വരൂ, നമുക്കൊരു യാത്ര പോകാം. അത്ഭുതം നിറഞ്ഞ ഒരു നാട്ടിലേക്ക്. കാണാൻ പോകുന്ന നാടിന്റെ കഥ പറയാം. ജനങ്ങളെല്ലാം ഒരേ തരക്കാരാണ്. ഒറ്റ മനസ്സ്, ഒരേ ചിന്ത. വീടുകളെല്ലാം ഒരേ വലിപ്പം, ഒരേ ഡിസൈൻ. അവർ തമ്മിൽ കുശുമ്പും കുന്നായ്മയും ഒന്നുമില്ല. വീടുകളും കടകളും എല്ലാം സദാ തുറന്നിട്ടിരിക്കുന്നു. അവിടങ്ങളിൽ ഗേറ്റുകളോ മതിലുകളോ ഒന്നുമില്ല, ആവശ്യവുമില്ല. നാട്ടിൽ ആർക്കും ഒരിക്കലും ഒരു രോഗവും വന്നിട്ടില്ല. രോഗാണു എന്ന സാധനം അവർ കേട്ടിട്ടേയില്ല. അതുപോലെ കൃഷിയിടങ്ങളിൽ വിത്തുകൾ വിതറുകയേ വേണ്ടൂ; തളിർത്ത് വളർന്നോളും, കുലച്ചു കായ്ച്ചു തൂങ്ങിക്കോളും. കീടനാശിനികൾ തളിക്കുക വേണ്ട; അവിടെ കീടങ്ങളേ ഇല്ല!
ഇത്രയും ആയപ്പോഴേക്ക് തന്നെ "തള്ള്" എന്നൊരു പരിഹാസവാക്ക് നിങ്ങളിൽ പതഞ്ഞു പൊന്തിയില്ലേ? അങ്ങനെ ഒരു നാടിനെയാണ് "യൂട്ടോപ്പിയ" എന്ന് വിളിക്കുക എന്ന ട്രോൾ നിങ്ങളിൽ നുരഞ്ഞു വന്നില്ലേ? എന്നാൽ ചോദിക്കട്ടെ, നമ്മുടെ മനസ്സിനെ തോണ്ടിക്കൊണ്ടിരിക്കുന്ന ചോദ്യമാണ്—പ്രപഞ്ചനാഥനായ അല്ലാഹു മനുഷ്യരിലേക്ക് ഒരു ദൂതനെ അയക്കുക, തെളിവിനായി ദൃഷ്ടാന്തങ്ങൾ നൽകുക, എന്നിട്ട് ചിലർ സ്വീകരിക്കുക അവർ വിജയികളാവുക, ചിലർ തള്ളിക്കളയുക അവർ പരാജിതരാവുക, സന്ദേശം സ്വീകരിച്ചവർ ഒരു പക്ഷത്തും തള്ളിക്കളഞ്ഞവർ മറുപക്ഷത്തും ആവുക, പരസ്പരം പോരാടുക, ഉപരോധിക്കുക, രക്തം ചിന്തുക... എന്താണ് ഇതെല്ലാം? എന്തിനാണ് ഇതെല്ലാം?
അല്ലാഹു നേരിട്ടുതന്നെ സന്ദേശങ്ങൾ അയക്കുക, അത് എല്ലാവരും സ്വീകരിച്ച് ഒരേ മനസ്സോടെ ജീവിക്കുകയും ചെയ്യുന്ന വിധത്തിൽ കാര്യങ്ങൾ കാലേകൂട്ടി സംവിധാനിച്ചാൽ പോരായിരുന്നോ? എല്ലാവരും വിശ്വാസികൾ, എല്ലാവരും അനുസരണശാലികൾ, എല്ലാവരും വിജയികൾ, എല്ലാവരും സ്വർഗ്ഗപ്രാപ്തർ!
ചില കാര്യങ്ങൾ അങ്ങനെയാണ്. എന്തുകൊണ്ടാണ് കാര്യങ്ങൾ നമ്മൾ ചിന്തിക്കും പോലെയല്ലാതെ ഭവിക്കുന്നത് എന്നതിനെക്കുറിച്ച് ആലോചിച്ചാൽ യാതൊരു എത്തും പിടിയും കിട്ടുകയില്ല. വിശ്വാസവും മതവും വേദവും സ്വർഗ്ഗവും ഒക്കെ അവിടെ നിൽക്കട്ടെ. നമ്മുടെ സാദാ ജീവിതത്തിൽ നമ്മുടെ ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് ആലോചിച്ചാൽ തന്നെ നമ്മുടെ 'കിളി' പോകില്ലേ?
രണ്ടുതരം രോഗങ്ങളാണ് മനുഷ്യജീവിതത്തെ കരാളവും ക്രൂരവുമാക്കുന്നത്. നമ്മൾ അനുദിനം കഴിക്കുന്ന ആഹാരങ്ങളിൽ ഭൂരിഭാഗവും (പച്ചക്കറി ആയാലും പഴവർഗ്ഗങ്ങൾ ആയാലും) വിഷമയമാണ്. എന്തുകൊണ്ട്? അവയുടെ വളർച്ചാഘട്ടത്തിൽ കീടനാശിനി തളിക്കുന്നു. എന്തിനാണ് കീടനാശിനി തളിക്കുന്നത്? തളിരുകളെ കരിച്ചുകളയുന്ന, വിളകളെ കാർന്നുതിന്നുന്ന കീടങ്ങളെ കൊന്നുകളയാൻ. എന്തിനാണ് കീടങ്ങൾ? ആര്, എന്തിനുവേണ്ടിയാണ് കീടങ്ങളെ ഉണ്ടാക്കിവിട്ടത്?
കീടങ്ങളെക്കൊണ്ടു മാത്രം ലോകത്ത് എന്തെല്ലാം എത്രയെല്ലാം പ്രശ്നങ്ങൾ ഉണ്ടായി? ഈ പരിശുദ്ധ പ്രകൃതിയിലെ മണ്ണും വെള്ളവും വായുവും ജീവിവർഗ്ഗങ്ങളുടെ ജീനുകളുടെ അകത്തളം പോലും കുളംതോണ്ടിയില്ലേ? കീടനാശിനി തളിച്ചതിന്റെ പേരിൽ എത്രയെല്ലാം ദുരന്തങ്ങൾ! എത്രയെല്ലാം ദുരിതങ്ങളാണ് മാനവരാശി അനുഭവിച്ചത്/അനുഭവിച്ചുകൊണ്ടിരിക്കുന്നത്? ആര്, ആർക്കുവേണ്ടിയാണ് കീടങ്ങളെ ഉണ്ടാക്കി കൂടു തുറന്നുവിട്ടിരിക്കുന്നത്?
അത് കൃഷിയുടെയും പ്രകൃതിയുടെയും കാര്യം. ഇനി സാക്ഷാൽ മനുഷ്യനിലേക്ക് തന്നെ വരാം. ലോകത്ത് ഇന്ന് എത്രായിരം ആതുരാലയങ്ങളുണ്ട്? അവിടെയെല്ലാം എത്ര ലക്ഷം രോഗികളുണ്ട്? രോഗാണുക്കളുടെ തുരപ്പ് കാരണമല്ലേ ഇവരിൽ ഭൂരിഭാഗവും രോഗികളായി വീണുപോയത്? ദൈവവും മതവും വിശ്വാസവും വിധിയുമൊക്കെ അവിടെ നിൽക്കട്ടെ; സൂര്യനും ചന്ദ്രനും എന്നപോലെ, കാടും കടലും എന്നപോലെ, പാലും തേനും എന്നപോലെ ഈ പ്രകൃതിയുടെ പൂർണ്ണതയ്ക്ക് നിർബന്ധമായി വേണ്ട ഒരു കാര്യമാണ് രോഗാണുക്കൾ എന്ന് ആരൊക്കെ ചേർന്ന് ഏത് ആഗോള ഉച്ചകോടിയിലാണ് തീരുമാനമെടുത്തത്? അതിനു കീഴിൽ ഏതൊക്കെ മനുഷ്യമൂഷികന്മാരാണ് ഒപ്പു ചാർത്തിയത്? ബുദ്ധി സംസാരിക്കട്ടെ! യുക്തി സജീവമാകട്ടെ!! എന്തിനാണ് ഈ പ്രകൃതിയിൽ സസ്യങ്ങളെ നിഗ്രഹിക്കുന്ന കീടങ്ങളും മനുഷ്യരെ/ജന്തുക്കളെ നശിപ്പിക്കുന്ന രോഗാണുക്കളും?
ഇനി അവയെ നമുക്ക് നമ്മുടെ റീച്ചിനപ്പുറമുള്ള ഒരു കാര്യം എന്ന നിലയ്ക്ക് തൽക്കാലം മാറ്റിവെക്കാം. മനുഷ്യരായ നമ്മുടെതന്നെ കാര്യത്തിലേക്ക് കടക്കാം. എന്താണ് നമ്മുടെ അവസ്ഥ? എന്താണ് നമ്മുടെ ഉള്ള്? മാനവരാശിയുടെ ചരിത്രം പരിശോധിച്ചു നോക്കൂ! എത്രയെല്ലാം യുദ്ധങ്ങൾ, പോരാട്ടങ്ങൾ, സംഘട്ടനങ്ങൾ, പിടിച്ചുപറികൾ, കൂട്ടക്കൊലകൾ... രക്തം നൃത്തമാടുന്ന കൊടുംകൊലകൾ ഇന്നും നമ്മുടെ കൺമുന്നിൽ നടന്നുകൊണ്ടിരിക്കുകയാണ്. എന്താ കാരണം? മനസ്സിനെ കൊത്തിയ അഹങ്കാരം, ആർത്തി, ശത്രുത, പക, പ്രതികാരവാഞ്ഛ തുടങ്ങിയ മാനസിക ദുർഗുണങ്ങളാണ് അന്യരെ തല്ലാനും കൊല്ലാനും മറ്റൊരു രാജ്യത്തെ ജനങ്ങളെ ബോംബിട്ട് ചാരമാക്കാനും പ്രേരിപ്പിക്കുന്നത്. എന്തിനാണ് ഇതൊക്കെ?
അതിമനോഹരമായ ആകാരവടിവിൽ മനുഷ്യനെ രൂപകല്പന ചെയ്ത പ്രകൃതി, എന്തിനാണ് അവന്റെ മനസ്സിൽ ഇത്രയധികം മാരകമായ വിഷം കുത്തിവെച്ചത്? വസന്തവും മഴവില്ലും മഞ്ഞുവീഴ്ചയും അരുവികളും പൂക്കളും പൂമ്പാറ്റകളുമുള്ള പ്രകൃതിയിൽ ആസ്വദിച്ച് ആനന്ദിച്ചു ജീവിക്കേണ്ട മനുഷ്യജീവിതത്തെ ചോരക്കളമാക്കി മാറ്റുന്ന ഈ മാനസികപ്പുഴുപ്പുകൾ എന്തിനുവേണ്ടി, ആരാണ് മനുഷ്യമനസ്സുകളിൽ അടക്കം ചെയ്തത്? ജീവിതം ഇത്രമേൽ ദുഷ്കരമാകാൻ കാരണം മനുഷ്യന്റെ മനസ്സകങ്ങളിൽ അള്ളിപ്പിടിച്ച ഇത്തരം ക്രൂരകീടങ്ങൾ അല്ലേ? എന്താണ് അവ ഇൻസ്റ്റാൾ ചെയ്തതിന്റെ ഒരു യുക്തി?
പ്രപഞ്ചത്തിലും പ്രകൃതിയിലും ഗുപ്തമായി കിടക്കുന്ന ചില ഗൂഢസംഗതികളുണ്ട്. "എല്ലാറ്റിന്റെയും യുക്തിയും ന്യായവും മനസ്സിലായ മഹാനായിരിക്കുന്നു ഞാൻ" എന്നത് മനുഷ്യന്റെ വെറും ഗർവ് മാത്രമാണ്. കൃത്യമായ ഉത്തരം നൽകി മനസ്സിനെ തണുപ്പിച്ചെടുക്കാൻ കഴിയാത്ത അനവധി കാര്യങ്ങൾ ഈ ലോകത്തുണ്ട്. ആർക്കും ആരോടും പകയും വെറുപ്പും ഇല്ലാതെ, എല്ലാവരും ഉള്ള വിഭവങ്ങൾ പങ്കുവെച്ച് വീതിച്ചെടുത്ത് സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു ലോകം ഏതൊരാളുടെയും സ്വപ്നമാണ്. നടക്കുമോ? കീടങ്ങളും പ്രാണികളും ഇല്ലാത്തതിനാൽ വിഷസ്പർശം ഒട്ടുമില്ലാത്ത പഴവും പച്ചക്കറിയും പാലും മുട്ടയും ലഭിക്കുക എന്നത് ഏതൊരുത്തന്റെയും മോഹമാണ്. നടക്കുമോ? എല്ലാവരും വിശ്വാസികളായി വിജയികളായി ഒരുപോലെ ജീവിക്കണം എന്ന് തന്നെയാണ് എല്ലാവരുടെയും മോഹം. പക്ഷേ കാര്യങ്ങൾ അങ്ങനെയല്ല. നമ്മൾ വിചാരിക്കും പോലെയല്ല കാര്യങ്ങൾ ഭവിക്കുന്നത്. നമ്മൾ സന്ദർശിക്കാൻ ഇറങ്ങിയ, നന്മകൾ മാത്രം വിളയുന്ന ഒരു നാട് ലോകത്ത് എവിടെയെങ്കിലും കാണാനാകുമോ?
മനുഷ്യന് ജീവിക്കാൻ ആവശ്യമായ വിഭവങ്ങൾ പ്രകൃതിയിലുണ്ട്; പക്ഷേ അവയെ തുരന്നു നശിപ്പിക്കാൻ പ്രാപ്തരായ ശത്രുകീടങ്ങളും ധാരാളമുണ്ട്. മനുഷ്യന് ആരോഗ്യപൂർവ്വം ജീവിക്കാൻ ആവശ്യമായ സാഹചര്യം ഇവിടെയുണ്ട്; പക്ഷേ അവന്റെ ശരീരത്തെ തളർത്തിക്കിടത്താൻ പ്രാപ്തരായ രോഗാണുക്കളും ഇവിടെയുണ്ട്. മനുഷ്യന് ആത്മീയമായി നേർവഴി കാണിക്കാൻ വേദഗ്രന്ഥമുണ്ട്; പക്ഷേ വഴികളിൽ പതിയിരുന്ന് അവനെ നാശത്തിലേക്ക് തള്ളാൻ പിശാചും കാത്തിരിപ്പുണ്ട്. അതേ, കാര്യങ്ങൾ ഇങ്ങനെയൊക്കെയാണ്. എന്താണ് ഇതിന്റെ കാരണങ്ങൾ എന്ന് നമുക്കറിയില്ല. ഖുർആനിലെ ഒരു കൊച്ചു വരി വായിച്ചു തരട്ടെ. അധ്യായം അൽ-ഇസ്റാഇലെ എൺപത്തഞ്ചാം വചനത്തിന്റെ ശകലമാണ്: "...നിങ്ങൾക്ക് വളരെക്കുറച്ച് ജ്ഞാനമേ നൽകപ്പെട്ടിട്ടുള്ളൂ!"


