ക്രിസ്തുവിനു പിന്നീട് മൂന്നാം നൂറ്റാണ്ടോടെ വികസിച്ചു തുടങ്ങുകയും, പിന്നീട് ഹിപ്പോയിലെ അഗസ്റ്റിൻ പാതിരിയുടെ (354 - 430) രചനകളോടെ പൂർണമായും രൂപപ്പെടുകയും ചെയ്ത ഒരു സങ്കൽപമാണ് 'ആദിപാപ സിദ്ധാന്തം' (Doctrine of Original Sin). ‘ആദിപാപം’ (peccatum originale) എന്ന പദപ്രയോഗം ആദ്യമായി ഉപയോഗിച്ചത് ഇദ്ദേഹമാണെന്ന് കരുതപ്പെടുന്നു.
ആദം ഏദൻ തോട്ടത്തിലെ വിലക്കപ്പെട്ട കനി തിന്നു പാപിയായി മാറി, ആദാമിൻ്റെ പ്രസ്തുത പാപം മൂലം പറുദീസ നഷ്ടമായി, അതിൻ്റെ തുടർശിക്ഷയായി അന്ത്യനാൾ വരെ ആദാമിൻ്റെ എല്ലാ മക്കളും അഥവാ മുഴുവൻ മനുഷ്യരും പാപികളായി ജനിക്കുന്നു - ഇതാണ് ആദിപാപ സങ്കൽപം. ഇത് ജനനം മുതൽ ഓരോ വ്യക്തിക്കും ബാധകമാകുന്നു. ‘പാപത്തോടു കൂടിയാണു ഞാൻ പിറന്നത്; അമ്മയുടെ ഉദരത്തിൽ ഉരുവായപ്പോഴേ ഞാൻ പാപിയാണ്’ എന്ന പഴയനിയമ വാക്യം ഇതിന് തെളിവായി ഉദ്ധരിക്കാറുണ്ട്.[1] ആദം ചെയ്ത പാപകർമത്തിൻ്റെ ശിക്ഷയായാണത്രേ ഈ ലോകത്തിലേക്ക് കഷ്ടതയും മരണവും കടന്നുവന്നത്. പൗലോസിൻ്റെ ഭാഷയിൽ പറഞ്ഞാൽ: ‘ഏക മനുഷ്യനാൽ പാപവും പാപം മൂലം മരണവും ലോകത്തിൽ പ്രവേശിച്ചു’[2]
ആദിപാപം എന്ന സങ്കൽപത്തിൻ്റെ അടിത്തറയിലാണ് ആധുനിക ക്രിസ്തുമതത്തിൻ്റെ മൗലിക തത്വങ്ങളിൽ ഒന്നായ ക്രിസ്തുവിൻ്റെ കുരിശുമരണം എന്ന സങ്കൽപം പടുത്തുയർത്തപ്പെട്ടിരിക്കുന്നത്. ആദം ചെയ്ത പാപത്താൽ ജന്മനാ പാപികളായി മാറിയ മാനവരാശിയെ പാപത്തിൻ്റെ പടുകുഴിയിൽ നിന്നു രക്ഷിക്കാനായുള്ള മറുവില / പ്രായശ്ചിത്തം എന്ന അർഥത്തിലാണ് ക്രിസ്തു എന്ന ദൈവം സ്വന്തം രക്തം കുരിശിലൂടെ ചിന്തിയത് എന്നാണ് ക്രൈസ്തവ ചിന്ത. ആദമിനാൽ ലോകത്തിലേക്ക് പ്രവേശിച്ച പാപത്തെ ക്രിസ്തുവിൻ്റെ ചോര കൊണ്ട് കഴുകിക്കളഞ്ഞുവെന്നും അവർ വിശ്വസിക്കുന്നു. ‘ആദമിൽ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും പുനർജീവിക്കും’[3]
ആദിപാപ - കുരിശുമരണ സങ്കൽപങ്ങൾ അനുസരിച്ച് ക്രിസ്തുവിൻ്റെ ആഗമനലക്ഷ്യം തന്നെ മാനവരാശിയെ സ്വന്തം ജീവരക്തത്താൽ പാപത്തിൽ നിന്നു രക്ഷിക്കുക എന്നതായിരുന്നു. അതേസമയം, ഒരിക്കൽ പോലും യേശുക്രിസ്തു തൻ്റെ ആഗമനോദ്ദേശ്യം ഇതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. മാത്രവുമല്ല, ബൈബിളിലെ വിവരണങ്ങളിൽ ക്രിസ്തുവിൻ്റെ കുരിശുമരണത്തിന് മുമ്പുള്ള പ്രവർത്തനങ്ങൾ വായിക്കുന്നവർ അതിശയിച്ചേക്കും; അദ്ദേഹത്തിന് മരണത്തിന് കീഴടങ്ങാൻ യാതൊരു താൽപര്യവും ഉണ്ടായിരുന്നില്ല. പിലാത്തോസിൻ്റെ പടയാളികളും യഹൂദ പുരോഹിതന്മാരും ചേർന്നൊരുക്കിയ കുരിശുമരണം എന്ന കെണിയിൽ നിന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നായിരുന്നു യേശുവിൻ്റെ അദമ്യമായ ആഗ്രഹം.
യഹൂദന്മാർ തന്നെ വധിക്കാൻ കെണി ഒരുക്കുന്നു എന്ന് മനസ്സിലാക്കിയ യേശുക്രിസ്തു തൻ്റെ ആഗമനലക്ഷ്യം തന്നെ അതായിരുന്നുവെങ്കിൽ, അത് പൂർത്തീകരിക്കാനായി യഹൂദർക്കിടയിൽ സധൈര്യം സഞ്ചരിക്കുകയല്ലേ വേണ്ടിയിരുന്നത്? എന്നാൽ, അദ്ദേഹം പരസ്യമായുള്ള പ്രബോധന പ്രവർത്തനങ്ങൾ പൂർണമായും ഒഴിവാക്കി തൻ്റെ ശിഷ്യന്മാർക്കിടയിൽ മാത്രം രഹസ്യമായി ഒതുങ്ങിക്കൂടുകയാണ് ചെയ്തത്: ‘അന്നുമുതൽ അവനെ വധിക്കാനവർ ആലോചിച്ചുകൊണ്ടിരുന്നു. അതുകൊണ്ട് യേശു പിന്നീടൊരിക്കലും യഹൂദരുടെയിടയിൽ സഞ്ചരിച്ചില്ല. അവൻ പോയി മരുഭൂമിക്കടുത്തുള്ള എഫ്രയീം പട്ടണത്തിൽ ശിഷ്യരോടൊത്ത് വസിച്ചു’[4]
സത്യത്തിൻ്റെ സന്ദേശവാഹകനായ മനുഷ്യപുത്രനെ ചതിയിൽ വധിക്കണമെന്ന ചിന്തയിൽ യഹൂദന്മാർ ഗൂഢാലോചനകൾ മെനഞ്ഞുകൊണ്ടിരുന്നു. പ്രസ്തുത സന്ദർഭത്തിൽ ആയുധങ്ങളുമായി ഒരുങ്ങി നിൽക്കാനും ആവശ്യമെങ്കിൽ ഒരു ഏറ്റുമുട്ടലിന് തയ്യാറാവാനും യേശു ശിഷ്യന്മാരോട് ആഹ്വാനം ചെയ്യുന്നുണ്ട്: ‘മടിശ്ശീലയുള്ളവൻ അതെടുക്കട്ടെ. അതുപോലെ തന്നെ ഭാണ്ഡവും; വാളില്ലാത്തവർ സ്വന്തം കുപ്പായം വിറ്റ് വാൾ വാങ്ങട്ടെ.'[5] ശിഷ്യന്മാർ പറഞ്ഞു: ‘ഇതാ ഇവിടെ രണ്ടു വാളുണ്ട്.’ അവൻ പറഞ്ഞു: 'മതി'[6]
യഥാർഥ ദൈവവിശ്വാസിയിൽ കർമവും പ്രാർഥനയും സമന്വയിച്ചിരിക്കും. സ്വന്തമായി ചെയ്യാനുള്ളതെല്ലാം ചെയ്ത ശേഷം അവൻ സർവശക്തനായ ദൈവത്തിൽ സർവവും സമർപ്പിക്കുന്നു. കർമങ്ങളില്ലാത്ത പ്രാർഥനയും പ്രാർഥനയില്ലാത്ത കർമങ്ങളും അർഥശൂന്യമാണ്. ഇതുതന്നെയാണ് യേശുക്രിസ്തുവിലും കാണുന്നത്. വാളുമായി കരുതിയിരിക്കാൻ ആവശ്യപ്പെട്ട ശേഷം സർവശക്തനായ ദൈവത്തോട് ആത്മാർഥമായി മനമുരുകി പ്രാർഥിക്കുന്നത് കാണാം: ‘അവൻ അൽപദൂരം മുന്നോട്ടുചെന്ന് കമിഴ്ന്നുവീണു പ്രാർഥിച്ചു: എൻ്റെ പിതാവേ, സാധ്യമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് അകറ്റേണമേ; എങ്കിലും എൻ്റെ ഹിതമല്ല, അവിടുത്തെ ഹിതമത്രെ നടക്കുന്നത്.'[7] ‘അവൻ തീവ്രവേദനയിൽ മുഴുകി കൂടുതൽ തീക്ഷ്ണമായി പ്രാർഥിച്ചു. അവൻ്റെ വിയർപ്പ് രക്തത്തുള്ളികൾ പോലെ നിലത്തുവീണു'[8]
ആദിപാപത്തിൻ്റെ അഭിശപ്തമായ ഭാരത്തിൽ നിന്ന് മനുഷ്യരാശിയെ രക്ഷപ്പെടുത്താൻ ദൈവത്തിൻ്റെ ഏകജാതൻ സ്വയം ബലിയാവുകയായിരുന്നു എന്ന സങ്കൽപപ്രകാരം, യേശുക്രിസ്തുവിൻ്റെ കുരിശുമരണം നടന്നിട്ടില്ലായിരുന്നുവെങ്കിൽ മാനവരാശി അന്നും ഇന്നും എന്നും പാപത്തിൽ തന്നെ കഴിയുമായിരുന്നു. എങ്കിൽ ആരാണ് വാസ്തവത്തിൽ പാപത്തിൻ്റെ ഭാരത്തിൽ നിന്നും മനുഷ്യരെ രക്ഷിച്ചത്? ക്രിസ്തുവല്ല; കാരണം അദ്ദേഹം ക്രൂശീകരണത്തിൽ നിന്ന് എങ്ങനെയും രക്ഷപ്പെടാനായിരുന്നു പരമാവധി ശ്രമിച്ചത്. ഒറ്റുകൊടുത്ത യൂദാസും ശിക്ഷ വിധിക്കാൻ മുറവിളി കൂട്ടിയ യഹൂദന്മാരും അധികാരിയായിരുന്ന പിലാത്തോസും ആയിരിക്കും ഇവിടെ യഥാർഥ രക്ഷകന്മാർ! അതൊന്നും ഇല്ലായിരുന്നുവെങ്കിൽ ക്രിസ്തുവിൻ്റെ രക്തം ചിന്തപ്പെടുമായിരുന്നില്ലല്ലോ!
ബുദ്ധിപരമായി ചിന്തിച്ചാലും ആദിപാപവും കുരിശുമരണവും അന്യോന്യം ചേർത്തുവായിക്കുന്നത് പ്രയാസം തന്നെയായിരിക്കും. ഏതെങ്കിലുമൊരാൾ പാപം ചെയ്തതിന് വേറൊരാൾ കുറ്റമേറ്റു ശിക്ഷ വാങ്ങിയാൽ പാപം ഇല്ലാതാവുമോ? നാട്ടിൽ നടമാടുന്ന തിന്മകൾ ഇല്ലാതാവാൻ രാജാവ് തൻ്റെ ഒരേയൊരു പുത്രനെ ക്രൂശിച്ചാൽ മതിയാവുമോ? യേശുക്രിസ്തു നമ്മുടെ പാപങ്ങൾ ഏറ്റെടുത്തു നമുക്കുവേണ്ടി കുരിശിൽ രക്തം ചിന്തിയെന്ന് വിശ്വസിച്ചാൽ മരണവും കഷ്ടതയും പ്രസവവേദനയും ഇല്ലാതാവുമോ?
ആദിപാപ സങ്കൽപത്തെ ബൈബിൾ പിന്താങ്ങുന്നില്ല എന്നാണ് പണ്ഡിതമതം. പഴയനിയമത്തിലെ ഏറ്റവും പ്രധാനപ്പെട്ട തോറയിൽ പറയുന്നതിങ്ങനെ: ‘മക്കൾക്കുവേണ്ടി പിതാക്കന്മാരെയോ പിതാക്കന്മാർക്കുവേണ്ടി മക്കളെയോ വധിക്കരുത്. പാപത്തിനുള്ള മരണശിക്ഷ അവനവൻ തന്നെ അനുഭവിക്കണം’[9]
ഓരോരുത്തരും ചെയ്ത പാപത്തിൻ്റെ ശിക്ഷ മരണാനന്തര ജീവിതത്തിൽ അവരവർ സ്വയം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് എല്ലാ പ്രവാചകന്മാരും പഠിപ്പിച്ചത്. യിരമ്യാ പ്രവാചകൻ ആകർഷകമായ ഒരു ഉപമയിലൂടെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്: ‘അപ്പന്മാർ പച്ചമുന്തിരിങ്ങാ തിന്നു മക്കളുടെ പല്ലു പുളിച്ചു എന്ന് അവർ അന്നാളിൽ ഇനി പറയുകയില്ല. ഓരോരുത്തൻ താന്താൻ്റെ അകൃത്യം നിമിത്തമത്രേ മരിക്കുന്നത്; പച്ചമുന്തിരിങ്ങാ തിന്നുന്നവൻ്റെ പല്ലേ പുളിക്കുകയുള്ളൂ'[10]
യെഹസ്ക്കേലിൻ്റെ പുസ്തകത്തിലുമിത് പറയുന്നുണ്ട്: ‘പാപം ചെയ്യുന്ന ദേഹി മരിക്കും; മകൻ അപ്പൻ്റെ അകൃത്യം വഹിക്കേണ്ട; അപ്പൻ മകൻ്റെ അകൃത്യവും വഹിക്കേണ്ട; നീതിമാൻ്റെ നീതി അവൻ്റെ മേലും ദുഷ്ടൻ്റെ ദുഷ്ടത അവൻ്റെ മേലും ഇരിക്കും'[11]
മറ്റൊരു ഭാഷയിൽ യേശുക്രിസ്തുവും ഇതുതന്നെ പറയുന്നുണ്ട്: ‘വിധിക്കപ്പെടാതിരിക്കാൻ നിങ്ങളും വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽത്തന്നെ നിങ്ങളും വിധിക്കപ്പെടും. നിങ്ങൾ അളക്കുന്ന അളവുകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും’[12]
ആദിപാപം എന്ന സങ്കൽപത്തിന് നേരെ വിപരീതമാണ് ഇസ്ലാമിൻ്റെ അധ്യാപനം. തദ്വിഷയകമായി വിശുദ്ധ ഖുർആനിലും തിരുഹദീസിലും വന്നിട്ടുള്ള പാഠങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം:
- എല്ലാ മനുഷ്യരും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. സാങ്കേതികമായി 'ഫിത്റത്' എന്നാണ് ഇതിനെ പരിചയപ്പെടുത്തുന്നത്. എല്ലാ മനുഷ്യരിലും പ്രകൃത്യാ ഉള്ള നിരപരാധിത്വവും നിഷ്കളങ്കതയുമാണ് ഫിത്റത്. അതുകൊണ്ടാണ് 'ശുദ്ധപ്രകൃതി' എന്ന് അർഥം കൽപിക്കുന്നത്. മനുഷ്യൻ്റെ സൃഷ്ടികർത്താവായ അല്ലാഹുവിനെ തിരിച്ചറിയാനുള്ള നൈസർഗികമായ ശേഷി കൂടിയാണത്. തിരുനബി പറയുന്ന പ്രസിദ്ധമായ ഒരു വചനം ഇങ്ങനെയാണ്: ‘ഓരോ ശിശുവും ശുദ്ധപ്രകൃതിയിലാണ് (ഫിത്റത്) ജന്മം കൊള്ളുന്നത്. പിന്നീട് അവൻ്റെ മാതാപിതാക്കളാണ് അവനെ യഹൂദനോ ക്രൈസ്തവനോ അഗ്നിപൂജകനോ ആക്കി മാറ്റുന്നത്.’[13] അതായത്, ഏതെങ്കിലും വ്യക്തികളുടെയോ സാഹചര്യങ്ങളുടെയോ സ്വാധീനവലയത്തിൽപ്പെട്ടാണ് വിശ്വാസപരമോ കർമപരമോ ആയ നിലപാടുകളിൽ മനുഷ്യൻ ശുദ്ധപ്രകൃതിയിൽ നിന്ന് തെറ്റുന്നത്. അല്ലാതെ ആരും പാപിയായി ജനിക്കുന്നില്ല.
- സംസ്കരണ ഉത്തരവാദിത്തം ഓരോരുത്തർക്കും വ്യക്തിപരമായ ബാധ്യതയാണ്. വിശ്വസിക്കാനും സത്കർമങ്ങൾ ചെയ്യാനും, വിശ്വാസത്തെ ബാധിക്കുന്ന വൈകല്യങ്ങളിൽ നിന്നും കർമപരമായ തിന്മകളിൽ നിന്നും വിട്ടുനിൽക്കാനും ഇസ്ലാം ഓരോരുത്തരോടും കൽപിക്കുന്നു. ഒരാൾക്കും അവനവൻ്റെ ശേഷിയനുസരിച്ച് സാധ്യമല്ലാത്തവ ചെയ്യാൻ ബാധ്യതയുമില്ല. ഖുർആൻ പറയുന്നു: “അല്ലാഹു ആരെയും അവരുടെ കഴിവിന്നതീതമായ ചുമതലഭാരം വഹിപ്പിക്കുകയില്ല. ആർ എന്തു നന്മ ചെയ്തുവോ അതിൻ്റെ ഫലം അവനുതന്നെയാകുന്നു; വല്ല തിന്മയും ചെയ്താൽ അതിൻ്റെ നാശവും അവനുതന്നെ. (ഇവ്വിധം പ്രാർഥിക്കുക:) നാഥാ, മറവികൊണ്ടോ അറിവില്ലായ്മകൊണ്ടോ വന്നുപോയ തെറ്റുകളുടെ പേരിൽ ഞങ്ങളെ ശിക്ഷിക്കരുതേ. ഞങ്ങൾക്ക് മുമ്പുണ്ടായിരുന്നവരിൽ ചുമത്തിയതുപോലെ നീ ഞങ്ങളിൽ വലിയ ഭാരം ചുമത്തരുതേ. ഞങ്ങളുടെ പരിപാലകാ, ഞങ്ങൾക്ക് വഹിക്കാനാവാത്ത ഭാരം ഞങ്ങളെ വഹിപ്പിക്കരുതേ. ഞങ്ങൾക്ക് മാപ്പുനൽകേണമേ, പൊറുത്തുതരേണമേ, ഞങ്ങളോട് കരുണ കാണിക്കേണമേ. നീ ഞങ്ങളുടെ രക്ഷകനല്ലോ; സത്യനിഷേധികൾക്കെതിരിൽ ഞങ്ങൾക്ക് നീ തുണയരുളേണമേ!” (അൽബഖറ: 286).
- ഒരാളും മറ്റൊരാളുടെ പാപമോ അകൃത്യമോ ഏറ്റെടുക്കേണ്ട ബാധ്യതയില്ല. ഖുർആൻ പറയുന്നു: “ഏതെങ്കിലുമൊരാൾ നേർമാർഗം സ്വീകരിക്കുന്ന പക്ഷം തൻ്റെ സ്വന്തം ഗുണത്തിനായിത്തന്നെയാണയാൾ നേരായ പാത സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ചുപോകുന്ന പക്ഷം തൻ്റെ തന്നെ ദോഷത്തിനാണ് അയാൾ പിഴച്ച വഴിയിലേക്ക് പോകുന്നത്. പാപഭാരം ചുമക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ചുമക്കുകയില്ല. ഒരു ദൂതനെ അയക്കുന്നതുവരെ നാം ഒരാളെയും ശിക്ഷിക്കുന്നതുമല്ല” (അൽഇസ്റാഅ്: 15).
- അല്ലാഹു നീതിമാനാണ്. ഒരു അവസ്ഥയിലും അതിന് എതിരാകുന്ന ഒരു കാര്യം അവനിൽ നിന്ന് ഉണ്ടാകുന്നില്ല. ഒരിക്കലും അവൻ ക്രൂരനോ ദുഷ്ടനോ ആവുകയില്ല. ആരെങ്കിലുമൊരാൾ ചെയ്ത തെറ്റിന് അയാൾക്ക് പകരം അയാളുടെ ബന്ധുക്കളെയോ മക്കളെയോ പേരമക്കളെയോ മറ്റോ ശിക്ഷിക്കുന്നത് ക്രൂരതയും അനീതിയുമായാണല്ലോ കരുതപ്പെടുന്നത്. അല്ലാഹു ഒരിക്കലും അങ്ങനെ ചെയ്യുകയില്ല; മനുഷ്യരുടെ നീതിബോധവുമായി തുലനം ചെയ്യുവാൻ പോലും പറ്റാത്തത്ര വലിയ നീതിമാനാണ് അവൻ. അല്ലാഹു പറയുന്നു: “നിശ്ചയം, ഒരു അണുവിൻ്റെ തൂക്കം പോലും അല്ലാഹു അനീതി ചെയ്യുകയില്ല” (അന്നിസാഅ്: 40). “അല്ലാഹു ഒരിക്കലും മനുഷ്യരോട് അക്രമം ചെയ്യുകയില്ലെന്നു തീർച്ച. എന്നാൽ, മനുഷ്യർ തങ്ങളോട് തന്നെ അക്രമം കാണിക്കുന്നു” (യൂനുസ്: 44). മറ്റൊരിടത്ത് ഇങ്ങനെ പറയുന്നു: “ആർ ഒരു അണുവിൻ്റെ തൂക്കം നന്മ ചെയ്തിരുന്നുവോ അതവൻ കാണും. ആർ ഒരു അണുവിൻ്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അതുമവൻ കാണും” (അസ്സൽസല: 7, 8).
- അങ്ങേയറ്റം കാരുണ്യവും അനുകമ്പയും ഉള്ളവനത്രെ അല്ലാഹു. മനുഷ്യജീവൻ ബലിയായി അർപ്പിച്ചില്ലെങ്കിൽ മോക്ഷവും മോചനവും തരില്ല എന്ന് അവൻ ശഠിക്കുകയില്ല. സംഭവിച്ചുപോയ വീഴ്ചകളിൽ ഖേദവും പശ്ചാത്താപവും ഉള്ള എല്ലാവർക്കും അല്ലാഹു മാപ്പരുളുന്നു. വിശുദ്ധ ഖുർആൻ പറയുന്നു: ”നബിയേ, പറഞ്ഞുകൊടുക്കുക: സ്വന്തം ആത്മാക്കളോട് അക്രമം പ്രവർത്തിച്ചവരായ എൻ്റെ ദാസന്മാരേ, അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിങ്ങൾ ഒരിക്കലും നിരാശരാവരുത്. നിശ്ചയം, അല്ലാഹു സകല പാപങ്ങൾക്കും മാപ്പേകുന്നവനത്രെ. അവൻ ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. നിങ്ങളുടെ രക്ഷിതാവിലേക്ക് തിരിച്ചുവരുവിൻ, അവന്നു കീഴ്പ്പെട്ടവരാകുവിൻ, നിങ്ങളിൽ ശിക്ഷ ഭവിക്കുകയും പിന്നെ എങ്ങുനിന്നും സഹായം കിട്ടാതാവുകയും ചെയ്യുന്നതിനു മുമ്പായി. നിങ്ങൾ അറിയാതെ, ആകസ്മികമായി ദൈവികശിക്ഷ വന്നുപതിക്കും മുമ്പായി നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അവതീർണമായ വേദത്തിലെ സദ്വചനങ്ങളെ പിന്തുടരുകയും ചെയ്യുവിൻ” (അസ്സുമർ: 53, 54).



