വിശുദ്ധ ഖുർആനിൻ്റെ സമീപനം ചരിത്രത്തിലെ എല്ലാ പ്രവാചക ദർശനങ്ങളെയും ഒരുപോലെ അംഗീകരിക്കുന്നതാണ്. 'പ്രവാചകന്മാർക്കിടയിൽ യാതൊരു വേർതിരിവും ഞങ്ങൾ കാണിക്കുകയില്ല' എന്നു പ്രഖ്യാപിക്കാൻ ഖുർആൻ പലവുരു വിശ്വാസികളോട് പറയുന്നുണ്ട് (അൽബഖറ 136, 285, ആലുഇംറാൻ 84 എന്നിവ നോക്കുക). അതോടൊപ്പം അന്ത്യപ്രവാചകത്വത്തിന് അതിന്റെതായ പല സവിശേഷതകളും വ്യതിരിക്തതകളുമുണ്ട്. അതു മാനവസമൂഹത്തിന് നൽകപ്പെട്ട വിശ്വാസദർശനത്തിന്റെ മൂലസിദ്ധാന്തങ്ങളാണ്. അന്ത്യപ്രവാചകരായ മുഹമ്മദ് നബിയെ ഇതര പ്രവാചക വ്യക്തിത്വങ്ങളിൽ നിന്ന് വേറിട്ടുനിർത്തുന്ന വ്യത്യാസങ്ങൾ മനസ്സിലാക്കാൻ പ്രാഥമികമായി ചില ധാരണകൾ ആവശ്യമാണ്.
ഒന്ന്: അവിടുത്തെ ആഗമനത്തിനു മുമ്പു തന്നെ അനേകം പ്രവാചകന്മാർ വന്നിട്ടുണ്ട്. വിശുദ്ധ ഖുർആനിൽ അവരുടെ എണ്ണം കൃത്യമായി പ്രസ്താവിച്ചിട്ടില്ല. അതേസമയം 'എല്ലാ സമുദായത്തിലേക്കും പ്രവാചകന്മാർ വന്നിട്ടുണ്ട്' എന്നു പലയിടത്തും പറഞ്ഞിട്ടുമുണ്ട് (അന്നഹ്ൽ: 36, ഫാത്വിർ:24). അവരുടെ എണ്ണം 124000 ആണെന്നു തിരുനബിയിൽ നിന്ന് ശിഷ്യനായ അബൂദർറ് നിവേദനം ചെയ്ത ഒരു ഹദീസിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം മുമ്പു പറഞ്ഞിരുന്നല്ലോ. ഖുർആനിൻ്റെയും ഹദീസുകളുടെയും (നബിവചനങ്ങൾ) മാനവചരിത്രത്തെ വിശകലനം ചെയ്ത അഭിജ്ഞരും ധിഷണാശാലികളുമായ മഹാപണ്ഡിതന്മാരുടെയും വിവരണങ്ങളിൽ നിന്നു മനസ്സിലാകുന്നതു പ്രകാരം, പൂർവകാലത്ത് നിലനിന്നിരുന്ന ഓരോ ജനപഥങ്ങളിലേക്കും ധാരാളം പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ടാകണം. എന്നാൽ, ചരിത്രം ഓർമയിൽ സൂക്ഷിച്ചവരുടെ എണ്ണം വളരെ പരിമിതമാണ്. പലരുടെയും അധ്യാപനങ്ങൾ ശേഖരിക്കപ്പെട്ടിട്ടില്ല. സ്വഭാവഗുണങ്ങൾ അറിയപ്പെട്ടിട്ടില്ല. ജീവിച്ച കാലമോ ദേശമോ കൃത്യമായി അറിയില്ല. അവരുടെ വംശമോ കുലമോ മാതാപിതാക്കളോ മക്കളോ മിത്രങ്ങളോ ശത്രുക്കളോ ആരെല്ലാമായിരുന്നെന്ന് അറിയാൻ നിവൃത്തിയില്ല. ഇതിൽനിന്നു തന്നെ അവരുടെ നിയോഗം കാലത്തിൻ്റെയും ദേശത്തിൻ്റെയും നിശ്ചിതമായ ചില വൃത്തങ്ങളിൽ പരിമിതമായിരുന്നു എന്നു മനസ്സിലാക്കാം. സാർവജനീനമോ സാർവകാലികമോ ആയിരുന്നു അവയുടെ മൗലികസ്വഭാവമെങ്കിൽ നിശ്ചയമായും അവ ചരിത്രത്തിന്റെ സ്മൃതിപഥങ്ങളിൽ ശേഷിക്കുമായിരുന്നു.
രണ്ട്: നമുക്കറിയാവുന്ന പ്രവാചകന്മാരുടെ ജീവിതം തന്നെ പരിശോധിച്ചാൽ അവർ എന്നു ജനിച്ചു, എങ്ങനെ വളർന്നു, എത്രകാലം ജീവിച്ചു, എവിടെ മരിച്ചു എന്നീ അടിസ്ഥാന ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം ലഭിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതു സംബന്ധമായി പല അനുമാനങ്ങളും ഊഹാപോഹങ്ങളും ധാരണകളും നിലനിൽക്കുന്നുണ്ട്. ചരിത്രനിരൂപണ ശാസ്ത്രത്തിന്റെ (historical Critical Method) ഉരകല്ലുകളിൽ ഉരസിനോക്കിയാൽ സ്ഖലിത മുക്തമാണെന്ന് കട്ടായം തെളിയുന്നവ അവയിൽ വളരെ തുച്ഛമാണ്.
ചിലരുടെ നാമധേയത്തിൽ പോലും ചരിത്രനിരൂപകർ തർക്കം ഉന്നയിക്കുന്നുണ്ട്. മുസ്ലിംകളല്ലാത്തവർ പ്രവാചകന്മാരായി അംഗീകരിക്കുന്നവരുടെയും നില ഇതു തന്നെയാണ്. ബുദ്ധൻ, സരതുഷ്ടർ, കൃഷ്ണൻ തുടങ്ങി പുണ്യപുരുഷന്മാരായി വിശ്വസിക്കപ്പെടുന്ന അനേകംപേരുടെ ജീവിത വൃത്താന്തങ്ങളെ സംബന്ധിച്ച് നമുക്ക് ലബ്ധമായ അറിവിൻ്റെ സർവസ്രോതസ്സുകളെയും ആധാരമാക്കിയാലും ലഭിക്കുന്ന ഫലം അപൂർണമാണ്. മാത്രമല്ല, അവരിൽ പലരെയും കുറിച്ച് യുക്തിയുടെയോ കറയറ്റ വിശ്വാസത്തിൻ്റെയോ വീക്ഷണകോണുകളിലൂടെ വിലയിരുത്തുന്ന പക്ഷം ഒരിക്കലും അംഗീകരിക്കാനാകാത്ത സദാചാര വിരുദ്ധമായ കഥകൾ പ്രചരിച്ചിട്ടുമുണ്ട്. ലഭ്യമായ പാഠങ്ങളെ ആസ്പദമാക്കി കുറ്റമറ്റതും ധാർമികവുമായ ഒരു ജീവിതവ്യവസ്ഥയും ഭദ്രവും അന്യൂനവും പൂർണവുമായ നിയാമകതത്വങ്ങളും എന്നെങ്കിലും രൂപപ്പെടുമെന്നു വിചാരിക്കുന്നത് പോലും മൗഢ്യമായിരിക്കും.
മൂന്ന്: മേൽപറഞ്ഞ വ്യക്തികളോ അവരുടെ അനുയായികളോ അവരുടെ പ്രബോധനത്തിനും ജീവിത സന്ദേശങ്ങൾക്കും സാർവകാലികതയോ സാർവജനീനതയോ അവകാശപ്പെട്ടിട്ടില്ല. അവ തങ്ങൾക്കു മാത്രം ബാധകമാണെന്നാണ് അവരും കരുതിപ്പോന്നിട്ടുള്ളത്. ഇതിന് അപവാദമായി പറയാവുന്നത് ബുദ്ധമതം, ക്രിസ്തുമതം, ഇസ്ലാം എന്നിവ മാത്രമാണ്. ഈ മൂന്നു മതങ്ങൾ മിഷിനറി സ്വഭാവമുള്ളവയാണെന്ന് സർ തോമസ് ആർനാൾഡ് നിരീക്ഷിക്കുന്നുണ്ട്.[1]
മിഷിനറി മതം (Missionary Religion) എന്ന പദത്തെ ചിലർ നിർവചിച്ചതിങ്ങനെയാണ്: 'ആ മതത്തിൻ്റെ സ്ഥാപകനോ അദ്ദേഹത്തിന്റെ അടുത്ത അനുയായികളോ സത്യത്തിൻ്റെ പ്രചാരണവും അവിശ്വാസികളുടെ പരിവർത്തനവും തങ്ങളുടെ വിശുദ്ധ കർത്തവ്യം എന്ന ഉയർന്ന പദവിയിൽ അവരോധിക്കുന്നു. ചിന്തയിലും വാക്കിലും പ്രവൃത്തിയിലും മതം പ്രകടമാകുന്നില്ലെങ്കിൽ അടങ്ങിയിരിക്കാനാവാത്ത വിധം വിശ്വാസികളുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സത്യത്തിൻ്റെ ചേതനയാണത്; ഓരോ മനുഷ്യാത്മാവിലേക്കും അതിൻ്റെ സന്ദേശം എത്തിക്കുന്നതു വരെ, തങ്ങൾ സത്യമാണെന്നു വിശ്വസിക്കുന്ന കാര്യം മനുഷ്യകുടുംബത്തിലെ ഓരോ അംഗവും സത്യമായി അംഗീകരിക്കുന്നതു വരെ അവർക്ക് യാതൊരു ആശ്വാസവുമുണ്ടായിരിക്കുകയില്ല.'[2]
എന്നാൽ ആർനാൾഡ് എണ്ണിപ്പറയുന്നവയിൽ ഇസ്ലാമല്ലാത്ത മതങ്ങളുടെയൊന്നും പ്രമാണ പാഠങ്ങൾ, ഒരു നിശ്ചിത സമൂഹവൃത്തത്തിനു പുറത്തേക്കുള്ള മതപ്രബോധന പ്രവർത്തനങ്ങളെ അനുകൂലിക്കുന്നില്ല എന്നതാണു സത്യം. ബുദ്ധമതത്തിൻ്റെ കാര്യം ആദ്യം പറയാം, ലോകത്താകമാനം 23 മുതൽ 50 കോടി വരെ അനുയായികളുള്ള ഒരു ചിന്താധാരയാണിന്നിത്. ഗൗതമബുദ്ധൻ എന്ന പേരിൽ പ്രസിദ്ധനായ സിദ്ധാർഥനാണ് ഇതു സ്ഥാപിച്ചത്. ദൈവത്തെപ്പറ്റി ചിന്തിക്കരുതെന്നാണത്രെ ബുദ്ധൻ്റെ അഭിപ്രായം. മാത്രമല്ല, പഞ്ചേന്ദ്രിയങ്ങൾക്കു വിഷയീഭവിക്കാത്ത യാതൊന്നും മനുഷ്യന് ഒരിക്കലും മനസ്സിലാക്കാൻ സാധ്യവുമല്ല എന്നത്രെ അദ്ദേഹം ചിന്തിച്ചത്.[3] ബുദ്ധദർശനമെന്ന പേരിൽ ഇന്നറിയപ്പെടുന്ന തത്വസംഹിത കാലാന്തരത്തിൽ അദ്ദേഹത്തിന്റെ പേരിൽ പലരും ചേർന്നു രൂപംകൊടുത്തതാണ്. അവർക്കു തന്നെ ദൈവത്തിന്റെ സ്ഥാനത്ത് ഒരു വലിയ ശൂന്യത അനുഭവപ്പെട്ടതിനാൽ ബുദ്ധനിൽ അമാനുഷിക ശക്തികളും വ്യക്തിത്വവും അദ്ധ്യാരോപിക്കാൻ തുടങ്ങി. അധികം വൈകാതെ അദ്ദേഹത്തെ സൂര്യദേവനായി ചിത്രീകരിച്ചു. ഒടുവിൽ ദൈവം തന്നെയായി.[4] തനിക്കൊരു പിൻഗാമിയെ നിയമിക്കാനോ തന്റെ ദർശനങ്ങൾ നിയതരൂപത്തിൽ സമാഹരിക്കാനോ സിദ്ധാർഥനു യാതൊരു താത്പര്യവുമുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണശേഷമുള്ള നാലു നൂറ്റാണ്ടുകളിൽ വിവിധ സംഘടനകളായി രൂപം കൊണ്ടതാണ് ഇന്നത്തെ ‘സാർവലൗകിക ബുദ്ധമതം’
മത്തായിയുടെ പേരിലുള്ള സുവിശേഷത്തിലെ അവസാന വാചകമാണ് ക്രൈസ്തവ മിഷിനറിമാർ അതിൻ്റെ സാർവലൗകികതക്ക് ആധാരമായി ഉദ്ധരിക്കാറുള്ളത്. എന്നാൽ, ഈ വാചകം സുവിശേഷത്തിൽ പിൽക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ട പ്രക്ഷിപ്ത വചനമാണെന്നു പല ബൈബിൾ പണ്ഡിതൻമാരും വ്യക്തമാക്കിയിട്ടുണ്ട്. ബൈബിളിൻ്റെ പല പതിപ്പുകളിലും ഇക്കാര്യം അടിക്കുറിപ്പായി ചേർത്തിട്ടുമുണ്ട്. മാത്രമല്ല, 'തൻ്റെ നിയോഗം ഇസ്രയേൽ ജനത്തിലേക്കു മാത്രമാണ്' എന്ന് യേശുക്രിസ്തു പലവുരു പല പദപ്രയോഗങ്ങളിലും വ്യക്തമാക്കുന്നത് ബൈബിൾ ഉദ്ധരിക്കുന്നുണ്ട് (ഉദാ: മത്തായി, 10:5-6, 15:24). തന്നെയും ശിഷ്യയായി സ്വീകരിക്കണമെന്നു ശഠിച്ച സീറോ-ഫിനേഷ്യന് വംശത്തില്പ്പെട്ട ഒരു ഗ്രീക്കുകാരിയോടു യേശു പ്രതികരിച്ചത് “മക്കളുടെ അപ്പമെടുത്തു നായ്ക്കള്ക്ക് എറിഞ്ഞു കൊടുക്കുന്നതു നന്നല്ല” എന്നായിരുന്നു (മാർക്കോസ് 7:27). ക്രിസ്തുവിൻ്റെ മതവും സാർവലൗകികം ആയിരുന്നില്ല, ഇസ്രയേൽ ജനതക്കു മാത്രം ഉള്ളതായിരുന്നുവെന്നു സാരം.
നാല്: ഇപ്പറഞ്ഞ പരിമിതികളെല്ലാം ഇവരുടെ വേദഗ്രന്ഥങ്ങൾക്കും ബാധകമാണ്. വളരെ കുറഞ്ഞ വേദപുസ്തകങ്ങളാണ് ചരിത്രം പിൽക്കാലത്തേക്കു ബാക്കിവെച്ചിട്ടുള്ളത്. അവയിൽ, വിശുദ്ധ ഖുർആൻ അല്ലാത്തവയൊന്നും മൂലസ്രോതസ്സിൽ നിന്നു ലഭിച്ച അതേ വിധത്തിലും പ്രകാരത്തിലും ഇപ്പോൾ ലഭ്യമല്ല. ലഭ്യമായവയാകട്ടെ, അപൂർണമാണെന്ന് പ്രസ്തുത ഗ്രന്ഥങ്ങൾ തന്നെ പറയുന്നുണ്ട്. അതുമാത്രമല്ല, ഒരേ വേദത്തിന്റെ തന്നെ അനേകം പാഠഭേദങ്ങൾ പ്രചരിച്ചുപോന്നിട്ടുമുണ്ട്. ഇവയിൽ 'ഏതാണ് ശരി, ഏതാണ് കൂടുതൽ ശരി' എന്ന് അത് വായിക്കുന്നവർ അന്യോന്യം ചോദിക്കുന്ന സന്ദർഭങ്ങൾ ധാരാളം. വിശുദ്ധ ഖുർആനല്ലാത്ത വേദങ്ങളൊന്നും മൂലഭാഷയിൽ നിന്നുള്ള പ്രതികളെയല്ല അവലംബിക്കുന്നത്. ബൈബിളിൻ്റെ ഹീബ്രുവിലും സുരിയാനിയിലുമുള്ള പ്രതികൾ ഇന്ന് ലഭ്യമാണെങ്കിലും, അവ മൂലപ്രതികൾ നഷ്ടപ്പെട്ടുപോയ ശേഷം അനേകം നൂറ്റാണ്ടുകൾ കഴിഞ്ഞ് ഗ്രീക്കിൽ നിന്നോ ലാറ്റിനിൽ നിന്നോ ഒക്കെ അതേ ഭാഷയിലേക്ക് തിരിച്ചു വിവർത്തനം ചെയ്തവയാണ് എന്ന വസ്തുത എല്ലാ ബൈബിൾ പണ്ഡിതന്മാരും നിസ്തർക്കം സമ്മതിക്കുന്ന കാര്യമാണ്. മിക്ക വേദങ്ങളും എഴുതപ്പെട്ട ഭാഷകൾ ഇപ്പോൾ ജീവത്ഭാഷകളല്ല. പലതും നിലനിൽക്കുന്നേയില്ല. ഇതെല്ലാം ആ പ്രവാചകന്മാരുടെ അധ്യാപനങ്ങളെ മൂലസ്രോതസ്സുകളിൽ നിന്നു പഠിക്കുന്നതിനു തടസ്സം സൃഷ്ടിക്കുന്നവയാണ്.
അഞ്ച്: പരാമൃഷ്ട വിഷയങ്ങളിലെല്ലാം നിസ്തുലമാണ് മുഹമ്മദ് നബിയുടെ ചരിത്രം. തിരുജീവിതത്തിൻ്റെ നിഖില മേഖലകളും പൂർണമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ജനനം മുതൽ ഭൗതികവിയോഗം വരെ മാത്രമല്ല, അവിടുത്തെ പരലോക ജീവിതത്തെക്കുറിച്ചു പോലും നൽകപ്പെട്ടിട്ടുള്ള വിശദീകരണങ്ങൾ കുറ്റമറ്റ നിവേദക പരമ്പരയിലൂടെ ലഭ്യമാണ്. അവിടുത്തെ സംശുദ്ധമായ ജീവിതം, ജീവിതപങ്കാളികൾ, മാതാപിതാക്കൾ, സന്താനങ്ങൾ, ബന്ധുമിത്രാദികൾ, കൂട്ടുകാർ, അനുചരന്മാർ, പ്രതിനിധികൾ, എഴുത്തുകാർ, സന്ദേശവാഹകർ എല്ലാവരും ചരിത്രത്തിനു സുപരിചിതരാണ്. ഉപയോഗിച്ചിരുന്ന വസ്ത്രവും വാളും വാഹനവും വീടും വിരിപ്പും ചീർപ്പുമെല്ലാം സമ്പൂർണമായ അവയുടെ വിശേഷണങ്ങളോടെ അനുചരർ കാലത്തിനു കൈമാറിയിട്ടുണ്ട്. തിരുശേഷിപ്പുകളിൽ പലതും ഇന്നും ലോകത്തിൻ്റെ പലഭാഗത്തും നിലനിൽക്കുന്നു. അവിടുത്തെ ജീവിതവും അങ്ങനെ തന്നെ. ഒരു നിമിഷാർധം പോലും നഷ്ടപ്പെടാത്ത വിധം ഏതെങ്കിലുമൊരാളുടെ ജീവിതം ഗ്രന്ഥത്താളുകളിൽ വായിക്കാമെങ്കിൽ, അത് തിരുനബിയുടെത് മാത്രമാണ്. അവയത്രയും നിവേദനം ചെയ്ത മഹാപുരുഷന്മാരും അവരുടെ ജീവിതവും ചരിത്രത്തിനു സുപരിചിതം. തിരുചരിത്ര നിവേദകരെ പഠിക്കാൻ മാത്രമായി പഠനശാഖകൾ ഉടലെടുത്തിട്ടുമുണ്ട്.
സമ്പൂർണമായ ജീവിതപദ്ധതിയാണ് അവിടുന്ന് ആവിഷ്കരിച്ചത്. പൂർണവളർച്ച പ്രാപിച്ച ഏതു നാഗരിക സമൂഹത്തിനും അതിലെ പാഠങ്ങൾ ഒന്നുപോലും അപരിഷ്കൃതമായി തോന്നിയിട്ടില്ല. ഏതെങ്കിലും വശം അവിടുന്ന് സ്പർശിക്കാതെ പോയി, അല്ലെങ്കിൽ അനാവശ്യമായിപ്പോയി എന്ന് ഒരാൾക്കും പറയാനില്ല. പൂർവകാലത്തെ പല പ്രവാചകന്മാരുടെയും പല പാഠങ്ങളും നമുക്ക് ഇപ്പോഴും പലവിധേന ലഭ്യമാണല്ലോ. സ്നേഹവും സഹാനുഭൂതിയും ധീരതയും ധാർമികതയും നീതിയും വിശ്വാസവും പറയുമ്പോൾ അവരിൽ പലരെയും നാം സ്മരിക്കുന്നു. വേറെയും പല ഗുണങ്ങളുടെയും പേരിൽ പലരെയും പരാമർശിക്കാറുണ്ട്. എന്നാൽ, ആ പാഠങ്ങളെല്ലാം പൂർണമായി തിരുനബിയിൽ നിറഞ്ഞുനിൽക്കുന്നു. അവരെല്ലാവരും പഠിപ്പിച്ച മൂല്യവത്തായ ഒരു പാഠവും അവിടുത്തെ ജീവിതത്തിൽ ഇല്ലാതില്ല. അവിടുന്ന് പഠിപ്പിച്ചതെല്ലാം അവിടുത്തെ ജീവിതത്തിൽ ഉള്ളത് മാത്രം! തിരുനബിക്ക് അല്ലാഹു ഗുണവും ശാന്തിയും അഭംഗുരമേകട്ടെ.
പൂർവപ്രവാചകരിൽ നിന്ന് മുഹമ്മദ് നബിയെ വേറിട്ട് അടയാളപ്പെടുത്തുന്ന സുപ്രധാന ഘടകം, അവിടുന്ന് സാർവലൗകികതയും സാർവജനീനതയും പ്രവാചകത്വ പരിസമാപ്തിയും അവകാശപ്പെട്ടു എന്നതത്രേ. അവിടുത്തെ ദർശനങ്ങൾ സമഗ്രവും സമ്പൂർണവുമാണ്. പ്രസ്തുത പാഠങ്ങൾ ലാേകവും ലോകരും നിലനിൽക്കുന്ന കാലത്തോളം പ്രസക്തവും പ്രയോഗക്ഷമവുമാണ്. അത് അറേബ്യക്കും ആറാം നൂറ്റാണ്ടിനും മാത്രമുള്ളതല്ല, ആണുങ്ങൾക്ക് മാത്രമുള്ളതുമല്ല. ദേശ ഭാഷ വർഗ വർണ വൈജാത്യങ്ങളെ അതു വിലകൽപിക്കുന്നില്ല. ലോകാവസാനം വരെയുള്ള മാനവസഞ്ചയത്തെ ഒരേ വിശ്വാസത്തിന്റെയും കർമ പദ്ധതിയുടെയും ഏകമാനമായ പന്ഥാവിലൂടെ നയിക്കുക എന്ന കാര്യം അവിടുത്തേക്ക് മാത്രമാണ് നൽകപ്പെട്ടിരിക്കുന്നത്. അവിടുന്ന് മാത്രമാണ് താൻ മാനവരാശിക്കാകമാനം നിയുക്തനാണ് എന്ന് അവകാശപ്പെട്ടത്. സ്വാഭാവികമായും അതിൻ്റെ അനിവാര്യ താത്പര്യങ്ങളായി രണ്ടു കാര്യങ്ങൾ കൂടി സവിശേഷമായി ഉണ്ടാകുന്നു; ഒന്ന്, അവിടുത്തെ വേദഗ്രന്ഥത്തിന്റെ പൂർണത. രണ്ട്, പ്രവാചകത്വ പരിസമാപ്തി.
അവിടുത്തെ വേദഗ്രന്ഥമായ വിശുദ്ധ ഖുർആനിന്റെ അന്യൂനതയും പൂർണതയും വിഷയവൈപുല്യവും പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. അവ അതിന്റെ മൂലസ്രോതസ്സിൽ നിന്നു ലഭിച്ച പ്രകാരം തന്നെ ഇന്നും നിലനിൽക്കുന്നു. മൂലഭാഷ നഷ്ടപ്പെട്ടിട്ടില്ല എന്നു മാത്രമല്ല, മനുഷ്യൻ്റെ നാഗരികതയിലും സാമൂഹ്യജീവിതത്തിലും എണ്ണമറ്റ പരിഷ്കാരങ്ങളും മാറ്റങ്ങളും ഉണ്ടായിട്ടും അതിലെ ഭാഷ അപരിഷ്കൃതമാവുകയോ പദപ്രയോഗങ്ങൾ അപ്രസക്തമാവുകയോ ചെയ്തിട്ടുമില്ല. ഇന്നും അറബിഭാഷയുടെ സാഹിത്യ മൂല്യനിർണയത്തിൻ്റെ അളവുകോൽ വിശുദ്ധ ഖുർആന്റെ സാഹിതീയ പ്രയോഗങ്ങളാണ്. ഇപ്പോഴും ദിനേനയെന്നോണം ഖുർആനിൻ്റെ ഭാഷാസൗന്ദര്യവും സാഹിതീയ സൗകുമാര്യതയും അനാവരണം ചെയ്യുന്ന ഉന്നത നിലവാരമുള്ള അക്കാദമികവും അല്ലാത്തതുമായ അനേകം രചനകളും പഠനങ്ങളും മനുഷ്യർ സംസാരിക്കുന്ന മിക്ക ഭാഷകളിലും പുറത്തു വന്നുകൊണ്ടേയിരിക്കുന്നു. ശാസ്ത്രം എത്ര തന്നെ വികസിച്ചാലും ഖുർആൻ അതിനോടു വിമുഖത പുലർത്തുന്നില്ലെന്നു മാത്രമല്ല, ഓരോ പ്രസ്താവനകളിലും അത് ഋജുവായ കാഴ്ചപ്പാടുകളോടൊപ്പം അനുയാത്ര ചെയ്യുകയും പരീക്ഷണ നിരീക്ഷണങ്ങളുടെയും പഠനങ്ങളുടെയും മനനങ്ങളുടെയും നവംനവങ്ങളായ ചക്രവാളങ്ങൾ വെട്ടിത്തുറക്കുകയും ചെയ്യുന്നു. ആധുനികരും അല്ലാത്തവരുമായ അനേകം ശാസ്ത്രജ്ഞന്മാർ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്.
പ്രവാചകത്വ പരിസമാപ്തി അവിടുത്തെ നിയോഗത്തിന്റെ അനിവാര്യമായ താത്പര്യമായി മനസ്സിലാക്കാം. അതിൽ പ്രധാനം, അവിടുത്തെ ദർശനങ്ങളുടെ അന്യൂനമായ തുടർച്ചയാണ്. പൂർവകാലങ്ങളിൽ ഒന്നിനു പിറകെ മറ്റൊരു നിയോഗത്തിൻ്റെ ആവശ്യമുണ്ടായത് ആദ്യത്തെ അധ്യാപനങ്ങൾ വിസ്മൃതമായി തുടങ്ങിയതു കൊണ്ടാണ്. ആ പ്രവാചകൻമാർ പഠിപ്പിച്ച പാഠങ്ങൾ മാത്രമല്ല, ചരിത്രത്തിലെ അവരുടെ സാന്നിധ്യം പോലും വിസ്മരിക്കപ്പെട്ടു. പേരും കുറിയും മാഞ്ഞു. ക്രമേണ ശിക്ഷണരീതികളും ജീവിതമാതൃകകളും കാലഹരണപ്പെട്ടു. നിലനിന്നിരുന്ന പലതിനുമാകട്ടെ, കാലത്തിനനുസൃതമായുണ്ടായ പുരോഗതിയെയും നാഗരികതകളുടെ വികാസത്തെയും സമൂഹത്തിൻ്റെ പരിഷ്കൃതഭാവങ്ങളെയും ഉൾകൊള്ളാൻ നിയോഗമുണ്ടായതുമില്ല. സ്വാഭാവികമായും പുതിയ അധ്യാപനങ്ങളും വ്യാഖ്യാനങ്ങളും അനിവാര്യമായി. എന്നാൽ ആധികാരികതയിലോ സമഗ്രതയിലോ സന്മാർഗദർശനത്തിലോ തെല്ലും മാറ്റങ്ങളില്ലാതെ വിശുദ്ധ ഖുർആനിന്റെ സാക്ഷാൽ രൂപവും അതിന്റെ വ്യാഖ്യാനമായ തിരുജീവിതവും നിലനിൽക്കുന്നു. അതാകട്ടെ, ലോകാവസാനം വരെയും അപ്പടി തുടരുകയും ചെയ്യുമെന്നു വ്യക്തമാണ്. സത്യജ്ഞാനത്തിൻ്റെയും സത്യവിശ്വാസത്തിന്റെയും സാർവലൗകികവും സാർവജനീനവുമായി സമ്പൂർണ മാതൃക മാറ്റങ്ങളോ ഛേദങ്ങളോ ഇല്ലാതെ തന്നെ നിലനിൽക്കേ ഇനിയും വേറൊരു ദൈവദൂതന്റെ ആഗമനം ബുദ്ധിപരമായി അപ്രസക്തമാണല്ലോ.



