ശരിതെറ്റുകൾ വേർതിരിച്ചറിയാൻ ആവശ്യമായ അടിസ്ഥാന ബോധനവും മാനസികമായ പ്രാപ്തിയും എല്ലാ മനുഷ്യർക്കും നൽകപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആൻ പറയുന്നു: 'മനസ്സും അതിനെ തികവാർന്നതാക്കിയതും സാക്ഷി. അങ്ങനെ അതിനു ധർമത്തെയും അധർമത്തെയും സംബന്ധിച്ച ബോധനവും അവൻ നൽകി. തീർച്ചയായും ആരതിനെ സംസ്കരിച്ചുവോ അവൻ വിജയിച്ചു; അതിനെ മലിനമാക്കിയവൻ പരാജയപ്പെടുകയും ചെയ്തു' (അശ്ശംസ് : 7-10). എന്നാൽ സാമൂഹികജീവിതം നിരപായം മുന്നോട്ടു പോകുന്നതിന് മനസ്സാക്ഷിയുടെ ബോധനവും ഉൾവിളിയും മാത്രം മതിയാകില്ല.
മുമ്പ് ചർച്ച ചെയ്തതു പോലെ, ആദം നബിക്കു മുമ്പ് ഭൂമിയിൽ വസിച്ചിരുന്ന മനുഷ്യസദൃശ്യരായ ജീവിവർഗം തമ്മിലടിക്കുകയും രക്തം ചിന്തുകയും ചെയ്തതു പോലെയുള്ള സാഹചര്യങ്ങൾ ഉടലെടുത്തേക്കും. അതിനാൽ ഓരോ മേഖലയിലും മാർഗദർശനം നൽകാൻ പ്രാപ്തരായവരുടെ നിർദ്ദേശങ്ങളും തത്വങ്ങളും ആവശ്യമാണ്. അത്തരം മഹാപുരുഷരെ അനുസരിക്കാൻ കാലാകാലങ്ങളിൽ മനുഷ്യൻ സന്നദ്ധരായിട്ടുമുണ്ട്. അതുകൊണ്ടാവാം ഗുരുക്കൾ, കുടുംബ ഗോത്ര രാഷ്ട്രാദികളുടെ തലവന്മാർ, പണ്ഡിതന്മാർ തുടങ്ങിയവർ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്തുപോരുന്നത്. എന്നാൽ മനുഷ്യജീവിതത്തിൻ്റെ നിഖില മേഖലകളെയും ആത്യന്തിക ജീവിതവിജയത്തിനു പാകമാകുന്ന വിധത്തിൽ ചിട്ടപ്പെടുത്താൻ പ്രവാചക സന്ദേശം കൂടിയേ തീരൂ.
പ്രവാചകത്വം അനിവാര്യമാകുന്നതിനുള്ള അഞ്ചു ന്യായങ്ങൾ ഇമാം മാവർദി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
1) അല്ലാഹു തൻ്റെ ദാസന്മാർക്ക് ആവശ്യമായ എല്ലാതരം നന്മകളും ഗുണങ്ങളും യഥോചിതം നൽകി അനുഗ്രഹിക്കുന്നു. മനുഷ്യധിഷണക്കു പ്രാപ്യമല്ലാത്ത വിഷയങ്ങളും പാഠങ്ങളും പ്രവാചകനിയോഗം മുഖേന ലഭ്യമാക്കുന്നു. അതു മനുഷ്യർക്കു സ്രഷ്ടാവ് ചെയ്യുന്ന നന്മയും അനുഗ്രഹവുമാണ്.
2) പ്രവാചകന്മാർ ധർമം പാലിക്കുന്നവർക്കു സ്വർഗം ലഭിക്കുമെന്ന സുവിശേഷവും അധർമം വിതക്കുന്നവർക്ക് നരകശിക്ഷ ലഭിക്കുമെന്ന താക്കീതും നൽകുന്നതിനാൽ, നന്മ പ്രവർത്തിച്ചു രക്ഷ നേടാനും തിന്മയിൽ നിന്ന് അകന്നു മോക്ഷം നേടാനും ചിന്തിച്ചു തീരുമാനം കൈക്കൊള്ളാനും സാഹചര്യമുണ്ടാകുന്നു. അങ്ങനെ, സൃഷ്ടികൾക്ക് നന്മയോടിണങ്ങാനും സത്യം സ്വീകരിക്കാനും അനായാസേന അവസരമൊരുക്കുന്നു.
3) സാമാന്യബുദ്ധിക്കു ഗ്രഹിക്കാനാകാത്ത സംഗതികളും അദൃശ്യയാഥാർഥ്യങ്ങളും നമുക്കു പ്രവാചകന്മാരിലൂടെയല്ലാതെ അറിയാൻ വഴിയില്ല. പ്രവാചകത്വത്തിൻ്റെ അറിവിൻ്റെ മറ്റൊരു വിശാലമായ പ്രപഞ്ചം തുറന്നിടുന്നു.
4) അല്ലാഹു മാത്രമാണ് ആരാധ്യൻ എന്ന വസ്തുത അവനെ അനുസരിക്കുന്ന ഒരു ജീവിതക്രമത്തിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തുന്നു. അതു നൽകാൻ മനുഷ്യനെയും പ്രപഞ്ചത്തെയും സൃഷ്ടിച്ച അല്ലാഹുവിനെക്കാൾ യോഗ്യരായി മറ്റാരുമില്ല. അല്ലാഹുവിൽ നിന്ന് ആ ഉത്തരവാദിത്തം ജനങ്ങളിലേക്കെത്തിക്കുന്നവരത്രേ പ്രവാചകന്മാർ. തദ്വാരാ, സൃഷ്ടികർത്താവിനോടുള്ള ശരിയായ അനുസരണയ്ക്കു പ്രായോഗിക മാർഗം ലഭിക്കുന്നു.
5) തങ്ങൾക്കു താഴെയോ തുല്യമായതോ ആയ അറിവും യോഗ്യതയും സവിശേഷതയുമുള്ളവരെ അനുസരിക്കാനും പിൻപറ്റാനും പൊതുവേ ആരും സന്നദ്ധരാവുകയില്ല. എന്നാൽ അതീന്ദ്രിയമായ വിജ്ഞാനവും അമാനുഷികമായ അനുഭവങ്ങളും പിൻബലമായുള്ള പ്രവാചകന്മാർ മുഖേന അവനെ അനുസരിക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ ജനങ്ങളെ ആകർഷിക്കാൻ കഴിയുമെന്നു മാത്രമല്ല, ഒരേ വിശ്വാസവും ആദർശവും ആവേശവും നിലനിർത്തുന്നവരായി ഏകോപിപ്പിക്കാനും തദ്വാരാ ഏകദൈവ വിശ്വാസത്തിൽ അണിനിരത്താനും സാധിക്കും. അങ്ങനെ പ്രവാചകന്മാർ മുഖേനയുള്ള നന്മയും അനുഗ്രഹവും സർവ വ്യാപകമാകുന്നു. യാഥാർഥ്യം പറഞ്ഞാൽ, ഇങ്ങനെ സാധ്യമാകുന്ന ഏകോപനമാണ് ശരിയായ സാർവത്രിക ഐക്യം. തർക്കത്തിന്റെയും പിണക്കത്തിന്റെയും പ്രതിരോധവും തീർപ്പും ഈ പ്രവാചകന്മാരിലൂടെ സാധ്യമാകുന്നു.[16]
ലോകചരിത്രം പരിശോധിച്ചാൽ മാനവരാശിയെ സ്വാധീനിച്ച അനേകം പേരെ നമുക്കു കാണാനാകും. പലപ്പോഴായി പല ദേശത്തും ജനനായകരായി വാഴ്ത്തപ്പെട്ടവർ. ഇങ്ങനെയുള്ള വ്യക്തികളിൽ നിന്നും നേതാക്കളിൽ നിന്നും പ്രവാചകന്മാർ എങ്ങനെ വ്യത്യസ്തരാകുന്നുവെന്ന കാര്യം ഈ വിശദീകരണത്തിൽ നിന്നു മനസ്സിലാക്കാൻ സാധിക്കും. ഏറ്റവും പ്രധാനപ്പെട്ട വേർതിരിവ് പ്രവാചകന്മാരുടെ പക്കലുള്ള ജ്ഞാനോപാധി സാധാരണക്കാർക്കില്ല എന്നതു തന്നെ. വഹ്യ് അഥവാ ദിവ്യബോധനമാണല്ലോ പ്രവാചകജ്ഞാനത്തിൻ്റെ സ്രോതസ്സ്. അതിനാൽ ദൈവത്തെ കുറിച്ചും അവന്റെ വിശേഷണങ്ങളെ കുറിച്ചും അവനെ അനുസരിക്കേണ്ടതിന്റെ രീതിശാസ്ത്രത്തെ കുറിച്ചും ഏറ്റവും ആധികാരികമായ വിജ്ഞാനം നമുക്ക് നൽകാൻ പ്രവാചകന്മാർക്ക് സാധിക്കുന്നു. എത്രതന്നെ വിചാരമതി ആയിരുന്നാലും ധൈഷണികൗന്നത്യം പുലർത്തിയാലും അതിഭൗതിക യാഥാർഥ്യങ്ങളെ സംബന്ധിച്ചു കൃത്യവും വ്യക്തവുമായ ധാരണയിലെത്താൻ സാധാരണ മനുഷ്യനു സാധിക്കുകയില്ല. എന്നാൽ ‘വഹ്യ്’ എന്ന അതീന്ദ്രിയ വഴിയിലൂടെ നൽകപ്പെടുന്ന വിജ്ഞാനം ലൗകികവും പാരത്രികവുമായ സമസ്ത വിഷയങ്ങളിലും നീതിയുക്തവും ധർമനിഷ്ഠവും സന്തുലിതവുമായ ചര്യകളെ ആവിഷ്കരിക്കാനും പ്രബോധനം ചെയ്യാനും ദൂതന്മാരെ സജ്ജരാക്കുന്നു. അങ്ങനെ തൻ്റെ സൃഷ്ടി പ്രകൃതത്തിൻ്റെ മഹത്തായ ലക്ഷ്യത്തിനും താത്പര്യത്തിനും അനുയോജ്യമായ ജീവിതചര്യയുടെ സംസ്ഥാപനം സാധ്യമാകുന്നു.
ചരിത്രത്തിൽ നിന്നും സാമൂഹികശാസ്ത്ര പഠനങ്ങളിൽ നിന്നും നമുക്ക് പരിചയമുള്ളതു പോലെ, പ്രവാചകന്മാരല്ലാത്ത ധാരാളം പേർ സ്വന്തമായി ആരാധനാരീതികളും വിശ്വാസപ്രമാണങ്ങളും സാമൂഹിക നിയമങ്ങളും ആവിഷ്കരിച്ചു നടപ്പിലാക്കാൻ ശ്രമിച്ചിട്ടുണ്ട്. ദൈവത്തിൻ്റെ തന്നെ പേരിൽ കെട്ടിച്ചമച്ചുണ്ടാക്കിയ അനുഭവങ്ങളും മനുഷ്യാനുഭവ ചരിത്രത്തിൽ നിരവധിയുണ്ട്. എന്നാൽ അവയൊന്നും സമഗ്രമോ യുക്തിഭദ്രമോ സത്യസന്ധമോ ആയിരുന്നില്ല. സത്യവും അസത്യവും കൂടിക്കലർന്നു കിടക്കുന്നുവെന്ന് അതേ ഗ്രന്ഥങ്ങളും അതിൻ്റെ വാക്താക്കളും ആത്മവിമർശനം നടത്തുന്നത് പലപ്പോഴും കാണാനാവുന്നു.
മാനവസമൂഹത്തിന്റെ നേതൃത്വത്തിലേക്കു വന്നവരും പ്രവാചകന്മാരും തമ്മിലുള്ള പ്രധാന അന്തരം ദിവ്യബോധനത്തെ ആധാരമാക്കിയുള്ള ജ്ഞാനമാണെന്നു പറഞ്ഞല്ലോ. വിശുദ്ധ ഖുർആൻ ഇക്കാര്യം പലവുരു ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഒരു വചനത്തിൻ്റെ സാരാംശം ഇങ്ങനെ: എന്തെങ്കിലും അറിവോ വഴികാട്ടിയോ പ്രദീപ്തമായ വേദഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിന്റെ കാര്യത്തിൽ വെറുതെ തർക്കിച്ചുകൊണ്ടിരിക്കുന്ന ചിലരുണ്ട്. ഉദ്ധതഭാവത്തിൽ ഭുജം തിരിച്ച് അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് ആളുകളെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നവർ' (അൽഹജ്ജ് : 8,9).
എന്നാൽ സത്യപ്രവാചകന്മാർ അല്ലാഹുവിൽ നിന്നുള്ള അഭൗമ വിജ്ഞാനത്താൽ വിഭൂഷിതരായിരുന്നു. മർയം 43, അൽഅൻബിയാഅ് 74, അൽഖ്വസ്വസ് 14, അൽബഖറ 120 തുടങ്ങിയ വചനങ്ങൾ ഇക്കാര്യം വ്യക്തമായി സ്ഥാപിച്ചിട്ടുണ്ട്. തിരുനബിയെക്കുറിച്ചു പറഞ്ഞ ഒരു വചനത്തിന്റെ ആശയം ഇങ്ങനെ വായിക്കാം: 'അവിടുന്നു തോന്നിയപോലെ സംസാരിക്കുന്നില്ല; ഈ സന്ദേശം അവിടുത്തേക്കു നൽകപ്പെട്ട ദിവ്യബോധനം മാത്രമാണ്' (അന്നജ്മ് : 3,4). പ്രവാചകരിലൂടെ അവതരിപ്പിക്കപ്പെടുന്ന ദർശനത്തിന്റെ അസ്സൽ രൂപം പൂർണമായും ദൈവപരമാണ് എന്നു ചുരുക്കം. മനുഷ്യജ്ഞാനത്തിന്റെ പരിമിതികൾ അതിനെ ബാധിക്കുന്നില്ല.
മുഴുവൻ മാനവരാശിയെയും ഒരേചരടിൽ കോർക്കാൻ പ്രവാചക ദർശനങ്ങൾക്ക് സാധിക്കുന്നു എന്ന ഇമാം മാവർദിയുടെ നിരീക്ഷണം പ്രസക്തമാണ്. സ്രഷ്ടാവിൽ നിന്നുള്ള ബോധനത്തിന്റെ അടിസ്ഥാനത്തിലാണല്ലോ പ്രവാചകന്മാർ സംസാരിക്കുന്നത്. അഭൗമ യാഥാർഥ്യങ്ങളെക്കുറിച്ച് ദൈവിക സ്രോതസ്സിൽ നിന്നുള്ളതല്ലാത്ത എല്ലാ ബോധനങ്ങൾക്കും പരിമിതികളുണ്ട്. പ്രപഞ്ചത്തിന്റെ സൃഷ്ടി കർതൃത്വം നിർവഹിച്ചവനല്ലാതെ അതിൻ്റെ ലക്ഷ്യത്തിനു പാകവും പക്വവുമായ മാർഗം നിർദ്ദേശിക്കാനാവില്ല. ജീവിതത്തെക്കുറിച്ച് വിചാരണ ചെയ്യുന്നവൻ തന്നെ, അത് എങ്ങനെയാവണമെന്നു നിർദ്ദേശിക്കുന്ന പക്ഷം അവൻ്റെ വിചാരണ യുക്തമായിരിക്കുമെന്നു മനസ്സിലാക്കാം. അതിനാൽ അന്യൂനമായ ജീവിതമാർഗം ദിവ്യബോധനമായി തന്നെ ലഭിക്കണം. അതാകുന്നു യഥാർഥത്തിലുള്ള അറിവ്. അതല്ലാത്തതെല്ലാം അജ്ഞതയോ അപൂർണ ജ്ഞാനമോ ആണ്. വഹ്യ് ഇരുളുകളിൽ നിന്നെല്ലാം മാനവനെ വെളിച്ചത്തിലേക്കു നയിക്കുന്നു: 'ഇതു നാം അങ്ങേക്ക് ഇറക്കിയ വേദഗ്രന്ഥമാണ്. ജനങ്ങളെ അവൻ്റെ നാഥൻ്റെ അനുമതിയോടെ ഇരുളുകളിൽ നിന്നു വെളിച്ചത്തിലേക്കു നയിക്കാൻ' (ഇബ്റാഹീം : 01). ഇവിടെ ഇരുളുകൾ എന്നു ബഹുവചനവും വെളിച്ചം എന്ന് ഏകവചനവും ഉപയോഗിച്ചതു ശ്രദ്ധിക്കുക. മനുഷ്യകൃതമായ മാർഗങ്ങളുടെയും ശരിയായ മാർഗത്തിൽ നിന്നുള്ള ഭ്രംശനത്തിൻ്റെയും വ്യത്യസ്ത ഇരുൾവീഥികളിൽ നിന്നു ദൈവഹിതത്തെ അനുസരിക്കുകയെന്ന വെളിച്ചത്തിൻ്റെ പാതയിലേക്ക് വഴികാട്ടുന്ന വേദം എന്നർഥം. ദൈവികേച്ഛയുടെ വെളിച്ചത്തിൽ ദൈനംദിന ചുവടുകളെ ചിട്ടപ്പെടുത്തുകയെന്ന ഒരേയൊരു ജീവിത വീക്ഷണത്തിലേക്ക് എല്ലാവരും നയിക്കപ്പെടുന്നു.
സെമിറ്റിക്ക് മതങ്ങളിൽ പൊതുവെയും ഇസ്ലാമിൽ വിശേഷിച്ചും പ്രവാചകന്മാർക്കും വഹ്യ് / ദിവ്യബോധനം ആധാരമാക്കിയിട്ടുള്ള ജ്ഞാനപദ്ധതിക്കും നൽകിയിട്ടുള്ള പ്രാധാന്യം ശ്രദ്ധേയമാണ്. പ്രവാചകമൂല്യങ്ങളുടെ സാർവലൗകികതയും സാർവജനീനതയുമാണ് അതു കാണിക്കുന്നത്.
എല്ലാ നബിമാരും ഒരേ ആദർശവും വിശ്വാസവുമാണ് പഠിപ്പിച്ചത്. ഒരേ മതമാണു പ്രബോധനം ചെയ്തത്. ബഹുദൈവോപാസനയും നാസ്തികതയും സൃഷ്ടിച്ച ഇരുളറകളിൽ നിന്ന് ഏകദൈവ വിശ്വാസത്തിന്റെ രാജപാതയിലേക്കാണ് അവരെല്ലാവരും ക്ഷണിച്ചത്. 'ഞാനും എൻ്റെ പൂർവഗാമികളായ നബിമാരും പ്രഖ്യാപിച്ചതിൽ വെച്ച് ഏറ്റവും ഉത്തമമായ വചനം ലാഇലാഹഇല്ലല്ലാഹ് ആണ്' എന്നു തിരുനബി പറഞ്ഞത് നേരത്തേ ഉദ്ധരിച്ചിട്ടുണ്ടല്ലോ (ബുഖാരി). അതിനാൽ ഏതെങ്കിലും ഒരു പ്രവാചകനെ നിഷേധിക്കുന്നത് എല്ലാവരെയും ഒന്നിച്ചടച്ചു നിഷേധിക്കുന്നതിനു തുല്യമാണ്. അത് ഇന്നോളം പ്രവാചകദർശനങ്ങളെ പിൻപറ്റിയ മൊത്തം ജനതയെയും നിഷേധിക്കലാവുന്നു. ഭിന്നിപ്പിലേക്കു നയിക്കലാകുന്നു.
‘നിങ്ങൾ ഒറ്റക്കെട്ടായി അല്ലാഹുവിൻ്റെ പാശം മുറുകെപ്പിടിക്കുക. ഭിന്നിക്കരുത്. അല്ലാഹു നിങ്ങൾക്കു നൽകിയ അനുഗ്രഹങ്ങളെ ഓർക്കുക. നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നു. പിന്നെ അവൻ നിങ്ങളുടെ മനസ്സുകളെ പരസ്പരം കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായി തീർന്നു. നിങ്ങൾ അഗ്നികുണ്ഡത്തിൻ്റെ വക്കിലായിരുന്നു. അതിൽനിന്ന് അവൻ നിങ്ങളെ രക്ഷിച്ചു. ഇവ്വിധം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്കു വിവരിച്ചു തന്നു; നിങ്ങൾ സന്മാർഗം പ്രാപിച്ചവരാകാൻ' (ആലുഇംറാൻ: 103).
“അല്ലാഹുവിന്റെ ദൂതന്മാരേ! നല്ല വിഭവങ്ങൾ ഭക്ഷിക്കുക, സദ്കർമങ്ങൾ ചെയ്യുക. നിശ്ചയം നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റിയെല്ലാം നിശ്ചയമായും നന്നായി അറിയുന്നവനാണു നാം. തീർച്ച, നിങ്ങളുടെ ഈ സമുദായം ഏകസമുദായമാകുന്നു. ഞാനാണു നിങ്ങളുടെ നാഥൻ. അതിനാൽ എന്നോടു ഭക്തിയുള്ളവരാവുക. പക്ഷേ പിന്നീട് ജനങ്ങൾ കക്ഷികളായി പിരിഞ്ഞ് വെവ്വേറെ മതങ്ങളുണ്ടാക്കി. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതിൽ നിഗളിപ്പു കാണിക്കുന്നവരാണ്' (അൽമുഅ്മിനൂൻ: 51-53).
കാലദേശങ്ങളുടെ അന്തരങ്ങൾ ഉണ്ടെങ്കിലും എല്ലാ പ്രവാചകന്മാരും ഒരേ ആദർശവും വിശ്വാസവും ഉള്ളവരായിരുന്നു. നേരത്തെ പറഞ്ഞതുപോലെ, 124000ൽപ്പരം പ്രവാചകന്മാരാണ് ആകെ വന്നതെന്നാണ് പ്രസിദ്ധമായ നിവേദനങ്ങളിൽ വന്നിട്ടുള്ളത്. മാനവികതയുടെയും നാഗരികതയുടെയും വളർച്ചക്കും സാമൂഹിക പുരോഗതിക്കും അനുസൃതമായി, ഓരോ കാലത്തും ആഗതരായ പ്രവാചകന്മാരുടെ സാമൂഹിക നിയമങ്ങളിലും ആചാരക്രമങ്ങളിലും നേരിയ വ്യത്യാസങ്ങൾ കാണാമെങ്കിലും വിശ്വാസതലത്തിൽ അവർ ഏകത നിലനിർത്തുന്നു. പ്രവാചകവീക്ഷണങ്ങളെ സ്വന്തം യുക്തിയുടെ വ്യാഖ്യാനം കൊണ്ടോ മറ്റേതെങ്കിലും അളവുകോലു കൊണ്ടോ അളക്കാനും അതിനൊത്തു ചെത്തിമിനുക്കാനും മുതിർന്നവരാണ് അവയെ മൗലികമായ തത്വങ്ങളിൽ നിന്നും മൂല്യങ്ങളിൽ നിന്നും തെറ്റിച്ചത്.
ഒന്നുകൂടെ വ്യക്തമാക്കിപ്പറഞ്ഞാൽ, ആദ്യത്തെ പ്രവാചകൻ ആദം നബി മുതല് അന്ത്യപ്രവാചകർ മുഹമ്മദ് നബി വരെയുള്ള മുഴുവന് പ്രവാചകന്മാരും ഒരേ മാർഗത്തിന്റെയും പരലോക വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ഭൗതിക ജീവിതത്തെ സംസ്കരിക്കുന്നതിനുള്ള അധ്യാപനങ്ങളാണ് തങ്ങളുടെ ജനതകൾക്കു നല്കിയിരുന്നത്. അതിനർഥം മനുഷ്യകുലത്തിന്റെ മൗലികമായ മതം ഇസ്ലാം തന്നെയാണെന്നാണ്. ഇന്നു കാണപ്പെടുന്ന മറ്റെല്ലാ മതങ്ങളും ആ അടിസ്ഥാന മതത്തിന്റെ മൗലികതത്വങ്ങളെ പലരീതിയിൽ വ്യാഖ്യാനിച്ചതിനാൽ ഉടലെടുത്ത രൂപങ്ങളാണ്; ദൈവികബോധനത്താൽ പഠിപ്പിക്കപ്പെട്ടിരുന്ന പാഠങ്ങളുടെ ചില വശങ്ങള് മായ്ച്ചുകളയുകയും സ്വയംകൃതമായ ചിലത് കൂട്ടിച്ചേര്ക്കുകയും ചെയ്തപ്പോൾ പുതുതായി രൂപംകൊണ്ട വിശ്വാസാചാരങ്ങൾ!



