സാധാരണ വ്യവഹാരങ്ങളിൽ 'പ്രവാചകൻ' എന്നു ഭാഷാന്തരം ചെയ്യുന്നത് നബി എന്ന പദത്തെയാണ്. നുബുവ്വത് എന്ന മൂലപദത്തിൽ നിന്നാണ് ഇത് നിഷ്പന്നമാകുന്നത്. പ്രവാചകത്വത്തെ കുറിക്കുന്ന സാങ്കേതികപദമാണ് 'നുബുവ്വത്'. വിവരമറിയിക്കൽ എന്നോ പ്രവചിക്കൽ എന്നോ ഭാഷാർഥം പറയാം. എന്നാൽ ഈ പദത്തിൻ്റെ ഭാഷാനിഘണ്ടുകളിൽ നിന്നു കിട്ടുന്ന കേവല അർഥപരിധിയിൽ ഒതുങ്ങുന്നതല്ല സാങ്കേതിക അർഥമനുസരിച്ച് പ്രവാചകത്വം. അതു മനുഷ്യപ്രയത്നത്താൽ നേടിയെടുക്കാനാവാത്ത, തീർത്തും ദൈവദത്തമായ അത്യുത്തമ പദവിയാണ്. പ്രപഞ്ചനാഥൻ്റെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണത്. അല്ലാഹുവിൽ നിന്നുള്ള ദിവ്യബോധനം (വഹ്യ്) നൽകപ്പെട്ടവർ എന്നാണ് സാങ്കേതിക വിവക്ഷ. മാനവരാശിയിൽ അതിനേക്കാൾ മികച്ച ആധ്യാത്മിക പദവി റസൂലുമാർക്ക് മാത്രമാണ് ഉണ്ടാവുക.
പ്രവാചകന്മാരിൽ ചിലർക്ക് തങ്ങൾക്കു ലബ്ധമായ ദിവ്യബോധനം (വഹ്യ്) അനുസരിച്ച് മാതൃകാജീവിതം നയിക്കാനുള്ള നിർദ്ദേശങ്ങൾ അധ്യാപനം ചെയ്യൽ വ്യക്തിപരമായ ബാധ്യതയായി കൽപ്പിക്കപ്പെട്ടിട്ടുണ്ട്. പ്രബോധനമായ ഈ ദൗത്യത്തെ കുറിക്കുന്നതിനു 'രിസാലത്ത്' എന്ന പദമാണ് ഉപയോഗിക്കുന്നത്. ഭാഷയിൽ സന്ദേശം, ദൂത് എന്നെല്ലാമാണ് ഈ പദത്തിനർഥം. ഏതെങ്കിലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് എന്തെങ്കിലും സന്ദേശമെത്തിക്കുന്നയാളെയും ഭാഷാപരമായി 'റസൂൽ' എന്നു വിളിക്കാവുന്നതാണ്. നടേ സൂചിപ്പിച്ച പോലെ, സാങ്കേതികമായി, അല്ലാഹുവിൽ നിന്ന് മാനവ സഞ്ചയത്തിനുള്ള സന്ദേശവുമായി ആഗതരാവുകയും അവൻ്റെ മാർഗത്തിലേക്ക് അവരെ അധ്യാപനം ചെയ്തു മാർഗദർശനം നടത്തുകയും ചെയ്യുന്നയാളെയാണ് റസൂൽ എന്നു വിളിക്കുന്നത്. അയക്കപ്പെട്ടവൻ എന്നർഥമുള്ള മുർസൽ എന്ന പദത്തിൻ്റെ വിവക്ഷയും ഇതു തന്നെ. മലക്ക് / മാലാഖ മനുഷ്യരൂപത്തിലോ അല്ലാതെയോ പ്രത്യക്ഷപ്പെട്ട് ദൈവദൂതനായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിക്ക് ദൈവിക സന്ദേശം നൽകുന്നു, ദൈവികമായ ഈ വെളിപാടിൻ്റെ വെളിച്ചത്തിൽ ദൂതൻമാർ ശരിയായ ജീവിതരീതി മാതൃകാപരമായ ചര്യകളിലൂടെയും വിശുദ്ധവചനങ്ങളിലൂടെയും പഠിപ്പിക്കുകയും അങ്ങനെ സാധുവായ ജീവിത ദർശനം പ്രായോഗികമായി അവതരിപ്പിക്കുകയും ചെയ്യുന്നു - ഇതാണ് ദൂതൻമാർ വഴി അല്ലാഹു മാനവരാശിയെ നേർവഴിയിൽ നടത്താൻ അനുവർത്തിച്ചുപോന്നിട്ടുള്ള രീതി.
സെമിറ്റിക് മതങ്ങളെല്ലാം പ്രവാചകന്മാരെ അംഗീകരിക്കുന്നുണ്ട്. തഥൈവ, അവർ മലക്കിൽ നിന്നു ദിവ്യബോധനം സ്വീകരിക്കുന്നതിനെയും പൊതുവെ അംഗീകരിച്ചുപോരുന്നു. ഉദാഹരണത്തിന് യഹൂദൻമാർ കെതുവീമിലും ക്രൈസ്തവർ മഹാപ്രവാചകൻമാരിലും ഉൾപ്പെടുത്തി പൊതുവായി അംഗീകരിക്കാറുള്ള സെഫേർ ദാനിയാൽ എന്ന ഗ്രന്ഥത്തിൻ്റെ 8:15-18,[1] 10:5-11[2] എന്നീ ഭാഗങ്ങൾ നോക്കുക. ദാനിയേൽ പ്രവാചകന് ദൈവിക സന്ദേശം ലഭിക്കുന്നതിനെ ലളിതവും ഹൃസ്വവുമായ ഒരു വിവരണം കാണാനാവും.
വാസ്തവത്തിൽ സമീപനത്തിലും വിശദാംശങ്ങളിലും വ്യത്യാസങ്ങളും വൈജാത്യങ്ങളും പ്രകടമാണെങ്കിലും സെമിറ്റിക്കേതര മതവിശ്വാസങ്ങളും ദർശനങ്ങളും താത്വികമായി പ്രവാചകത്വത്തെയും അതിൻ്റെ പ്രബോധന ദൗത്യത്തെയും അർഥശങ്കക്കിടയില്ലാതെ അംഗീകരിക്കുന്നുണ്ടെന്നു പറയാം. പിൽക്കാലത്ത് ഉടലെടുത്ത ബഹുത്വത്തിൽ അധിഷ്ഠിതമായ ദൈവസങ്കൽപ്പത്തിലും മാലാഖമാരെ കുറിച്ചുള്ള തെറ്റായ വിഭാവനകളിലും എന്നതു പോലെ ഇക്കാര്യത്തിലും വളരെയധികം വ്യത്യസ്തമാണ് ഇവരുടെ വിശ്വാസ സങ്കൽപങ്ങളെന്നു മാത്രം. ഹിന്ദുമതത്തിലെ അവതാര സങ്കൽപം ഒരുദാഹരണമായി പരിഗണിക്കാം. ദൈവികമായ ധർമസംസ്ഥാപനം നിർവഹിക്കാനായി കാലാകാലങ്ങളായി അവതാരങ്ങൾ വരുന്നുവത്രെ. ഭഗവദ്ഗീതയിൽ കൃഷ്ണൻ അർജുനനെ ഉപദേശിക്കുന്ന വളരെ പ്രശസ്തമായ ഒരു ഭാഗം ഇങ്ങനെയാണ്: ഹേ ഭരത വംശജനായ അർജുനാ, എപ്പോഴൊക്കെ ധർമത്തിനു ക്ഷതവും അധർമത്തിനു അത്യുന്നതിയും ഭവിക്കുന്നുവോ അപ്പോഴൊക്കെ ഞാൻ ആവിർഭൂതനാകുന്നു. ശിഷ്ടജനങ്ങളെ രക്ഷിക്കാനും ദുഷ്ടജനങ്ങളെ ശിക്ഷിക്കാനും അങ്ങനെ ധർമം സംസ്ഥാപിക്കാനുമായി യുഗം തോറും ഞാൻ ആവിർഭവിച്ചു കൊണ്ടേയിരിക്കുന്നു.[3] ധർമം സംസ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടു കൂടി ധാരാളം പുണ്യാത്മാക്കളുടെ ആഗമനം ഉണ്ടായിട്ടുണ്ടെന്ന വിശ്വാസം ഈ വരികളിൽ നിന്നു മനസ്സിലാക്കാം. കാലാകാലങ്ങളിൽ ഇത്തരം നിയോഗങ്ങൾ സംഭവിച്ചുകൊണ്ടേയിരിക്കും. ഇപ്രകാരം ആകെ എത്ര അവതാരങ്ങൾ വന്നുവെന്നും അവർ ആരെല്ലാമായിരുന്നുവെന്നും ഹൈന്ദവ ഗ്രന്ഥങ്ങൾ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.
'ധർമം' എന്ന പദം വളരെ വിപുലമായ ആശയങ്ങൾ ഉൾക്കൊള്ളുന്നതാണ്. ധർമത്തിനു ഗ്ലാനി (ക്ഷീണം) സംഭവിക്കുമ്പോഴെല്ലാം സദ്വൃത്തരുടെയും സാധുജനങ്ങളുടെയും സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും വേണ്ടി യുഗം തോറും ഭഗവാൻ അവതരിക്കുന്നുവെന്ന വാക്കുകളിൽ നിന്നു തന്നെ ധർമം നിലനിർത്തുന്നുവെന്നു പറയുന്നതിൻ്റെ ഉദ്ദേശ്യം വ്യക്തമാണ്. ഗീതയുടെ നിലപാടനുസരിച്ച് അധർമത്തെ അടിച്ചമർത്തുന്നതും അതിനു വേണ്ടി യുദ്ധം ചെയ്യുന്നതും ധർമ സംസ്ഥാപനത്തിൻ്റെ ഭാഗവും അനിവാര്യതയുമാണ്. ഗീത തുടരുന്നു:“ക്ഷത്രിയന്റെ സ്വധർമത്തെ ആലോചിച്ചിട്ടും മുൻനിശ്ചയത്തിൽ നിന്ന് നീ വ്യതിചലിക്കാൻ അർഹനല്ല. ധർമത്തിൽ നിന്നു തെറ്റാത്ത യുദ്ധത്തേക്കാൾ ശ്രേഷ്ഠമായി ക്ഷത്രിയനു മറ്റൊന്നുമില്ല”[4] (ഭഗവത്ഗീത 1 / 35) അതായത് ധർമം നിലനിർത്തുകയെന്നത് ക്ഷത്രിയന്റെ സ്വധർമമാണ്. അതിനു വേണ്ടി യുദ്ധം ചെയ്യാനായി നിശ്ചയിക്കപ്പെട്ട വിഭാഗമാകുന്നു ക്ഷത്രിയർ, അതുകൊണ്ട് 'നീയിവിടെ യുദ്ധം ചെയ്യേണ്ടവൻ തന്നെ' എന്നു പറയുന്നു. 'ധർമത്തിൽ നിന്നു വ്യതിചലിക്കാത്ത' എന്ന വിശേഷണം പ്രത്യേകം ശ്രദ്ധിക്കുക. അവനവൻ്റെ ഉന്നതിക്കു വേണ്ടിയുള്ള യുദ്ധമല്ല പറയുന്നത്; പ്രത്യുത താൻ പ്രതിനിധാനം ചെയ്യുന്ന ആദർശത്തിന്റെ ഉന്നതിയാണ് ക്ഷത്രിയ യുദ്ധങ്ങളുടെ ലക്ഷ്യം.



