ഹൈന്ദവ ദർശനങ്ങളിലെ അവതാര സങ്കൽപ്പവും പ്രവാചകത്വവും തത്ത്വത്തിൽ അടുപ്പമുണ്ടെങ്കിലും തമ്മിൽ വ്യക്തമായ അന്തരമുണ്ട്. അവതാരമെന്നു പറയുമ്പോൾ തന്നെ താഴേക്കുവരിക എന്നാണ് വാക്കർഥം. നാം അധർമങ്ങളിൽ നിന്നകന്നു ധർമപുരുഷരായി വികസിക്കുന്നതിൻ്റെ രീതികൾ വർണിച്ചുതരാൻ ഈശ്വരൻ തന്നെ ഇറങ്ങി വരുന്നതാണ് ഈ സങ്കൽപ്പം. ഇസ്ലാമികദൃഷ്ടിയിൽ പ്രവാചകന്മാർ ദൈവങ്ങളാണെന്നോ ദിവ്യത്വമുള്ളവരാണെന്നോ വിശ്വസിക്കുന്നില്ല.
അവർ മനുഷ്യരാണ്. ഖുർആൻ മാത്രമല്ല, എല്ലാ സെമിറ്റിക് വേദങ്ങളും ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പിൽക്കാലത്ത് ദൈവപുത്രനെന്നു തെറ്റിദ്ധരിപ്പിക്കപ്പെട്ട യേശുക്രിസ്തു അഥവാ, ഈസാനബി നേരത്തെതന്നെ ഇതിനെതിരെ സംസാരിച്ചിട്ടുണ്ട്. യഹൂദന്മാർ പിടിവാശിയും മത്സരവും അവിശ്വാസവും പ്രകടിപ്പിക്കുകയും തന്നെ കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തപ്പോൾ, 'താൻ വന്നത് വെറുമൊരു മനുഷ്യനായാണ്' എന്ന് യേശു പറയുന്നത് യോഹന്നാൻ സുവിശേഷം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
'ദൈവത്തിൽ നിന്നു കേട്ടിട്ടുള്ള സത്യം നിങ്ങളോട് സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലാൻ നോക്കുന്നു' (8/40). 'അവൻ (ദൈവം) ആരുടെയും പിതാവുമല്ല; പുത്രനുമല്ല.' (അൽഇഖ്ലാസ് : 3) എന്നു പറഞ്ഞുകൊണ്ട് ഖുർആനും ഇക്കാര്യം ശക്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. 'അങ്ങ് പറയുക! തീർച്ചയായും ഞാൻ നിങ്ങളെപ്പോലെ ഒരു മനുഷ്യൻ മാത്രമാണ്. എന്നാൽ എനിക്ക് ദിവ്യസന്ദേശം നൽകപ്പെടുന്നു' (അൽകഹ്ഫ് : 110) എന്നു പറയാൻ തിരുനബിയോട് വിശുദ്ധ ഖുർആൻ നിർദ്ദേശിക്കുന്നു.
മാനുഷികപ്രകൃതിയും ഭാവങ്ങളും ഉണ്ടായിരിക്കെ തന്നെ ദിവ്യബോധനത്തിൻ്റെ പിൻബലമുള്ള വിജ്ഞാനവും മാതൃകാധന്യമായ ജീവിതവും പ്രവാചകൻമാരുടെ സവിശേഷതയാണ്. അതേസമയം, അവതാരസങ്കൽപ്പം ഒന്നുകിൽ ദൈവം ശരീരം ധരിക്കുക അല്ലെങ്കിൽ പരകായപ്രവേശം നടത്തുക എന്ന ആശയം ഉൾക്കൊള്ളുന്നുണ്ട്. ഇത് ഇസ്ലാം പരിചയപ്പെടുത്തിയ തൗഹീദുമായി ഒരു തരത്തിലും സമരസപ്പെടുന്നതല്ല. ഏതെങ്കിലും വിധേന വിഭാവനം ചെയ്യാവുന്ന എല്ലാ പ്രതിരൂപങ്ങൾക്കും ബിംബങ്ങൾക്കും അതീതനാണ് അല്ലാഹു. 'അവനാകട്ടെ അവരുടെ വർണനകൾക്കെല്ലാം അതീതനും പരിശുദ്ധനുമത്രേ.' (അൽഅൻആം:100)
അടിമയായ പ്രവാചകൻ!
ദൈവികവ്യക്തിത്വമോ ദൈവികതയുടെ അംശമോ ഇല്ലെന്നു മാത്രമല്ല, ദൈവവും പ്രവാചകനും തമ്മിലുള്ള ബന്ധം അടിമ-ഉടമ ബന്ധമത്രേ!. പ്രവാചകന്മാരുടെ ഏറ്റവും വലിയ വിശേഷണമായി വിശുദ്ധ ഖുർആൻ പലതവണ എടുത്തുപറഞ്ഞത് അവർ 'ഇബാദ്' അതായത് അടിമകളാണെന്നാണ്. സാധാരണഗതിയിൽ അടിമകൾ നേരിട്ടിട്ടുള്ള കഠിനമായ പരീക്ഷകളും പരീക്ഷണങ്ങളും അവരും അനുഭവിച്ചിരിക്കുന്നു!’. തിരുനബിയുടെ ജീവിതത്തിൽ അല്ലാഹു രാപ്രയാണവും വാനാരോഹണവും നടത്തിച്ച സംഭവം ഖുർആൻ പതിനേഴാം അധ്യായത്തിന്റെ ആരംഭത്തിൽ വിവരിച്ചിട്ടുണ്ട്. ഒരൊറ്റ രാത്രിയിൽ മക്കയിൽ നിന്നു യെരുശലേമിലേക്കും അനന്തരം സപ്തവാനങ്ങൾ താണ്ടി അല്ലാഹു നിശ്ചയിച്ച പ്രത്യേക മണ്ഡലങ്ങൾ വരെ സദേഹം യാത്രചെയ്തു മടങ്ങിവന്ന അനുഭവം മാനവചരിത്രത്തിൽ അദ്വിതീയമാണ്. തിരുനബിയുടെ ഏറ്റവും ഉത്തമ വിശേഷണം പറയേണ്ട ഈ സന്ദർഭത്തിൽ പോലും അവിടുന്ന് 'അബ്ദ്' ആണെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്. ക്രിസ്ത്യാനികൾ ദൈവപുത്രൻ എന്ന് ആരോപിച്ച യേശുക്രിസ്തുവിനെപ്പറ്റിയും ക്രിസ്തീയ ബൈബിളിൽ തന്നെ പലവുരു ദൈവദാസൻ എന്നു വിശേഷിപ്പിച്ചിട്ടുണ്ട്.[1]
മനുഷ്യരിൽ ഏറ്റവും ഉന്നതർ പ്രവാചകന്മാരാണ്. പ്രവാചകന്മാരാകട്ടെ, മറ്റേത് വ്യക്തിയുമാകട്ടെ, ആധ്യാത്മിക മണ്ഡലത്തിൽ എത്ര തന്നെ ഉന്നതി പ്രാപിച്ചാലും അടിമയെന്ന അവസ്ഥയിൽ നിന്ന് ഉയരുകയില്ല. അവർ ദൈവത്താൽ നിയുക്തർ തന്നെയാണ്. അധർമം തുടച്ചുനീക്കുകയും ധർമം സംസ്ഥാപിക്കുകയും ചെയ്യാൻ വേണ്ടിയത്രേ അവരുടെ നിയോഗം. എന്നാൽ അവർ ആരാധ്യരല്ല. ആരാധ്യനെ പരിചയപ്പെടുത്തിയ അവൻ്റെ അടിമകൾ മാത്രമാകുന്നു.



