ഡാർവിനു മുമ്പ് തന്നെ പരിണാമത്തെക്കുറിച്ച് ശാസ്ത്രീയമായ വീക്ഷണങ്ങൾ പ്രകടിപ്പിച്ച ഏതാനും മുസ്ലിം പണ്ഡിതന്മാരെ പരിചയപ്പെടാം.
1. അൽ ജാഹിള് (160–256 / 776–869)
ആധുനിക പരിണാമ സിദ്ധാന്തത്തിൻ്റെ യഥാർഥത്തിലുള്ള ഉപജ്ഞാതാവ് എന്ന് പറയാവുന്നയാളാണ് അൽ ജാഹിള് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അബൂ ഉസ്മാൻ അംറു ബ്നു ബഹ്ർ. "കിതാബുൽ ഹയവാൻ" (ജീവജാലങ്ങളുടെ പുസ്തകം) എന്ന തൻ്റെ പ്രശസ്തമായ ഗ്രന്ഥത്തിലൂടെയാണ് അദ്ദേഹം ഈ ആശയം അവതരിപ്പിച്ചത്. തത്വചിന്താപരമായി ‘മുഅ്തസിലി’ കാഴ്ചപ്പാട് വെച്ചുപുലർത്തിയിരുന്ന ജാഹിള്, പരിണാമ പ്രക്രിയകളെക്കുറിച്ചും സ്പീഷിസുകളുടെ പരിവർത്തനത്തെക്കുറിച്ചുമുള്ള തൻ്റെ ആശയങ്ങൾ വിവരിച്ചിട്ടുണ്ട്. അദ്ദമീരി, അൽബിറൂനി, ഇബ്നു തുഫൈൽ, ഇബ്നു ഖൽദൂൻ തുടങ്ങിയ മറ്റ് മുസ്ലിം രചയിതാക്കളുടെ രചനകളെയും ചിന്തകളെയും അദ്ദേഹത്തിൻ്റെ ആശയങ്ങൾ സ്വാധീനിച്ചിട്ടുണ്ട്.
മ്യൂട്ടേഷനുകൾക്കും പരിവർത്തനങ്ങൾക്കും മുന്നോടിയായി പ്രവർത്തിച്ചത് അല്ലാഹുവിൻ്റെ ഇച്ഛയായിരുന്നുവെന്നാണ് ജാഹിള് വിശ്വസിച്ചത്. ഡോ. മുനവ്വർ അഹ്മദ് അനീസ്,[1] ഹബീബ് അഹ്മദ് സിദ്ദീഖി[2] എന്നിവർ അദ്ദേഹത്തിൻ്റെ പരിണാമ സിദ്ധാന്തം പിന്നീട് വന്ന എല്ലാ പരിണാമവാദികൾക്കും ആശയപരവും ചിന്താപരവുമായ അടിത്തറയും സ്രോതസ്സുമായി വർത്തിച്ചിട്ടുണ്ടെന്ന് ഊന്നിപ്പറയുന്നു. ജാഹിളിൻ്റെ അഭിപ്രായത്തിൽ, നിർജീവ വസ്തുക്കൾ സസ്യതലത്തിലേക്ക് ഉയരുന്നു, പിന്നീട് മൃഗങ്ങൾ സസ്യങ്ങളിൽ നിന്ന് വികസിക്കുന്നു. മൃഗങ്ങളുടെ ഒരു പരിണാമഘട്ടത്തെയാണ് മനുഷ്യൻ പ്രതിനിധീകരിക്കുന്നത്. പിൽക്കാലത്ത് ഡാർവിൻ്റെ പ്രകൃതി നിർദ്ധാരണ സിദ്ധാന്തത്തിൻ്റെ (Natural Selection) അച്ചുതണ്ടായി മാറിയ നിലനിൽപിനുവേണ്ടിയുള്ള പോരാട്ടം, സാഹചര്യങ്ങൾക്കനുസരിച്ച് പരിതഃസ്ഥിതികളോട് പൂർണമായും ഇണങ്ങിചേരൽ, മൃഗങ്ങളുടെ മനഃശാസ്ത്രം എന്നീ ആശയങ്ങളും അദ്ദേഹം ചർച്ച ചെയ്തിട്ടുണ്ട്.[3]
നള്ളാമിൻ്റെ (മരണം: 845) ശിഷ്യനായിരുന്നു അൽജാഹിള്. തൻ്റെ ഗുരുനാഥനും പരിണാമ സിദ്ധാന്തം വാദിച്ചിരുന്നുവെന്ന് ജോർജ് സാർട്ടൺ പറയുന്നുണ്ട്. ഗുരുഭക്തി നിമിത്തം അൽജാഹിള് മുഅ്തസിലി ചിന്താസരണിയുടെ ശക്തനായ വക്താവായി മാറിയിരുന്നു. ഡോ. മുഹമ്മദ് ഇഖ്ബാൽ അൽജാഹിളിൻ്റെ പരിണാമ സിദ്ധാന്തപരമായ ആശയങ്ങളെ വളരെയധികം ശ്ലാഘിക്കുകയും ഇസ്ലാമിക ലോകത്തെ ആദ്യത്തെ പരിണാമവാദിയായി അദ്ദേഹത്തെ കണക്കാക്കുകയും ചെയ്യുന്നു. ഇഖ്ബാൽ എഴുതുന്നു: "It was Jahiz (d. 225 A.H.) who first hinted at the changes in animal life caused by migration and environment generally" - "കുടിയേറിപ്പാർപ്പും പരിസ്ഥിതിയും മൃഗങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് ആദ്യമായി സൂചന നൽകിയത് ജാഹിള് (മരണം: ഹി. 225) ആയിരുന്നു"[4]. മറ്റൊരിടത്ത് ഇഖ്ബാൽ വീണ്ടും ജാഹിളിനെ പരാമർശിച്ചു കൊണ്ട് ഇങ്ങനെ എഴുതിയിരിക്കുന്നു: "It was Jahiz who was the first to note the changes in bird-life caused by migration" - "ദേശാടനം പക്ഷികളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ആദ്യമായി നിരീക്ഷിച്ചത് ജാഹിളായിരുന്നു"[5]
പരിണാമം, സാഹചര്യങ്ങൾക്കനുസരിച്ച് പരിതഃസ്ഥിതകളോടുള്ള അനുരൂപണം, മൃഗങ്ങളുടെ മനഃശാസ്ത്രം എന്നിവയും ഉൾപ്പെടെ പിന്നീട് വന്ന നിരവധി സിദ്ധാന്തങ്ങൾക്ക് ബീജാവാപം നൽകിയത് ജാഹിളിൻ്റെ ‘കിതാബുൽ ഹയവാൻ’ ആണെന്നാണ് Introduction to the History of Science എന്ന ഗ്രന്ഥത്തിൽ ജോർജ് സാർട്ടണും പറയുന്നത്.[6]
2. അൽ ഫറാബി (259-339 / 870-950)
തത്വശാസ്ത്രം, സമൂഹശാസ്ത്രം, പ്രകൃതിശാസ്ത്രം, നയതന്ത്രം, മെറ്റാഫിസിക്സ് തുടങ്ങിയ വിവിധ ശാഖകളിൽ ബൗദ്ധിക ഇടപെടലുകൾ നടത്തിയ പ്രമുഖ ചിന്തകനായിരുന്ന അബൂ നസ്ർ മുഹമ്മദ് ബ്നു മുഹമ്മദ് എന്ന അൽ ഫറാബിയെ സ്വന്തം നിലയിൽ ഒരു പരിണാമവാദിയായും കണക്കാക്കാം. എന്നാൽ, ജീവശാസ്ത്രപരമായ വശങ്ങളെക്കാൾ മനുഷ്യബുദ്ധിയുടെ (human intelligence) പരിണാമത്തിലാണ് അദ്ദേഹം പ്രാഥമികമായി ശ്രദ്ധ കേന്ദ്രീകരിച്ചത്. മനുഷ്യബുദ്ധിയുടെ പരിണാമം ഒരു തുടർച്ചയായ പ്രക്രിയയാണെന്നും അത് ഉന്നത സംസ്കാരങ്ങളുടെ ഉത്ഭവത്തിനും വികാസത്തിനും സഹായിക്കുന്നുവെന്നും അൽ ഫറാബി വാദിച്ചു. വ്യക്തികളുടെയും സമൂഹങ്ങളുടെയും ബൗദ്ധിക വളർച്ചയാൽ പ്രേരിതമായി മനുഷ്യസമൂഹം കൂടുതൽ സങ്കീർണമായ ഘട്ടങ്ങളിലൂടെ വികസിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. മനുഷ്യൻ്റെ സാമൂഹിക പുരോഗതിക്കും ബൗദ്ധിക ശേഷികൾക്കുമിടയിലുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള ധാരണയെ ഈ ആശയം പ്രതിഫലിപ്പിക്കുന്നു.
അരിസ്റ്റോട്ടിൽ ഉൾപ്പെടെയുള്ള ഗ്രീക്ക് ചിന്തകരിൽ പലരും, പ്രകൃതിദത്തവും പ്രപഞ്ചശാസ്ത്രപരവുമായ മേഖലകളിൽ പരിണാമപരമായ ചിന്താഗതികൾ വെച്ചുപുലർത്തിയിരുന്നു. അരിസ്റ്റോട്ടിലിൻ്റെ ഭൗതികശാസ്ത്രം, കാലാവസ്ഥാശാസ്ത്രം, ആകാശവും പ്രപഞ്ചവും എന്നിവയെക്കുറിച്ചുള്ള പ്രബന്ധങ്ങൾക്ക് വിപുലമായ വ്യാഖ്യാനങ്ങൾ എഴുതിയ അൽഫറാബിയെ ഈ ആശയങ്ങൾ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അതിൻ്റെ അടിസ്ഥാനത്തിൽ, മനുഷ്യസമൂഹങ്ങളുടെ പരിണാമത്തിൽ ബുദ്ധിയുടെയും യുക്തിയുടെയും പങ്ക് ഊന്നിപ്പറയുന്ന തൻ്റെതായ ഒരു ചട്ടക്കൂട് അദ്ദേഹം വികസിപ്പിച്ചു. ഗ്രീക്ക് തത്വശാസ്ത്രവും ഇസ്ലാമികചിന്തയും സംയോജിപ്പിച്ച്, മനുഷ്യധാരണയുടെയും സാമൂഹിക ഘടനകളുടെയും പരിണാമം പര്യവേക്ഷണം ചെയ്ത പിൽക്കാല പണ്ഡിതർക്ക് അടിത്തറ പാകിയത് അൽഫറാബിയാണ്.
3. അൽ മസ്ഊദി (മ: 345 / 957)
കിതാബുത്തൻബീഹി വൽ അശ്റാഫ്, മുറൂജുദ്ദഹബ്, അഖ്ബാറുസ്സമാൻ, സിർറുൽ ഹയാത് തുടങ്ങിയ അനേകം ക്ലാസിക്കൽ കൃതികളുടെ രചയിതാവായ അബുൽ ഹസൻ അലിയ്യുബ്നുൽ ഹുസൈൻ അൽ മസ്ഊദി പ്രമുഖ പ്രവാചകാനുചരൻ അബ്ദുല്ലാഹിബ്നു മസ്ഊദിൻ്റെ പിൻഗാമിയാണ്. ‘കിതാബുത്തൻബീഹിലാണ്’ പരിണാമ സങ്കൽപവുമായി ബന്ധപ്പെട്ട തൻ്റെ വീക്ഷണങ്ങൾ അദ്ദേഹം പങ്കുവെക്കുന്നത്. ധാതുക്കളില് നിന്ന് സസ്യങ്ങളിലേക്കും അവിടെനിന്ന് ജന്തുക്കളിലേക്കും അന്തിമമായി മനുഷ്യരിലേക്കും എത്തിച്ചേരുന്ന പരിണാമ ബന്ധങ്ങളുടെ ഒരു ശൃംഖലയെപ്പറ്റി മസ്ഊദി പ്രതിപാദിക്കുന്നു. ജീവജാതിയില് നിന്ന് ജീവജാതിയിലേക്ക് പുരോഗമിക്കുന്ന പരിണാമവാദം ഡാർവിൻ അവതരിപ്പിക്കുന്നതിന് ഒമ്പത് നൂറ്റാണ്ടു മുമ്പാണിത്.[7]
4. ഇമാം റാഗിബുൽ ഇസ്ഫഹാനി (മ: 502 / 1108)
ഇമാം ഗസ്സാലിയുടെ സമകാലീനനാണ് ഇമാം റാഗിബ്. ഇമാം ഫഖ്റുദ്ദീൻ റാസിയുടെ ‘അസാസുത്തഖ്ദീസിൽ’ ഇദ്ദേഹം സുന്നിയാണ് എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. വിശ്വപ്രസിദ്ധമായ തൻ്റെ "തഫ്സ്വീലുന്നശ്അതയ്ൻ വതഹ്സീലുസ്സആദതയ്ൻ" എന്ന ഗ്രന്ഥത്തിൽ എഴുതുന്നു:
“മനുഷ്യൻ ആദ്യഘട്ടത്തിൽ അചേതനമായ ഒരു നിർജീവ വസ്തുവാകുന്നു. സർവോന്നതനായ അല്ലാഹു പറയുന്നു: "നിങ്ങൾ അല്ലാഹുവിനെ നിഷേധിക്കുന്നതെങ്ങനെ?! നിങ്ങൾ അചേതനങ്ങളായിരുന്നുവല്ലോ, പിന്നെ അവൻ നിങ്ങൾക്ക് ജീവൻ നൽകി" (ഖുർആൻ 2:28). അതെങ്ങനെയെന്നോ, മനുഷ്യൻ ആദ്യം പൊടിമണ്ണായിരുന്നു, പിന്നെ ചെളിയായി, അനന്തരം മുട്ടിയാൽ മുഴക്കം വരുന്നതരം വരണ്ട മണ്ണായി, അങ്ങനെയങ്ങനെ… തുടർന്ന്, അത് വളരുന്ന സ്വഭാവമുള്ള ഒരു സസ്യമായി മാറുന്നു. അല്ലാഹു പറയുന്നു: "അല്ലാഹു നിങ്ങളെ ഭൂമിയിൽ നിന്ന് (ഭൗമധാതുക്കളിൽ നിന്ന്) ഒരു സസ്യം പോലെ ഉത്ഭവിപ്പിച്ചു" (ഖുർആൻ 71:17). ബീജം, ഭ്രൂണം, ചവച്ചരതുപോലെ കാണപ്പെടുന്ന മാംസപിണ്ഡം എന്നിങ്ങനെയുള്ള ഘട്ടങ്ങളിലൂടെയുള്ള മനുഷ്യോത്ഭവത്തെയാണത് സൂചിപ്പിക്കുന്നത്.
ഇതിനുശേഷം, മനുഷ്യൻ ഒരു ജന്തുവായി മാറുന്നു, അതിനനുകൂലമായ സാഹചര്യങ്ങളെ പിന്തുടരുകയും ഭീഷണിയാകുന്ന സാഹചര്യങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. അവസാനം, സാധാരണ മനുഷ്യ പ്രവർത്തനങ്ങളെല്ലാം സവിശേഷതകളായുള്ള ഒരു പൂർണ മനുഷ്യനായി വികാസം പ്രാപിക്കുന്നു. അല്ലാഹു നിരവധി സൂക്തങ്ങളിൽ ഇക്കാര്യം തൊട്ടുണർത്തുന്നുണ്ട്”[8]
നിർജീവമായ ഭൗമധാതുക്കളിൽ നിന്നാരംഭിച്ച് സസ്യം, ജന്തു, അനന്തരം യുക്തിസഹമായ മനുഷ്യത്വം എന്നീ ഘട്ടങ്ങളിലൂടെ പുരോഗമിക്കുന്ന മനുഷ്യവികാസത്തിൻ്റെ ചക്രം അവതരിപ്പിക്കുന്ന, ഖുർആനിൻ്റെ തിയോളജിയും മെറ്റാഫിസിക്കൽ ചിന്തയും അടിസ്ഥാനമാക്കിയിട്ടുള്ള ഈ ചട്ടക്കൂട് ഡാർവീനിയൻ പരിണാമ സങ്കൽപവുമായി സാമ്യമുള്ളതാണ്. പ്രവർത്തനപരമായ അനുരൂപണത്തെ കുറിച്ചുള്ള ഇസ്ഫഹാനിയുടെ വീക്ഷണങ്ങൾ പ്രകൃതി നിർദ്ധാരണം എന്ന ആശയവുമായി വളരെയധികം യോജിക്കുന്നുണ്ട്. ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ചുള്ള പഠനങ്ങളോ ഗവേഷണ ഫലങ്ങളോ ഡാറ്റയോ ലഭ്യല്ലാതിരുന്ന ഒരു കാലത്താണ് പിൽക്കാല പരിണാമ സിദ്ധാന്തത്തെ അനുസ്മരിപ്പിക്കുന്ന വിധം ജീവൻ്റെ പരസ്പരബന്ധിതവും ക്രമാനുഗതവുമായ പരിവർത്തനത്തെയും വികാസത്തെയും സംബന്ധിച്ചുള്ള കൃത്യമായ ധാരണ അദ്ദേഹത്തിൻ്റെ പ്രബന്ധം പ്രതിഫലിപ്പിക്കുന്നത്.
5. ഇബ്നു മസ്കവയ്ഹി (325–442 / 1032)
മനുഷ്യോത്പത്തിയെ കുറിച്ചുള്ള ആധുനിക സിദ്ധാന്തങ്ങളെ സംബന്ധിച്ചു കൃത്യവും വ്യക്തവുമായ ആശയം നൽകിയ ആദ്യത്തെ മുസ്ലിം ചിന്തകൻ എന്നാണ് അല്ലാമാ മുഹമ്മദ് ഇഖ്ബാലിൻ്റെ ‘ഇസ്ലാമിലെ മതചിന്തയുടെ പുനർനിർമാണം’ എന്ന ഗ്രന്ഥം ഇബ്നു മസ്കവയ്ഹിയെ പരിചയപ്പെടുത്തുന്നത്.[9]
ഇഖ്ബാലിനെ തന്നെ തുടർന്നു വായിക്കാം: “പരിണാമം എന്ന ആശയം ക്രമേണ രൂപപ്പെടുന്നതായി നാം കാണുന്നു. ദേശാന്തരഗമനങ്ങൾ പക്ഷികളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ആദ്യമായി നിരീക്ഷിച്ചത് ജാഹിളായിരുന്നു. പിന്നീട് അൽബിറൂനിയുടെ സമകാലികനായ ഇബ്നു മസ്കവയ്ഹി ഇതിന് കൂടുതൽ കൃത്യതയുള്ള ഒരു സിദ്ധാന്തത്തിൻ്റെ രൂപം നൽകുകയും തൻ്റെ ദൈവശാസ്ത്ര ഗ്രന്ഥമായ ‘അൽഫൗസുൽ അസ്ഗറിൽ’ അത് ഉൾപ്പെടുത്തുകയും ചെയ്തു. എങ്ങനെയാണ് മുസ്ലിം ശാസ്ത്രചിന്തയുടെ സ്വഭാവം മുന്നോട്ടുപോയിരുന്നത് എന്നതിലേക്ക് ദിശാവെളിച്ചം വീശുന്നതിനാലാണ് - അല്ലാതെ അതിൻ്റെ ശാസ്ത്രീയമൂല്യം കൊണ്ടല്ല - അദ്ദേഹത്തിൻ്റെ പരിണാമം എന്ന ഹൈപ്പോതിസിസിൻ്റെ സാരാംശം ഞാനിവിടെ പിന്നെയും പറയുന്നത്.
ഇബ്നു മസ്കവയ്ഹിയുടെ വീക്ഷണത്തിൽ, പരിണാമത്തിൻ്റെ ഏറ്റവും താഴ്ന്ന ഘട്ടത്തിൽ സസ്യജീവിതത്തിന് വിത്തുപോലും ആവശ്യമില്ലാതെ അതിൻ്റെ ഉത്ഭവവും വളർച്ചയും സാധ്യമാകും. അതിൻ്റെ വർഗം (species) നിലനിർത്തുന്നതിനും വിത്ത് ആവശ്യമില്ല. ഈ തരം സസ്യജീവിതം ധാതുക്കളിൽ നിന്ന് വ്യത്യാസപ്പെടുന്നത് ചെറിയ ചില ചലനശേഷി കാണിക്കുന്നതിലൂടെ മാത്രമാണ്; അതായത് സസ്യങ്ങൾ ഉയർന്ന രൂപഘടനകളിൽ വളരുകയും ശാഖകളായി വ്യാപിക്കുകയും വിത്തിൻ്റെ സഹായത്തോടെ വർഗം നിലനിർത്തുകയും ചെയ്യുന്നു. ഈ ചലനശേഷി ക്രമേണ വളർന്ന് തണ്ടുകൾ, ഇലകൾ, ഫലങ്ങൾ എന്നിവയെല്ലാമുള്ള വൃക്ഷങ്ങളായിത്തീരുന്നു. പരിണാമത്തിൻ്റെ ഉയർന്ന ഘട്ടത്തിൽ സസ്യങ്ങൾ വളരുന്നതിന് മികച്ച മണ്ണും കാലാവസ്ഥയും ആവശ്യമായി വരുന്നു. പരിണാമത്തിൻ്റെ അവസാനഘട്ടം മുന്തിരിവള്ളി, ഈന്തപ്പന എന്നിവയിലെത്തുന്നു; അത് മൃഗജീവിതത്തിൻ്റെ വക്കിലെത്തി നിൽക്കുന്നത് പോലെയാണ്. ഈന്തപ്പനയിൽ വ്യക്തമായ ലിംഗഭേദം പ്രത്യക്ഷപ്പെടുന്നു. വേരുകളും നാരുകളും കൂടാതെ, മൃഗങ്ങളുടെ മസ്തിഷ്കത്തെപ്പോലെയുള്ള ഒരു ഘടകത്തെ അത് വികസിപ്പിക്കുന്നു; അതിനെ ആശ്രയിച്ചാണ് ഈന്തപ്പനയുടെ ജീവൻ നിലനിൽക്കുന്നത്. ഇത് സസ്യജീവിതത്തിൻ്റെ വികാസത്തിലെ ഏറ്റവും ഉയർന്ന ഘട്ടവും മൃഗജീവിതത്തിലേക്കുള്ള ഒരു പ്രാരംഭ ഘട്ടവുമാണ്.
മൃഗജീവിതത്തിലേക്കുള്ള ആദ്യ മുന്നേറ്റം മണ്ണിൽ വേരൂന്നി നിൽക്കുന്നതിൽ നിന്ന് മോചിതമാകുക എന്നതാണ്; അതാണ് ബോധപൂർവമുള്ള സ്വതന്ത്രചലനത്തിൻ്റെ മൂലരൂപം. ആദ്യഘട്ടത്തിൽ സ്പർശനം അനുഭവിച്ചറിയുന്നതും ഒടുവിൽ ദർശനശേഷി പ്രത്യക്ഷപ്പെടുന്നതുമാണ് മൃഗത്വത്തിൻ്റെ പ്രാഥമിക തലം. ഇന്ദ്രിയങ്ങൾ വികസിക്കുന്നതിനൊപ്പം മൃഗങ്ങൾ ചലനസ്വാതന്ത്ര്യം നേടുന്നു; കീടങ്ങൾ, ഉരഗങ്ങൾ, ഉറുമ്പുകൾ, തേനീച്ചകൾ എന്നിവയിലെല്ലാം കാണപ്പെടുന്നതു പോലെ. നാൽക്കാലികളിൽ കുതിരയിലും പക്ഷികളിൽ പരുന്തിലും എത്തുമ്പോൾ മൃഗത്വം അതിൻ്റെ പൂർണതയിൽ എത്തുകയും അവസാനഘട്ടത്തിൽ മനുഷ്യനാകുന്നതിൻ്റെ അതിരിൽ - അഥവാ, പരിണാമത്തിൻ്റെ അളവുകോലിൽ മനുഷ്യനെക്കാൾ ഒരു ഘട്ടം മാത്രം താഴെയുള്ള വാലില്ലാക്കുരങ്ങിൽ - എത്തുന്നു”.[10]
ഇതേ കാര്യം ഇഖ്ബാൽ തൻ്റെ The Development of Metaphysics in Persia എന്ന കൃതിയിലും (പേ.29) രേഖപ്പെടുത്തിയിട്ടുണ്ട്.
ഇബ്നു മസ്കവയ്ഹി തൻ്റെ സിദ്ധാന്തം നിരീക്ഷിക്കപ്പെട്ട വസ്തുതകളുടെ സഹായത്തോടെ ദൃഢമായി തെളിയിക്കാൻ പരമാവധി ശ്രമിച്ചിരുന്നു. ശാസ്ത്രത്തിൻ്റെ അവബോധവുമായി പൂർണമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ പോലും അദ്ദേഹം വളരെ അവധാനതയോടെ വ്യക്തമായ രീതിയിലാണ് വിശദീകരിക്കുന്നത്. അദ്ദേഹം വിവരിക്കുന്നു: "പ്രത്യക്ഷത്തിൽ എല്ലാ ജീവികളും യഥാർഥത്തിൽ ഒരു ജീവിയല്ലാത്തതിൽ നിന്നാണ് ഉത്ഭവിക്കുന്നത് - കാരണം ശുക്ലദ്രവം മാത്രം നോക്കിയാൽ അതൊരു ജീവിയല്ലല്ലോ. ഈ ദ്രവം രക്തത്തിൽ നിന്നും രക്തം പോഷണത്തിൽ നിന്നും പോഷണം സസ്യങ്ങളിൽ നിന്നും സസ്യങ്ങൾ മൂലകങ്ങളിൽ നിന്നും മൂലകങ്ങൾ വെറും ആറ്റങ്ങളിൽ നിന്നും രൂപപ്പെടുന്നു. ഈ ആറ്റങ്ങളാവട്ടെ 'രൂപം' (form) 'പദാർഥം' (matter) എന്നിവയിൽ നിന്നും പിന്നീടുണ്ടാകുന്നതാണല്ലോ.” [11]
ആധുനിക വൈദ്യശാസ്ത്രം ശുക്ലസ്രവത്തിൽ ലക്ഷക്കണക്കിന് ബീജങ്ങൾ (Sperms) അടങ്ങിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്, അവ യഥാർഥത്തിൽ ഏകകോശ ജീവികളാണ്, അണ്ഡവുമായി ലയിച്ചതിനുശേഷം അവ ഭ്രൂണമായി വികസിക്കുന്നു. ജീവജാലങ്ങളുടെ പരിണാമത്തെക്കുറിച്ചുള്ള ഇബ്നു മസ്കവയ്ഹിയുടെ വീക്ഷണങ്ങൾ അപ്പടി ആധുനിക അറിവുമായി പൊരുത്തപ്പെടുന്നില്ല. ഉദാഹരണത്തിന്, പ്രസിദ്ധ ജീവശാസ്ത്രജ്ഞനായ ഡബ്ല്യു.ആർ. തോംപ്സൺ പറയുന്നതിങ്ങനെ: "സസ്യങ്ങളും മൃഗങ്ങളും തമ്മിൽ വേർതിരിവുണ്ടെന്ന കാര്യത്തിൽ ജീവശാസ്ത്രജ്ഞർ ഇപ്പോൾ ഏകാഭിപ്രായക്കാരാണ്".[12] എന്നാൽ, ഇബ്നു മസ്കവയ്ഹി മൃഗങ്ങൾ സസ്യങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നതെന്ന് കരുതുന്നു. പരിണാമം പ്രകൃതിദത്തമായി സംഭവിക്കുന്നതല്ല, പ്രത്യുത സർവശക്തനായ അല്ലാഹു നടപ്പിൽ വരുത്തുന്നതാണ് എന്ന നിലപാട് ഇബ്നു മസ്കവയ്ഹി തൻ്റെ ‘അൽഫൗസുൽ അസ്ഗറിൽ’ വ്യക്തമാക്കുന്നുണ്ട്.[13] ഇതിലെ ഒന്നാം അധ്യായം തന്നെ ‘The Proof of the Maker’ (സ്രഷ്ടാവിൻ്റെ തെളിവുകൾ) എന്നതത്രെ.
6. ഇബ്നു തുഫൈൽ (1100–1185)
ഒരു അന്ദലൂസിയൻ ബഹുമുഖ പ്രതിഭയായ ഇബ്നു തുഫൈൽ തൻ്റെ ദാര്ശനിക നോവലായ ‘ഹയ്യ് ബിൻ യഖ്ളാൻ’ എന്ന കൃതിയിൽ സൃഷ്ടിപ്പിനെയും പരിണാമത്തെയും സംബന്ധിച്ച ആശയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. പാശ്ചാത്യ ലോകത്ത് ‘ഫിലോസോഫസ് ഓട്ടോഡിഡാക്ടസ്’ (Philosophus Autodidactus) എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. മനുഷ്യരാരും ഇല്ലാത്ത ഒരു വിജനമായ ദ്വീപിൽ ജനിച്ച ഹയ്യ് എന്ന കുട്ടിയെക്കുറിച്ചാണ് കഥ. ഒരുപക്ഷേ സ്വയംഭൂവായി ഉണ്ടായവനോ അല്ലെങ്കിൽ മറ്റൊരു ദ്വീപിൽ നിന്ന് വല്ല പെട്ടിയിലും ഒഴുകി വന്നവനോ ആയിരിക്കണം ഹയ്യ്. സൂര്യപ്രകാശത്തിൻ്റെയും ചൂടിൻ്റെയും ഫലമായി "നുരഞ്ഞു പൊന്തിയ മണ്ണിൽ" (fermented clay) നിന്ന് ഹയ്യ് ഉയർന്നുവരുന്നത് അദ്ദേഹം വിവരിക്കുന്നുണ്ട്. ദൈവത്തിൻ്റെ ആജ്ഞപ്രകാരം അതിലേക്കു ആത്മാവ് സന്നിവേഷിപ്പിക്കുകയാണ്.[14] ഇബ്നു തുഫൈൽ ഈ കഥയിലൂടെ അബിയോജനസിസിൻ്റെ (abiogenesis) ആശയങ്ങൾ അവതരിപ്പിക്കുന്നുവെന്നു സാമി എസ്. ഹാവി നിരീക്ഷിക്കുന്നു.[15] ആധുനിക രാസപരിണാമ സിദ്ധാന്തങ്ങളുമായി സമാനതയുള്ള ചിന്തയാണിത്. നോവൽ ഹയ്യിൻ്റെ ബുദ്ധിപരമായ പരിണാമത്തെ ശക്തമായ ഭാഷയിൽ സ്ഥാപിക്കുന്നുണ്ട്. അവൻ അതിജീവിക്കാൻ പഠിക്കുമ്പോൾ, അസ്തിത്വത്തിനായുള്ള പോരാട്ടം, മാറുന്ന സാഹചര്യങ്ങൾക്ക് അനുയോജ്യമായ വിധത്തിൽ പൊരുത്തപ്പെടുന്ന മാറ്റങ്ങൾ തുടങ്ങിയവയെല്ലാം ജീവപരിണാമം എന്ന സങ്കൽപം നോവലിസ്റ്റിന് നന്നായി പരിചയമുണ്ടെന്നാണ് വ്യക്തമാക്കുന്നത്.
ഇബ്നു തുഫൈൽ ഡാർവിൻ്റെ പ്രകൃതി നിർദ്ധാരണം (natural selection) എന്ന തത്വം വ്യക്തമായി രൂപരേഖപ്പെടുത്തുന്നില്ല എന്നതു ശരിതന്നെ; എന്നാലും അർഹതയുള്ളവരുടെ അതിജീവനം (survival of the fittest) പോലെയുള്ള ഡാർവിൻ്റെ ചിന്ത ഇദ്ദേഹം നേരത്തേ അവതരിപ്പിച്ചിട്ടുണ്ട് എന്നതു വ്യക്തമാണ്. പ്രതികൂലമായ പരിസ്ഥിതിയെ അതിജീവിക്കാനുള്ള ഹയ്യിൻ്റെ പോരാട്ടവും പുതിയ പരിതസ്ഥിതികളോടു പൊരുത്തപ്പെടാനുള്ള അനുരൂപീകരണവും പ്രകൃതി നിർദ്ധാരണം എന്ന ആശയത്തെത്തന്നെയാണ് പ്രതിനിധീകരിക്കുന്നത്. വിഭവങ്ങൾക്കുവേണ്ടിയുള്ള മത്സരത്തിൽ പ്രകൃതിദത്തമായ ആയുധങ്ങളുടെ അഭാവം അവനെ ഉപകരണങ്ങൾ കണ്ടുപിടിക്കാൻ പ്രേരിപ്പിക്കുന്നത് ഒരു ഉദാഹരണമാണ്. ആവശ്യം അവയവത്തെ സൃഷ്ടിക്കുന്നു (need creates the organ) എന്ന ഡാർവിൻ്റെ ആശയത്തിന് സമാനമായ ഒരു പ്രക്രിയയാണിത്.[16]
കൂടാതെ, വെല്ലുവിളികൾ മറികടക്കാൻ ഹയ്യ് അവൻ്റെ ബുദ്ധിപരമായ കഴിവുകൾ ഉപയോഗിക്കുന്നതായി ചിത്രീകരിക്കുന്നതിലൂടെ ഇബ്നു തുഫൈൽ പ്രതിഫലിപ്പിക്കുന്നത് ഒരോ ജീവിയുടെയും അതിജീവനക്ഷമത അതിൻ്റെ അനുരൂപണ കഴിവ് കൊണ്ടാണ് നിർണയിക്കപ്പെടുന്നത് (competition and adaptation) എന്ന ആശയത്തെയാണ്. മുസ്ലിം പാശ്ചാത്യ ലോകങ്ങളിലെ തത്വചിന്താപരമായ പാരമ്പര്യങ്ങളെ വലിയ തോതിൽ സ്വാധീനിച്ച ഇബ്നു തുഫൈലിൻ്റെ രചന ജീവൻ്റെ ഉത്ഭവവും പരിണാമവുമായി ബന്ധപ്പെട്ട ആശയങ്ങളുടെ ആദ്യകാല ഇസ്ലാമിക അടയാളപ്പെടുത്തലായാണ് പരിഗണിക്കപ്പെടുന്നത്.



