വിശുദ്ധ ഖുർആനിലെ അൽബഖറ അധ്യായത്തിലെ 30-39 വചനങ്ങളിലാണ് ഭൂമിയിൽ ഒരു ‘ഖലീഫയെ’ താൻ നിശ്ചയിക്കുവാൻ പോകുന്നു എന്ന വിഷയം അല്ലാഹു മലക്കുകളെ അറിയിക്കുന്നതും, അതിനെത്തുടർന്നുള്ള സംഭാഷണങ്ങളും സംഭവപരമ്പരകളും രേഖപ്പെടുത്തുന്നത്. ഭൂമിയിലേക്കുള്ള മനുഷ്യൻ്റെ ചരിത്രപരമായ നിയോഗത്തിൻ്റെ യഥാർഥത്തിലുള്ള ദാർശനികവും തത്വചിന്താപരവുമായ പൊരുളുകളും താൽപര്യങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ ഭാഗം. അതിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് അതിൻ്റെ ഭാഷാപരമായ വിവക്ഷയും താൽപര്യങ്ങളും ഗ്രഹിച്ചിരിക്കണമല്ലോ.
മുൻഭാഗം എന്നതിന് ഉപയോഗിക്കപ്പെടുന്ന 'ഖുദ്ദാം' എന്നതിൻ്റെ വിപരീതാർഥത്തിൽ ഉപയോഗിക്കുന്ന 'ഖൽഫ്' എന്ന വാക്കിൽ നിന്നാണ് ‘ഖലീഫ’ എന്ന പദം നിഷ്പന്നമായിരിക്കുന്നത്. നിഘണ്ടുകളിലും വിശുദ്ധ ഖുർആൻ വ്യാഖ്യാന ഗ്രന്ഥങ്ങളിലും നൽകിയിട്ടുള്ള ഭാഷാപരമായ അർഥം ‘മറ്റൊരാൾക്കു പിറകെ വന്നു അയാളുടെ സ്ഥാനത്ത് നിലകൊള്ളുന്നയാൾ’ എന്നാണ്. ഇതിൻ്റെ ബഹുവചന രൂപങ്ങളായ ഖുലഫാഉ, ഖലാഇഫ് എന്നീ പദങ്ങളും ഖലഫ പോലെയുള്ള ക്രിയാരൂപങ്ങളും ഇതേ മൂലത്തിൽ നിന്നുതന്നെയുള്ള മറ്റുചില പദങ്ങളും ഖുർആനിൽ പലയിടങ്ങളിലായി ഉപയോഗിച്ചിട്ടുണ്ട്.
ഖിലാഫത് എന്ന പദം സുപരിചിതമാണല്ലോ. അതുകൊണ്ടാവണം ഇമാം റാഗിബുൽ അസ്ഫഹാനിയുടെ ഖുർആൻ നിഘണ്ടുവിൽ ‘ഖലീഫ’ എന്ന പദത്തെ പ്രത്യേകം പരിഗണിക്കാതെ ‘ഖിലാഫതിന്’ മാത്രം അർഥം പറഞ്ഞു മതിയാക്കിയിരിക്കുന്നത്. അദ്ദേഹത്തിൻ്റെ വാക്കുകളിൽ: ”ഖിലാഫത് എന്നാൽ മറ്റൊരാൾക്കു പകരം നിൽക്കുക എന്നാണർഥം. ഒന്നുകിൽ ആർക്കുവേണ്ടി പകരം നിൽക്കുന്നുവോ അയാളുടെ അഭാവമോ മരണമോ ദൗർബല്യമോ നിമിത്തമോ, അല്ലെങ്കിൽ ഖലീഫയാക്കപ്പെടുന്ന ആളെ ബഹുമാനിക്കുവാൻ വേണ്ടിയോ ആവാം. ഈ അവസാനത്തെ വിധത്തിലാണ് അല്ലാഹു അവൻ്റെ ‘ഔലിയാഇനെ’ ഭൂമിയിൽ ഖലീഫകളാക്കിയിരിക്കുന്നത്.”[1] തുടർന്ന് ഉദാഹരണമായി അദ്ദേഹം ചില ഖുർആൻ വാക്യങ്ങൾ ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്.
അല്ലാഹു ആരെയെങ്കിലും ഖലീഫയാക്കി എന്നു പറഞ്ഞാൽ, ആ ഖലീഫ സാധാരണ അർഥത്തിൽ അല്ലാഹുവിൻ്റെ പിൻഗാമിയോ പ്രതിനിധിയോ ആയിരിക്കുവാൻ നിവൃത്തിയില്ലല്ലോ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം, അസ്ഫഹാനി പറയുന്നതുപോലെ, തൻ്റെ അഭാവമോ മരണമോ ദൗർബല്യമോ നിമിത്തം അവൻ്റെ ഏതെങ്കിലും അധികാരമോ പ്രവൃത്തിയോ ബാധ്യതയോ മറ്റൊരാൾക്കു വിട്ടുകൊടുക്കുകയോ ഏൽപിച്ചുകൊടുക്കുകയോ ചെയ്യുന്ന വിധം ഒരു പിൻഗാമിയെ നിശ്ചയിക്കേണ്ടി വന്നു എന്ന് ആരോപിക്കാവതുമല്ല. അപ്പോൾ, ‘അല്ലാഹുവിൻ്റെ ഖലീഫ’ എന്ന് ആരെയെങ്കിലും കുറിച്ച് എവിടെയെങ്കിലും പ്രയോഗിച്ചു കണ്ടാൽ അത് അല്ലാഹു ഖിലാഫത് സ്ഥാനം നൽകി ബഹുമാനിച്ച ആൾ എന്ന അർഥത്തിലല്ലാതെ ആയിരിക്കാൻ ഇടയില്ല. ഇതാണ് ഇമാം റാഗിബുൽ അസ്ഫഹാനി പറഞ്ഞതിൻ്റെ താൽപര്യം. എന്നാൽ, അല്ലാഹു നേരത്തെ ഭൂമിയിൽ ആധിപത്യം നൽകിയിരുന്ന ഒരു വിഭാഗത്തിനു പകരം മനുഷ്യൻ വരുന്നു എന്ന അർഥം കൽപിക്കുമ്പോൾ ഈ പ്രശ്നം ഉടലെടുക്കുന്നുമില്ല.
ഭാഷാപരമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ ‘ഖിലാഫത്’, ‘ഖലീഫ’ എന്നിവ സംബന്ധിച്ച് വിവിധ ഖുർആൻ വ്യാഖ്യാതാക്കളുടെയും ഇസ്ലാമിക വചനശാസ്ത്രജ്ഞരുടെയും അഭിപ്രായങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം:
ഒന്ന്: ഈ ഭൂമിയിലെ നിവാസികളായിരുന്ന മറ്റൊരു സമുദായത്തിൻ്റെ പിൻഗാമികളായിട്ടാണ് മനുഷ്യവർഗത്തെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ‘ഖിലാഫതിന്റെ’ ഉദ്ദേശ്യം. മുമ്പുണ്ടായിരുന്നവർ ഭൂമിയിൽ അക്രമവും കുഴപ്പവും ഉണ്ടാക്കിയത് നിമിത്തം അല്ലാഹു അവരെ നശിപ്പിച്ചു. പുതുതായി രംഗത്തുവരുന്ന മനുഷ്യരും അവരെപ്പോലെ അക്രമവും നാശവും ഉണ്ടാക്കിയേക്കാമെന്ന് മലക്കുകൾ കരുതി.
രണ്ട്: വ്യക്തി എന്ന നിലയിൽ ആദം നബിയെ ഉദ്ദേശിച്ചിരിക്കില്ല. കാരണം, അങ്ങനെയെങ്കിൽ ‘നാശം ഉണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ ഭൂമിയിൽ നിശ്ചയിക്കുകയോ?’ എന്ന മലക്കുകളുടെ ചോദ്യത്തിന് ഔചിത്യമില്ല. അപ്പോൾപ്പിന്നെ, ഒരു തലമുറയുടെ ശേഷം മറ്റൊരു തലമുറയായി ഭൂമിയിൽ മാറിമാറി വന്നുകൊണ്ടിരിക്കുന്ന സമുദായങ്ങളായിട്ടാണ് മനുഷ്യരെ അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത് എന്നാവണം ഖിലാഫത് കൊണ്ടുള്ള ഉദ്ദേശ്യം. ഈ അഭിപ്രായമാണ് ഖുർആൻ വാക്യങ്ങളോട് കൂടുതൽ യോജിച്ചതായി ഇമാം ത്വബരിയെപ്പോലെയുള്ള ചില വ്യാഖ്യാതാക്കൾ കാണുന്നത്. ഇമാം റാസി രേഖപ്പെടുത്തുന്നതുപോലെ ‘ഖലീഫ’ എന്ന പദത്തിൻ്റെ പ്രത്യേക സ്വഭാവം അനുസരിച്ച് ഏകവചനം, ബഹുവചനം, പുല്ലിംഗം, സ്ത്രീലിംഗം തുടങ്ങിയ രൂപത്തിലെല്ലാം വരാം. ഇതുപോലെ ഉപയോഗിക്കാവുന്ന വേറെയും വാക്കുകൾ അറബി ഭാഷയിൽ സുലഭമാണ്. കൂടാതെ, മനുഷ്യപിതാവായ ആദം നബിയെ സൃഷ്ടിക്കുവാൻ പോകുന്ന അവസരത്തിലാണല്ലോ അല്ലാഹു മലക്കുകളോട് ഇത് പറഞ്ഞത്. ഇവിടെ ഏകവചന രൂപത്തിൽ ഖലീഫ എന്ന് പറഞ്ഞാൽ തന്നെയും ഉദ്ദേശ്യം മനുഷ്യൻ എന്ന വർഗം മൊത്തത്തിലാകാം. ആദ്യപിതാവിൻ്റെ പേരിൽ ഗോത്രങ്ങളും വർഗങ്ങളും അറിയപ്പെടുന്നത് സെമിറ്റിക് പാരമ്പര്യത്തിൽ പതിവുമാണല്ലോ.
മൂന്ന്: അല്ലാഹുവിൻ്റെ വിധിവിലക്കുകൾ പാലിച്ച് ഭൂമിയിൽ അവൻ്റെ സൃഷ്ടികൾക്കിടയിൽ വിധിയും നീതിയും നടത്തുവാൻ വേണ്ടി അല്ലാഹു നിശ്ചയിച്ച ഖലീഫയാണ് മനുഷ്യൻ. ഈ ഭൂമിയിലെ കൈകാര്യനടത്തിപ്പിൻ്റെ ചുക്കാൻ ഏറ്റെടുക്കുവാനും അതിലെ വിഭവങ്ങളും നിക്ഷേപങ്ങളും ഊർജങ്ങളും മറ്റും അവൻ്റെ ഹിതത്തിനുവേണ്ടി ഉപയോഗിക്കുവാനും പറ്റിയ ഒരു വർഗത്തെ സൃഷ്ടിക്കുകയെന്നതാണ് ഖലീഫയെ ഏർപ്പെടുത്തുക എന്ന് പറഞ്ഞതിൻ്റെ താൽപര്യം.
അല്ലാഹുവാണല്ലോ പരമാധികാരിയായ സ്രഷ്ടാവും എല്ലാത്തിൻ്റെയും രക്ഷാകർത്താവും ആയവൻ. അവൻ മനുഷ്യരെ ഭൂലോകത്ത് തൻ്റെ പ്രതിനിധികളായി നിശ്ചയിച്ചിരിക്കുന്നു; പ്രതിനിധി എന്ന നിലയ്ക്കുള്ള മനുഷ്യൻ്റെ ധർമവും കർത്തവ്യവും അവന് വിധേയപ്പെടുകയും അവൻ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ യഥോചിതം പാലിച്ച് ലോകകാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്യുകയത്രെ. ഒരു സാധനത്തെ അതിൻ്റെ ഉടമസ്ഥൻ ഏൽപ്പിച്ച അധികാരമനുസരിച്ച് വിനിയോഗിക്കുന്നവനാണ് 'ഖലീഫ' അഥവാ പ്രതിനിധി. ഖലീഫ ഉടമസ്ഥനല്ല; ഉടമസ്ഥൻ്റെ ഇംഗിതത്തിനൊത്ത് കൈകാര്യം നടത്തുന്നവനാണ്. ഉടമസ്ഥൻ നൽകിയതല്ലാത്ത അവകാശങ്ങളോ അധികാരങ്ങളോ ഖലീഫയ്ക്ക് സ്വന്തമായി ഇല്ല. ഉടമസ്ഥൻ്റെ ഉദ്ദേശ്യം പൂർത്തീകരിക്കുക മാത്രമാണ് അയാളുടെ ധർമം.
ഇവിടെ മനുഷ്യസൃഷ്ടിപ്പിൻ്റെ യഥാർഥ ലക്ഷ്യവും പ്രപഞ്ചത്തിലുള്ള അവൻ്റെ സാക്ഷാൽ ഇടവും സ്ഥാനവും അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അല്ലാഹു തന്നെ വിവരിച്ചിരിക്കുന്നു. മനുഷ്യോത്പത്തിയുടെ ചരിത്രത്തിൽ മറ്റൊരു മാർഗത്തിലൂടെയും അറിയുക സാധ്യമല്ലാത്ത ഘട്ടങ്ങളിലേക്ക് വെളിച്ചം വീശുക വഴി, ഇതര സെമിറ്റിക് വേദങ്ങൾ ഉണ്ടാക്കിയവരുടെ തെറ്റായ ചരിത്രബോധനത്തെ തിരുത്തി ഭൂമിയിലെ മനുഷ്യൻ്റെ നിയോഗം ദൈവം സോദ്ദേശ്യപൂർവം നടപ്പിലാക്കിയതാണെന്നും അവൻ്റെ ഭാഗധേയം അഭിമാനാർഹമാണെന്നും പറയുകയും ചെയ്യുന്നു.
‘നാശം ഉണ്ടാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ ഭൂമിയിൽ നിശ്ചയിക്കുകയോ?’ എന്ന ചോദ്യത്തിലൂടെ ദൈവികേച്ഛയ്ക്ക് മലക്കുകൾ തടസ്സവാദം ഉന്നയിച്ചതല്ല. സർവത്തിൻ്റെയും ഉടമയും കർത്താവും ആയ അല്ലാഹുവിൻ്റെ ഏതെങ്കിലും ഒരു തീരുമാനത്തെ ചോദ്യം ചെയ്യാൻ ആർക്ക് പറ്റും? “ഞങ്ങൾ നിന്നെ പ്രകീർത്തനം ചെയ്യുകയും അവിടുത്തെ പരിശുദ്ധിയെ വാഴ്ത്തുകയും ചെയ്തുപോരുന്നുണ്ടല്ലോ” എന്ന് കൂടെ അവർ ചേർത്തുപറയുന്നത് കാണാം. ഭൂമിയിലേക്ക് നിശ്ചയിക്കാൻ പോകുന്ന ഈ പുതിയതരം സൃഷ്ടിക്ക് എന്തൊക്കെയോ അധികാരങ്ങൾ നൽകപ്പെടാൻ പോകുന്നുവെന്ന് 'ഖലീഫ' എന്ന അഭിധാനത്തിൽ നിന്ന് അവർ ഗ്രഹിച്ചിരിക്കണം. അല്ലാഹുവിൻ്റെ കൽപനകൾ നിർവിഘ്നം അനുഷ്ഠിക്കപ്പെടുന്നുണ്ട്; അവൻ്റെ ആജ്ഞാനുസാരികൾ ആകുന്നതിൽ തങ്ങൾ ബദ്ധശ്രദ്ധരുമാണ്; അവൻ്റെ ഇച്ഛയ്ക്കൊത്ത് മുഴുവൻ പ്രപഞ്ചവും സ്തോത്രങ്ങൾ ഉയർത്തുകയും ചെയ്യുന്നു. ഇനിയും ഒരു സവിശേഷ പ്രതിനിധി സൃഷ്ടിക്കപ്പെടുന്നതിലെ രഹസ്യമെന്താണ്? ഈ പ്രാപഞ്ചിക ഭരണവ്യവസ്ഥയിൽ സ്വന്തം ബുദ്ധിയും ചിന്താസ്വാതന്ത്ര്യവും ഉപയോഗപ്പെടുത്താനും അവൻ്റെ പ്രതിനിധിയായി സ്വയം വാഴാനും ഒരു സൃഷ്ടിക്ക് എവിടെയാണ് പഴുത്? ഈ അതിശയമാണ് അവർ പങ്കുവെച്ചത്.
പ്രതിനിധിയെ നിശ്ചയിക്കുന്നതിനെ സംബന്ധിച്ച് മലക്കുകൾക്കറിയാത്ത അതിൻ്റെ ആവശ്യകതയും അതുൾക്കൊള്ളുന്ന രഹസ്യങ്ങളും നന്മകളും അല്ലാഹുവിൻ്റെ സർവജ്ഞാനം ഉൾക്കൊള്ളുന്നുണ്ട് എന്ന പ്രതികരണം വളരെയധികം ശ്രദ്ധേയമാണ്. തൻ്റെ ഏതെങ്കിലും തീരുമാനത്തിൽ അവൻ ഒരിക്കലും ദുഃഖിക്കുകയോ അനുതപിക്കുകയോ ചെയ്യേണ്ടിവരുന്നില്ല. എന്നുമാത്രമല്ല, അവൻ്റെ ഇച്ഛയ്ക്കൊത്ത് മനുഷ്യൻ്റെ മഹത്വം അവർക്ക് കൂടി ബോധ്യപ്പെടുത്തുന്ന സംഗതികളാണ് പിന്നീടുണ്ടാക്കുന്നത്. ആദമിന് എല്ലാ നാമങ്ങളും പഠിപ്പിക്കപ്പെടുന്നു. മനുഷ്യൻ്റെ സകല അറിവുകളും നാമങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എല്ലാ വസ്തുക്കളെയും അവയുടെ നാമങ്ങൾ വഴി മനസ്സിലാക്കുകയാണ് മനുഷ്യർ ചെയ്യുന്നത്. ആദമിന് എല്ലാ നാമങ്ങളും പഠിപ്പിക്കുകയെന്നാൽ എല്ലാ വസ്തുക്കളെക്കുറിച്ചുമുള്ള ജ്ഞാനം നൽകുക എന്നാണർഥം.
പൊതുവെ നോക്കുമ്പോൾ മനുഷ്യന് നൽകപ്പെട്ട ജ്ഞാനത്തിൻ്റെ സമഗ്രത മലക്കുകൾക്ക് ലഭിച്ചിട്ടില്ല. മലക്കുകളിൽ ഓരോരുത്തർക്കും അവർക്ക് ചുമതലയും ഉത്തരവാദിത്തവും നൽകപ്പെട്ട വിഷയങ്ങളിൽ മാത്രമൊതുങ്ങുന്ന പരിമിതമായ അറിവാണ് നൽകപ്പെട്ടിരുന്നത്. ഇടി, മഴ, കാറ്റ് തുടങ്ങിയ പ്രകൃതിപ്രതിഭാസങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട അറിവുകൾ നൽകപ്പെട്ട മലക്കുകൾക്ക് അതേക്കുറിച്ച് സകലതും അറിയാമെങ്കിലും മറ്റു ജീവജാലങ്ങളുടെയോ മൊത്തം പ്രകൃതിയുടെയോ സംരക്ഷണത്തെക്കുറിച്ചോ വിജ്ഞാനപ്രകാശനത്തെ സംബന്ധിച്ചോ എന്തെങ്കിലും അറിയണമെന്നില്ല. ഇപ്പറഞ്ഞത് ഒരുദാഹരണം. ഓരോ വിഭാഗം മലക്കുകളുടെയും പരിമിതിയാണിത്. അതേസമയം, അല്ലാഹു മനുഷ്യന് സമഗ്രമായ വിജ്ഞാനം നൽകി അനുഗ്രഹിച്ചു! ഉണ്മയിലേക്ക് വന്നതും വരാത്തതുമായ സകല വസ്തുക്കളെയും വസ്തുതകളെയും അമൂർത്തരൂപത്തിൽ (abstract) ആദം നബിക്ക് മനസ്സിലാക്കിക്കൊടുത്തു. ആ മഹത്വത്തിന് സാഷ്ടാംഗം നമിക്കുവാൻ അവരോട് കൽപിക്കുകയും ചെയ്തു.
മലക്കുകളുടെ മാത്രമല്ല, ഖിലാഫതിൻ്റെ ദൗത്യത്തെക്കുറിച്ചുള്ള എല്ലാവരുടെയും സംശയത്തിനുള്ള മറുപടിയത്രെ അല്ലാഹു വെളിപ്പെടുത്തിയത്. ആദമിന് ബുദ്ധിയും ചിന്താസ്വാതന്ത്ര്യവും മാത്രമല്ല സവിശേഷമായ ജ്ഞാനവും നൽകപ്പെടുന്നുണ്ട്. മനുഷ്യൻ ഭൂമിയിൽ നാശമുണ്ടാക്കിയേക്കുമെന്ന ആശങ്ക പ്രശ്നത്തിൻ്റെ ഒരു വശം തന്നെ! എന്നാൽ നന്മയുടെതായ മറുവശമുണ്ട്. അതിനാണ് അല്ലാഹു നിലയും വിലയും കൽപിച്ചിരിക്കുന്നത്. ആ മൂല്യത്തിനുവേണ്ടിയുള്ളതാവണം മനുഷ്യജീവിതത്തിൻ്റെ സമർപ്പണം. അവനെ കയറൂരി വിടുകയല്ല, വിധേയത്വത്തിൻ്റെ വിധവും പ്രകാരവും പഠിപ്പിക്കാൻ അല്ലാഹു തന്നെ പദ്ധതിയൊരുക്കുകയാണ്. ആദ്യത്തെ മനുഷ്യൻ തന്നെ ആദ്യത്തെ നബിയുമായി നിയോഗിതനാകുന്നതിൻ്റെ പൊരുളതാണ് - അല്ലാഹു കൽപിച്ച ഖിലാഫതിൻ്റെ ധർമവും.



