ന രൂപമാറ്റങ്ങളല്ല ഇപ്പറയുന്നതെങ്കിലും, അല്ലാഹു അതിനും കഴിവുറ്റവൻ തന്നെയാണ് എന്നാണ് ഇതെല്ലാം അറിയിക്കുന്നത്.
രണ്ടര - മൂന്ന് ലക്ഷം വർഷങ്ങൾക്ക് മുമ്പ് മറ്റൊരു ജീവി മനുഷ്യനായി പരിണമിച്ചുണ്ടായി എന്നാണ് പരിണാമ സങ്കൽപം. ആദമിൻ്റെ കാലം പരമാവധി പത്തായിരം വർഷങ്ങൾക്കുള്ളിൽ മാത്രമാണ് വരിക. ആദം നബി മറ്റൊരു ജീവി പരിണമിച്ചുണ്ടായ ആളാണെന്ന് ആരും പറയുന്നില്ല എന്നർഥം! അതിവിദൂര സാധ്യതയിൽ പരിണാമ സങ്കൽപം ശരിതന്നെ എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാൽ തന്നെയും അത് സൃഷ്ടിവാദത്തെയോ ഇസ്ലാമിക വിശ്വാസങ്ങളെയോ ചരിത്രപരമായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ള വസ്തുതകളെയോ ഖണ്ഡിക്കുന്നില്ല.
ആനുഷംഗികമായി ഒരു കാര്യം കൂടി പറഞ്ഞ് അടുത്ത വിഷയത്തിലേക്ക് പ്രവേശിക്കാം. സെമിറ്റിക് വേദങ്ങളിൽ നിന്ന് വ്യത്യസ്തമായി പുരാതന രചനകളായി അറിയപ്പെടുന്ന ഹൈന്ദവ ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്ന മനുഷ്യൻ്റെ പ്രായം ശാസ്ത്രീയമായ വിശകലനങ്ങൾക്ക് വഴങ്ങുന്നതല്ല എന്ന് നിശ്ശങ്കം പറയാൻ പറ്റും. ത്രേതായുഗത്തിലാണ് ശ്രീരാമൻ ജീവിച്ചതെന്ന് പറയുന്നു; അതിൻ്റെ ദൈർഘ്യം 12,96,000 വർഷമായിരുന്നത്രെ. അന്നത്തെ ശരാശരി മനുഷ്യായുസ് 10,000 വർഷമായിരുന്നു എന്നും പറയുന്നുണ്ട്. 10,000 വർഷം പ്രായമുള്ള മനുഷ്യൻ എപ്പോഴെങ്കിലും ജീവിച്ചിരുന്നതായി ഒരു ശാസ്ത്രവും പറയുന്നില്ല. അതുപോലെ 12,96,000 വർഷങ്ങൾക്ക് മുമ്പ് ആധുനിക മനുഷ്യർ (Homo Sapiens) ഉണ്ടായിരുന്നു എന്ന് പറയുന്നതും ശരിയല്ല. അതിനാൽ, കേവലം ഭാവനാപൂർണമായ കഥാവിഷ്കാരം എന്നതിനപ്പുറം അത് വിലമതിക്കുന്നതായി ആരും കരുതുന്നില്ല.



