തിരുനബിയെ സംബോധന ചെയ്ത് വിശുദ്ധ ഖുർആൻ പറയുന്നു: 'അങ്ങേയ്ക്കു മുമ്പു പുരുഷന്മാരെയല്ലാതെ നാം ദൂതന്മാരായി നിയോഗിച്ചിട്ടില്ല' (അൽഅമ്പിയാഅ്: 7). എന്നാൽ, സ്ത്രീകളിൽ ചിലർക്ക് അല്ലാഹു ദിവ്യബോധനം നൽകിയതായി വിശുദ്ധ ഖുർആൻ തന്നെ പരാമർശിക്കുന്നുണ്ട്. മൂസാ, ഈസാ നബിമാരുടെ ഉമ്മമാർ ഉദാഹരണം. പ്രവാചകശിഷ്യനായ ഇബ്നു അബ്ബാസ് ദിവ്യബോധനത്തിൻ്റെ ഈ ഇനത്തെ ‘ഇൽഹാം’ എന്ന സാങ്കേതിക നാമത്തിലാണ് പരിചയപ്പെടുത്തുന്നതെന്ന് വിശുദ്ധ ഖുർആൻ വ്യാഖ്യാതാക്കളായ ഇമാം ഇബ്നുൽ ജൗസി ഇമാം സുയൂത്വി ഇമാം മുഖാതിലു ബ്നു സുലൈമാൻ തുടങ്ങിയ ധാരാളം പേർ ഉദ്ധരിച്ചിട്ടുണ്ട്.[15] പ്രത്യേക സന്ദർഭത്തിൽ അല്ലാഹുവിൽ നിന്ന് മലക്കു മുഖേനയോ സ്വപ്നം മുഖേനയോ ലഭിക്കുന്ന ദിവ്യബോധനമാണ് ‘ഇൽഹാം’. ഇതുകൊണ്ടു മാത്രം പ്രവാചകത്വം അവകാശപ്പെടാനാവില്ല.
എന്തുകൊണ്ട് സ്ത്രീകളെ പ്രവാചകത്വത്തിന് അല്ലാഹു തെരെഞ്ഞെടുത്തില്ല എന്നു കട്ടായം പറയാൻ നമുക്കറിവില്ല; അത് അല്ലാഹുവിന്റെ മാത്രം അറിവിലുള്ള കാര്യം.
“തൻ്റെ ദൗത്യം എവിടെ ഏൽപിക്കണമെന്നു നന്നായി അറിയുന്നവനത്രെ അല്ലാഹു” (അൽഅൻആം: 124). എങ്കിലും നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഏതാനും വസ്തുതകൾ ഇങ്ങനെ സംഗ്രഹിക്കാം:
1) പ്രബോധനദൗത്യം വളരെയധികം ഗൗരവമേറിയ ഉത്തരവാദിത്തമാണ്; നമുക്ക് മനക്കണ്ണിൽ കാണാവുന്നതിലപ്പുറം ത്യാഗങ്ങളും പ്രയാസങ്ങളും ആവശ്യമേറുന്ന ഒരു കഠിനയത്നം. സാഹസമേറിയ ഈ ഉത്തരവാദിത്തം നിർവഹിക്കുക സ്ത്രീകൾക്ക് പ്രകൃത്യാ വളരെ പ്രയാസകരമായിരിക്കും. ഏറെ പ്രതിബന്ധങ്ങളും പ്രയാസങ്ങളും നേരിടേണ്ടി വരുന്ന അത്തരമൊരു ശ്രമകരമായ ദൗത്യം നിർവഹിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം നൽകാതിരിക്കുക വഴി, അല്ലാഹു സ്ത്രീകളോട് വളരെ വലിയ കാരുണ്യമാണ് ചെയ്തിരിക്കുന്നത്.
2) പൊതുവിൽ സ്ത്രീശരീരം പുരുഷന്മാരെ ലൈംഗികമായി വളരെയധികം ആകർഷിപ്പിക്കുന്ന പ്രകൃതത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വലിയൊരു ശതമാനം പുരുഷന്മാർ ഉൾക്കൊള്ളുന്ന സമൂഹ ഗോത്രത്തിലേക്ക് ദൈവിക സന്ദേശം പ്രബോധനം ചെയ്യുകയെന്ന നിർബന്ധമായ ഉത്തരവാദിത്തം നിർവഹിക്കേണ്ടവർക്കു പ്രബോധിതരുടെ ഭാഗത്തു നിന്ന് ഉണ്ടായേക്കാവുന്ന തൃഷ്ണയോടെയുള്ള സംസാരവും പെരുമാറ്റവും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കും.
3) ജീവിതത്തിലെ കലുഷമായ നാനോന്മുഖ സാഹചര്യങ്ങളോടു സക്രിയമായും പ്രായോഗിക യുക്തിയോടും പ്രതികരിക്കാനുള്ള പുരുഷൻ്റെ മികവ് പ്രകൃതിപരമായ സവിശേഷതയാണ്. സ്ത്രൈണ പ്രകൃതം പൊതുവെ വികാരപ്രധാനമാണ്. ഉന്നതസ്ഥാനം അലങ്കരിക്കുന്ന ഉരുക്കുവനിതകൾ പോലും പരുഷമായ പല സന്ദർഭങ്ങളിലും പതറുകയും വികാരാധീനരായി കരയുകയും ചെയ്യുന്നത് വർത്തമാനകാല രാഷ്ട്രീയ രംഗങ്ങളിൽ തന്നെ നാം കാണാറുണ്ട്. പലപ്പോഴും പുരുഷനായ ഒരാളുടെ സഹായത്തോടെയല്ലാതെ വിപത് സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ അവർക്കു സാധിക്കുന്നില്ല. ഏറ്റവും ഭാരിച്ചതും കഠിനവുമായ ഉത്തരവാദിത്തമാണ് പ്രവാചകത്വം. അവധാനതയും ദീർഘദർശിത്വവും നിറഞ്ഞ പല തീരുമാനങ്ങളും സ്വയം എടുക്കേണ്ടി വരും. വരുംവരായ്കകളെ പറ്റി നല്ല മുൻധാരണയോടെ ചിന്തിച്ചു മാത്രം സാമൂഹിക കാര്യങ്ങളെ സമീപിക്കണം. അങ്ങനെ ചെയ്യാൻ സ്ത്രൈണപ്രകൃതത്തിന് കഴിഞ്ഞുകൊള്ളണമെന്നില്ല.
4) സമൂഹത്തിൻ്റെ വൈജ്ഞാനികവും മതപരവും ആധ്യാത്മികവുമായ നേതൃത്വം വഹിക്കേണ്ടവരാണ് പ്രവാചകന്മാർ. ആരാധനകൾ, ദൈനംദിന ജീവിതത്തിൽ നേരിടുന്ന കർമശാസ്ത്രപരമായ സാഹചര്യങ്ങൾ, പ്രബോധന യാത്രകൾ, സാമൂഹിക പരിഷ്കരണ യത്നങ്ങൾ, സാഹചര്യേന ഉണ്ടായേക്കാവുന്ന ധർമസമരങ്ങൾ തുടങ്ങി, ബഹുമുഖ പ്രവർത്തനങ്ങൾക്കു മാതൃക കാണിക്കേണ്ടതും മുമ്പിൽ നിന്നു നയിക്കേണ്ടതും നബിമാർ തന്നെ. എന്നാൽ, ആർത്തവം, പ്രസവം പോലെയുള്ള സ്ത്രീസഹജമായ അവസ്ഥകളിൽ അവർക്കതിനു കഴിയാതിരിക്കുന്നതു സ്വഭാവികം. പ്രവാചകത്വമെന്ന ബാധ്യത അവരെ ഏൽപിച്ചാൽ ഇത്തരം സാഹചര്യങ്ങളിൽ അവരുടെ സ്ത്രൈണ പ്രകൃതിയോടു ചെയ്യുന്ന ക്രൂരതയായിരിക്കുമത്.
5) നിരാകരിക്കാനാവാത്ത പ്രകൃതിപരമായ ചോദനയാണല്ലോ മാതൃത്വം. മക്കളെ ലാളിക്കുകയും വളർത്തുകയും ചെയ്യുക, അവർക്ക് ശാരീരികവും വൈകാരികവുമായ ആരോഗ്യം നൽകുക, പെരുമാറ്റ ശീലങ്ങൾ പരിശീലിപ്പിക്കുക, വൈജ്ഞാനിക തൃഷ്ണകൾ ഉണർത്തുക തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യാൻ ആവശ്യമായ പ്രകൃതിപരമായ അനുകൂലനങ്ങളെല്ലാം നൽകപ്പെട്ടിരിക്കുന്നത് സ്ത്രീകൾക്കാണ്. പ്രവാചകത്വം ഏൽപിക്കപ്പെട്ടിരുന്നെങ്കിൽ അവർക്ക് തങ്ങളുടെ മക്കളോടും ഇണകളോടുമുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ പ്രയാസമായേനേ.
നോക്കൂ, ആധ്യാത്മികവും വൈജ്ഞാനികവുമായ ഔന്നത്യത്തിന്റെ കാര്യത്തിൽ പുരുഷനെപ്പോലെയോ അതിനേക്കാളധികമോ ഉയരാൻ സ്ത്രീകൾക്ക് കഴിയുമെന്നു ഖുർആൻ തന്നെ പഠിപ്പിക്കുന്നുണ്ട്. പുരുഷ-സ്ത്രീ വ്യത്യാസമില്ലാതെ സകല സത്യവിശ്വാസികൾക്കുമുള്ള മാതൃകകളായി രണ്ടു സ്ത്രീകളെ, ഫറോവയുടെ പത്നിയെയും ഈസാ നബിയുടെ മാതാവിനെയും ഖുർആൻ വരച്ചുകാണിച്ചത് ഓർക്കുക (അത്തഹ്രീം: 11,12). അതേസമയം, പ്രവാചകത്വത്തിനും പ്രബോധന യത്നത്തിനും സ്ത്രീകളെ പരിഗണിക്കാതിരുന്നത് അവരോടുള്ള അവഗണന ആയിരുന്നില്ല; അവൾക്കു നൽകപ്പെട്ടിട്ടുള്ള ശാരീരിക പ്രകൃതിയോടുള്ള ആദരവും കാരുണ്യവുമാണ് എന്നത്രേ ഈ വസ്തുതകളെല്ലാം സൂചിപ്പിക്കുന്നത്.



