നിങ്ങളുടെ ‘റോൾമോഡൽ’ ആരാണെന്ന ചോദ്യം ഇന്നു വ്യാപകമാണല്ലോ. ദൈവഹിതത്തിനു വഴങ്ങി ജീവിക്കാൻ ആഗ്രഹിക്കുന്നവർക്കു അവൻ തന്നെ നിയോഗിച്ചയച്ച റോൾമോഡലുകളാണ് നബിമാർ. അല്ലാഹുവിൽ നിന്നുള്ള ബോധനത്തിൻ്റെ അടിസ്ഥാനത്തിലാണല്ലോ അവർ ജീവിതമാതൃകകൾ പഠിപ്പിക്കുന്നത്. വിശ്വാസതലത്തിൽ അവരുടെ അധ്യാപനങ്ങൾ ഒട്ടും തെറ്റാതെ സ്വീകരിക്കുക, ഒപ്പം കർമമണ്ഡലത്തിൽ അവരുടെ ജീവിതത്തെ അപ്പടി പുനരാവിഷ്കരിക്കുക - ഇതാണ് പ്രവാചകന്മാരിൽ വിശ്വസിക്കുന്നതിന്റെ ശരിയായ താത്പര്യം.
പ്രവാചകരുടെ ദൗത്യത്തില് വിശ്വസിച്ച് ഒഴുക്കിനൊത്തു നീന്തുകയോ യഥേഷ്ടം മറ്റുള്ളവരെ അനുസരിക്കുകയോ ചെയ്യുന്നതിനു വേണ്ടിയല്ല അല്ലാഹു അവരെ നിയോഗിച്ചത്. മറ്റെല്ലാ ശീലങ്ങളെയും പരിത്യജിച്ച് അവർ നിർദ്ദേശിച്ച ശീലങ്ങളിലൂടെ ജീവിക്കാനും, അനുശാസനം ചെയ്ത നിയമങ്ങൾ പാലിക്കാനുമാണ്. വിശുദ്ധ ഖുർആൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഒരു വാക്യം ഇങ്ങനെ വായിക്കാം: 'അല്ലാഹുവിന്റെ അനുമതിയോടെ അനുസരിക്കപ്പെടുന്നതിനു വേണ്ടിയല്ലാതെ ഒരു ദൂതരെയും നാം നിശ്ചയിച്ചിട്ടില്ല' (അന്നിസാഅ്: 64). മറ്റൊരിടത്ത്: ‘പ്രവാചകരെ അനുസരിക്കുന്നവർ തീർച്ചയായും അല്ലാഹുവിനെയത്രെ അനുസരിച്ചിരിക്കുന്നത്’ (അന്നിസാഅ്: 80).
പ്രവാചകൻമാർ അധ്യാപനം ചെയ്ത വേദങ്ങൾ അവർ മുന്നോട്ടുവെച്ച ജീവിത മാതൃകകളുടെ അടിസ്ഥാന പാഠങ്ങളാണ്. തിരുനബിക്കു വിശുദ്ധവേദം അവതരിപ്പിക്കപ്പെട്ട പശ്ചാത്തലത്തിൽ വിശുദ്ധ ഖുർആൻ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്: 'അങ്ങേക്ക് നാം വേദം അവതരിപ്പിച്ചു തന്നിരിക്കുന്നത് അവർക്കിടയിൽ അഭിപ്രായഭിന്നതകളുള്ള കാര്യങ്ങളുടെ വസ്തുത വിവരിച്ചുകൊടുക്കാൻ വേണ്ടിയത്രേ; വിശ്വസിക്കുന്നവർക്ക് നേർവഴിയും അനുഗ്രഹവുമായിട്ടും' (അന്നഹ്ൽ :64).
വെറും ഊഹാപോഹങ്ങളുടെയും അർഥശൂന്യമായ ഭാവനകളുടെയും അടിത്തറയിൽ രൂപംകൊണ്ട പരസ്പര വിരുദ്ധങ്ങളായ എണ്ണമറ്റ ചിന്താഗതികളിലും ആചാരങ്ങളിലും അകപ്പെട്ടിരുന്ന ജനങ്ങള്ക്ക് മാറ്റത്തിനുള്ള സുവര്ണാവസരം നേടിക്കൊടുക്കുന്നതായിരുന്നു ഖുർആനുമായുള്ള നബിനിയോഗം. സമൂഹത്തിലെ എല്ലാവര്ക്കും ഒന്നിക്കാവുന്ന സത്യാധിഷ്ഠിതവും സൃഷ്ടിപരവുമായ ഒരടിത്തറ അവിടുത്തെ പ്രബോധനമാതൃകകളിലൂടെ ലഭിച്ചിരിക്കുന്നു! ഈ അനുഗ്രഹം ലഭിച്ചിട്ടും തങ്ങളുടെ പൂര്വനിലപാടിനു മുന്ഗണന നല്കി ആരെങ്കിലും ധിക്കാരികളാവുകയാണെങ്കിൽ യാതൊരു പരിണാമവും അവരിൽ ദൃശ്യമാവുകയില്ല. ഇതത്രെ പ്രവാചകജീവിതങ്ങളെ അനുകരിക്കാൻ നിർദ്ദേശിക്കുന്നതിലെ തത്വം.
ഇന്നോളമുള്ള മാനവരാശിയുടെ ചരിത്രം പരിശോധിച്ചാൽ ഏത് ഉത്തമ സംസ്കാരത്തിനും ആധാരശിലകളായി വർത്തിച്ചിട്ടുള്ള മൂന്നു ഘടകങ്ങളുണ്ട് എന്നു മനസ്സിലാക്കാം. ഒന്ന്: കൃത്യവും വ്യക്തവുമായ സൈദ്ധാന്തിക ചട്ടക്കൂട്. രണ്ട്: നിത്യജീവിതത്തെ ക്രമപ്പെടുത്തുന്നതിൽ ഗണ്യമായി സ്വാധീനം ചെലുത്തുന്ന ധാർമികചട്ടങ്ങൾ. മൂന്ന്: സുഭദ്രമായ നാഗരിക നിയമങ്ങൾ. മിക്ക സംസ്കാരങ്ങളിലും നാഗരികതകളിലും ഇവയുടെ ആവിഷ്കാരം നടന്നത് ക്രമബദ്ധമായാണ്.
ആദ്യത്തെത് അറിയപ്പെട്ട ദാർശനികരും ധിഷണാശാലികളുമാണ് രൂപപ്പെടുത്തിയതെങ്കിൽ രണ്ടാമത്തെത് ഏതെങ്കിലും വിശ്വാസസരണിയെയോ അവയുടെ ആചാര്യരുടെ ജീവിതക്രമങ്ങളെയോ മാതൃകയാക്കി രൂപം കൊണ്ടതാണ്. ഓരോ ഇടങ്ങളിലും ഉദയം ചെയ്ത നാഗരിക നിയമങ്ങൾ വിചാരമതികളായ ദാർശനികർ രൂപപ്പെടുത്തിയ വീക്ഷണങ്ങളുടെ അടിത്തറയിലാണ് ഉടലെടുത്തത്. വൈജ്ഞാനികവും സാമൂഹികവുമായ അവബോധങ്ങളും നിത്യജീവിതാനുഭവങ്ങളും അവയ്ക്കു പ്രലോഭനമായി. നിരൂപണബുദ്ധ്യാ ചിന്തിച്ചാൽ, ഈ പറഞ്ഞവയെല്ലാം പലപ്പോഴും വൈരുധ്യാത്മകമായ കാഴ്ചപ്പാടുകൾ വെച്ചു പുലർത്തിയിരുന്നവരാണ് ആവിഷ്കരിച്ചതെന്നു മനസ്സിലാക്കാം. അവയെ സാമൂഹിക ജീവിതത്തിൻ്റെ സാഹചര്യങ്ങൾക്ക് അനുസൃതമായി വിപുലപ്പെടുത്താനും കാലോചിതമായി വ്യാഖ്യാനിക്കാനും മുതിർന്നവർ ചിന്താരേഖയിലും ധൈഷണിക നിലവാരത്തിലും പലതരം വൈജാത്യങ്ങൾ ഉള്ളവരായിരുന്നു എന്നതും നിസ്തർക്കമത്രേ. അതിനാൽ, കാലാകാലങ്ങളിൽ നടേ സൂചിപ്പിച്ച രൂപത്തിലുള്ള ഭിന്നതകൾക്കും കക്ഷിവഴക്കുകൾക്കും അതു കാരണമായിട്ടുണ്ട്. തദ്വാരാ, ഓരോരുത്തരും ഓരോ രീതിയിലുള്ള മാർഗങ്ങൾ അവലംബിക്കാനും ഇടയായി.
എന്നാൽ ദിവ്യബോധനത്തെ ആധാരമാക്കി വളർന്നുവന്ന നാഗരികതകളിൽ പലതരം വൈവിധ്യങ്ങൾ ദൃശ്യമായിരുന്നപ്പോഴും ഇത്തരം ന്യൂനതകളിൽ നിന്ന് അവ മുക്തമായിരുന്നു. അതിൻ്റെ ഏറ്റവും പ്രധാന കാരണം, അവരെ നയിച്ചിരുന്ന നിലപാടുകൾ ദിവ്യബോധനത്തിൻ്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാകയാൽ അവ ഏകമാനമായിരുന്നു എന്നതാണ്. പ്രബോധിതരായ മുഴുവൻ പേർക്കും അതു തന്നെയായിരുന്നു അടിത്തറ. സിദ്ധാന്തങ്ങൾ പ്രയോഗതലത്തിൽ വൈരുധ്യാത്മകമാവുകയോ നിത്യജീവിതത്തോട് ഏറ്റുമുട്ടുകയോ ചെയ്തില്ല. കാരണം, വിശ്വാസതലത്തെ രൂപപ്പെടുത്തിയ യുഗപുരുഷന്മാർ തന്നെയായിരുന്നു അവരുടെ കർമമണ്ഡലത്തെയും രൂപപ്പെടുത്തിയത്. അവരതിൻ്റെ ജീവിക്കുന്ന മാതൃകകളായി യത്നിക്കുകയും സംസ്കൃത നാഗരികതയുടെ പ്രായോഗികതലം ആവിഷ്കരിക്കുകയും ചെയ്തു.
ദൈനംദിനാനുഭവങ്ങളെ ക്രമപ്പെടുത്താൻ വഹ്യിൻ്റെ (ദിവ്യബോധനം) വാഹകനായ ദൂതൻ അവർക്ക് ഉത്തമ മാതൃകയായി. സമൂഹത്തിൽ ഏറ്റവും ഉന്നതരും സദാചാരമൂല്യങ്ങൾ പാലിച്ചിരുന്നവരും ധാർമിക ജീവിതം നയിച്ചിരുന്നവരും സംസ്കൃതരുമായിരുന്നു പ്രവാചകന്മാർ. അവരെക്കാൾ വിശ്വാസശക്തി ആർജിച്ചിരുന്നവരോ മാന്യമായി ജീവിച്ചിരുന്നവരോ അക്കാലത്തുണ്ടായിരുന്നില്ല. അതുകൊണ്ട് അതത് സമൂഹങ്ങളുടെ തികവൊത്ത മാതൃകകൾ ആ മഹാപുരുഷർ തന്നെയായി. അവർ പലപ്പോഴും തങ്ങളുടെ വിശ്വാസപദ്ധതിയുടെ പ്രതിരോധത്തിന് വേണ്ടി സമരങ്ങൾ നയിക്കുകയും ആ സമൂഹത്തിൻ്റെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. അവർ രൂപപ്പെടുത്തിയ നാഗരിക നിയമങ്ങളും മറ്റും അവർക്കു ലഭിച്ച അതീന്ദ്രിയജ്ഞാനത്തിൻ്റെ മൂശയിൽ തീർക്കപ്പെട്ടതും അന്യൂനവുമായിരുന്നു. അതിനാലാണ് ചരിത്രത്തിൽ ശ്രദ്ധേയമായ എല്ലാ നാഗരികതകളുടെയും പിറകിൽ ഏതെങ്കിലും പ്രവാചകരുടെ കരുത്തുറ്റ പാഠങ്ങൾ കാണാൻ സാധിക്കുന്നത്.
ഓരോ ദേശത്തും മാനവ സംസ്കാരത്തിന്റെയും നാഗരികതയുടെയും ധാർമിക മൂല്യങ്ങളുടെയും ശിൽപികളായത് അവരിലെ പ്രവാചകൻമാരാണ്. "ദൈവദൂതന്മാർ നിയോഗിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമുദായവും ഉണ്ടായിട്ടില്ലെന്നു ഖുർആൻ ഓർമപ്പെടുത്തിയത് നാം നേരത്തെ ഉദ്ധരിച്ചിട്ടുണ്ട് (അൽഫാത്വിർ: 24). ഇത്തരം വചനങ്ങളിലെല്ലാം ഉപയോഗിച്ചിട്ടുള്ള ജനത എന്ന അർഥത്തിലുള്ള ‘ഉമ്മത്’ എന്ന പദത്തെ കുറിച്ചും നാം ചർച്ച ചെയ്തിട്ടുണ്ട്. ആവർത്തിച്ചുപറഞ്ഞാൽ, ഭാഷ, വിശ്വാസം, സാമ്പത്തിക നയങ്ങൾ, ചരിത്രദർശനം, ഭരണനിയാമകതത്വങ്ങൾ തുടങ്ങി പൊതുവായി ബന്ധിപ്പിക്കാവുന്ന ചരടിൽ കോർത്തിണക്കപ്പെട്ട, ഒരേദേശത്ത് ഒരേ കാലപരിധിയിൽ താമസിക്കുന്ന ജനപഥം എന്നാണ് അതുകൊണ്ട് വിവക്ഷിക്കുന്നത്. ഖുർആൻ അവതരിക്കപ്പെടുന്നതിനു മുമ്പേ ഉണ്ടായിരുന്ന സമൂഹങ്ങളെ ഇന്ന് ഉപലബ്ധമായ ചരിത്രപഠനങ്ങളുടെയും വസ്തുതകളുടെയും പ്രതലത്തിൽ നിന്ന് ഏറെക്കുറെ നിർണയിക്കാൻ സാധിക്കുമല്ലോ. ഇങ്ങനെയുള്ള എല്ലാ സമൂഹങ്ങളിലും പ്രവാചകന്മാരുടെ നിയോഗമുണ്ടായിട്ടുണ്ട് എന്നാണ് ഖുർആനിക വാക്യങ്ങളുടെ താത്പര്യം.
അങ്ങനെ മനുഷ്യർ സാമൂഹികജീവിതം നയിച്ചിരുന്ന എല്ലാ ഭാഗങ്ങളിലും വിശ്വാസപരവും ധാർമികവും സാമൂഹികവുമായ നേർവഴിയുടെ ആധാരശിലകളായ മൂലപാഠങ്ങൾ മനസ്സിലാക്കപ്പെടുകയും അവയെ അടിസ്ഥാനമാക്കിയുള്ള ജീവത്പദ്ധതികൾ ആവിഷ്കൃതമാവുകയും ചെയ്തു. അങ്ങനെയാണ് സാർവലൗകികമായ ഒരു ഏകമാന നാഗരികതയുടെ സംസ്ഥാപനത്തിനു നിലമൊരുക്കപ്പെട്ടത്. ഏറ്റവും അനിവാര്യമായ മുഹൂർത്തത്തിൽ ഉദാത്തവും തനിമയാർന്നതുമായ സാംസ്കാരികപാഠങ്ങളും നാഗരികമൂല്യങ്ങളും ധാർമികനിയമങ്ങളും ആവിഷ്കരിച്ച് ലോകത്തിനു മുഴുവനുമായി നിയോഗിതനായ അന്ത്യപ്രവാചകർ മുഹമ്മദ് നബിയുടെ രംഗപ്രവേശം ഉണ്ടായി.



