ഭൗതികലോകത്തെ കുറിച്ചുള്ള അവലോകനത്തിനു ഇബ്നു ഖൽദൂൻ ഒരു അടിസ്ഥാന ഉപോദ്ഘാതം മുന്നോട്ടുവെക്കുന്നുണ്ട്: “ഈ ലോകം, അതിലെ സകല സൃഷ്ടികളെയും ഉൾപ്പെടെ, കൃത്യമായ ക്രമവും സമഗ്രതയുമുള്ള രൂപത്തിലാണ് നാമിന്ന് കാണുന്നത്. കാരണങ്ങളും ഫലങ്ങളും തമ്മിലുള്ള ബന്ധം, വ്യത്യസ്ത ലോകമണ്ഡലങ്ങൾ തമ്മിലുള്ള ബന്ധം, ചില ഉൺമകളുടെ മറ്റു ചിലതിലേക്കുള്ള രൂപാന്തരണം, അങ്ങനെയങ്ങനെ അതിൻ്റെ അതിശയങ്ങൾ ഒരിക്കലും അവസാനിക്കുന്നില്ല, ലക്ഷ്യങ്ങൾ തീരുന്നുമില്ല"[1]
പ്രപഞ്ചത്തിലെ എല്ലാ ഘടകങ്ങളുടെയും അസ്തിത്വത്തെ നിർവചിക്കുന്ന ദ്രവത്വവും, തുടർന്ന് അതിൻ്റെ ഓരോ ഘട്ടത്തിലും തുടർച്ചയായ രൂപാന്തരണത്തിലൂടെയും പുരോഗതിയിലൂടെയും അടുത്ത ഘട്ടത്തിലേക്ക് പരിണമിക്കുന്ന ഒരു ശൃംഖല പോലെ വർത്തിക്കുന്നതും ‘മുഖദ്ദിമ’ ചർച്ച ചെയ്യുന്നുണ്ട്. അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ, പ്രപഞ്ചം മുഴുവനും ഈ തരത്തിൽ പരസ്പരബന്ധം (ഇത്തിസ്വാൽ - Connection) നിലനിർത്തുന്നുണ്ട്.
തത്വചിന്താപരമായ വീക്ഷണത്തിൽ സൃഷ്ടിപ്രക്രിയ പരിണാമ മാതൃകകളിലൂടെ വികസിക്കുന്നതിൻ്റെ ആദ്യഘട്ടത്തെക്കുറിച്ച് ഇബ്നു ഖൽദൂൻ എഴുതുന്നു: “പ്രഥമമായി, അനുഭവവേദ്യമായ ഭൗതികപ്രപഞ്ചത്തിൽ നിന്നാരംഭിക്കാം ഞാൻ. അതായത് മൂലകങ്ങളാൽ നിർമിതമായ നിരീക്ഷിത പ്രപഞ്ചം; അതെങ്ങനെ മണ്ണിൽ നിന്ന് വെള്ളത്തിലേക്കും, തുടർന്ന് വായുവിലേക്കും അഗ്നിയിലേക്കും അനുക്രമം ഉയരുന്നു? ഒന്ന് ഒന്നിനോടു ബന്ധപ്പെട്ടാണല്ലോ വരുക. മാത്രമല്ല, അവയിൽ ഓരോന്നും അടുത്ത ഘട്ടത്തിലേക്ക് - അതു മുകളിലേക്കോ താഴേക്കോ ആവാം - പരിണമിക്കുവാൻ സുസജ്ജമാണുതാനും. ചിലപ്പോഴെല്ലാം ഈ രീതിയിൽ രൂപാന്തരണം സംഭവിക്കുകയും ചെയ്യുന്നു”[2]
ദൃശ്യപ്രകൃതിയുടെ ഘടനയും പരിണാമശൃംഖലയുടെ രീതിയും ആവിഷ്കരിക്കുമ്പോഴും 'മുഖദ്ദിമ' പ്രപഞ്ചത്തിൻ്റെ പരിണാമസന്നദ്ധത ആവർത്തിച്ചു പറയുന്നുണ്ട്: “ഇനി സൃഷ്ടിയുടെ ലോകത്തേക്കു നോക്കൂ, അത് ധാതുക്കളിൽ നിന്ന് ആരംഭിക്കുന്നു. തുടർന്ന് സസ്യങ്ങളിലേക്കും പിന്നീട് ജീവികളിലേക്കും, അത്ഭുതകരമായ രീതിയിൽ ക്രമാനുഗതമായി പുരോഗമിക്കുന്നു. ധാതുക്കളുടെ ഘട്ടത്തിലെ അവസാനഭാഗം സസ്യങ്ങളുടെ ആദ്യഘട്ടവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. സസ്യങ്ങളുടെ അവസാനഘട്ടം ജന്തുക്കളുടെ ആദ്യഘട്ടവുമായും ബന്ധപ്പെട്ടിരിക്കുന്നു. ഈ ഘടകങ്ങളെല്ലാം പരസ്പരബന്ധം (الاتصال) നിലനിർത്തുന്നു എന്നതിനർഥം ഓരോന്നിൻ്റെയും അവസാനഘട്ടം അടുത്തതിൻ്റെ ആദ്യഘട്ടമായി സ്വാഭാവികമായി മാറാൻ പാകമായി നിൽക്കുന്നുവെന്നാണ്”[3]
ഭൗമധാതുക്കളിൽ നിന്ന് ഭൗതികപ്രപഞ്ചവും (Inorganic World) അതിൽനിന്ന് സസ്യജാലങ്ങളുടെ തലവും, തുടർന്നു ജന്തുലോകവും രൂപപ്പെടുന്നത് പറഞ്ഞശേഷം മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കുള്ള ഏറ്റവും സങ്കീർണമായ പരിണാമഘട്ടത്തെപ്പറ്റി ഇബ്നു ഖൽദൂൻ പറയുന്നുണ്ട്: “അങ്ങനെ ജീവജാലങ്ങളുടെ ലോകം വികസിക്കുകയും വിവിധതരം സ്പീഷിസുകൾ ഉദ്ഭവിക്കുകയും ചെയ്തു. സൃഷ്ടികളുടെ ക്രമാനുക്രമമായ പരിണാമം ഒടുവിൽ ചിന്തയും യുക്തിയുമുള്ള മനുഷ്യർ വരെ എത്തിച്ചേർന്നു. കുരങ്ങുകളുടെ ലോകത്തു നിന്നാണ് മാനവസമൂഹം ഉയർന്നുവന്നത്. സംവേദനവും ഗ്രാഹ്യശേഷിയും ഉണ്ടായിരുന്നുവെങ്കിലും യഥാർഥ യുക്തിയും ചിന്തയും കുരങ്ങുകൾക്ക് ഉണ്ടായിരുന്നില്ല. ഇതായിരുന്നു മനുഷ്യരാശിയുടെ ആദ്യഘട്ടം”[4]
അനുകൂലനത്തിലൂടെയും (adaptation) പ്രകൃതി നിർദ്ധാരണത്തിലൂടെയും (natural selection) ലളിതമായ ജീവികൾ കൂടുതൽ സങ്കീർണമായ രൂപങ്ങളിലേക്ക് പരിണമിക്കുന്നു എന്ന ആധുനിക കാലത്തെ പരിണാമസങ്കൽപത്തോട് ചേർത്തു വായിക്കാവുന്നതാണ് ഇബ്നു ഖൽദൂൻ്റെ ഗവേഷണ പഠനങ്ങൾ. തഥൈവ, സൃഷ്ടിയുടെ വിവിധ ഘട്ടങ്ങൾ തമ്മിലുള്ള പരസ്പരബന്ധം, സകല ജീവികളുടെയും ഒരു പൊതുപൂർവികൻ (shared ancestry), ക്രമാനുസൃതമായ വികാസം (progressive development) തുടങ്ങിയ ഡാർവീനിയൻ പരിണാമചിന്തയുമായി ഒരുമിച്ചു പോകുന്നതാണ് ഇദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾ. ശാസ്ത്രീയവും തത്വചിന്താപരവുമായ ജീവൻ്റെ വ്യാഖ്യാനങ്ങളെ ബന്ധിപ്പിക്കുന്നതിൽ അദ്ദേഹത്തിൻ്റെ സംഭാവന വിലമതിക്കാനാവാത്തതാണ്.



