പ്രബോധിത ജനതയ്ക്ക് മാർഗദർശനം ചെയ്യാൻ നിയോഗിതരായ ഉന്നത വ്യക്തിത്വങ്ങളാണല്ലോ പ്രവാചകന്മാർ. അവരുടെ മതജീവിതത്തിൻ്റെ എല്ലാ തുറകളും മാതൃകാപരമായിരിക്കണം. അതിനാൽ അല്ലാഹു അവർക്ക് പ്രത്യേകമായ പാപസുരക്ഷിതത്വം നൽകി അനുഗ്രഹിച്ചിട്ടുണ്ട്. സാധാരണ, പാപം എന്ന് വിലയിരുത്തപ്പെടാവുന്ന എല്ലാ കാര്യങ്ങളിൽ നിന്നും അവർ പൂർണമായും മുക്തരും സുരക്ഷിതരുമായിരിക്കും. സാങ്കേതികമായി ഈ സംരക്ഷണ കവചത്തെ 'ഇസ്വ്മത്' എന്നാണ് പറയുക. തെറ്റോ, അലസതയോ, അഹന്തയോ അവർക്ക് സംഭവിക്കുകയില്ല. പ്രബോധന ദൗത്യം (തബ്ലീഗ്) നിർവഹിക്കുന്ന വിഷയത്തിൽ വീഴ്ചകൾ വരുത്തില്ല. മോഷണം, വഞ്ചന, വിഗ്രഹങ്ങളുണ്ടാക്കല്, അവയെ ആരാധിക്കല്, വ്യഭിചാരം, മാരണം, പരിഹാസം, കളിയാക്കി ചിരിക്കല്, കളവ് പറയല് തുടങ്ങി മാന്യതയ്ക്ക് നിരക്കാത്ത യാതൊന്നും അവരിൽ നിന്നും സംഭവിക്കുകയില്ല.
അതേസമയം, അവർക്കും മനുഷ്യസഹജമായ ഭയം, ദൗത്യത്തിന് വിഘാതമാവാത്ത മറവി തുടങ്ങിയവ ഉണ്ടാകാം. അതിലൂടെ പ്രവാചകന്മാരും മനുഷ്യരാണെന്ന് സ്ഥിരീകരിക്കുക മാത്രമാണല്ലോ സംഭവിക്കുന്നത്. പ്രത്യുത, പ്രവാചകത്വത്തിനോ മാനവികതയ്ക്കോ നിരക്കാത്ത യാതൊരു തെറ്റും അവരിൽ നിന്ന് ഉണ്ടാവുകയില്ല.
ഒരുദാഹരണം പറയാം; ഒരിക്കൽ മദീനാ പള്ളിയിൽ തിരുനബി അസ്വ്ർ നിസ്കാരത്തിന് നേതൃത്വം നൽകുന്നു. പതിവായി നിസ്കരിക്കാറുള്ള നാലു റക്അതിന് പകരം അന്ന് രണ്ട് റക്അതിൽ നിസ്കാരം അവസാനിപ്പിച്ചു. അസ്വ്റിൻ്റെ രണ്ട് റക്അതുകൾ കുറച്ചതായി അറിയിപ്പ് വന്നതാണോ അതോ അവിടുന്ന് മറന്നുപോയതാണോ എന്ന് അനുചരന്മാർ സംശയമുന്നയിച്ചു. "കുറച്ചിട്ടുമില്ല, മറന്നിട്ടുമില്ല" എന്നായിരുന്നു പ്രതികരണം. അവിടുത്തേക്ക് മറവി സംഭവിച്ചു എന്ന് ബോധ്യപ്പെട്ടപ്പോൾ ബാക്കി നിസ്കരിക്കുകയും, മറവി സംഭവിച്ചതിനാൽ രണ്ട് സുജൂദ് കൂടി ചെയ്ത് സലാം വീട്ടുകയും ചെയ്തു. അനന്തരം: 'ഞാനും നിങ്ങളെപ്പോലെ മനുഷ്യനാണ്, നിങ്ങളെപ്പോലെ എനിക്കും മറവി സംഭവിക്കാം. ഞാൻ മറന്നുപോയാൽ നിങ്ങളെന്നെ ഓർമിപ്പിക്കണം'[1] എന്ന് അവരോട് പറയുകയുണ്ടായി.
അനന്തരം, നിസ്കാരത്തിൽ മറവി വന്നാലെന്ത് പരിഹാരം എന്ന് അവിടുന്ന് അവരെ പഠിപ്പിച്ചു. അല്ലാഹുവിൻ്റെ അറിവിലും ആസൂത്രണത്തിലും ഇല്ലാത്തതൊന്നും ഒരിക്കലും സംഭവിക്കുന്നില്ലല്ലോ. പ്രവാചകന്മാർക്ക് അവൻ നൽകുന്ന ഇത്തരം സന്ദർഭങ്ങൾ പോലും സത്യവിശ്വാസികൾക്ക് പകർത്താനുള്ള മാതൃകാപരമായ പാഠങ്ങളുടെയും അധ്യാപനങ്ങളുടെയും വേദിയാകുന്നു.
ആദം നബിയിലേക്ക് തന്നെ വരാം. അല്ലാഹു നൽകിയ വിജ്ഞാനത്തിൻ്റെ മഹത്വത്തെ അംഗീകരിച്ച് ആദം നബിക്ക് മുമ്പിൽ സാഷ്ടാംഗം നമിക്കണമെന്ന് മലക്കുകളോടും പിശാചിനോടും അല്ലാഹു കൽപിച്ചിരുന്നു. പിശാച് ധിക്കരിച്ചു; ബോധപൂർവമാണവൻ അത് ചെയ്തത്. യുക്തി നിരത്തി തൻ്റെ പ്രവൃത്തിയെ ന്യായീകരിക്കാനും അവൻ മുതിർന്നു. അതിനാൽ സ്വർഗത്തിൽ നിന്ന് അവൻ തിരസ്കൃതനായി.
ആദമിനോടായിരുന്നു അവൻ്റെ പക. ഭൂമിയിലേക്കുള്ള പ്രതിനിധിയായാണ് അദ്ദേഹം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്ന് അവനറിയാം. സ്വർഗത്തിൽ നിത്യവാസിയായി ഉണ്ടാകുമെന്ന് കരുതിയ താൻ ഏതായാലും പുറത്തായി. വിലക്കപ്പെട്ട കനി കഴിക്കുന്നത് വരെയാണ് ആദമിൻ്റെ താൽക്കാലിക സ്വർഗവാസം; അതവസാനിപ്പിക്കണം. അവൻ ഗുണകാംക്ഷിയുടെ വേഷത്തിൽ ഹവ്വയെ സമീപിച്ചു: ‘ഈ കനി കഴിച്ചാൽ നിങ്ങൾ മലക്കുകളോ സ്വർഗത്തിൽ ചിരഞ്ജീവികളോ ആയേക്കും, അതുകൊണ്ടാണ് അത് വിലക്കിയത്’ എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. ‘ഞാൻ നിങ്ങളുടെ ഗുണകാംക്ഷിയാണ്’ എന്ന് പറഞ്ഞ് അവൻ ആണയിട്ടുകൊണ്ടിരുന്നു.[2] ഇവ്വിധം മോഹിപ്പിച്ച് അവൻ ഹവ്വയെ പാട്ടിലാക്കി. കനി വിലക്കപ്പെട്ടതാണെന്ന കാര്യം ഓർമയില്ലാതെ ആദമും ഹവ്വയും അത് കഴിച്ചു. എന്നാൽ ഉടനെ പറ്റിയ അബദ്ധം ആദം നബിക്ക് ബോധ്യമായി. മനഃപൂർവം സംഭവിച്ചതല്ല, എന്നിട്ടും അദ്ദേഹം പശ്ചാത്താപവിവശനായി.
അല്ലാഹു അത് സ്വീകരിച്ചു. തെറ്റോ അബദ്ധമോ പിണഞ്ഞവർ എന്തുവന്നാലും ശിക്ഷയും ദണ്ഡനവും അനുഭവിച്ചേ പറ്റൂ എന്ന നിലപാട് അവനില്ലല്ലോ. സ്വർഗത്തിൽ വെച്ചുതന്നെ അവൻ അവർക്ക് മാപ്പരുളുകയും ചെയ്തു. അതിനുശേഷമാണ് നേരത്തെ നിശ്ചയിച്ചിരുന്നതുപോലെ ഭൂമിയിലെ പ്രാതിനിധ്യം ഏൽപിക്കപ്പെട്ട് നിയുക്തനായത്.
വിശ്വാസിയെ ഈ ചരിത്രകഥനം പ്രചോദിപ്പിക്കുന്നു എന്നതാണ് വിശുദ്ധ ഖുർആനിൻ്റെ ഉന്നം. നോക്കൂ, 'വിലക്കപ്പെട്ട കനി കഴിക്കരുത്', 'ആദമിന് സാഷ്ടാംഗം നമിക്കണം' എന്നീ രണ്ട് കൽപനകൾ ഇവിടെ ലംഘിക്കപ്പെട്ടു. പക്ഷേ, രണ്ടും തമ്മിൽ അന്തരമുണ്ട്. താൻ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ട് ധിക്കരിക്കുകയായിരുന്നു പിശാച്; എന്നാൽ പറ്റിക്കപ്പെട്ട് അബദ്ധത്തിൽ സംഭവിച്ചുപോയതായിരുന്നു ആദം നബിക്ക്.
രണ്ടുപേരും അതിനെ എങ്ങനെ സമീപിച്ചു എന്നതാണ് വിശ്വാസി ചിന്തിക്കേണ്ടത്. അബദ്ധം പിണഞ്ഞത് അറിഞ്ഞപ്പോൾ മുതൽ ആദം നബി കരഞ്ഞു പ്രാർഥിച്ചു: "സ്വന്തത്തോടു തന്നെ ഞങ്ങൾ അതിക്രമം ചെയ്തുപോയി. നീ പൊറുക്കുകയും കരുണ വർഷിക്കുകയും ചെയ്യുന്നില്ലെങ്കിൽ ഞങ്ങൾ തീർച്ചയായും സർവവും നഷ്ടം വന്നവരായിപ്പോകും”[3]
എന്നാൽ ബോധപൂർവം പാപം ചെയ്ത പിശാച് അല്ലാഹുവിനോട് ഇങ്ങനെയാണ് പറഞ്ഞത്: "നീ എന്നെ വഴിപിഴപ്പിച്ചതിനാൽ നിൻ്റെ ഋജുവായ മാർഗത്തിലേക്ക് ആളുകൾ പ്രവേശിക്കുന്നത് തടുക്കാനായി ഞാൻ തക്കം പാർത്തിരിക്കുകയും, തീർച്ചയായും അവരുടെ മുന്നിലൂടെയും പിന്നിലൂടെയും ഇടതും വലതും ഭാഗങ്ങളിലൂടെയും ഞാൻ അവരെ സമീപിക്കുകയും ചെയ്യും"[4]
ബോധപൂർവമല്ലാതിരുന്നിട്ടും ‘പറ്റിപ്പോയല്ലോ’ എന്ന് തപിക്കുന്ന പ്രവാചക സ്വഭാവമഹിമയും, ധിക്കാരം അനുവർത്തിച്ചിട്ടും ചെയ്തുകൂട്ടിയ പാപത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ‘നീ എന്നെ പിഴപ്പിച്ചതിനാൽ’ എന്ന് ആരോപിക്കുന്ന പൈശാചിക മനസ്സും തമ്മിലുള്ള സംഘർഷമാണ് ഭൂമിയിലെ മനുഷ്യജീവിതത്തിൻ്റെ ആകെത്തുക. വിനയത്തോടെ അല്ലാഹുവിലേക്ക് മടങ്ങുന്നവനെ അവൻ ഏറ്റെടുക്കുന്നു; അവൻ്റെ വംശം തന്നെ ആദരിക്കപ്പെടുന്നു. നിത്യഭാസുരമായ സുരഭില സ്വർഗത്തിലേക്ക് ആനയിക്കപ്പെടുകയും ചെയ്യും. എന്നാൽ അഹന്തയും തൻപോരിമയും മുതലായവ കത്തിയാളുന്ന അഗ്നികുണ്ഡത്തിന് വിറകായി എരിഞ്ഞടങ്ങും - ചിന്തിക്കുന്നവർക്ക് ഇതിൽ പാഠമുണ്ട്.



