ഏതാണ്ട് 370 കോടി വർഷം മുമ്പ് ജീവിച്ചിരുന്ന പൊതുപൂർവികനായ ഒരു ജീവിയിൽ നിന്നാണ് ഇന്ന് ഭൂമിയിൽ കാണപ്പെടുന്ന ജൈവവൈവിധ്യം ഉടലെടുത്തത് എന്നതാണ് പരിണാമ സങ്കൽപത്തിൻ്റെ രത്നച്ചുരുക്കം. ഇതുപ്രകാരം വിവിധ ജീവികൾ തമ്മിലുള്ള ശരീരപരമായ സാദൃശ്യങ്ങളും, ജൈവരാസ പ്രക്രിയാ (biochemical) സാദൃശ്യങ്ങളും, പൊതുവായ DNA ഭാഗങ്ങളും സൂചിപ്പിക്കുന്നതനുസരിച്ച് പൊതുവായ ഒരു തുടക്കത്തിനു ശേഷം തുടരെയുള്ള വൈവിധ്യവത്കരണവും സ്പീഷീസ് വേർപിരിയലും വഴി പിൽക്കാലത്തെ ജീവജാതികൾ ഉണ്ടായി എന്നു കരുതപ്പെടുന്നു. പരസ്പരമുള്ള സാദൃശ്യങ്ങളുടെ ഏറ്റക്കുറച്ചിൽ അനുസരിച്ച് ഏറ്റവും അടുത്ത പൊതുപൂർവികൻ്റെ കാലം നിർണയിക്കുകയും അതനുസരിച്ച് ജീവികളുടെ വംശവൃക്ഷം തയ്യാറാക്കുകയും ചെയ്യാം എന്നാണ് പരിണാമ സങ്കൽപത്തിൻ്റെ വക്താക്കൾ കരുതുന്നത്.
ലാമാർക്കിനെപ്പോലെ പല സൈദ്ധാന്തികരും ശാസ്ത്രജ്ഞരും തങ്ങളുടെ പഠനങ്ങളിലും സംവാദങ്ങളിലും എഴുത്തുകളിലും പരിണാമത്തെ കുറിച്ചുള്ള നിഗമനങ്ങളും നിരീക്ഷണങ്ങളും മുന്നോട്ടുവെച്ചിരുന്നുവെങ്കിലും, ചാൾസ് ഡാർവിനാണ് ‘പ്രകൃതി നിർദ്ധാരണം മുഖേനയുള്ള പരിണാമം’ സംബന്ധിച്ച ശാസ്ത്രീയമായ ഒരു വിശദീകരണം ആദ്യമായി മുന്നോട്ടുവെച്ചത്. 1859-ൽ 'ജീവജാതികളുടെ ഉത്ഭവം'[1] എന്ന പുസ്തകത്തിലൂടെ ഡാർവിൻ പ്രകൃതി നിർദ്ധാരണത്തെ (Natural Selection) വിശദമാക്കുന്ന അനേകം അനുമാനങ്ങൾ അവതരിപ്പിച്ചതോടെ പരിണാമ സങ്കൽപം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു.
ജീവിവർഗങ്ങളുടെ പരിണാമത്തിനു പിന്നിലെ അടിസ്ഥാന കാരണമായാണ് ഡാർവിൻ പ്രകൃതി നിർദ്ധാരണം എന്ന ആശയം മുന്നോട്ടുവെച്ചത്. ലളിതമായി പറഞ്ഞാൽ, അനുകൂലമായവയുടെ തിരഞ്ഞെടുപ്പും അനുകൂലക്ഷമത കുറഞ്ഞവയുടെ തിരസ്കരണവുമാണ് പ്രകൃതി നിർദ്ധാരണം. പ്രകൃതിയിൽ എല്ലാ ജീവികളും സ്വന്തം നിലനിൽപിനുള്ള കടുത്ത മത്സരത്തിലാണെന്നാണ് അദ്ദേഹം സമർഥിക്കാൻ ശ്രമിച്ചത്. മാറുന്ന പരിസ്ഥിതിക്കനുസരിച്ച് ജനിതകപരമോ പെരുമാറ്റപരമോ ഘടനാപരമോ ആയ ആകസ്മിക വ്യതിയാനങ്ങൾ ഓരോ ജീവവർഗവും പ്രകടിപ്പിക്കുന്നു. ഇത്തരം വ്യതിയാനങ്ങളിൽ പരിസ്ഥിതിയോട് കൂടുതൽ യോജിച്ചുപോകുന്ന വ്യതിയാനങ്ങൾ കാണിക്കുന്നവ നിലനിൽപിനു വേണ്ടിയുള്ള പോരാട്ടങ്ങളിൽ അതിജീവിക്കുകയും, തദ്വാരാ ആ വ്യതിയാനങ്ങളോടെ അടുത്ത തലമുറ നിലനിൽക്കുകയും അല്ലാത്തവ നശിക്കുകയും ചെയ്യുന്നു. 'അർഹതയുള്ളവരുടെ അതിജീവനം' (Survival of the fittest) എന്നാണിതിനെ വിളിക്കുന്നത്.
ഡാർവീനിയൻ പരിണാമ സങ്കൽപമനുസരിച്ച് മാറുന്ന ചുറ്റുപാടുകൾക്കനുസരിച്ച് അനുകൂല വ്യതിയാനങ്ങൾ പ്രകടമാക്കിയിട്ടുള്ള ജീവജാലങ്ങളെ മാത്രം പ്രകൃതി നിലനിർത്തുകയും അല്ലാത്തവയെ കാലക്രമേണ നശിപ്പിക്കുകയും ചെയ്തുവത്രെ. അഥവാ, ജീവികൾ പ്രകടിപ്പിക്കുന്ന ഈ ചെറിയ ചെറിയ അനുകൂല വ്യതിയാനങ്ങൾ നീണ്ട കാലത്തിനുള്ളിൽ തലമുറ തലമുറകളായി കൈമാറ്റം ചെയ്യപ്പെടുമ്പോൾ പുതിയൊരു ഘട്ടത്തിൽ അവ ഒന്നിച്ചുകൂടി പൂർവാധികം മത്സരശേഷിയുള്ള പുതിയ ജീവവർഗങ്ങളായി രൂപാന്തരപ്പെടുന്നു. അമീബയും ആനയും കുഴിയാനയും കുതിരയും തുടങ്ങി ഭൂമിയിലുള്ള ലക്ഷക്കണക്കിന് ജീവികൾ ഇപ്രകാരം ലക്ഷോപലക്ഷം വർഷങ്ങളുടെ വ്യത്യസ്ത പരിണാമഘട്ടങ്ങൾ താണ്ടി നിലവിൽ വന്ന ജീവവൃക്ഷത്തിലെ വ്യത്യസ്ത ശാഖകളാണെന്നാണ് ഡാർവിൻ വാദിക്കുന്നത്.
തോമസ് ഹെൻ്റി ഹക്സ്ലി ഡാർവിൻ്റെ ആശയത്തെ മനുഷ്യരിൽ പ്രയോഗിക്കുകയും ശക്തമായ വാദങ്ങൾ നിരത്തി മനുഷ്യരുടെയും ആൾക്കുരങ്ങുകളുടെയും പൊതു പാരമ്പര്യമെന്ന നിഗമനം അവതരിപ്പിക്കുകയും ചെയ്തു. വിവിധ കാലങ്ങളിൽ പലയിടങ്ങളിൽ നിന്നായി കണ്ടെടുക്കപ്പെട്ടിട്ടുള്ള അതിപ്രാചീനമായ ജീവികളുടേതെന്നു കരുതപ്പെടുന്ന അവശിഷ്ടങ്ങളെ സംബന്ധിച്ചു നടത്തിയിട്ടുള്ള നിരന്തരമായ ഗവേഷണ നിരീക്ഷണ പഠനങ്ങളിൽ, ചില അവശിഷ്ടങ്ങൾക്ക് മനുഷ്യർക്കുള്ളതിനോട് സമാനമായ സവിശേഷതകൾ പലതും ഉണ്ടായിരുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടു. അതിനാൽ പൊതുപൂർവികനായ ഏതോ മൃഗം മനുഷ്യനായി പരിണമിച്ചുണ്ടാകുന്നതിൻ്റെ ഇടവേളകളിൽ സ്ഥിതി ചെയ്തിരുന്ന ജീവികളുടെതായിരിക്കാം ഇവയെന്ന നിഗമനത്തിലാണ് ഡാർവിൻ്റെ ആശയത്തെ പിന്താങ്ങിയിരുന്ന ഗവേഷകർ എത്തിച്ചേർന്നത്. ഇതനുസരിച്ച്, രണ്ടരക്കോടി വർഷങ്ങൾ മുമ്പു മുതൽ മൂന്നര ലക്ഷം വർഷം മുമ്പു വരെയുള്ള അതിദീർഘമായ കാലയളവിൽ വ്യത്യസ്ത ഘട്ടങ്ങളിലൂടെ അതിജീവിച്ചും പരിണമിച്ചുമാണ് ആധുനിക മനുഷ്യൻ ഉണ്ടായത്. പിന്നീട് ഡാർവിനിസം എന്നുതന്നെ സംബോധന ചെയ്യപ്പെട്ട പരിണാമ സങ്കൽപം (Evolution Theory) മുന്നോട്ടുവെക്കുന്ന ഇത്തരമൊരു ചട്ടക്കൂടിൽ നിന്നാണ് പുതിയ കാലത്തെ നരവംശശാസ്ത്രകാരന്മാർ മാനവചരിത്രം മനസ്സിലാക്കാൻ ശ്രമിച്ചിട്ടുള്ളത്.
പ്രകൃതിനിർദ്ധാരണം വഴി നിലവിൽ വന്നതാവാം എന്നു വിചാരിക്കുന്ന മനുഷ്യസദൃശരായ പല ജീവിവർഗങ്ങളെയും മനുഷ്യൻ്റെ പുരോഗാമികളായി ചൂണ്ടിക്കാണിക്കപ്പെടുന്നു എന്നു പറഞ്ഞല്ലോ. 1959-ൽ ആഫ്രിക്കയിലെ ഗ്രേറ്റ് റിഫ്റ്റ് താഴ്വരയുടെ ഭാഗമായി വരുന്ന ടാൻസാനിയയിലെ ഓൾഡുവായ് ഗോർജിൽ വെച്ച്, ഏറെക്കുറെ നിവർന്നുനിൽക്കുകയും നടക്കുകയും ചെയ്തിരുന്നുവെന്ന് അനുമാനിക്കപ്പെടുന്ന ഒരുതരം വാനരന്മാരുടെ (Apes) അവശിഷ്ടങ്ങൾ കണ്ടെടുത്തത് ഉദാഹരണം. ബ്രിട്ടീഷ് പാലിയോ ആന്ത്രോപോളജിസ്റ്റായ മേരി ഡഗ്ലസ് ലീക്കിയാണ് ആദ്യമായി ഇത് കണ്ടെത്തിയത്. ഇതിന് സിൻജന്ത്രോപ്പസ് (Zinganthropus) എന്നാണ് പേര്. പിന്നീട് ഓസ്ട്രലോപിത്തേക്കസ് (Australopithecus) എന്നു പുനർനാമകരണം ചെയ്യപ്പെട്ടു. കല്ല്, മരക്കമ്പ് പോലെയുള്ള പ്രാകൃതമായ ആയുധങ്ങൾ ഉപയോഗിച്ചിരുന്നതായി കരുതപ്പെടുന്ന ഈ ജീവികൾ മനുഷ്യരിലേക്കുള്ള പരിണാമത്തിൻ്റെ സുദീർഘമായ ശൃംഖലയിലെ ഏറ്റവും ആദ്യത്തെ പൂർവികരാണെന്ന് കരുതുന്നു.
ഇതുപോലെ ആധുനിക മനുഷ്യനോട് ചില സാദൃശ്യങ്ങളുള്ള, എന്നാൽ മനുഷ്യത്വം പ്രാപിക്കാത്ത വേറെയും ചില ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അതിലൊന്ന് ഇൻഡോനേഷ്യയിലെ ജാവാ ദ്വീപുകളിൽ നിന്ന് 1891-ൽ കണ്ടെടുക്കപ്പെട്ട പിറ്റെകാന്ത്രോപസ് (Pithecanthropus) എന്നു വിളിക്കപ്പെട്ട 'ജാവാ മനുഷ്യൻ' ആണ്. വലിയ തല, ചെറിയ താടി, അഞ്ചടി എട്ടിഞ്ച് പൊക്കം എന്നിവയായിരുന്നു ജാവാ മനുഷ്യൻ്റെ സവിശേഷതകൾ. ഡോ. യൂജിൻ ഡുബായ് എന്ന ശാസ്ത്രകാരനാണ് ജാവാ മനുഷ്യൻ്റെ അവശിഷ്ടങ്ങൾ കണ്ടുപിടിച്ചത്. തൻ്റെ പുരുഷായുസ് മുഴുവനും അതേപ്പറ്റിയുള്ള ഗവേഷണത്തിൽ അദ്ദേഹം ചെലവഴിക്കുകയും ചെയ്തു. ഈ ഇനത്തിൽ പെട്ട വേറെയും നാലഞ്ചു തലയോടുകൾ വിദഗ്ധന്മാരുടെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ശ്രദ്ധേയമായ ഈ ഫോസിൽ പഠനങ്ങളെല്ലാം തെളിവുകൾ നൽകുന്നതനുസരിച്ച്, ഈ ജീവികൾക്ക് ശരിക്കും നീണ്ടുനിവർന്നു നടക്കാൻ കഴിയുമായിരുന്നില്ലത്രെ.
അതിനുശേഷം ആവിർഭവിച്ചത് മിക്കവാറും സിനെന്ത്രോപ്പസ് (Sinanthropus) വർഗമായിരിക്കും. ചൈനയിലെ ബീജിംഗിന് തെക്കുപടിഞ്ഞാറായി 47 കിലോമീറ്റർ (29 മൈൽ) അകലെയുള്ള പെക്കിങ്ങ് എന്ന സ്ഥലത്തുള്ള ഒരു ഗുഹയിൽ നിന്നാണ് ഇതിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. അതിനാൽ 'പെക്കിങ്ങ് മനുഷ്യൻ' എന്നു വിളിക്കാറുണ്ട്. പെക്കിങ്ങ് മെഡിക്കൽ കോളേജിൽ പ്രൊഫസറായിരുന്ന ജോ. ഡേവിഡ്സൻ ബ്ലാക്കിനാണ് പ്രസ്തുത അവശിഷ്ടങ്ങൾ ലഭിച്ചത്. കൃത്യമായ കാലഗണന വ്യക്തമല്ലെങ്കിലും 800,000 വർഷങ്ങൾക്ക് മുമ്പ് മുതൽ 230,000 വർഷങ്ങൾക്ക് മുമ്പ് വരെയായിരിക്കാം ഇവർ നിലനിന്നിട്ടുണ്ടാവുക എന്ന് അനുമാനിക്കപ്പെടുന്നു.
ജർമനിയിലെ ഡുസൽ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴക്കടുത്ത് 'നിയാണ്ടർ' എന്നു പേരായ ഒരു സ്ഥലമുണ്ട്. അവിടത്തെ ഒരു ഗുഹയിൽ തൊഴിലിലേർപ്പെട്ടിരുന്ന പണിക്കാർക്ക് കുറേ അസ്ഥികൾ കിട്ടി. ഈ അവശിഷ്ടങ്ങളിൽ നിന്നാണ് നിയാണ്ടർതാലുകളെ (Neanderthal) പറ്റിയുള്ള പഠനങ്ങൾ ആരംഭിക്കുന്നത്. ആധുനിക മനുഷ്യരോട് സാദൃശ്യമുള്ള ജീവിവർഗമാണ് ഇവർ എന്ന് ചില ശാസ്ത്രജ്ഞർ പറഞ്ഞു. എന്നാൽ ഒരു വിഭാഗം പറഞ്ഞത് പേടിച്ച് ഗുഹയിൽ പോയൊളിച്ച ഒരു റഷ്യൻ പട്ടാളക്കാരന്റെതാണ് പ്രസ്തുത അസ്ഥികൾ എന്നായിരുന്നു. ഭൂരിപക്ഷം പേരും കൂടുതൽ സംവാദങ്ങളിലൊന്നും ഏർപ്പെടാതെ തന്നെ ആദ്യത്തെ വാദത്തോട് യോജിക്കുകയാണ് ചെയ്തത്; ഡാർവിനിസത്തിൽ അവർക്കുള്ള മതിപ്പായിരുന്നു അതിനു കാരണം. ചിലർ പരസ്യമായി അനുകൂലിക്കുകയോ പ്രതികൂലിക്കുകയോ ചെയ്യാതെ നിഷ്പക്ഷത പാലിച്ചു. 'ഇനിയും തെളിവുകൾ ശേഖരിച്ച് പിന്നീട് ആവാം തീരുമാനം രേഖപ്പെടുത്തുന്നത്' - ഇതായിരുന്നു തോമസ് ഹക്സലിയുടെ നിലപാട്.
പഠനങ്ങൾ പിന്നെയും മുന്നോട്ടുപോയി. ഒരു ലക്ഷത്തി ഇരുപതിനായിരം വർഷങ്ങൾക്കു മുമ്പുവരെ നിയാണ്ടർതാലുകൾ ജീവനോടെ ഉണ്ടായിട്ടുണ്ടാവാം എന്നാണിപ്പോൾ കരുതുന്നത്. അഞ്ചടി അഞ്ചിഞ്ച് ഉയരം, 1600 സി.സി. ഘനമുള്ള തലയോട്ടി, മെലിഞ്ഞ ശരീരം, നീളം കൂടിയ ഉടൽ, അതേസമയം താരതമ്യേന നീളം കുറഞ്ഞ അംഗങ്ങൾ, വീതികൂടി നീളം കുറഞ്ഞ കാലടി, കണ്ണിൻ്റെ മീതെ ഉയർന്നുനിൽക്കുന്ന നെറ്റിയെല്ല്, നീണ്ട വായ്ഭാഗം - ഇങ്ങനെയൊക്കെയാണ് പ്രത്യേകതകൾ. നടക്കുന്നതിൽ വൈകല്യങ്ങൾ ഉണ്ടായിരുന്നു. അവയുടെ നിറം എന്തായിരുന്നു, ശരീരം രോമാവൃതമായിരുന്നോ അല്ലയോ എന്നൊന്നും തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. തലയോടിന് കട്ടി കൂടുതലായിരുന്നുവെന്നും, തലച്ചോറിൻ്റെ മുൻഭാഗം വികസിക്കാതെ കാണുന്നതുകൊണ്ട് ആധുനിക മനുഷ്യനെപ്പോലെ ചിന്താശക്തി വളർന്നിട്ടുണ്ടായിരുന്നില്ലെന്നും അനുമാനിക്കുന്നു. കാലക്രമേണ ആശയവിനിമയം നടത്താൻ പഠിച്ചിട്ടുണ്ടാവാം. പ്രാകൃത ആയുധങ്ങൾ ഉപയോഗിക്കുക, ഗുഹകളിൽ പാർക്കുക, ചിലപ്പോഴൊക്കെ ചെറുസംഘങ്ങളായി ജീവിക്കുക തുടങ്ങിയ സവിശേഷതകളും ഉണ്ടായിട്ടുണ്ടാവാം.
ശരീരഘടനാപരമായി ആധുനിക മനുഷ്യരോട് വളരെയധികം സാമ്യത പുലർത്തുന്ന ആറിഗ്നേഷ്യൻ (Aurignacian) എന്നറിയപ്പെടുന്ന വർഗമാണ് പിന്നീട് വന്നിട്ടുണ്ടാവുക. ഫ്രാൻസിലെ ഗാരോൺ നദിയുടെ ഉത്ഭവസ്ഥാനമായ ആറിഗ്നാക് (Aurignac) എന്ന ഗുഹയുമായി ബന്ധപ്പെടുത്തിയാണ് ഈ പേര് നൽകപ്പെട്ടത്. ഏകദേശം 43,000 വർഷങ്ങൾക്കു മുമ്പ് മുതൽ 26,000 വർഷങ്ങൾക്ക് മുമ്പ് വരെയാണ് ഇവർ നിലനിന്നിരുന്നത് എന്ന് കരുതുന്നു. ആറടിയോളം പൊക്കം, വലിയ താടി, നീണ്ട കൈകാലുകൾ, വലിയ നെറ്റിത്തടം എന്നിവ ഇവരുടെ പ്രത്യേകതകളാണ്.
ഫോസിൽ പഠനങ്ങളുടെ വെളിച്ചത്തിൽ ഗവേഷണം നടത്തിയിട്ടുള്ള ശാസ്ത്രജ്ഞരുടെ പൊതുവേയുള്ള അഭിപ്രായപ്രകാരം, ഏകദേശം മൂന്നു ലക്ഷം വർഷം നിയാണ്ടർതാൾ മനുഷ്യൻ യൂറോപ്പിലും ആഫ്രിക്കയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും അധിവസിച്ചിരുന്നു. ക്രമേണ അവിടങ്ങളിലെല്ലാം ആ വർഗം നശിച്ചുപോയി. യൂറോപ്പിൽ ഏതാണ്ട് എഴുപതിനായിരം വർഷങ്ങൾക്കു മുമ്പ് യഥാർഥ മനുഷ്യർ അവരുടെ സ്ഥാനം കൈയേറി എന്ന് ചില പണ്ഡിതന്മാർ അനുമാനിക്കുന്നു. എങ്കിലും മതിയായ തെളിവുകളുടെ അഭാവത്തിൽ ആറിഗ്നേഷ്യൻ വർഗം പോലെയുള്ള ഏതോ മനുഷ്യസദൃശ ജീവികളാവാം ആധുനിക മനുഷ്യനു മുമ്പായി പിന്നീട് വന്നത് എന്നും പറയപ്പെടുന്നുണ്ട്.
അറേബ്യയിലും ആഫ്രിക്കയിലും നാൽപതിനായിരം വർഷം മുമ്പുവരെ നിയാണ്ടർതാൾ മനുഷ്യർ ഉണ്ടായിരുന്നുവത്രെ. ഫലസ്തീനിനടുത്ത കാർമൽ മലയിൽ യഥാർഥ മനുഷ്യനും നിയാണ്ടർതാൾ മനുഷ്യനും ഇടകലർന്നു ജീവിക്കുകയും, രണ്ടു വർഗക്കാരുടെയും ശരീരപ്രകൃതിയുള്ള സന്തതികൾ അവിടെ ഉണ്ടാവുകയും ചെയ്തിരുന്നു എന്നും ചിലർ അഭിപ്രായപ്പെടുന്നു. ഫോസിൽ പഠനങ്ങളെ ആധാരമാക്കിയാൽ, പെക്കിങ്ങ് മനുഷ്യനും നിയാണ്ടർതാൾ മനുഷ്യനും നരമാംസഭുക്കുകളായിരുന്നു. കാലക്രമത്തിൽ നിയാണ്ടർതാൾ മനുഷ്യൻ ഭൂമുഖത്തുനിന്ന് നിശ്ശേഷം അപ്രത്യക്ഷമായി. അന്യോന്യം കൊന്നുതിന്നുന്ന വർഗം ക്ഷണേന നശിച്ചുപോകുന്നതിൽ അതിശയിക്കാനെന്തിരിക്കുന്നു!
വിളിപ്പേരിൽ മനുഷ്യൻ എന്നു കണ്ടതുകൊണ്ട് ജാവാ മനുഷ്യനും പെക്കിങ്ങ് മനുഷ്യനും നിയാണ്ടർതാൾ മനുഷ്യനും സാക്ഷാൽ മനുഷ്യരാണ് എന്ന് ധരിക്കരുത്; മനുഷ്യസദൃശ ജീവികൾ എന്നു മാത്രമാണ് അർഥമാക്കുന്നത്. രൂപത്തിൽ മനുഷ്യൻ്റെ ചില സവിശേഷതകൾ അവയ്ക്കും ഉണ്ടായിരുന്നുവെന്നു മാത്രം. തീർത്തും മനുഷ്യർ തന്നെ എന്നു ധരിക്കുന്നത് ഇന്നും മനുഷ്യരുടെതിന് സദൃശമായ ശാരീരിക സവിശേഷതകളും, നാം നൽകുന്ന പരിശീലനത്തിൻ്റെ അടിസ്ഥാനത്തിലെങ്കിലും നമ്മുടെ പ്രവൃത്തികളെ അനുകരിക്കുകയും ചെയ്യുന്ന കുരങ്ങുവർഗത്തിൽ പെട്ട ജീവികളും മനുഷ്യരും ഒന്നുതന്നെ എന്ന് വിശ്വസിക്കുന്നതിനു തുല്യമായിരിക്കും!
നടേ സൂചിപ്പിച്ചതുപോലെ ഏതാണ്ട് എഴുപതിനായിരം വർഷം മുമ്പ് പൂർണ മനുഷ്യത്വമുള്ള ഇന്നത്തെ മനുഷ്യൻ ജീവിതം ആരംഭിച്ചിട്ടുണ്ടാകാം എന്നത് ഒരു അനുമാനമാണ്. എങ്കിലും അത്രയും പഴക്കമുള്ള ‘ആധുനികൻ്റെ’ സാന്നിധ്യത്തിന് മതിയായ തെളിവുകളില്ല. ഏകദേശം 10,000 വർഷങ്ങൾക്കു മുമ്പ് നിയോലിതിക് / നവീന ശിലായുഗം ആരംഭിച്ചു എന്നു പറയുന്നതുപോലും ഏറെക്കുറെ ശരിയാകാൻ സാധ്യതയുള്ള ഒരു സങ്കൽപം മാത്രമാണ്. ഈജിപ്തിലും തെക്കുപടിഞ്ഞാറൻ ഏഷ്യയിലും 7,000 വർഷങ്ങൾക്കു മുമ്പും, നൈൽ നദിയുടെ തടങ്ങളിൽ ആറായിരം വർഷങ്ങൾക്ക് മുമ്പും ആരംഭിച്ചതായി തെളിവുകളുണ്ട്. ബി.സി. 5000 മുതലാണ് മനുഷ്യർ എഴുത്തുവിദ്യ ഉപയോഗപ്പെടുത്തി തുടങ്ങിയത് എന്നാണ് നിലവിലുള്ള നിഗമനം. അതിനുശേഷമുള്ള ചരിത്രം ശിലാരേഖകളെ ആസ്പദമാക്കി ശാസ്ത്രകാരന്മാർ മെനഞ്ഞെടുക്കുവാൻ പരിശ്രമിച്ചുപോരുന്നു.