വിശുദ്ധ ഖുർആൻ ഇരുപത്തഞ്ചു നബിമാരുടെ പേരെടുത്തു പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞല്ലോ. ആദം, ഇദ്രീസ്, നൂഹ്, ഹൂദ്, സ്വാലിഹ്, ഇബ്റാഹീം, ലൂത്വ്, ഇസ്മാഈൽ, ഇസ്ഹാഖ്, യഅ്ഖൂബ്, യൂസുഫ്, ശുഐബ്, അയ്യൂബ്, മൂസ, ഹാറൂൻ, ദുൽകിഫ്ൽ, ദാവൂദ്, സുലയ്മാൻ, ഇൽയാസ്, അൽയസഅ്, യൂനുസ്, സകരിയ്യ, യഹ്യ, ഈസാ, സയ്യിദുനാ മുഹമ്മദ് എന്നിവരാണവർ.
സാധാരണ ജീവചരിത്ര ഗ്രന്ഥങ്ങളുടെ ശൈലിയിൽ ഓരോരുത്തരെയും കുറിച്ച് അധ്യായങ്ങളോ ഖണ്ഡികകളോ ആയി ക്രമീകരിക്കുകയല്ല വിശുദ്ധ ഖുർആൻ ചെയ്തിട്ടുള്ളത്. പ്രത്യുത, പറഞ്ഞുകൊണ്ടിരിക്കുന്ന വിഷയത്തോട് സാഹചര്യേണ ഏറ്റവും അനുഗുണമായ പാഠങ്ങൾ ലഭിക്കുന്നതിന് ആരെയാണോ പരാമർശിക്കുന്നത് ഉചിതം, അവരെക്കുറിച്ച് ആഖ്യാനിച്ചിരിക്കുന്നു. അങ്ങനെ പലരെയും പലയിടങ്ങളിലായി ഹൃദയസ്പൃക്കായി പിന്തുടരുന്ന ശൈലിയാണിത്.
ഉദാഹരണത്തിന് ആലുഇംറാൻ അധ്യായത്തിലെ സൂക്തം 33 നോക്കുക. ഹിജ്റ ഒമ്പതാം വർഷത്തിൽ നജ്റാനിലെ ക്രൈസ്തവ റിപ്പബ്ലിക്കിൽ നിന്നുള്ള ഒരു നിവേദകസംഘം തിരുനബിയുടെ സന്നിധിയിൽ വന്ന സന്ദർഭത്തിലായിരുന്നു ഇത് അവതരിച്ചത്. 73 പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര നാട്ടുരാജ്യം പോലെയായിരുന്നു അക്കാലത്ത് ഹിജാസിനും യമനിനും മധ്യേ സ്ഥിതിചെയ്യുന്ന പ്രദേശമായ നജ്റാൻ. യുദ്ധപാടവമുള്ള ഒരു ലക്ഷത്തി ഇരുപതിനായിരം പുരുഷന്മാർ അന്ന് അവിടെ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. അവിടത്തെ നിവാസികൾ മുഴുവനും ക്രിസ്ത്യൻ വിശ്വാസികളായിരുന്നു. മൂന്ന് നേതാക്കളുടെ അധികാരത്തിലാണ് അന്നവർ നിലകൊണ്ടിരുന്നത്. അതിൽ 'ആഖിബ്' എന്ന സ്ഥാനപ്പേരുള്ള അബ്ദുൽ മസീഹ് (Christodoulos) എന്നയാളായിരുന്നു ഏറ്റവും പ്രധാനപ്പെട്ട ജനനേതാവ്. ജനങ്ങളുടെ നാഗരികവും രാഷ്ട്രീയവുമായ കാര്യങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന അയ്ഹം എന്നയാളായിരുന്നു രണ്ടാമൻ; ഇദ്ദേഹത്തിന്റെ പദവിനാമം 'സയ്യിദ്' എന്നായിരുന്നു. മൂന്നാമത്തെയാളായ അബൂഹാരിസ ബ്നു അൽഖമ ആയിരുന്നു അവരുടെ 'ഉസ്ഖുഫ്' (ബിഷപ്പ്). സ്വാഭാവികമായും മതപരമായ നേതൃത്വവും മാർഗദർശനവും അദ്ദേഹത്തിനായിരുന്നു. ഫത്ഹു മക്ക (മക്കവിജയം) സംഭവത്തോടെ മക്കയും തിരുനബിയുടെ മദീനയുടെ നിയന്ത്രണത്തിലേക്കു വന്നതോടെ നാടിന്റെ ഭാവി ഇനി അവിടുത്തെ കരങ്ങളിലാണെന്ന് മുഴുവൻ അറബികൾക്കും ബോധ്യപ്പെടുകയും, അറേബ്യയുടെ നാനാഭാഗങ്ങളിൽ നിന്നും തിരുസവിധത്തിൽ നിവേദകസംഘങ്ങൾ നിരന്തരം വന്നുകൊണ്ടിരിക്കുകയും കൂട്ടത്തോടെ ഇസ്ലാം സ്വീകരിക്കുകയും ചെയ്തിരുന്നല്ലോ. അക്കൂട്ടത്തിൽ നജ്റാനിലെ പ്രസ്തുത മൂന്നു നേതാക്കളും 60 പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പം മദീനയിലെത്തി.[1] മദീനയോടൊരു യുദ്ധം അവർ ലക്ഷ്യം വെച്ചിരുന്നില്ല. ഒന്നുകിൽ ഇസ്ലാം അംഗീകരിക്കുക, അല്ലെങ്കിൽ തിരുനബിയുടെ സംരക്ഷണത്തിൽ നിലകൊള്ളുക - ഇതു മാത്രമായിരുന്നു വിഷയം. പ്രസ്തുത സന്ദർഭത്തിൽ നജ്റാൻ നിവേദകസംഘത്തെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ ഉപകരിക്കുമാറ് അല്ലാഹു അവതരിപ്പിച്ചു കൊടുത്ത വാക്യങ്ങളാണ്: “ആദമിനെയും നൂഹിനെയും ഇബ്റാഹീം കുടുംബത്തെയും ഇംറാൻ കുടുംബത്തെയും മുഴുവൻ ലോകരിൽ നിന്നും തന്റെ ദൗത്യത്തിനുവേണ്ടി അല്ലാഹു സവിശേഷം തെരഞ്ഞെടുത്തിരുന്നു” എന്ന് തുടങ്ങുന്ന ഭാഗം.
ആദം - ആദിപിതാവ്
കാലക്രമത്തിൽ എന്നപോലെ ഖുർആൻ ആദ്യം പറഞ്ഞിട്ടുള്ളതും മനുഷ്യപിതാവ് ആദമിനെയാണ്. വിശേഷബുദ്ധിയും ചിന്താസ്വാതന്ത്ര്യവും നൽകി അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യൻ. മണ്ണിൽ നിന്നാണ് ആദമിനെ പടച്ചതെന്ന് ഖുർആൻ പലതവണ പറഞ്ഞിട്ടുണ്ട്. നബിവചനങ്ങളിൽ വന്നിട്ടുള്ള വിശദീകരണത്തിൽ, ഭൂമിയുടെ എല്ലാ ഭാഗത്തുനിന്നും എടുത്ത മണ്ണ് കൊണ്ടാണ് അവിടുത്തെ സൃഷ്ടിച്ചത് എന്ന് പറയുന്നുണ്ട്.[2] മണ്ണിനെത്തന്നെ പല ഘട്ടങ്ങളിലൂടെ പരിണാമവിധേയമാക്കിയത് നേരത്തെ പരാമർശിച്ചിട്ടുണ്ടല്ലോ. അങ്ങനെ നിർജീവമായ മണ്ണിൽ നിന്ന് മനുഷ്യനെ വാർക്കുകയും, അനന്തരം സവിശേഷമായ ആത്മാവ് നിക്ഷേപിച്ച് സജീവമാക്കുകയും ചെയ്തു (അസ്സജദ: 09). തനിയേ പരിണമിച്ചുണ്ടായതോ നിർജീവ വസ്തുവിൽ നിന്ന് ജീവൻ സ്വയം ഉടലെടുത്തതോ അല്ല - എല്ലാം അവന്റെ കൃത്യമായ അറിവും ആസൂത്രണവും അനുസരിച്ചുള്ള നേരിട്ടുള്ള സൃഷ്ടിപ്പുതന്നെ.
സെമിറ്റിക് വേദങ്ങളിലും വിശ്വാസങ്ങളിലും പൊതുവായി നൽകപ്പെടുന്ന വിശദീകരണങ്ങളനുസരിച്ച്, ഭൗമവാസം ആരംഭിക്കുന്നതിനുമുമ്പ് ആദമും ഇണയായി സൃഷ്ടിക്കപ്പെട്ട ഹവ്വയും സ്വർഗത്തിൽ താമസിച്ചിരുന്നു. എന്നാൽ ഇസ്ലാമും ജൂത-ക്രൈസ്തവ മതങ്ങളും ഇക്കാര്യത്തിൽ വെച്ചുപുലർത്തുന്ന സമീപനത്തിൽ വ്യത്യാസമുണ്ട്. അവരുടെ വിവരണങ്ങളിൽ ഉള്ളതുപ്രകാരം: “നന്മതിന്മകളെ കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുത്; തിന്നുന്ന നാളിൽ നീ മരിക്കും”[3] എന്ന് ദൈവിക കൽപന ഉണ്ടായി. എന്നാൽ “നിങ്ങൾ മരിക്കയില്ല നിശ്ചയം; അത് തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കുകയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകുകയും ചെയ്യും”[4] എന്ന് അറിയുന്നതുകൊണ്ടാണ് ദൈവം അത് വിലക്കിയത് എന്ന് പറഞ്ഞ പിശാചിന്റെ വലയിൽ ഹവ്വ വീണു. ഹവ്വയുടെ പ്രലോഭനത്തിന് വഴങ്ങി ആദാമും ഫലം കഴിച്ചു. എന്നാൽ പിശാച് പറഞ്ഞപോലെ ആദാമും ഹവ്വയും മരിച്ചില്ല. ഒടുവിൽ കോപാകുലനായ ദൈവം അവരെ ശപിച്ചു.
ആദാമിനോട്: “നീ നിന്റെ ഭാര്യയുടെ വാക്ക് അനുസരിക്കുകയും തിന്നരുതെന്ന് ഞാൻ കൽപ്പിച്ച വൃക്ഷഫലം തിന്നുകയും ചെയ്തതുകൊണ്ട് നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു; നിന്റെ ആയുഷ്കാലമൊക്കെയും നീ കഷ്ടതയോടെ അതിൽ നിന്ന് അഹോവൃത്തി കഴിക്കും. മുള്ളും പറക്കാരയും നിനക്ക് അതിൽ നിന്ന് മുളയ്ക്കും; വയലിലെ സസ്യം നിനക്ക് ആഹാരമാകും. നിലത്തുനിന്ന് നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും”[5] എന്നും ഹവ്വയോട്: “ഞാൻ നിനക്ക് കഷ്ടവും ഗർഭധാരണവും ഏറ്റവും വർദ്ധിപ്പിക്കും; നീ വേദനയോടെ മക്കളെ പ്രസവിക്കും; നിന്റെ ആഗ്രഹം നിന്റെ ഭർത്താവിനോടാകും; അവൻ നിന്നെ ഭരിക്കും”[6] എന്നും പറഞ്ഞു. അനന്തരം “മനുഷ്യൻ നന്മതിന്മകളെ അറിയാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലം കൂടെ പറിച്ചുതിന്ന് എന്നേക്കും ജീവിപ്പാൻ സംഗതി വരരുത്”[7] എന്ന് പറഞ്ഞുകൊണ്ട് അവരെ സ്വർഗത്തിൽ നിന്ന് പുറത്താക്കി.
മനുഷ്യൻ ഭൂമിയിൽ അധ്വാനിച്ച് ജീവിക്കേണ്ടിവരുന്നതും സ്ത്രീ പ്രസവിക്കേണ്ടി വന്നതും ദൈവത്തിന്റെ ശിക്ഷയാണെന്ന് ചുരുക്കം. സ്വർഗത്തിൽ നിന്നും പുറത്താക്കിയിട്ടും മനുഷ്യൻ ദൈവഹിതത്തിൽ ഒതുങ്ങി ജീവിക്കാത്തതിൽ ദൈവം ദുഃഖിക്കേണ്ടി വന്നുവെന്നും ജൂത ക്രൈസ്തവ വേദങ്ങളിലുണ്ട്: “താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുക കൊണ്ട് യഹോവ അനുതപിച്ചു; അത് അവന്റെ ഹൃദയത്തിന് ദുഃഖമായി”[8]
ഇതിൽനിന്നും വ്യത്യസ്തമാണ് ഇസ്ലാമികാധ്യാപനം. ആദം നബിയെ അല്ലാഹു സൃഷ്ടിക്കുന്നത് തന്നെ ഭൂമിയിൽ ‘ഖലീഫ’ ആക്കുന്നതിനുവേണ്ടിയാണ്. സ്വർഗവാസം അതിന് മുന്നോടിയായി നൽകപ്പെട്ട ഒരു അനുഗ്രഹം മാത്രം. നിത്യഭാസുരമായ ആ അനുഗ്രഹ ഭവനത്തിലേക്ക് തന്നെ മടങ്ങേണ്ടവരാണ് നാം എന്ന ചിന്ത മാനവതയുടെ അകത്തളത്തിൽ കൊത്തിവെക്കപ്പെടുന്നതിനുവേണ്ടി കൂടിയത്രേ അത്.



