ശാസ്ത്രീയ തെളിവുകളുടെ അഭാവത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ തന്നെ കടുത്ത വിമർശനങ്ങൾ നേരിട്ടുകൊണ്ടിരുന്ന ഡാർവിനിസത്തിന് ഉണർവും ഉത്തേജനവും നൽകിയത് ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ രൂപപ്പെട്ടുവന്ന നിയോ-ഡാർവിനിസം തന്നെ എന്നതിൽ രണ്ടുപക്ഷമില്ല. ജീവവർഗങ്ങളുടെ ഉത്പത്തിക്ക് അടിസ്ഥാനമായി ഡാർവിൻ പറഞ്ഞ യാദൃച്ഛികമായ പരിണാമ പ്രക്രിയ എന്ന ആശയത്തിന് കുറേക്കൂടി വ്യക്തത വരുത്തുവാനാണ് ഉൾപരിവർത്തനം (Mutation) എന്ന ആശയം നിർദ്ദേശിക്കപ്പെട്ടത്. എന്നാൽ അതിൻ്റെയും മൗലികമായ അടിത്തറ അങ്ങേയറ്റം ദുർബലമായിരുന്നു.
ഉദാഹരണത്തിന് കണ്ണ് പരിഗണിക്കുമ്പോൾ, ഏറ്റവും അടിസ്ഥാനപരമായ പ്രകാശ-സെൻസിറ്റീവ് സെല്ലുകളും അർദ്ധസുതാര്യമായ ഒരു കോശവും മ്യൂട്ടേഷനുകൾക്ക് വിധേയമാകുമെന്ന് നിർദ്ദേശിക്കുന്നു. എന്നാൽ അവയുടെ ഉത്ഭവത്തിൻ്റെ കാരണം വിശദീകരിക്കുന്നുമില്ല. മ്യൂട്ടേഷനാവട്ടെ പൂർണമായും ക്രമരഹിതവും യാദൃച്ഛികവുമായതിനാൽ, അന്തിമ ഉൽപന്നമായ കണ്ണിനെക്കുറിച്ച് യാതൊരു മുൻധാരണയും ലഭ്യവുമല്ല!
ഏതെങ്കിലുമൊരു പരിവർത്തനം ഏതെങ്കിലും വിധത്തിൽ ഒരു ജീവിക്ക് പ്രയോജനം ചെയ്യുകയാണെങ്കിൽ, ആ ജീവി മറ്റുള്ളവരെ അപേക്ഷിച്ച് അതിജീവനത്തിനായുള്ള പോരാട്ടത്തിൽ മുന്നേറും. പ്രയോജനകരമായ മ്യൂട്ടേഷനുള്ള ജീവികൾ കാലക്രമേണ അത്തരം മാറ്റങ്ങളുള്ള കൂടുതൽ തലമുറകളെ ജനിപ്പിക്കുകയും, മ്യൂട്ടേഷനുകൾ തുടർച്ചയായി സംഭവിക്കുകയും, തദ്ഫലമായി ക്രമേണ ക്രമേണ ആദ്യത്തെ ജീവിവർഗം ശോഷിച്ച് അപ്രത്യക്ഷമായി പുതിയൊരു ജീവിവർഗം ഉത്ഭവിക്കുകയും ചെയ്യും എന്നാണല്ലോ നിയോ-ഡാർവിനിസത്തിൻ്റെ യുക്തിയിൽ പ്രകൃതിനിർദ്ധാരണം. മ്യൂട്ടേഷനുകൾ വളരെ സൂക്ഷ്മവും വളരെ ദൈർഘ്യമേറിയ കാലയളവിൽ - പലപ്പോഴും ലക്ഷക്കണക്കിന് വർഷങ്ങളിൽ - ഉടനീളം സംഭവിക്കുന്ന ജനിതക മാറ്റങ്ങളിലൂടെയാണ് പ്രവർത്തനക്ഷമമായ ശരീരഘടനയുള്ള ഒരു അവയവമെങ്കിലും വികസിക്കുന്നത്. എന്നിരുന്നാലും, ഈ മ്യൂട്ടേഷനുകൾ ജീവികൾക്ക് അനുകൂലമായ ഗുണങ്ങൾ എങ്ങനെ നൽകുന്നുവെന്ന് വിശദീകരിക്കുന്ന കൃത്യമായ മാർഗങ്ങളൊന്നുമില്ല. പകരം, നിർദ്ദേശിക്കപ്പെട്ട വിശദീകരണങ്ങൾ പലപ്പോഴും അനുമാനപരവും കഥാപരവുമായ ന്യായവാദങ്ങളെ മാത്രം ആശ്രയിക്കുന്നു.
കണ്ണിൻ്റെ ഉദാഹരണം തന്നെ നമുക്ക് വീണ്ടും പരിഗണിക്കാം. കണ്ണ് അതിൻ്റെ നിലവിലെ രൂപത്തിലേക്ക് എങ്ങനെ വികസിച്ചുവെന്നതിന് ഒരു വിശദീകരണമുണ്ട്; അത് പലപ്പോഴും ആവർത്തിച്ച് ഉദ്ധരിക്കപ്പെടുന്നു, ഒരു വിജയാഘോഷം എന്നതുപോലെ. തുടക്കത്തിൽ, പ്രകാശ സംവേദനക്ഷമമായ കോശങ്ങൾ ഉള്ള വൃത്താകൃതിയിലുള്ള ഒരു ചർമം മാത്രമാണത്രെ ഉണ്ടായിരുന്നത്. അത് എങ്ങനെ ഉണ്ടായി എന്നതിന് കൃത്യമായ ധാരണയോ വ്യാഖ്യാനമോ ഇല്ല. സൗകര്യത്തിനുവേണ്ടി യാദൃച്ഛികമായി പ്രത്യക്ഷപ്പെട്ടു എന്ന് പറയാം! എന്നാൽ ഈ കോശങ്ങളുടെ ഉത്ഭവത്തിന് ഒരു വിശദീകരണവുമില്ല. ഈ ചർമഖണ്ഡം പിന്നീട് വിവിധ ജനിതക മാറ്റങ്ങൾക്ക് നിരന്തരം വിധേയമായി. ഈ മ്യൂട്ടേഷനുകളിൽ പലതും ദോഷകരമായിരുന്നെങ്കിലും, ഏതെങ്കിലും സമയത്ത് ഈ ചർമഖണ്ഡം അകം കുഴിഞ്ഞ പാത്രം കണക്കെ വളഞ്ഞാൽ, അത് പ്രകാശത്തെ അതിലേക്ക് കേന്ദ്രീകരിക്കുകയും ചില അനുകൂല ഗുണങ്ങൾ നൽകുകയും ചെയ്യും. ഇവിടെയും ആ തലത്തിൽ മാത്രമുള്ള ഒരു ജീവിക്ക് ഈ ജനിതക മാറ്റങ്ങൾ കൊണ്ടുണ്ടാകുന്ന അനുകൂലനത്തിൻ്റെ കൃത്യമായ സ്വഭാവം വ്യക്തമായി വിശദീകരിക്കപ്പെട്ടിട്ടില്ല.
വളരെ ദൈർഘ്യമേറിയ കാലയളവിൽ - ഏകദേശം 400,000 വർഷങ്ങളായി കണക്കാക്കപ്പെടുന്നു - ക്രമേണ മാറുന്ന നിരവധി മ്യൂട്ടേഷനുകൾക്ക് ശേഷം കണ്ണിൻ്റെ ലെൻസും നമ്മൾ ഇന്ന് കാണുന്ന രൂപത്തിലേക്ക് പരിണമിച്ചുണ്ടായി എന്ന് പറയപ്പെടുന്നു. മ്യൂട്ടേഷനുകളുടെ യാദൃച്ഛികത പരിഗണിക്കാതെയാണ് ഈ സമയദൈർഘ്യം കണക്കാക്കുന്നത് എന്ന് വിശദീകരിക്കുന്ന ധാരാളം പഠനങ്ങളുണ്ട്. അകശേരുകികളായ ജീവികളിലാണത്രെ ആദ്യമായി കണ്ണ് വികസിച്ചത്. എന്നാൽ അവയുടെ ശരീരത്തിൽ അസ്ഥിഘടന വികസിച്ചപ്പോൾ, ഇതേ ആകൃതിയിൽ എങ്ങനെയാണ് രൂപപ്പെട്ടതെന്നോ, മറ്റു രീതികളിൽ നിന്ന് വ്യത്യസ്തമായി ഈ ഘടനയുടെ സവിശേഷ പ്രയോജനം എന്തായിരുന്നുവെന്നോ, ഈ ആകാരത്തിന് പറ്റുന്ന തരത്തിൽ തന്നെയുള്ള അസ്ഥികൂടം എങ്ങനെയാണ് വികസിച്ചതെന്നോ വ്യക്തമാക്കുന്ന വിശദീകരണങ്ങളില്ല. അതുപോലെ, യാന്ത്രികമായി ഫോക്കസ് ചെയ്യുന്നതിന് സഹായകരമായ ഫോക്കസിംഗ് പേശികളോ നാഡികളോ എങ്ങനെ വികസിച്ചു, നാലു ലക്ഷം വർഷങ്ങൾക്കിടയിലെ ഓരോ സൂക്ഷ്മമായ മ്യൂട്ടേഷനും ജീവിയുടെ അതിജീവനത്തിന് എങ്ങനെ സംഭാവന ചെയ്തു തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ വിശദീകരണമില്ല. കണ്ണിൻ്റെ കാര്യം മാത്രമാണ് നമ്മൾ ഇപ്പോൾ പറഞ്ഞതെന്ന് കൂടി ഓർക്കണം!
സ്കൂൾ തലത്തിലുള്ള പാഠപുസ്തകങ്ങൾ മുതൽ 'നേച്ചർ' (Nature) പോലെയുള്ള അന്തർദേശീയ പ്രാധാന്യമുള്ള പ്രസിദ്ധീകരണങ്ങൾ വരെ ഉപയോഗിച്ച് ഇത് പ്രചണ്ഡമായി പ്രചരിപ്പിക്കപ്പെടുന്നു. എന്നിട്ടും കേവലം ഊഹാപോഹങ്ങൾ എന്ന് പറയാവുന്നത്ര ദുർബലമായ ഭാവനകളിൽ അധിഷ്ഠിതമായ കസർത്തുകൾ എന്നതിനപ്പുറം ഒരു ഹൈപ്പോതീസിസിൻ്റെ പ്രാധാന്യം പോലും ഇതിന് നൽകാൻ കഴിയില്ല എന്നതാണ് വാസ്തവം. ഡാർവിൻ പ്രകൃതിനിർദ്ധാരണ സങ്കൽപം അവതരിപ്പിച്ച കാലം മുതൽ ശാസ്ത്രസമൂഹത്തിലെ വലിയൊരു വിഭാഗം അതിനെ എതിർത്തുപോന്നിട്ടുണ്ട്. ഈ ശാസ്ത്രീയ വിമർശനങ്ങൾ കാലക്രമേണ കൂടുതൽ കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്യുന്നത്. ശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയവർ പോലും ഈ സങ്കൽപത്തെ വിമർശിക്കുന്നവരിൽ ഉൾപ്പെടുന്നു. പരിണാമ സങ്കൽപത്തെ ചോദ്യം ചെയ്ത് ഫയൽ ചെയ്യപ്പെട്ടിട്ടുള്ള കോടതി വ്യവഹാരങ്ങളിൽ വരെ ചില ശാസ്ത്രജ്ഞർ പങ്കാളികളാണ്. ഫിസിക്സ് പോലുള്ള മറ്റേതെങ്കിലും ശാസ്ത്രശാഖയ്ക്ക് ഇതുപോലൊരു ഗതികേടുണ്ടോ എന്ന് ആലോചിച്ചുനോക്കൂ. ഗണിതശാസ്ത്രപരമായ ഉറപ്പും വ്യക്തതയും വിശ്വസനീയതയുമുള്ള മൗലിക തത്വങ്ങളാൽ പിന്തുണയ്ക്കപ്പെടുന്ന അടിത്തറയുണ്ട് അവയ്ക്ക്. ഉദാഹരണത്തിന്, ഒരു ഇലയുടെ കോണിൻ്റെ അളവ് അല്ലെങ്കിൽ അതിൻ്റെ നേരിയ ഒരനക്കം പോലും ഫിസിക്സിൽ അതിൻ്റെ സാധുത സ്ഥാപിക്കാൻ സഹായിക്കും!



